കര്‍ത്താവിന്‍റെ വിരുന്നു മേശയിലേയ്ക്കു പോകാം... കര്‍ത്താവിന്‍റെ വിരുന്നു മേശയിലേയ്ക്കു പോകാം... 

സന്തോഷത്തോടെ കര്‍ത്താവിന്‍റെ വിരുന്നു മേശയിലേയ്ക്കു മടങ്ങാം

ദിവ്യബലി അര്‍പ്പണത്തിലേയ്ക്ക് മഹാമാരിയുടെ കാലത്തുതന്നെ മടങ്ങേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചു സഭ നല്കുന്ന നാലു പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ : ശബ്ദരേഖയോടെ...

- ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക് നെയ്യാറ്റിന്‍കര

മഹാമാരിക്കാലത്തെ കുര്‍ബ്ബാനയുടെ നിര്‍ദ്ദേശങ്ങള്‍

 

സന്തോഷത്തോടെ ദിവ്യബലിയിലേയ്ക്കു മടങ്ങാം
കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തിൽ വിശ്വാസ സമൂഹത്തിന് ശക്തിപകർന്നുകൊണ്ട്, "നമുക്ക് സന്തോഷത്തോടെ ദിവ്യബലിയർപ്പണത്തിലേക്ക് മടങ്ങാം!" എന്ന തലക്കെട്ടോടെ, കൂദാശകൾക്കും ആരാധനക്രമ കാര്യങ്ങൾക്കുമായുള്ള വത്തിക്കാൻ സംഘത്തലവൻ കർദ്ദിനാൾ റോബർട്ട് സാറാ നൽകിയ നിർദേശങ്ങളെക്കുറിച്ച് കേൾക്കാം.

ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ, കത്തോലിക്കാ സഭയിലെ എപ്പിസ്കോപ്പൽ കോൺഫറൻസുകളുടെ പ്രസിഡന്‍റുമാർവഴി വിശ്വാസ സമൂഹത്തിന് നൽകിയിരിക്കുന്ന നിർദേശങ്ങളിൽ, COVID 19 മഹാമാരിയുടെ സമയത്തും അതിനുശേഷവുമുള്ള ദിവ്യബലിയർപ്പണത്തെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്. ഈ നിർദേശങ്ങളിലൂടെ കർദിനാൾ റോബർട്ട് സാറാ പങ്കുവെയ്ക്കുന്ന പ്രധാന സന്ദേശം "സാഹചര്യങ്ങൾ അനുവദിക്കുന്ന മുറയ്ക്ക്, ക്രൈസ്തവ ജീവിതചര്യയുടെ സാധാരണ നിലയിലേക്ക് അതിവേഗം മടങ്ങണം' എന്നതാണ്'. അതായത്, സാഹചര്യങ്ങൾ അനുവദിക്കുന്ന മുറയ്ക്ക്, 'ദേവാലയങ്ങളെ' ആരാധനാക്രമ ആഘോഷങ്ങളുടെയും, പ്രത്യേകിച്ച് "സഭയുടെ പ്രവർത്തനങ്ങളെ നയിക്കുന്ന സർവശക്തിയുടെയും ഉറവിടമായ" ദിവ്യബലിയർപ്പണത്തിന്‍റെയും ഭവനമാക്കി മാറ്റുന്ന ക്രൈസ്തവ ജീവിതചര്യയുടെ സാധാരണ നിലയിലേക്ക് മടങ്ങുവാനുള്ള ആഹ്വാനമാണ് കർദിനാൾ സാറാ നൽകുന്നത്. "നമുക്ക് സന്തോഷത്തോടെ ദിവ്യബലിയർപ്പണത്തിലേക്ക് മടങ്ങാം!" എന്ന തലക്കെട്ടോടെ നൽകിയ നിർദേശങ്ങളിൽ ക്രൈസ്തവ ജീവിതത്തിന്‍റെ വിവിധ മേഖലകളെക്കുറിച്ച് കർദിനാൾ പ്രതിപാദിക്കുന്നുണ്ട്.

