ആഗമനകാലം  നാലാം വാരം ആഗമനകാലം നാലാം വാരം  

കൃപയ്ക്കു വഴിയൊരുക്കിയ മഹാമനസ്കതയും വിധേയത്വവും

ആഗമനകാലം നാലാം വാരം സുവിശേഷവിചിന്തനം - വിശുദ്ധ ലൂക്കായുടെ സുവിശേഷം 1, 26-38 - ശബ്ദരേഖയോടെ...

- ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക്ക് നെയ്യാറ്റിന്‍കര

ആഗമനകാലം 4-Ɔο വാരം വചനചിന്തകള്‍


1. ആമുഖം

ആഗമനകാലത്തെ നാലാം ഞായറാഴ്ചയായ ഇന്ന്, വിശുദ്ധ ഗ്രന്ഥഗ്രന്ഥ വായനകളിലൂടെ മൂന്ന് വ്യക്തികളെ കുറിച്ച് നാം കേൾക്കുന്നുണ്ട്: പഴയ നിയമത്തിലെ ദാവീദ് രാജാവിനെ കുറിച്ച്, സുവിശേഷത്തിലെ കന്യകാമറിയത്തെ കുറിച്ച്, റോമാക്കാർക്കെഴുതിയ ലേഖനത്തിലെ വിശുദ്ധ പൗലോസ് അപ്പോസ്തലനെകുറിച്ച്. "എനിക്ക് വസിക്കാൻ നീ ആലയം പണിയുമോ?" എന്ന് ദാവീദിനോട് ചോദിക്കുന്ന ദൈവം പിന്നീട് തന്‍റെ പുത്രനെ ലോകത്തിലേക്ക് അയച്ചുകൊണ്ട് നമ്മുടെ ഇടയിൽ വാസമുറപ്പിക്കുകയാണ്. അവൻ വസിക്കാനാഗ്രഹിക്കുന്നത് ദേവാലയത്തിൽ മാത്രമല്ല, മറിച്ച് നമ്മുടെ കടുംബങ്ങളിലും, കൂട്ടായ്മകളിലും, ജീവിതത്തിലും ഹൃദയത്തിലുമാണ്.

ഏതാനും ദിനങ്ങൾ കൂടി കഴിഞ്ഞാൽ നമ്മുടെ രക്ഷകനായ യേശുവിന്‍റെ പിറവിത്തിരുനാൾ മഹോത്സവമാണ്. കൊറോണാ മഹാമാരിയുടെ അസ്വസ്ഥതകൾ ലോകത്തെമ്പാടും ഉണ്ടങ്കിലും, ക്രിസ്തുമസ് നമുക്ക് നൽകുന്ന പ്രത്യാശ വളരെ വലുതാണ്. തിരുപ്പിറവിയ്ക്ക് മാസങ്ങൾക്കുമുന്‍പ് സംഭവിച്ച മംഗള വാർത്തയുടെ സുവിശേഷമാണ് നാം ഇന്ന് ശ്രവിച്ചത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍നിന്നുള്ള ഈ തിരുവചനത്തിലൂടെ പരിശുദ്ധ കന്യകാമറിയത്തെ 'വിശ്വാസത്തിന്‍റെ ഉത്തമമാതൃക'യായി തിരുസഭ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുകയാണ്.

