ഇറ്റലിയിലെ  ഫ്രാന്‍സിജേന  പുരാതന തീര്‍ത്ഥാടനവഴി   - ചിത്രത്തില്‍ തൊസ്കാന പ്രദേശം. ഇറ്റലിയിലെ ഫ്രാന്‍സിജേന പുരാതന തീര്‍ത്ഥാടനവഴി - ചിത്രത്തില്‍ തൊസ്കാന പ്രദേശം. 

ഈശ്വരാന്വേഷണ പാതയില്‍ വെളിച്ചമേകുന്ന സങ്കീര്‍ത്തനം

63-Ɔο സങ്കീര്‍ത്തനം ഒരു വ്യക്തിഗത വിലാപഗീതത്തിന്‍റെ പഠനം ഏഴാം ഭാഗം - ശബ്ദരേഖയോടെ...

- ഫാദര്‍  വില്യം  നെല്ലിക്കല്‍ 

63-Ɔο സങ്കീര്‍ത്തനപഠനം - ഭാഗം ഏഴ്


1. ദൈവത്തില്‍ ശരണപ്പെടാം 
സങ്കീര്‍ത്തനം 63-ന്‍റെ പഠനം ഏഴാം ഭാഗത്ത്, ആത്മീയ വിചിന്തനം തുടരുകയാണ്. ജീവിതത്തില്‍ എന്തുതന്നെ സമ്മര്‍ദ്ദമുണ്ടായാലും സങ്കീര്‍ത്തകനെപ്പോലെ പ്രതിസന്ധിയില്‍ ദൈവത്തില്‍ ശരണപ്പെടുക എന്നതാണ് ഗീതത്തിന്‍റെ വരികളുടെ കാതലായ സന്ദേശം.  അപ്പോള്‍ ദൈവത്തെ അന്വേഷിക്കുക എന്നാല്‍ എന്താണെന്നും.  ദൈവത്തെ അന്വേഷിക്കുന്നവന്‍റെ അവസ്ഥ എന്താണെന്നും,  എങ്ങനെയാണ് ഒരുവന്‍ ദൈവത്തെ അന്വേഷിക്കേണ്ടതെന്നും നമുക്കിന്ന് ചിന്തിക്കാം.  ദൈവത്തിന്‍റെ ഹൃദയത്തോടെ,  ഒരു ദൈവിക വീക്ഷണത്തോടെ  മനുഷ്യ ഹൃദയങ്ങളിലേയ്ക്ക് ചൂഴ്ന്നിറങ്ങുവാന്‍  സങ്കീര്‍ത്തനം 63 സഹായിക്കും.  ജീവിത ചുറ്റുപാടുകളില്‍ സമ്മര്‍ദ്ദത്തില്‍പ്പെട്ടൊരു മനുഷ്യന്‍ ദൈവത്തെ തേടിയ കഥ വിവരിക്കുന്ന ഈ ഗീതം ഏറെ ഹൃദയഹാരിയും ജീവല്‍ ബന്ധിയുമാണ്.  ഈശ്വരാന്വേഷണത്തിന്‍റെ വിവിധ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ത്തനം 63 ദൈവത്തെ തേടുന്നവര്‍ക്ക് നവമായ വെളിച്ചം വീശുന്നു.

ഈ സങ്കീര്‍ത്തനം ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം അനൂപും സംഘവും.


Musical Version of Ps. 63 – Unit One :

ആത്മാവെന്നും ദാഹിപ്പൂ
അങ്ങേയ്ക്കായെന്‍ സകലേശാ (2).
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം
ജീവനെക്കാള്‍ അഭികാമ്യമാണ്
എന്‍റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു
അങ്ങയെ എന്നും വാഴ്ത്തുന്നു.
- ആത്മാവെന്നും...

2. ദൈവത്തെ അന്വേഷിക്കുന്നവര്‍
ദൈവത്തെ അന്വേഷിക്കുക എന്നു പറയുന്നത് അവിടുന്നുമായി ആഴമായ ഒരു വ്യക്തിഗത ബന്ധം വളര്‍ത്തുകയെന്നാണ്.

Recitation
“ദൈവമേ, അവിടുന്നാണെന്‍റെ ദൈവം
ഞാനങ്ങയെ തേടുന്നു.
എന്‍റെ ആത്മാവ് അങ്ങേയ്ക്കായ് ദാഹിക്കുന്നു.”