അടച്ചിട്ട പട്ടണമാവരുത് 
സഭ ഒരിക്കലും അടച്ചിട്ട പട്ടണമായി മാറുകയോ, ക്രൈസ്തവസമൂഹം ഒരിക്കലും ഇത്തരത്തിലുള്ള ഒറ്റപ്പെടൽ അനുഭവിക്കുകയോ ചെയ്തിട്ടില്ല.   സാമൂഹ്യജീവിതത്തിന്‍റെ മൂല്യത്തിലും, പൊതുനന്മ അന്വേഷിക്കുന്നതും ലക്ഷ്യംവച്ച് രൂപംകൊണ്ട ക്രിസ്ത്യാനികൾ, അന്യത്വത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുമ്പോഴും, സമൂഹത്തിന്‍റെ ഭാഗമായിരിക്കാൻ ആഗ്രഹിച്ചു. അതായത്, ലോകത്തായിരുന്നുകൊണ്ട് ലോകത്തിന്‍റേതല്ലാതെ ജീവിക്കുവാൻ ശീലിച്ചവരാണ് ക്രൈസ്തവ സമൂഹങ്ങൾ എന്നർത്ഥം.

എന്നാൽ ഈ മഹാമാരി, സഭാ തനയർക്ക് തങ്ങളുടെ അജഗണങ്ങളോടുള്ള ഉത്തതരവാദിത്വം കൂടുതൽ വെളിവാക്കേണ്ട സാഹചര്യമുണ്ടാക്കി. വേദനയോടെയാണെങ്കിലും, സമൂഹത്തിന് വേണ്ടി, രാഷ്ട്രനേതാക്കളോടും ആരോഗ്യവിദഗ്ധരോടും ചേർന്ന്, ജനരഹിത കുർബാനകൾ അർപ്പിക്കുവാനുള്ള തീരുമാനമെടുക്കാൻ പ്രേരിതരായി. അപ്രതീക്ഷിതവും സങ്കീർണ്ണവുമായ ഈ സാഹചര്യത്തോട് ഏറ്റവും മികച്ച രീതിയിൽ പ്രതികരിച്ചതിനും, വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുത്തതിനും സഭയുടെ മെത്രാന്മാരും അതാത് മെത്രാൻ സമിതികളും അഭിനന്ദനമർഹിക്കുന്നുണ്ടെന്നും കർദ്ദിനാൾ പറയുന്നു.

ഒന്നാമത്തെ നിർദേശം 
ദിവ്യബലിയർപ്പണത്തിന്‍റെയും വിശുദ്ധ കുർബാന സ്വീകരണത്തിന്‍റെയും അളക്കാനാവാത്ത പ്രാധാന്യത്തെയും സൗന്ദര്യത്തെയും കുറിച്ചാണ്:

താൻ സൃഷ്ടിച്ച മനുഷ്യനെ ദൈവം ഒരിക്കലും ഉപേക്ഷിക്കുന്നില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളുകയും, കഠിനമായ പരീക്ഷണങ്ങളിൽ നിന്ന് പോലും കൃപയുടെ ഫലം ലഭിക്കുമെന്നത് മറക്കാതിരിക്കുകയും ചെയ്യണമെന്ന് ഓർമ്മിപ്പിക്കുന്നതോടൊപ്പം; കർത്താവിന്‍റെ ബലിപീഠത്തിൽ നിന്ന് അകന്നിരിക്കേണ്ടി വരുന്ന ഈ സാഹചര്യത്തെ വിശുദ്ധ കുർബാനയോടുള്ള നോമ്പിന്റെ സമയമായി അംഗീകരിച്ച് പ്രാർത്ഥനയിൽ ജീവിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നു. അതിലുമുപരി, ദിവ്യബലിയർപ്പണത്തിന്‍റെയും വിശുദ്ധ കുർബാന സ്വീകരണത്തിന്‍റെയും അളക്കാനാവാത്ത പ്രാധാന്യവും സൗന്ദര്യവും അമൂല്യതയും വീണ്ടെടുക്കുന്നതിന് ഈ അകന്നിരിക്കേണ്ട കാലഘട്ടം ഞങ്ങൾക്ക് ഉപയോഗപ്രദമായി മാറുമെന്ന പ്രത്യാശയിൽ ജീവിക്കണമെന്നും ആഹ്വാനംചെയ്യുന്നു.