2. കൃപനിറഞ്ഞവളാണ് നീ

"കൃപനിറഞ്ഞവളാണ് നീ". ഇതിലും ലാവണ്യമുള്ള വിശേഷണം ഒരു പെൺകുട്ടിക്കും നൽകാൻ സാധിക്കില്ല. വിപ്ലവാത്മകമാണീ വാക്കുകൾ. അതിലടങ്ങിയിരിക്കുന്ന മാനങ്ങളുടെ സാന്ദ്രത അറിയാൻ ശ്രമിച്ചാൽ നമ്മൾ തോറ്റു പോകുകയേയുള്ളൂ. മനുഷ്യചരിത്രത്തിലോ, വിശുദ്ധ ഗ്രന്ഥത്തിന്‍റെ മറ്റു താളുകളിലോ ഇങ്ങനെ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിയെ കണ്ടെത്തുക അസാധ്യമാണ്. അതുകൊണ്ടാണ് വചനം കേട്ട പാടെ മറിയം അസ്വസ്ഥയായത്. എന്താണിതിന്‍റെ അർത്ഥം? കൃപ നിറഞ്ഞവൾ. കൃപ സമം ദൈവം. ദൈവത്താൽ നിറഞ്ഞവൾ. എത്ര സുന്ദരമാണീ വിശേഷണം! കൃപനിറഞ്ഞവൾ. അതേ, ശാശ്വതമായി സ്നേഹിക്കപ്പെട്ടവൾ. ദൈവികതയുടെ മൃദു സ്നേഹത്തിന്‍റെ പര്യായമായവൾ. അവളുടെ പേരാണ് മറിയം. അത് ഒരു വ്യക്തിയുടെ പേരായി ചുരുങ്ങുന്നില്ല. അത് പിന്നീട് മനുഷ്യകുലത്തിന്‍റെ മുഴുവൻ പേരായി ഭവിക്കുന്നുണ്ട്, കുരിശിലൂടെ, 'ഇതാ നിന്‍റെ അമ്മ' എന്ന് യോഹന്നാനോട് പറഞ്ഞ വാക്കുകളിലൂടെ.

3. "ഇതാ, നിന്‍റെ ദാസി" രൂപപ്പെടുന്നു

മറിയത്തിന്‍റെ മനോഭാവത്തെയും വാക്കുകളെയും ഓരോ ക്രിസ്ത്യാനിയും ആഴത്തിൽ ധ്യാനിക്കേണ്ടതുണ്ട്. അസ്വസ്ഥതയാണോ അത്ഭുതമാണോ എന്ന് പറയാൻ പറ്റാത്ത സന്ദേശവുമായിട്ടാണ് ദൈവദൂതൻ മറിയത്തിന്‍റെ മുന്നിൽ നിൽക്കുന്നത്. മറിത്തിൽ ഭയമില്ലെന്ന് വ്യക്തമാണ്. ദൂതന്‍റെ അഭിവാദനത്തിനും സന്ദേശത്തിനും മുൻപിൽ 'എടുത്തുചാടി ഒരു മറുപടിയും പറയുന്നില്ല'. മറിയം ചിന്തിക്കുന്നു; എന്താണ് ഈ അഭിവാദനത്തിന്‍റെ അർത്ഥം? എന്നിട്ടും അവൾ സമ്മതം മൂളുന്നില്ല. അതിനുമുമ്പ് അവൾക്ക് വിശദീകരണം വേണം. തന്‍റെ യുക്തിക്ക് നിരക്കാത്ത കാര്യമാണ് ദൂതൻ പറയുന്നത്. മറിയം ചോദിക്കുന്നു; ഇതെങ്ങനെ സാധിക്കും? അതെ, വ്യക്തത വേണം. ദൈവത്തിനോടുപോലും സമ്മതം മൂളുമ്പോൾ വ്യക്തതയുണ്ടാകണമെന്ന പാഠം. എന്തിനോടും ഏതിനോടും സമ്മതം മൂളികൊണ്ട്, ഒരു അടിമയായി ജീവിക്കുന്നതിലല്ല ആത്മീയത അടങ്ങിയിരിക്കുന്നത്. ദൈവത്തിന്‍റെ മുമ്പിലും സംവാദാത്മകമായ ഒരു നിലപാടുണ്ടാകണം. കാരണം ദൈവം നമ്മുടെ ബുദ്ധിയും ബോധവും പണയപ്പെടുത്താൻ ആജ്ഞാപിക്കുന്നില്ല. അതിനാൽ നിന്നോട് സംസാരിക്കുന്ന, നിന്നെ ശ്രദ്ധിക്കുന്ന ദൈവത്തിന്‍റെ മുമ്പിൽ - മറിയം ഒരു സ്ത്രീയുടെ തനതായ പക്വതയോടെ നിന്നതുപോലെ - നിൽക്കുക, എന്നിട്ട് അവൾ പറഞ്ഞതുപോലെ വ്യക്തമായ വിശദീകരണത്തിനുശേഷം വ്യക്തമായ മറുപടി നൽകുക: ഇതാ, നിന്‍റെ ദാസി, ഇതാ കർത്താവിന്‍റെ ദാസൻ.

