Hindu harvest festival known as Onam in Bangalore. Hindu harvest festival known as Onam in Bangalore. 

ഓണാശംകളും കുറെ ഓണച്ചിന്തകളും

ഓണത്തിന്‍റെ ആത്മീയതയെക്കുറിച്ച് അദ്ധ്യാപകനും ആത്മീയചിന്തകനും എഴുത്തുകാരനുമായ അഖില്‍ നമ്പിയത്തിന്‍റെ ചിന്താമലരുകള്‍. അവതരണം - രിതുല്‍ മോഹന്‍ - ശബ്ദരേഖയോടെ...

അത്തംനാള്‍ കഴിഞ്ഞു, ചിത്തിരയും തീരാറായി...  ഒരു മഹാമാരിക്കിടയില്‍ ഓണമഹോത്സവത്തിന്‍റെ നന്മയും നവമായ ആത്മീയചൈതന്യവും ഉള്‍ക്കൊള്ളാന്‍ ഈ ചിന്താമലരുകള്‍ പ്രചോദനമാകട്ടെ! അഖില്‍ നമ്പ്യത്തിനും രിതുല്‍ മോഹനും സ്നേഹപൂര്‍വ്വം നന്ദിപറയുന്നു. ഏവര്‍ക്കും പ്രാര്‍ത്ഥനയോടെ ഓണാശംസകള്‍ നേരുന്നു!

ഓണത്തിന്‍റെ ആത്മീയ ചിന്തകള്‍


1. ഓണം - നന്മയുടെ തിരനോട്ടം 
നന്മയിലേക്കുള്ള തിരനോട്ടങ്ങളാണ് ഓരോ ഓണവും. കള്ളവും ചതിയും ഇല്ലാത്ത പൊളിവചനങ്ങൾ എള്ളോളമില്ലാത്ത ആ മാവേലി നാട്ടിലേക്ക്, മലയാളി മനസ്സുകൊണ്ട് നടത്തുന്ന ഒരു തീർത്ഥാടനമാണത്.

ഗാനം : ഓ.എന്‍. വി. കുറുപ്പിന്‍റെ കവിതയക്ക് ഈണംനല്കിയത് ജെറി അമല്‍ദേവാണ്.
ആലാപനം ഡോ. കെ. ജെ. യേശുദാസും കെ. എസ്. ചിത്രയും.

നമ്മുടെ ഗൃഹാതുരത്വത്തെ ഇത്രമേൽ തൊട്ടുണർത്തുന്ന മറ്റൊരാഘോഷവും മലയാളിക്കില്ലാ എന്നതും വളരേ ശ്രദ്ധേയമാണ്! മനുഷ്യൻ തീർത്ത മതിൽക്കെട്ടുകൾക്കെല്ലാം അപ്പുറത്ത് ഹൃദയസമന്വയത്തിന്‍റെ ഒരു ആത്മീയത ഓണം നമുക്ക് മുന്നിൽ വയ്ക്കുന്നുണ്ട്.
ആത്മീയത എന്നത് വിശാലമായ അർത്ഥത്തിൽ ഒരു സമന്വയം തന്നെയാണ്. ഞാനെന്നും നീയെന്നുമുള്ള അകലങ്ങളും, അത് തീർക്കുന്ന അതിരുകളും ക്രമേണ ഇല്ലാതെയാകുന്നു എന്നതാണ് ആത്മീയതയുടെ സത്ത; അത് തിരിച്ചറിയുമ്പോൾ ഓണം ആ പൈതൃകത്തിന്റെ ഈറ്റില്ലം കൂടിയാകുന്നു. ദേശീയഉത്സവം എന്നതിലുപരി മനുഷ്യനിലെ ആത്മീയസംസ്കൃതികളെയാകെ കുറേകൂടി ആഴപ്പെടുത്തുന്നൊരു ജീവിതദർശ്ശനം അത് എന്നും മലയാളിക്ക് പ്രദാനം ചെയ്തിട്ടുണ്ട്.

2. ശ്രാവണവും ഓണവും
ചിങ്ങത്തെ കുറിക്കുന്ന സംസ്കൃതത്തിലെ ശ്രാവണം എന്ന പദത്തിൽ നിന്നാണ് ഓണം എന്ന വാക്ക് രൂപപ്പെടുന്നത്. ഓണം എന്ന വാക്കിന്‍റെ പരിണാമ വഴികളിൽ തന്നെ ഓണത്തിന്‍റെ പല ചരിത്രസമസ്യകളും ഒളിഞ്ഞിരിക്കുന്നുണ്ട്, ശ്രാവണം എന്ന പുരാതനസംസ്കൃതപദം ബുദ്ധ ഭാഷയായ പാലിയിൽ സാവണമായതും പിന്നെ ആവണമായതും, മലയാളിക്ക് ഓണവുമായതുമെല്ലാം ഭാഷയുടേതെന്നപോലെ ചരിത്രത്തിന്‍റെയും വഴികളിലൂടെ ഏറെ ഒഴുകിയതിന് ശേഷമാണ്.