രണ്ടാമത്തെ നിർദേശം
മഹാമാരിക്കാലത്തെ ഞായറാഴ്ചകൾ നമുക്ക് നൽകുന്ന ഹൃദയ വ്യഥയെക്കുറിച്ചാണ്:

നാലാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ രക്തസാക്ഷികളായ, അബിറ്റിനെയിലെ സഹോദരീ സഹോദരന്മാർ തങ്ങൾക്ക് മരണശിക്ഷ ഉറപ്പായപ്പോഴും ന്യായാധിപന്മാർക്ക് മുന്നിൽ ദൃഢനിശ്ചയത്തോടെ പറഞ്ഞതിങ്ങനെയാണ്: "ഞായറാഴ്ച ഇല്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിയില്ല". യഥാർത്ഥത്തിൽ ഈ മഹാമാരിയുടെ കാലത്ത്, നമ്മുടെ ജീവിതവും അത്തരത്തിലുള്ള ഒരവസ്ഥയിലൂടെ കടന്നുപോകുന്നതുകൊണ്ട് അബിറ്റിനെയിലെ രക്തസാക്ഷികളുടെ ഹൃദയവ്യഥ കൂടുതൽ ഉൾക്കൊള്ളുവാൻ നമുക്ക് സാധിക്കുന്നുവെന്ന് കർദിനാൾ ഓർമ്മിപ്പിക്കുന്നു.

ഞായറാഴ്ച ദിവ്യബലിയുടെ ആഭാവം സൃഷ്ടിച്ചേക്കാവുന്ന ഹൃദയവ്യഥയുടെ  പിന്നിലെ
6 കാര്യങ്ങൾ :


a) കർത്താവിന്‍റെ വചനമില്ലാതെ, നമ്മുടെ മാനവികതയെയും, ഹൃദയത്തിൽ കുടികൊള്ളുന്ന നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയുള്ള ആഗ്രഹങ്ങളെയും പൂർണ്ണമായി തിരിച്ചറിഞ്ഞ് ക്രിസ്ത്യാനികളായി ജീവിക്കാൻ നമുക്ക് കഴിയില്ല.

b) കുരിശിന്‍റെ ത്യാഗത്തിൽ പങ്കെടുക്കാതെ നമുക്ക് ക്രിസ്ത്യാനികളായി ജീവിക്കാൻ കഴിയില്ല. കാരണം, കുരിശിലൂടെയാണ് കർത്താവായ യേശു പാപം നിമിത്തം മരണമടഞ്ഞ മനുഷ്യരാശിയെ വീണ്ടെടുക്കുവാൻ തന്നെത്തന്നെ നിയോഗിച്ചത്.

c) വിശുദ്ധ കുർബാനയുടെ വിരുന്നു കൂടാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. കാരണം, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വീകരിക്കാനാണ് പുത്രന്മാരും പുത്രിമാരും സഹോദരങ്ങളുമെന്നപോലെ നമ്മെ ഓരോരുത്തരെയും വിരുന്നിലേയ്ക്ക് ക്ഷണിക്കുന്നത്. ഭൂമിയിലെ തീർത്ഥാടകരായ നമ്മെ സന്തോഷത്തിലും അദ്ധ്വാനത്തിന്‍റെ ആനന്ദത്തിലും നമ്മെ നിലനിറുത്തുന്ന സ്വർഗീയ ഭോജനമാണ് വിശുദ്ധ കുർബാന.

d) കർത്താവിന്‍റെ കുടുംബമായ, ക്രിസ്ത്യാനികളുടെ സമൂഹമില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. കാരണം, ക്രിസ്തുവിന്‍റെ സാഹോദര്യവും ദൈവത്തിന്‍റെ പുത്രത്വവും പങ്കിടുന്ന നമ്മുടെ സഹോദരീ-സഹോദരന്മാരെ നാം കണ്ടുമുട്ടേണ്ടതുണ്ട്.

e) കർത്താവിന്‍റെ ഭവനം കൂടാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. കാരണം അവിടെയാണ് നാം വിശ്വാസത്തിൽ ജനിച്ചത്. അവിടെയാണ് വീഴ്ചയിൽനിന്നും കൈപിടിച്ചുയർത്തുന്ന ക്രീസ്തുവിന്‍റെ സാന്നിധ്യം നാം കണ്ടെത്തിയത്. അവിടെവച്ചാണ് നാം നമ്മുടെ പുതിയ ജീവിത വിളികളിലേയ്ക്ക് പ്രവേശിച്ചത്. അവിടെവെച്ചാണ് നാം ധാരാളം പ്രാർത്ഥിക്കുകയും, നന്ദിയർപ്പിക്കുകയും സന്തോഷിക്കുകയും വിലപിക്കുകയും ചെയ്തിട്ടുള്ളത്. അവിടെവച്ചാണ് നമ്മിൽ നിന്ന് വേർപിരിഞ്ഞു പോയ പ്രിയപ്പെട്ടവരെ ദൈവപിതാവിൽ ഭരമേല്പിച്ചത്.

f) കർത്താവിന്‍റെ ദിനമില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. കാരണം, ഞായറാഴ്ചയാണ് പ്രവൃത്തി ദിനങ്ങളുടെ തുടർച്ചയ്ക്കും,  കുടുംബ-സാമൂഹിക ഉത്തരവാദിത്തങ്ങൾക്കും കൂടുതൽ അർത്ഥവും വെളിച്ചവും പകരുന്നത്.