4.  പരിശുദ്ധ കന്യകാമറിയം കടന്നുപോയ 4 ഘട്ടങ്ങൾ

'ദൈവ വചന'ത്തെ ലോകത്തിന് മനുഷ്യപുത്രനായി നൽകുന്നതിന് മുമ്പ്, പരിശുദ്ധ കന്യകാമറിയം പ്രധാനമായും 4 ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നതായാണ് സുവിശേഷം നമ്മോട് വിവരിക്കുന്നത്.

(1) മറിയം ഗബ്രിയേൽ മാലാഖയുടെ സന്ദേശം സ്വീകരിക്കുന്നു - 'ശ്രവിക്കുന്നു'.
(2) മാലാഖയുടെ അഭിവാദനത്തെകുറിച്ച് മറിയം 'ചിന്തിക്കുന്നു'.
(3) മാലാഖ പറഞ്ഞ കാര്യം എങ്ങനെ സംഭവിക്കുമെന്ന് 'ചോദിച്ചു' കൊണ്ട് ദൈവത്തിന്‍റെ പദ്ധതിയ്ക്ക് മുമ്പിൽ തന്‍റെ മാനുഷികത അവൾ വെളിപ്പെടുത്തുന്നു.
(4) ദൈവ വചനത്തിന് വിധേയയായി രക്ഷാകര പദ്ധതിയ്ക്ക് തന്നെ തന്നെ 'സമർപ്പിക്കുന്നു'.

5. നമ്മുടെ വിശ്വാസജീവിതത്തിൽ കടന്നു പോകേണ്ട 4 ഘട്ടങ്ങൾ

നമ്മുടെ വിശ്വാസ ജീവിതവുമായും അഭേദ്യമായ ബന്ധംപുലർത്തുന്നതാണ് പരിശുദ്ധ കന്യകാമറിയം കടന്നു പോകുന്ന ഈ 4 ഘട്ടങ്ങൾ.

ഒന്നാമതായി;
നാം ദൈവവചനം ശ്രവിക്കുന്നു. 'ഗബ്രിയേൽ ദൂതൻ ദൈവത്താൽ അയയ്ക്കപ്പെട്ടു' എന്ന വാക്കുകളിലൂടെ, നമ്മുടെ രക്ഷയുടെ കേന്ദ്രവും നിയന്താവും ദൈവം മാത്രമാണെന്നും, നമ്മുടെ രക്ഷയ്ക്ക് ദൈവമാണ് മുൻകൈയെടുക്കുന്നതെന്നും സുവിശേഷകൻ വ്യക്തമാക്കുകയാണ്. നമ്മുടെ പ്രാഥമിക കടമ പരിശുദ്ധ കന്യകാമറിയത്തെപ്പോലെ സന്ദേശം കേൾക്കുക എന്നതു തന്നെയാണ്.

രണ്ടാമതായി;
ദൈവവചനത്തെ കുറിച്ച് ചിന്തിച്ചും ധ്യാനിച്ചും വിചിന്തനം ചെയ്തും വ്യഖ്യാനങ്ങൾ ശ്രവിച്ചും, തിരുവചനവുമായി നിരന്തരമായ ബന്ധത്തിലേർപ്പെട്ട്, ജീവിതത്തിൽ ദൈവത്തിന്‍റെയും ദൈവവചനത്തിന്‍റെയും അർത്ഥമെന്തന്ന് കണ്ടെത്താൻ നാം പരിശ്രമിക്കുന്നു. "കർത്താവ് നിന്നോടുകൂടെ" എന്ന അഭിവാദനം ഈ ഘട്ടത്തിൽ നമുക്ക് ധൈര്യംപകരുന്നു. പഴയ നിയമത്തിൽ ഇസ്രായേൽ ജനത്തോടും, പ്രവാചകന്മാരോടും, പിതാക്കന്മാരോടും കൂടെയുണ്ടായിരുന്ന കർത്താവ് മറിയത്തോടൊപ്പമുണ്ടെന്നും, നമ്മുടെ ജീവിതത്തിലും ദൈവത്തിന്‍റെ നിരന്തര സാനിധ്യമുണ്ടെന്നും നാം മനസ്സിലാക്കേണ്ട ഘട്ടമാണിത്.