3. മാവേലത്തമ്പുരാന്‍റെ വരവ്
അസുരരാജാവായ മഹാബലിയുടെയും വാമനന്‍റെയും പുരാണപ്രസിദ്ധമായ കഥയുമായി ബന്ധപ്പെട്ട ഓണത്തിന്‍റെ ഐതീഹ്യപെരുമ വളരെ വിശേഷപ്പെട്ട ഒരു മിത്തുകൂടിയാണ്..
കേരളത്തിൽ അങ്ങോളമിങ്ങോളം ആ പുരാവൃത്തത്തിന്‍റെ വെളിച്ചം ഒളിഞ്ഞും തെളിഞ്ഞും കാണപ്പെടുന്ന ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇടങ്ങളും ഇന്നും നമുക്ക് ചുറ്റും സജീവമായിത്തന്നെ നിലനിൽക്കുന്നുമുണ്ട്.

4. ഉര്‍വ്വരതയുടെ ഉത്സവം
ഉർവ്വരതയുമായി പുലർത്തുന്ന അഭേദ്യമായ ബന്ധമാണ് ഓണത്തിന്‍റെ മറ്റൊരു സവിശേഷത.. മാവേലിത്തമ്പുരാന്‍റെ വരവ്തന്നെ അപ്രകാരമാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്, നാടിന്‍റെ സമൃദ്ധിയിലേക്ക് അദ്ദേഹം വിരുന്നെത്തുന്നത് ഭൂമിയുടെ ആഴങ്ങളിൽ നിന്നാണ്. ഭൂമിയുടെ മടിത്തട്ടിലാണ് സമൃദ്ധിയുടെ സ്വർഗ്ഗം എന്ന പ്രകൃത്യാവബോധം നമ്മുടെ പൂർവീകർക്ക് എന്നും കൈമുതലായിരുന്നുവെന്ന് ഈ പുരാവൃത്തം സാക്ഷ്യപ്പെടുത്തുന്നു. എല്ലാ നന്മകളെയും ഉൾവഹിക്കുന്ന ഒരു ഉർവ്വരതാ സങ്കല്പം പ്രാചീനകാലം മുതൽക്കുള്ള ദക്ഷിണേന്ത്യൻ സാഹിത്യകൃതികളിലടക്കം പ്രതിഫലിച്ച് കാണാം.

5. നന്മയുടെ നിദര്‍ശ്ശനം
മനസ്സിന്‍റെ നന്മകളുടെ വിളവെടുപ്പ് ഉത്സവം എന്ന നിലയിൽ പഞ്ഞകർക്കടകത്തിന്‍റെ ദുഃഖങ്ങൾ പെരുമഴ പെയ്ത് മാഞ്ഞുപോയശേഷം വിരുന്നെത്തുന്ന പ്രതീക്ഷകളുടെ പുതുനാമ്പുകൾ പോലെ പൊന്നിൻ ചിങ്ങമാസത്തിൽ അത്തം മുതൽ തിരുവോണംവരെ മലയാളിയുടെ തിരുമുറ്റങ്ങളിൽ വർണ്ണപൊലിമയാർന്ന് വിടർന്ന് വിലസുന്ന പൂക്കങ്ങൾ ഹൃദ്യമായ കാഴ്ചയുടെ ഒരു നിദർശ്ശനമാണ്. ഈ വിധം പൂക്കളങ്ങൾ ഒരുക്കുന്ന സമ്പ്രദായത്തിന്‍റെ വേരുകൾ നൂറ്റാണ്ടുകൾക്ക് മുൻപേ ഇവിടെ നിലനിന്ന ബുദ്ധമതവുമായി ബന്ധപ്പെട്ടതാണെന്നും പറയപ്പെടുന്നു..