മൂന്നാമത്തെ നിർദേശം
മാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ദിവ്യബലികളെയും തിരുക്കർമ്മങ്ങളെയും കുറിച്ചാണ്:

മാധ്യമങ്ങളിലൂടെ നടത്തപ്പെടുന്ന പ്രക്ഷേപണം രോഗികൾക്കും പള്ളിയിൽ പോകാൻ കഴിയാത്തവർക്കും അർത്ഥവത്തായ സേവനം ചെയ്യുന്നുവെന്നത് ശരിയാണ്. എങ്കിലും, പൊതു ദിവ്യബലിയർപ്പണം സാധ്യമല്ലായിരിക്കുന്ന സമയത്താണെങ്കിലും മാധ്യമ സംപ്രേഷണത്തിലൂടെയുള്ള ദിവ്യബലിയർപ്പണങ്ങളെ പകരമെന്നരീതിയിൽ സാധൂകരിക്കാൻസാധിക്കില്ല. കാരണം, കർത്താവുമായി ദിവ്യബലിയർപ്പണത്തിലൂടെയുള്ള ബന്ധം സുപ്രധാനവും ഒഴിച്ചുകൂടാനാവാത്തതും പകരംവയ്ക്കാനാകാത്തതുമാണ്. അതുപോലെതന്നെ, മാധ്യമ സംപ്രേഷണത്തിലൂടെയുള്ള ദിവ്യബലിയർപ്പണങ്ങളിൽ പങ്കെടുക്കുകയും, ദേവാലയങ്ങളിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലികളിൽ നേരിട്ട് പങ്കെടുക്കുന്നതിന് പകരമായി കാണുകയും ചെയ്യുമ്പോൾ അവതരിച്ച ദൈവവുമായുള്ള നമ്മുടെ വ്യക്തിപരമായ അടുപ്പത്തിനും ബന്ധത്തിനും മങ്ങലേൽക്കുന്നു. കാരണം ക്രിസ്തു പറഞ്ഞതിങ്ങനെയാണ്: 'എന്‍റെ മാംസം ഭക്ഷിക്കുകയും എന്‍റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു'. അതിനാൽ, വൈറസിന്‍റെ വ്യാപനം കുറയുകയും നിയന്ത്രണങ്ങൾ അനുവദിക്കുകയും ചെയ്യുന്ന മുറയ്ക്ക് ദേവാലയത്തിലേയ്ക്ക് കടന്നുപോകുവാനും ദിവ്യബലിയിൽ പങ്കുകൊള്ളുവാനും ശ്രദ്ധിക്കുക. കൂടാതെ, ഈ കാലയളവിലുണ്ടായ അലസതകാരണം അകന്നുനിൽക്കുന്നവരെയും ദേവാലയത്തിലേയ്ക്ക് ക്ഷണിക്കുകയും, ദിവ്യബലിയുടെ സൗന്ദര്യവും പ്രാധാന്യവും വിവരിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

നാലാമത്തെ നിർദേശം
ആരാധനാ തിരുകർമ്മങ്ങളിൽ വിശ്വാസികളുടെ പങ്കാളിത്തം സുഗമമാക്കുന്നത് സംബന്ധിച്ചാണ്:

കോവിഡ് 19 വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി ലോകത്തിന്‍റെ സാമൂഹിക, കുടുംബ, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ മാത്രമല്ല, ആരാധനാക്രമമടക്കം ക്രൈസ്തവ സമൂഹത്തിന്‍റെ ജീവിതത്തിലും കടുത്തപ്രതിസന്ധികൾ സൃഷ്ടിച്ചു. വൈറസ് പടരുന്നത് തടയാൻ കർക്കശമായ സാമൂഹിക അകലം ആവശ്യമായിവരുന്നു, ഇത് ക്രിസ്തീയ ജീവിതത്തിന്‍റെ അടിസ്ഥാന സ്വഭാവമായ കൂട്ടായ്മാനുഭവത്തെ ബാധിച്ചിട്ടുമുണ്ട്. “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും” (മത്താ 18:20) എന്ന ക്രിസ്തുവിന്‍റെ വാഗ്ദാനവും; "അവർ അപ്പോസ്തലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കൽ, പ്രാർത്ഥന എന്നിവയിൽ സദാ താല്പര്യപൂർവം പങ്കുചേർന്നു... വിശ്വസിച്ചവരെല്ലാം ഒറ്റ സമൂഹമാവുകയും, തങ്ങൾക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും ചെയ്തു" (അപ്പ.പ്രവൃ. 2: 42,44) എന്ന ആദിമ ക്രൈസ്തവരുടെ ജീവിതവുമാണ് ക്രിസ്തീയ ജീവിതത്തിന്‍റെ അടിസ്ഥാന സ്വഭാവങ്ങളായി നിലനിൽക്കുന്നത്.