മൂന്നാമതായി;
"ഇതെങ്ങനെ സംഭവിക്കും" എന്ന് മാലാഖയോടു ചോദിക്കുന്ന പരിശുദ്ധ അമ്മയെ നാം കാണുന്നു. നമ്മുടെ ജീവിതത്തിലും നമുക്ക് ഉൾകൊള്ളാനാകാത്ത, അപ്രതീക്ഷിതമായ, നമുക്ക് ഉത്തരം കണ്ടെത്താനാകാത്ത പലതും സംഭവിക്കുമ്പോൾ മറിയത്തെപ്പോലെ നമ്മളും ചോദിക്കാറുണ്ട്. നമ്മുടേത് വ്യത്യസ്തമായ മറ്റൊരു ചോദ്യമാണ്: "ഇതെന്തുകൊണ്ട് സംഭവിച്ചു?" അല്ലങ്കിൽ", ദൈവം ഇതെന്തുകൊണ്ട് അനുവദിക്കുന്നു?", അല്ലെങ്കിൽ "എന്‍റെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കാൻ കാരണമെന്ത്?" ഏറ്റവുമധികം വിചിന്തനം ചെയ്യപ്പെടേണ്ട ഒരു ഘട്ടമാണിത്. യുക്തിയും വിശ്വാസവും തമ്മിൽ ഒരു വടംവലിയ്ക്ക് വിധേയമാകുന്ന അവസ്ഥ. പലപ്പോഴും പരിമിതമായ നമ്മുടെ അറിവിൽ നിന്നുകൊണ്ട്, ദൈവീക പദ്ധതികളെ മനസ്സിലാക്കാൻ സാധിക്കാതെ വരുമ്പോൾ നമ്മുടെ ഉള്ളിന്‍റെയുള്ളിൽ ഈ ചോദ്യങ്ങൾ ഉയരാറുണ്ട്. ഇവിടെ നാം ഓർമ്മിക്കേണ്ടത്, ദൈവം മനുഷ്യചരിത്രത്തിൽ ഇടപെടുന്നത് നമുക്കു മനസ്സിലാക്കാൻ സാധിക്കാത്ത വഴികളിലൂടെയും പദ്ധതികളിലൂടെയുമാണ്. അതുകൊണ്ടാണ് നമ്മുടെ വിശ്വാസ സത്യങ്ങളെ "വിശ്വാസത്തിന്‍റെ രഹസ്യം" എന്ന് വിശേഷിപ്പിക്കുന്നത്. ഇവിടെ "മനുഷ്യചരിത്രം" എന്നതുകൊണ്ട് വിവരിക്കുന്നത് ചരിത്ര പുസ്തകങ്ങളിൽ എഴുതപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട ചില വ്യക്തികളുടെ മാത്രം ജീവിതമല്ല, മറിച്ച് ഇന്ന് ജീവിക്കുന്ന ഞാനും നിങ്ങളുമടങ്ങുന്നവരുടേതാണത്. നാം ഓരോരുത്തരും ദൈവത്തിന് പ്രിയപ്പെട്ടവരാണ്. 'വന്ധ്യയായിരുന്ന എലിസബത്ത് ഒരു പുത്രനെ ഗർഭം ധരിച്ചു' എന്നുപറഞ്ഞ് കൊണ്ട് 'ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന' വചന സന്ദേശം മാലാഖ നൽകുന്നു. നമ്മുടെ വിശ്വാസ ജീവിതത്തിലും ബുദ്ധിയുടേയും അറിവിന്‍റെയും തലത്തിൽ മാത്രം നിന്നുകൊണ്ട് ദൈവത്തോട് ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും, ദൈവത്തെ നോക്കി നെടുവീർപ്പിടുമ്പോഴും മാലാഖ നമ്മോട് പറയുന്നതും ഇതുതന്നെയാണ്: "വിശ്വസിക്കുക ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല".

