ഡോ. വന്ദന ശിവ,  ഇന്ത്യയുടെ  പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ. വന്ദന ശിവ, ഇന്ത്യയുടെ പരിസ്ഥിതി ശാസ്ത്രജ്ഞ 

“മനുഷ്യരുടെ ആവശ്യത്തിന് ഉള്ളതെല്ലാം ഭൂമിയിലുണ്ട്...”

“എന്നാല്‍ അതില്‍ കുറച്ചുപേരുടെ ആര്‍ത്തിക്കുള്ളതില്ലെ”ന്ന് ഇന്ത്യയുടെ പരിസ്ഥിതി ശാസ്ത്രജ്ഞയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. വന്ദന ശിവ. (അഭിമുഖം).

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഭൂമിയിലെ നന്മകള്‍ കരുതലോടെ ഉപയോഗിക്കാം
നവംബര്‍ 18-Ɔο തിയതി ബുധനാഴ്ച വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിന് വടക്കെ ഇന്ത്യയിലെ ഡറാഡൂണിലെ തന്‍റെ വസതിയില്‍നിന്നും ‘ഓണ്‍ലൈനി’ല്‍ നല്കിയ അഭിമുഖത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ മാനവികതയുടെ ആശയങ്ങളെ പിന്‍തുണയ്ക്കുന്ന വന്ദനശിവ ഈശാ ഉപനിഷത്തിലെ വചനം ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചത്. ഭൂമി ഈശ്വരന്‍റെ നന്മയാല്‍ നിറഞ്ഞതാണ്. സകലര്‍ക്കും ജീവിക്കുവാനും ഭക്ഷിക്കുവാനുമുള്ള നന്മയുടെ വക ഭൂമിയിലുണ്ട്. സ്രഷ്ടാവായ ദൈവം ഭൂമിയില്‍ ദാനമായി നല്കുന്ന നന്മകള്‍ വിരക്തിയോടും കരുതലോടുംകൂടെ ഉപയോഗിക്കണമെന്നും,   മറിച്ച് ആര്‍ത്തിയോടെ വെട്ടിപ്പിടിക്കുവാനുള്ള സ്വാര്‍ത്ഥതയോടെയുമാവരുതെന്ന് വന്ദന ശിവ അഭിപ്രായപ്പെട്ടു. എനിക്കുള്ള ഓഹരിയിലും അധികം വാരിയെടുക്കുമ്പോള്‍ അത് മറ്റുള്ളവരുടെ ഓഹരിയിലേയ്ക്കുള്ള കൈകടത്തലാണ്. ഈ കൈകടത്തല്‍ മോഷണമാണ്. അങ്ങനെ കുറച്ചുപേരുടെ ആര്‍ത്തിമൂലമാണ് ലോകത്ത് ഒത്തിരിപേര്‍ ഇന്ന് ദാരിദ്ര്യത്തില്‍ കഴിയേണ്ടിവരുന്നതെന്ന് നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ‍ഡോ. വന്ദന അഭിപ്രായപ്പെട്ടു.

2. തെറ്റായ ഉപഭോഗ സംസ്കാരം
പാരസ്പരികതയുള്ള ലോകത്ത് ജീവന്‍റെ പുനരുത്ഥാരണം നടക്കും. തനിക്കുള്ള ഓഹരിയിലും അധികം വെട്ടിപ്പിടിക്കുമ്പോള്‍ ജീവന്‍റെ പുനരുത്ഥാരണ പ്രക്രിയ തകര്‍ക്കപ്പെടുകയും പാരിസ്ഥിതിക പരിധികളെ മനുഷ്യര്‍തന്നെ നശിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് അസ്സീസി കേന്ദ്രീകരിച്ചു നടന്ന പാപ്പായുടെ നവമായ സാമ്പത്തിക ഉടമ്പടിയുടെ (New global Compat on Economy) ‘ഓണ്‍ലൈന്‍’ സംഗമത്തില്‍ പ്രഭാഷകയായ ഡോ. വന്ദന ശിവ വിശദീകരിച്ചു. ലോകത്ത് ഇന്നു നാം കാണുന്ന അനീതിക്കും അധാര്‍മ്മികതയ്ക്കും, ദാരിദ്ര്യത്തിനും പ്രകൃതിവിനാശത്തിനും കാരണം സ്വത്തു വെട്ടിപ്പിടിക്കുവാനുള്ള കുറച്ചുപേരുടെ ആര്‍ത്തിയാണ്. അവര്‍ ചിലപ്പോള്‍ വന്‍കിട കുത്തക കമ്പനികളോ, രാഷ്ട്രീയക്കാരോ, സമ്പന്ന വ്യക്തികളോ ആകാം.  മനുഷ്യന്‍റെ ഉപഭോഗരീതിയും സംസ്കാരവും വഴിതെറ്റിയാണ് അപരന്‍റെ ഇല്ലായ്മയുടെ അവസ്ഥ ജനിപ്പിക്കുന്നതും, അപരനു കുറച്ചും എനിക്ക് അധികവും എന്ന അസന്തുലിതാവസ്ഥയ്ക്ക് കാരണമാക്കുന്നതും ഡോ. വന്ദന അഭിപ്രായപ്പെട്ടു.

