1980 നവമ്പർ 23-ന്  തെക്കെ ഇറ്റലിയിലെ ഇർപീനിയ (IRPINIA) പ്രഭവകേന്ദ്രമായുണ്ടായ ഭൂകമ്പത്തിൽ മുറിവേറ്റയാളെ രക്ഷിക്കാനുള്ള ശ്രമത്തിൽ! 1980 നവമ്പർ 23-ന് തെക്കെ ഇറ്റലിയിലെ ഇർപീനിയ (IRPINIA) പ്രഭവകേന്ദ്രമായുണ്ടായ ഭൂകമ്പത്തിൽ മുറിവേറ്റയാളെ രക്ഷിക്കാനുള്ള ശ്രമത്തിൽ! 

തെക്കെ ഇറ്റലിയിലെ ഭൂകമ്പദുരന്തത്തിൻറെ നാല്പതാം വാർഷികം!

1980 നവമ്പർ 23 തെക്കെ ഇറ്റലിയിൽ വൻ ഭുകമ്പ ദുരന്തം; മൂവായിരത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ ദാരുണ സംഭവം മാർപ്പാപ്പാ അനുസ്മരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നാലു പതിറ്റാണ്ടു മുമ്പ് തെക്കെ ഇറ്റലിയിൽ ഉണ്ടായ വൻ ഭൂകമ്പദുരന്തം മാർപ്പാപ്പാ അനുസ്മരിക്കുന്നു.

ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച (22/11/20) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയുടെ അവസാനമാണ് ഫ്രാൻസീസ് പാപ്പാ 1980 നവമ്പർ 23-ɔ൦ തീയതി കമ്പാനിയ, ബസിലിക്കാത്ത പ്രദേശങ്ങളിൽ ഇർപീനിയ പ്രഭവ കേന്ദ്രമായുണ്ടായ ഭൂകമ്പത്തെക്കുറിച്ച് പരാമർശിച്ചത്. 

ഈ ഭൂകമ്പം അനേകരുടെ ജീവനപഹരിച്ചതും വൻ നാനശനഷ്ടങ്ങൾ വിതച്ചതും പാപ്പാ അനുസ്മരിച്ചു.

40 വർഷം മുമ്പ് ഈ ഭൂമികുലുക്കം ഏല്പിച്ച ഭൗതികമായതുൾപ്പടെയുള്ള മുറിവുകൾ ഇപ്പോഴും പൂർണ്ണമായി ഭേദമായിട്ടില്ല എന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി.

ഈ ദുരന്തം ഇറ്റലിയിലെ ജനതയുടെ ഉദാരതയും ഐക്യദാർഢ്യവും എടുത്തുക്കാട്ടിയെന്നും പാപ്പാ അനുസ്മരിച്ചു.

ഇറ്റലിയുടെ വടക്കും മദ്ധ്യഭാഗത്തും ഉള്ള  ഭൂകമ്പബാധിതപ്രദേശങ്ങളുമായുള്ള ഐക്യം ഇതിനു സാക്ഷ്യമേകുന്നുവെന്നും ഇപ്പോഴും നിലനില്ക്കുന്ന ഈ ബന്ധം പുനർനിർമ്മാണ പ്രക്രിയയുടെ ആയാസകരമായ പ്രയാണത്തിന്, സർവ്വോപരി, ഇറ്റലിയെന്ന ഉപദ്വീപിലെ വിവിധ സമൂഹങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന്, സഹായകമായി ഭവിച്ചുവെന്നും പാപ്പാ പറഞ്ഞു.

ഭൂകമ്പ മാപനിയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂമികുലുക്കം ജീവനെടുത്തവരുടെ സംഖ്യ മൂവായിരത്തോളമാണ്.

ഈ ഭൂകമ്പത്തിൽ ഇരുപതിനായിരത്തിനടുത്ത് ആളുകൾക്ക് പരിക്കേൽക്കുകയും രണ്ടുലക്ഷത്തി അമ്പതിനായിരത്തോളം പേർ ഭവനരഹിതരാകുകയും ചെയ്തു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 November 2020, 09:22