6. പങ്കുവയ്ക്കലിന്‍റെ ഉത്സവം
രുചിയുടെ വൈവിധ്യങ്ങളിൽ ഒരുങ്ങുന്ന വിരുന്നാണ് മറ്റൊരു ഓണവിശേഷം.. തിരുവോണസദ്യയുടെ രുചിമേളനങ്ങളിലൂടെയാണ് മലയാളി ഓണത്തെ വരവേൽക്കുന്നത്, നമുക്ക് ഏറെ പരിചിതമായ ഒരു പഴമൊഴിതന്നെ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു..
'കാണം വിറ്റും ഓണം ഉണ്ണണം' കരുതിവച്ചതിൽനിന്ന് അല്പം എടുത്തായാലും ഓണമുണ്ണണം എന്നത്. അത്ര വിശേഷമായി പരിഗണിക്കപ്പെട്ടുപോന്ന ഒരു ആചാരം കൂടിയായിരുന്നു ഇത് എന്ന് മനസ്സിലാക്കുമ്പോൾ എല്ലാ കൂട്ടിവയ്പുകളും ഒരു പരിധിക്കപ്പുറം അർത്ഥശൂന്യമാണ് എന്ന ദർശ്ശനീകമായ തത്വവും ഈ ആചാരത്തിലൂടെ മലയാളിമനസ്സുകൾ ഉൾകൊണ്ടിരിക്കാം..

7. സ്നേഹത്തോടുള്ള നല്കലും
നന്ദിയുടെ കൈക്കൊള്ളലും

ചിങ്ങമാസത്തിൽ, മലയാളിയുടെ പുതുവർഷത്തിൽ, സന്തോഷപൂർവ്വം നൽകപ്പെടുന്ന വസ്ത്രമായതുകൊണ്ടാവാം ഓണക്കോടി നമ്മുടെയെല്ലാം ഉള്ളിലെ വസ്ത്രസങ്കല്പങ്ങളെ ഇത്രയേറെ സ്വാധീനിച്ചത്. സ്നേഹപൂർവ്വം നല്കപ്പെടുന്നതെല്ലാം, അത് അന്നമായാലും വസ്ത്രമായാലും, അത് മനുഷ്യന്‍റെ ജീവിതത്തിൽ എത്ര അനിവാര്യമാണ് എന്ന് ചിന്തിക്കുമ്പോൾ ഓണക്കോടിയുടെയും തിരുവോണസദ്യയുടെയുമെല്ലാം പ്രസക്തി നമുക്കിന്ന് ബോധ്യമാകും..
എന്തു നൽകുമ്പോഴും സ്നേഹത്തോടെ നൽകുവാനും, സ്വീകരിക്കുന്നതെന്തും തികഞ്ഞനന്ദിയോടെ, ആദരവോടെ കൈക്കൊള്ളുവാനും അത് നമുക്ക് മുൻപേ ജീവിച്ച് മറഞ്ഞ പലതലമുറകളെയും പ്രാപ്തരാക്കിയിരുന്നു എന്നും ഓർക്കുക..

8. കുട്ടികളുടെ ഉത്സവം
ഇന്ന് ഏറെക്കുറെ വിസ്മൃതമായ ഒന്നാണ് 'പിള്ളേരോണം'. ഇങ്ങനെയൊരു ഒരു വ്യത്യസ്തമായ ഓണം കേരളത്തിൽ പണ്ട് ആചരിച്ചുപോന്നിരുന്നു.. കുഞ്ഞുങ്ങളുടെ ഓണമാണ് പിള്ളേരോണം, പൊന്നിൻ ചിങ്ങത്തിലെ ഓണാഘോഷത്തിന് മുന്നൊരുക്കമായി കർക്കടകത്തിലെ തിരുവോണം നക്ഷത്രത്തിൽ പിള്ളേരോണം ആചാരിക്കപ്പെട്ടുപോന്നു… അന്നേ ദിവസം തറവാടുകളിലെ മുതിർന്നവരും കാരണവന്മാർപോലും അവരുടെ ഗൗരവം വിട്ട് കുഞ്ഞുങ്ങളുടേതായ ഒരു ദിനത്തിന് കുട്ടിക്കളികളോടെയും പാട്ടുകളോടെയും കുഞ്ഞുങ്ങൾക്കൊപ്പം കൂട്ടുചേരും എന്നാണ് കേട്ടുകേൾവി. കുഞ്ഞുങ്ങളേപ്പോലെ നിലകൊള്ളുകളയും അവരുടെ നിഷ്കളങ്കമായ ലോകങ്ങളിലേക്ക് മടങ്ങുകയുംചെയ്യുന്ന വേളകളിലാണ് എല്ലാ സന്തോഷവും ആഘോഷങ്ങളും അവയുടെ വർണ്ണപീലിവിടർത്തുന്നതെന്നുള്ള ദർശ്ശനമഹിമായാകാം പിള്ളേരോണത്തിന്‍റെ ആചരണത്തിന് പിന്നിലെ കുഞ്ഞുരഹസ്യം!