അതിനാൽ, ആരാധനാ തിരുകർമ്മങ്ങളിൽ വിശ്വാസികളുടെ പങ്കാളിത്തം സുഗമമാക്കേണ്ടത് അത്യാവശ്യവുമാണ്. ആരാധനാനുഷ്ഠാനങ്ങളിൽ പരീക്ഷണങ്ങൾ നടത്താതെ, ആരാധനാക്രമം നൽകുന്ന മാനദണ്ഡങ്ങളെ പൂർണ്ണമായും പാലിച്ചുകൊണ്ട് തന്നെ പങ്കാളിത്തം സുഗമമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ക്രിസ്തുവിന്‍റെ  ശരീരം സ്വീകരിക്കുന്നതിനും വിശുദ്ധ കുർബാനയിൽ സന്നിഹിതനായ കർത്താവിനെ ആരാധിക്കുന്നതിനും വിശ്വാസികൾക്ക് അവകാശമുണ്ടെങ്കിലും സഭാ നേതൃത്വം മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ പാലിക്കപ്പെടണം. ആനുകാലിക സാഹചര്യം കണക്കിലെടുത്ത് ശുചിത്വ മാനദണ്ഡങ്ങൾ മാനിച്ചുകൊണ്ട് വിശുദ്ധ കുർബാനയുടെ ആരാധനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതാണ്.

മനുഷ്യന്‍റെ സമഗ്ര പരിപാലനം സഭ നിരന്തരം തുടരുമ്പോഴും, പ്രത്യാശയ്ക്ക് സാക്ഷ്യംവഹിച്ച് ദൈവത്തിൽ ആശ്രയിക്കാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. അതോടൊപ്പം, ഭൗമീക അസ്തിത്വം പ്രധാനമാണെന്ന് ഓർമ്മിക്കുമ്പോഴും, ഏറ്റവും പ്രധാനം നിത്യജീവനാണെന്നും സഭ നമ്മെ പഠിപ്പിക്കുന്നു. ഇതേജീവിതം ദൈവവുമായി നിത്യതയിൽ പങ്കുവെയ്ക്കുകയാണ് ക്രിസ്ത്യാനിയുടെ ലക്‌ഷ്യമെന്നും, ഇതാണ് നമ്മുടെ വിളിയുന്ന് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട്, പൊതുജനാരോഗ്യത്തിന് ആവശ്യമായ ശ്രദ്ധയോടെ, ആത്മാക്കളുടെ നിത്യ രക്ഷയ്ക്കായുള്ള പ്രഖ്യാപനത്തെയും അനുധാവനത്തെയും സഭ ഒന്നിപ്പിക്കുന്നു എന്ന ഉദ്ബോധനത്തോടെയാണ് കൂദാശകൾക്കും ആരാധനക്രമ കാര്യങ്ങൾക്കുമായുള്ള വത്തിക്കാൻ സംഘതലവൻ കർദ്ദിനാൾ റോബർട്ട് സാറായുടെ നിർദ്ദേശങ്ങളടങ്ങിയ കത്ത് അവസാനിക്കുന്നത്.

 കെസ്റ്ററും സംഘവും ആലപിച്ച ഗാനം.  രചന ഡോ. പ്രീമൂസ് പെരിഞ്ചേരി, സംഗീതം ബേണി&ഇംഗ്നേഷ്യസ്. 

"നമുക്കു സന്തോഷത്തോടെ ദിവ്യബലിയർപ്പണത്തിലേക്ക് മടങ്ങാം!"  മഹാമാരിയുടെ ഇക്കാലഘട്ടത്തില്‍  ദിവ്യബലിയര്‍പ്പണത്തെക്കുറിച്ചു  നല്കിയ നിര്‍ദ്ദേശങ്ങള്‍ . 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 November 2020, 14:17