“ദൈവമേ...!” എന്ന ആദ്യവരിയിലെ വിളിയില്‍നിന്നും ദാവീദു രാജാവ് എത്രത്തോളം ആഴമായും വ്യക്തിഗതമായും ദൈവത്തോട് അടുക്കുവാന്‍ ശ്രമിച്ചുവെന്നു മനസ്സിലാക്കാം. ഒരു വ്യക്തിയെക്കുറിച്ച് അറിയുന്നതും വ്യക്തിയെ അറിയുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ഉദാഹരണത്തിന് പാപ്പാ ഫ്രാന്‍സിസിനെക്കുറിച്ച് പുസ്തകങ്ങള്‍ ധാരാളം കിട്ടും. അദ്ദേഹത്തിന്‍റെ പ്രബോധനങ്ങള്‍ നമുക്കു പഠിച്ചു മനസ്സിലാക്കാം. അദ്ദേഹത്തിന്‍റെ ആത്മീയതയുടെയും വ്യക്തിത്വത്തിന്‍റെയും വിവിധ വശങ്ങളെക്കുറിച്ച് വായിച്ചറിയാം. അദ്ദേഹത്തിന്‍റെ കുടുംബത്തെക്കുറിച്ചും വ്യക്തിഗത ശീലങ്ങളെക്കുറിച്ചും അറിയാന്‍ സാധിക്കും. എന്നാല്‍ ഇതൊന്നും വ്യക്തിപരമായി അറിയുന്നതിനു തുല്യമല്ലെന്നും നമുക്കറിയാം. വ്യക്തിപരമായി അറിയാന്‍, അദ്ദേഹത്തെ അടുത്തു കാണുവാനും സംസാരിക്കുവാനും ആരെങ്കിലും നമ്മെ നേരിട്ടു പരിചയപ്പെടുത്തണം. പിന്നെ മണിക്കൂറുകള്‍ അദ്ദേഹവുമായി ഇടപഴകുവാന്‍ സാധിക്കണം. ഇങ്ങനെ പടിപടിയായി മാത്രമേ ഒരു വ്യക്തിഗത ബന്ധം ആരുമായും വളര്‍ത്തെയെടുക്കുവാന്‍ സാധിക്കൂ.

3. അടുത്തറിയല്‍ - ആത്മബന്ധത്തിന്‍റെ അനുഭവം
ഈ അടുത്തറിയല്‍ ഒരു പഠനപരിപാടിയല്ല, മറിച്ച് ഒരു അനുഭവമാണ്. ഒരു ആത്മബന്ധത്തിന്‍റെ അനുഭവവമാണ്. ഇതിലേറെ ഒരുക്കത്തോടും ശ്രദ്ധയോടും കൂടിയായിരിക്കണം നാം ദൈവത്തെ അന്വേഷിക്കുവാന്‍. യേശുവിലൂടെയും യേശുവിലും വ്യക്തിപരമായി നാം ദൈവിക സാന്നിദ്ധ്യം അറിയുകയും അനുഭവിക്കുകയും ചെയ്ത അവസരങ്ങള്‍ ഉണ്ടായിരിക്കാം. “ഏക സത്യമായ ദൈവത്തെയും, അവിടുന്ന് അയച്ച യേശു ക്രിസ്തുവിനെയും അറിയുക എന്നതാണു നിത്യജീവന്‍. ഇത് ശിഷ്യന്മാര്‍ക്കുവേണ്ടിയുള്ള യേശുവിന്‍റെ പ്രാര്‍ത്ഥനയായിരുന്നു” (യോഹ. 17, 3). ദൈവത്തോടുള്ള എന്‍റെ അടുക്കലും ബന്ധപ്പെടലും അടുത്തറിയലും ആരംഭിക്കുന്നത് ഞാന്‍ തിന്മ ഉപേക്ഷിച്ച് ദൈവത്തിങ്കലേയ്ക്കു തിരിയുകയും യേശുവില്‍ വിശ്വസിക്കുകയും ചെയ്യുമ്പോഴാണ്. ദൈവത്തെ അന്വേഷിക്കുക എന്നാല്‍, ദൈവപുത്രനും കര്‍ത്താവുമായ യേശു ക്രിസ്തുവിലൂടെ ദൈവവുമായി ആഴമായ ബന്ധം വളര്‍ത്തിയെടുക്കുവാന്‍ വ്യക്തിപരമായി ഏറെ ശ്രമിക്കുന്നതുമാണ്.

Musical Version : Psalm 63 Unit Two verses 3-4
അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്
എന്‍റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും
എന്‍റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും
ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ
നാമം വിളിച്ചപേക്ഷിക്കും.
4. ഈശ്വരാന്വേഷണത്തിന്‍റെ തീവ്രത
ദൈവത്തെ അന്വേഷിക്കുക എന്നാല്‍ അവിടുത്തെ കൂടുതല്‍ ആഗ്രഹിക്കുകയെന്നാണ്.