3. സാങ്കേതികത  കാരണമാക്കുന്ന ഭൂമിയിലെ വിനകള്‍
ഉപകരണങ്ങളും സാങ്കേതികതയും വളര്‍ന്ന് മനുഷ്യനെയും ഭൂമിയെയും ഉപാധിയാക്കി ചുരുക്കിയിട്ടുണ്ട്. സാങ്കേതികത പുറംതള്ളിയ പ്രാകൃത വര്‍ഗ്ഗമാക്കപ്പെടുകയാണ് ബഹുഭൂരിപക്ഷം മനുഷ്യരും.  മനുഷ്യനാണ് സാങ്കേതികതയുടെ കേന്ദ്രസ്ഥാനത്ത് എന്ന ചിന്തയില്ലാതായപ്പോള്‍ സാങ്കേതികതയും വികസന പദ്ധതികളും മാനവികതയ്ക്ക് വിനയായി ഭവിച്ചത് വന്ദന ചൂണ്ടിക്കാട്ടി. കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉല്പന്നങ്ങള്‍ വളര്‍ന്നപ്പോള്‍ മണ്ണു നശിപ്പിക്കപ്പെട്ടു. ശുദ്ധജലം ഇല്ലാതായി. കാലാവസ്ഥ വ്യതിയാനത്തിന് വഴിതെളിച്ചു. തല്ക്കാലം നേട്ടം കണ്ടുവെങ്കിലും കൃഷിനാശമാണുണ്ടായത്. മണ്ണിന് ഗുണമില്ലാതായി. കര്‍ഷകര്‍ കടക്കെണിയിലായത് ഈ നൂറ്റാണ്ടു  കണ്ട നവസാങ്കേതികത വിതച്ച വിനാശത്തിന്‍റെ പ്രതിഭാസമാണെന്ന് ഡോ. വന്ദന വ്യക്തമാക്കി. ഇതിനെതിരെ ഇനിയും ഒരു ഹരിതവിപ്ലവം അനിവാര്യമാണെന്ന് വന്ദന അഭിപ്രായപ്പെട്ടു. പലപ്പോഴും അത്ഭുത കീടനാശിനികളെന്നു മുദ്രകുത്തി വിറ്റിരുന്ന രാസവസ്തുക്കള്‍ കീടങ്ങളെ കൊല്ലുന്നതിനു പകരം മെല്ലെ കൃഷിനാശം കാരണമാക്കി. രാസവസ്തുക്കളുടെ വിഷമേറ്റ കര്‍ഷകരെ അവ രോഗികളാക്കുകയും, പലയിടങ്ങളിലും കൊന്നൊടുക്കിയെന്നും  ഒരു ശാസ്ത്രജ്ഞയായ ഡോ. വന്ദന വിവരിച്ചു.

4. സാരവത്തായത് സമ്പത്തു മാത്രമോ?
ഒരു ശാസ്ത്രജ്ഞയായ താന്‍, സാരവത്തായത് നേട്ടം അല്ലെങ്കില്‍ ലാഭം കൊയ്യുന്നതു മാത്രമാണെന്നു ചിന്തിക്കുന്നില്ലെന്നു പറഞ്ഞു. സ്ത്രീകള്‍ കുടുംബത്തെയും കുഞ്ഞുങ്ങളെയും വയോജനങ്ങളെയും കരുതുകയും പരിപാലിക്കുകയും ചെയ്യുന്നവരാണ്. ഈ കരുതലും കാവലും തൊഴിലല്ല. അത് വരുമാനം കൊണ്ടുവരാത്തതിനാല്‍ അന്തസ്സില്ലാത്തതാണെന്നു ചിന്തിക്കുന്നത് തെറ്റാണെന്ന് ഒരു വീട്ടമ്മകൂടിയായ വന്ദന ചൂണ്ടിക്കാട്ടി. സമൂഹത്തിലും ഭൂമിയിലും, തൊഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും സ്ത്രീകളുടെ കരുതലും ചെറിയ കാര്യങ്ങളില്‍പ്പോലുമുള്ള സ്നേഹമുള്ള സമര്‍പ്പണത്തിന്‍റെ മേന്മയും ഒരു ദീര്‍ഘവീക്ഷണത്തില്‍ പാരിസ്ഥിതിക  പരിണാമത്തിന് വഴിതെളിക്കുമെന്ന് അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.  അതിനാല്‍ പരിചരിക്കുവാനും സ്നേഹിക്കുവാനും കാരുണ്യം കാട്ടുവാനുള്ള അമ്മമാരുടെയും സ്ത്രീകളുടെയും സവിശേഷമായ കഴിവ് അമൂല്യവും അംഗീകരിക്കേണ്ടതുമാണെന്നും  ഡോ.  വന്ദന സമര്‍ത്ഥിച്ചു....
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 November 2020, 07:55