ഇടവക വൈദികന്‍ ജുസ്തീനോ റുസൊളീലോ...  വിശുദ്ധിയുടെ ഉന്നതിയിലേയ്ക്ക്... ഇടവക വൈദികന്‍ ജുസ്തീനോ റുസൊളീലോ... വിശുദ്ധിയുടെ ഉന്നതിയിലേയ്ക്ക്... 

വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍ സംബന്ധിച്ച പുതിയ ഡിക്രി

ഇടവക വൈദികന്‍, വാഴ്ത്തപ്പെട്ട ജസ്തീനോ മരിയ റുസൊളീലൊയുടെ മദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുത രോഗശാന്തി പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, നിയുക്ത കര്‍ദ്ദിനാള്‍ മര്‍ചേലോ സെമെറാരോ പാപ്പാ ഫ്രാന്‍സിസുമായി ഒക്ടോബര്‍ 27-ന് നടന്ന കൂടിക്കാഴ്ചയിലാണ് നാമകരണ നടപടികള്‍ക്കുള്ള പുതിയ പേരുകളും കാര്യങ്ങളും ചര്‍ച്ചചെയ്യപ്പെട്ടത്. അതു സംബന്ധിച്ചു പാപ്പാ ഒപ്പുവച്ച പുതിയ ഡിക്രി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.

1. വിശുദ്ധിയുടെ ഔന്നത്യത്തിലേയ്ക്ക്
ഇടവക വൈദികന്‍

ഇറ്റലി സ്വദേശിയായ ഇടവക വൈദികനും ദൈവവിളിക്കായുള്ള സന്ന്യാസ സഭയുടെയും, സന്ന്യാസിനീ സമൂഹത്തിന്‍റെയും സ്ഥാപനകനുമായ വാഴ്ത്തപ്പെട്ട ജുസ്തീനോ മരിയ റുസൊളീലൊയുടെ (Giustino Maria Russolillo) മദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുതം പാപ്പാ ഫ്രാന്‍സീസ് അംഗീകരിച്ചു. വിശുദ്ധിയുടെ അള്‍ത്താരയിലേയ്ക്ക് ഉടനെ ഉയര്‍ത്തപ്പെടുവാന്‍ പോകുന്ന വാഴ്ത്തപ്പെട്ട റുസൊളീലൊ നേപ്പിള്‍സ് സ്വദേശിയാണ് (1891–1955)..

2. രണ്ടു ധന്യാത്മാക്കള്‍
വാഴ്ത്തപ്പെട്ടപദവിയിലേയ്ക്ക്

a) സ്പെയിന്‍ സ്വദേശിനിയും സുഖപ്പെടുത്താനാവാത്ത രോഗങ്ങള്‍ക്കായുള്ള നേപ്പിള്‍സിലെ ആശുപത്രിയിലെ ശുശ്രൂഷകരുടെ സഭാസ്ഥാപക ലോംഗൊയിലെ കപ്പൂച്ചിന്‍ സന്ന്യാസിനി, ധന്യയായ മരിയ ലൊറേന്‍സ റെക്വെന്‍സെസിന്‍റെ (Maria Lorenza Requenses) മദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുത രോഗശാന്തി പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു (1463-1539).

b) റോസ എന്ന അപരനാമത്താല്‍ വിഖ്യാതയും കുരിശിന്‍റെ ദാസികള്‍ എന്ന ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയുമായ ധന്യ എലിസബത്ത് സാക്കായുടെ (Elisabetta Czacka) മദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുതരോഗശാന്തി പാപ്പാ അംഗീകരിച്ചു (1876-1961)

3. മൂന്നു രക്തസാക്ഷികള്‍
a) തുര്‍ക്കിയില്‍ 1915, 1917 വര്‍ഷങ്ങളില്‍ യഥാക്രമം കൊല്ലപ്പെട്ട ദൈവദാസരും രക്തസാക്ഷികളുമായ  കപ്പൂച്ചിന്‍ സഭാംഗങ്ങളായ വൈദികര്‍, ലിയനാര്‍ദോ മെല്‍ക്കിയുടെയും (Leonardo Melki) തൊമാസോ സലേയുടെയും (Tommaso Saleh) ജീവസമര്‍പ്പണവും രക്തസാക്ഷിത്വവും വിശ്വാസത്തെപ്രതിയെന്ന് പാപ്പാ സ്ഥിരീകരിച്ചു.

b) ഇറ്റലിയില്‍ ക്രൊച്ചേത്തെ പാവുളോ എന്ന സ്ഥലത്ത് 1915-ല്‍ കൊല്ലപ്പെട്ട രൂപതാ വൈദികന്‍ ലൂയിജി ലെന്‍സീനിയുടെ (Luigi Lenzini) രക്തസാക്ഷിത്വം വിശ്വാസത്തിന്‍റെ ധീരമായ പ്രഘോഷണമെന്ന് പാപ്പാ സ്ഥിരപ്പെടുത്തി.

c) ബ്രസീലില്‍ ജൂയിസ് ദി ഫോരെ എന്ന സ്ഥലത്ത് 1982-ല്‍ കൊല്ലപ്പെട്ട അല്‍മായ സഹോദരി, ദൈവദാസി ഇസബെല്ല ക്രിസ്തീന മ്രാദ് കമ്പോസിന്‍റെ (Isabella Cristina Mrad Campos) മരണം വിശ്വാസസാക്ഷ്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ് നിജപ്പെടുത്തി.

രണ്ടു ദൈവദാസരുടെ പുണ്യങ്ങള്‍ അംഗീകരിച്ചു
a) ബ്രസീലിലെ റിയോ ക്ലാരോ സ്വദേശിയും ഈശോയുടെ തിരുമുറിവുകളുടെ നാമത്തിലുള്ള സന്ന്യാസസഭാംഗവുമായ  ദൈവദാസന്‍, റൊബേര്‍ത്തൊ ജൊവാന്നിയുടെ (Roberto Giovanni) പുണ്യങ്ങള്‍ വീരോചിതമെന്ന് പാപ്പാ അംഗീകരിച്ചു (1903-1994).

b) സ്പെയിന്‍കാരി സീലിയ മെന്‍റസ് ദെല്‍ഗാദോ (Celia Mendez y Delgado) എന്ന് അറിയപ്പെട്ട ദൈവദാസി, ഈശോയുടെ തിരുഹൃദയത്തിന്‍റെ ദാസിമാരുടെ സഭയുടെ സഹസ്ഥാപകയുമായ മരീയ തെരേസയുടെ ജീവിത വിശുദ്ധി വീരോചിതമെന്ന് പാപ്പാ അംഗീകരിച്ചു (1844-1908).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 October 2020, 08:54