Recitation : Ps. 63, 1b
“എന്‍റെ ആത്മാവ് അങ്ങേയ്ക്കായ് ദാഹിക്കുന്നു.
ഉണങ്ങിവരണ്ട ഭൂമിയെന്നപോലെ എന്‍റെ ശരീരം
അങ്ങയെ കാണാതെ തളരുന്നു” (63, 1b).

മേല്‍ഉദ്ധരിച്ച വരികള്‍ സങ്കീര്‍ത്തകനായ ദാവീദിന്‍റെതായിട്ടാണല്ലോ കണക്കാക്കപ്പെടുന്നത്. “എന്‍റെ ദൈവമേ…,” എന്ന് ദൈവത്തെ വിളിക്കുമാറ് ആഴമായ ബന്ധത്തില്‍ രാജാവ് എത്തിയിരിക്കുന്നു. ദൈവത്തിനായി അയാള്‍ ദാഹിച്ചിരുന്നു. അന്വേഷണത്തിന്‍റെ തീവ്രതയും ശുഷ്ക്കാന്തിയുമെല്ലാം മൂലത്തിലുള്ള ഹെബ്രായ വാക്കുകളില്‍ സ്ഫുരിക്കുന്നത് നിരൂപകന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. വിശുദ്ധാത്മാക്കളുടെ ജീവിതത്തില്‍ നാം കാണുന്നത് ഈ തീവ്രതയാണ്. ഉഗ്രമായ ആവേശമാണ്. ദൈവത്തിനായുള്ള തീക്ഷ്ണതയാണ്. ദൈവത്തിനായി അവര്‍ വിലപിച്ചതായും, പ്രാര്‍ത്ഥിച്ചതായും, രാവും പകലും അതിയായി വിലാപത്തോടെ മല്ലടിച്ചതായും അവരുടെ ജീവചരിത്രങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ദൈവത്തെ കണ്ടെത്തിയവര്‍ തുടര്‍ന്ന് ദൈവസ്നേഹത്തിന്‍റെ പ്രയോക്താക്കളും ക്രിസ്തു-സാക്ഷികളുമായി ജീവന്‍ സമര്‍പ്പിച്ചിട്ടുള്ളത് പ്രചോദനാത്മകമായ ചരിത്രമാണ്. ആത്മീയ തീക്ഷ്ണതയ്ക്ക് ഒരു ബദ്ധശത്രുവാണ് ആത്മീയ മന്ദതയെന്നുകൂടി ഇവിടെ നമുക്കു ധ്യാനിക്കാം.

5. അന്വേഷണം – നിലയ്ക്കാത്ത ആത്മീയയാത്ര
ദൈവത്തെ അന്വേഷിക്കുന്നത് നിലയ്ക്കാത്ത ആത്മീയ യാത്രയാണെന്നു പറയാം. ആ അന്വേഷണത്തില്‍തന്നെ അതിന്‍റെ തീക്ഷ്ണതയിലും വ്യക്തി ദൈവിക ഐക്യത്തില്‍ ‍നിറഞ്ഞു ജീവിക്കും. ജീവിതത്തില്‍ വീഴ്ചകള്‍ ഉണ്ടായാലും, ദൈവോത്മുഖരായി ജീവിക്കുന്നവരെ ദൈവം ഒരിക്കലും കൈവെടിയുകയില്ല. കൈപിടിച്ച് ഉയര്‍ത്തും, കരുണയുള്ള പിതാവിനെപ്പോലെ ആശ്ലേഷിച്ച് തന്‍റെ ഭവനത്തില്‍ അവിടുന്നു സ്വീകരിക്കും. കാരണം അവിടുത്തെ സ്നേഹം അനന്തവും, അവിടുത്തെ കാരുണ്യം സീമാതീതവുമാണ്. ക്രിസ്തീയ സമര്‍പ്പണത്തില്‍ പക്വമാര്‍ന്നതും സുരക്ഷിതവുമായ അവസ്ഥയിലാണു താനെന്നു തോന്നിയാലും, ആത്മീയ ജീവിതത്തില്‍ അലക്ഷ്യരാവരുതെന്ന താക്കീത് ഈ സങ്കീര്‍ത്തനം നമുക്കു തരുന്നുണ്ട്. ദൈവികപദ്ധതിക്കും അവിടുത്തെ ഹിതത്തിനും ദാവീദുരാജാവ് കീഴ്പ്പെട്ടുകൊണ്ട് വര്‍‍ഷങ്ങള്‍ ഇസ്രായേലിനെ ഭരിച്ചുവെങ്കിലും, അദ്ദേഹം എന്നും ദൈവത്തിനായി ദാഹിച്ചു. തന്‍റെ ബലഹീനതകള്‍ ദൈവസന്നിധിയില്‍ ഏറ്റുപറഞ്ഞും, വിലപിച്ചും ദൈവത്തോടുകൂടെ