നാലാമതായി;
"ഇതാ കർത്താവിന്‍റെ ദാസി നിന്‍റെ വചനംപോലെ എന്നിൽ ഭവിക്കട്ടെ" എന്ന് പറഞ്ഞുകൊണ്ട് ദൈവിക പദ്ധതിക്കു പരിശുദ്ധ മറിയം പൂർണ്ണമായും സമർപ്പിക്കുന്നു. ഒരുപക്ഷെ, നാം ഇവിടെ "ദാസി" എന്ന വാക്കിനെ മനസ്സിലാക്കുന്നത് വേലക്കാരി, ജോലിക്കാരി തുടങ്ങി അടിമത്വവുമായി ബന്ധപ്പെട്ട പദമായിട്ടാണ്. എന്നാൽ, ബിബ്ലിക്കൽ ഗ്രീക്ക് ഭാഷയുടെ അടിസ്ഥാനത്തിൽ ഇത് വെറും ദാസിയല്ല, മറിച്ച് പഴയ നിയമത്തിലെ അബ്രഹാമിനും ദാവീദിനും മോശയ്ക്കും പ്രവാചകന്മാർക്കും നൽകപ്പെട്ട വീരോചിതവും പ്രവാചകദൗത്യവുമായി ബന്ധപ്പെട്ട ഒരു വിശേഷണമാണിത്. ദൈവിക പദ്ധതിയ്ക്ക് നമ്മെതന്നെ സമർപ്പിച്ചുകൊണ്ട് 'ഇതാ കർത്താവിന്‍റെ ദാസി, ഇതാ കർത്താവിന്‍റെ ദാസൻ' എന്ന് പറയുമ്പോൾ നാം ദൈവത്തിന്‍റെ വെറും വേലക്കാരല്ല, മറിച്ച് ദൈവത്തിന്‍റെ ദൗത്യം ഈ ഭൂമിയിൽ നിറവേറ്റുവാൻ, ദൈവത്തിനുവേണ്ടി വലിയകാര്യങ്ങൾ ചെയ്യുവാൻ ദൈവം തെരഞ്ഞെടുത്തവരാണ് അല്ലെങ്കില്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്.

6. ഉപസംഹാരം

ഓർക്കുക, മറിയത്തിന്‍റെ ജീവിതവും പ്രയാണവും നമ്മുടേതു കൂടിയാണ്. ഒരു ദൂതനെ സ്വർഗ്ഗത്തിൽനിന്നും നമ്മുടെ ഭവനത്തിലേക്കും ദൈവം അയച്ചിട്ടുണ്ട്. ദൈവം നിങ്ങളുടെ ഹൃദയത്തിലും, എന്‍റെ ഹൃദയത്തിലും ഒരു കൂടാരം പണിയാൻ പോകുന്നു. അവിടുത്തെ ആത്മാവ് ഒരു നിഴലായി നിന്നെ പൊതിയും. അത് നിന്നെ സേവനത്തിന്‍റെ പാതയിലൂടെ നടത്തും. അങ്ങനെ നിന്‍റെ വാക്കുകളിലും പ്രവർത്തികളിലും ചിന്തകളിലും വിചാര-വികാര-മനോഭാവങ്ങളിലും വചനമാകുന്ന യേശു ജന്മം കൊള്ളും. നാമും മറിയത്തെ പോലെ യേശുവിനെ ഉള്ളിൽ വഹിക്കുന്നവരായി മാറും. പരിശുദ്ധ കന്യകാമറിയം സ്വീകരിച്ച അതേ ആത്മാവിനെ തന്നെയാണ് ജ്ഞാനസ്നാനത്തിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും നാമും സ്വീകരിച്ചത്. "കർത്താവേ നിന്‍റെ വാക്ക് എന്നിൽ നിറവേറട്ടെ" എന്ന് പറഞ്ഞുകൊണ്ട്, നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും നമുക്ക് ഉണ്ണിയേശുവിനു ജന്മം നൽകാം.

ആമേൻ.

ഗാനമാലപിച്ചത് കെ. ജി. മാര്‍ക്കോസാണ്. രചന ഫാദര്‍ തദേവൂസ് അരവിന്ദത്ത്, സംഗീതം വയലിന്‍ ജേക്കബ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 December 2020, 15:13