6. ദൈവത്തിനു മാത്രം നല്കാനാവുന്ന
രക്ഷയുടെ സാന്ത്വനം

ഈ സങ്കീര്‍ത്തനത്തിന്‍റെ ആത്മീയ വിചിന്തനം തരുന്ന മറ്റൊരാശയം, മര്‍ത്ത്യജീവിതത്തില്‍ അനുഭവേദ്യമാകുന്ന ശൂന്യത നിറയ്ക്കുവാന്‍ ദൈവത്തിനു മാത്രമേ കഴിയൂ എന്ന സത്യമാണ്. സാമര്‍ത്ഥ്യത്തിലും പ്രതാപത്തിലും, പേരിലും പെരുമയിലും ജീവിച്ചവര്‍ ഒരു സുപ്രഭാതത്തില്‍ നഷ്ടത്തിന്‍റെയും നിരാശയുടെയും മാനക്കേടിന്‍റെയും ശൂന്യത അനുഭവിക്കുവാനും ഇടയായേക്കാം. അപമാനവും അതുമായി ബന്ധപ്പെട്ട അപഹഷര്‍ദാബോധവും ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നേക്കാം. സങ്കീര്‍ത്തനം 63-ന്‍റെ നായകന്‍ ദാവീദു രാജാവുതന്നെ ഉദാഹരണമാണ്. മകന്‍ ആബ്സലോമിനെ ഭയന്ന് ഓടിയ രാജാവ് തന്‍റെ ഏകാന്തതയിലും ശുന്യതയിലും ദൈവത്തെ കൈവെടിഞ്ഞില്ല, മറിച്ച് തന്നെത്തന്നെ പൂര്‍‌ണ്ണമായും ദൈവകരങ്ങളില്‍ സമര്‍പ്പിക്കുകയും, ദൈവത്തില്‍ ആശ്രയിച്ച് ജീവിക്കുകയുമാണുണ്ടായത്. രാജാവു ദൈവത്തോടു പ്രാര്‍ത്ഥിച്ചത്, കൊട്ടാരത്തിനോ, കിരീടത്തിനോ രാജസ്ഥാനത്തിനോ വേണ്ടിയായിരുന്നില്ല. മറിച്ച് ദൈവിക സാന്നിദ്ധ്യത്തിനും സാമീപ്യവുമായിരുന്നു, സാന്ത്വനമായിരുന്നു.

Recitation of Ps 63, 1-4.
ദൈവമേ, എന്‍റെ ദൈവമേ, ഞാനങ്ങയെ തേടുന്നു
എന്‍റെ ആത്മാവ് അങ്ങേയ്ക്കായ് ദാഹിക്കുന്നു
അങ്ങയുടെ ശക്തിയും മഹത്വവും ദര്‍ശിക്കുവാന്‍
ഞാന്‍ വിശുദ്ധ മന്ദിരത്തില്‍ വരുന്നു.

നമ്മുടെ തന്നെ ജീവിതങ്ങള്‍ ക്ലേശപൂര്‍ണ്ണമാവുകയും ഒരു മഹാമാരി മരണംവിതയ്ക്കുകയും ചെയ്യുമ്പോള്‍ പ്രത്യാശയോടെ ദൈവത്തെ അന്വേഷിക്കുവാന്‍ ഉള്‍ക്കരുത്തേകുവാനും, ജീവിതവഴികളില്‍ ദൈവിക വെളിച്ചംതേടുവാനും ഈ അത്യപൂര്‍വ്വഗീതത്തിന്‍റെ പഠനം നമുക്കു പ്രചോദനമാവട്ടെ!

Musical Version : Psalm 63 Unit Three verses 8-9
കര്‍ത്താവേ, എന്‍റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു
അങ്ങയുടെ വലതുകൈ എന്നെ താങ്ങുന്നു
അങ്ങാണെന്‍റെ സഹായകന്‍.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര. ഒരുക്കിയത് ഫാദര്‍ വില്യം നെല്ലിക്കല്‍.

അടുത്തയാഴ്ചയില്‍ 63-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആത്മീയ വിചിന്തനം തുടര്‍ന്നും ശ്രവിക്കാം. (ഭാഗം എ‌ട്ട്).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 November 2020, 09:18