9. സൗഹൃദത്തിന്‍റെ ജലോത്സവവും വഞ്ചിപ്പാട്ടും
കേരളീയമായ ആഘോഷങ്ങളിൽ കാലത്തിന്‍റെ കുത്തൊഴുക്കിലും വിസ്മൃതമാകാതെ തുടർന്നുപോരുന്ന ഒരാഘോഷമാണ് വള്ളംകളി. ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് മനുഷ്യനും ഈശ്വരനും തമ്മിലുള്ള വലിയൊരു സൗഹൃദത്തിന്‍റെ കഥകൂടി പറയാനുണ്ട്..

പുരാതനമായ ബ്രാഹ്മണ ഗൃഹത്തിലെ ഒരു കാരണവർ ആറന്മുളയിലെ ഇഷ്ടദേവന് തിരുവോണനാളിൽ ഊട്ടിയ സദ്യയുടെ ഐതീഹ്യപ്പെരുമയിലാണ് തിരുവോണത്തോണിയും വള്ളസദ്യയും മീനച്ചിലാറ്റിന്‍റെ ഓളങ്ങളിൽ പിറവികൊണ്ടത്. അതാണ് പിന്നീട് ഉത്സവലഹരികളോടെ പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളിയായി പമ്പയുടെ ഓളങ്ങളിൽ മത്സരവേഗങ്ങൾ തീർത്തത്.

കേരളത്തിലെ ജലോത്സവങ്ങളിലങ്ങോളം അലയടിക്കുന്ന വഞ്ചിപ്പാട്ട് എന്ന സാഹിത്യവും, രാമപുരത്തുവാര്യരുടെ പ്രശസ്തമായ കുചേലവൃത്തം വഞ്ചിപ്പാട്ടും അങ്ങനെയൊരു അനുഗ്രഹത്തിന്‍റെയും, ഉച്ചനീചത്വങ്ങൾക്കപ്പുറംനില്ക്കുന്ന സൗഹൃദത്തിന്‍റെയുമെല്ലാം വീണ്ടെടുപ്പ്കൂടിയാണ്.

10. അതിരിടാത്ത മനസ്സുകളുടെ ദര്‍ശനം
ഇങ്ങനെ ആത്മീയത, വിശ്വാസം, ഭക്ഷണം, വസ്ത്രം,കല,വിനോദം തുടങ്ങിയ മലയാളിയുടെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളെയും സൂക്ഷ്മമായി സ്പർശിച്ചുകൊണ്ട് ഒഴുകുന്ന ഒരു ജീവൽപ്രവാഹത്തിന്‍റെ ഉറവകൂടിയാണ് മലയാളിമനസ്സുകൾക്ക് തിരുവോണം. കൈകൊട്ടിക്കളിപ്പാട്ടുകളുടെ ഈരടികളും താളവും ചുവടുമെല്ലാം ഗ്രാമനന്മകൾക്കും കണ്ണാന്തളിപൂക്കൾക്കും ഓണത്തുമ്പികൾക്കുമൊപ്പം ഇന്നലെകളിലെ  വിസ്മൃതിയിലേക്ക് നിമിഷവേഗങ്ങളിൽ മാഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഓർമ്മയിലൂടെയെങ്കിലും അവയെ വീണ്ടെടുക്കേണ്ടത്, മലയാളി എന്ന നിലയിൽ നമ്മുടെയെല്ലാം സ്വത്വബോധത്തോടുള്ള വലിയൊരു പ്രതിബദ്ധതകൂടിയാണ്... അങ്ങനെ ഒരു വീണ്ടെടുപ്പിലൂടെ നമുക്ക് തിരികെ കിട്ടുക, ഗ്രാമനന്മകളുടെ മതിലുകളാല്‍ അതിരിടാത്ത ദർശ്ശനവും കുറേകൂടി തുറന്ന മനസ്സിന്‍റെ ഉൾവെളിച്ചങ്ങളുമായിരിക്കും.. നന്ദി.

ഈ പരിപാടിയിലെ സംഗീതശകലങ്ങള്‍ ഇറ്റാലിന്‍ ഫ്ലൂട്ടിസ്റ്റ് ശാസ്ത്രോയുടേതാണ്.

ഓണോത്സവത്തെ മാടിവിളിക്കുന്ന അടുത്തഗാനം.. ഓ.എന്‍.വിയുടെ കവിതയാണ്. ഈണംപകര്‍ന്നത് ജെറി അമല്‍ദേവ്. ആലാപനം ഡോ. കെ. ജെ. യേശുദാസ്.

അഖില്‍ നമ്പിയത്തും രിതുല്‍ മോഹനും ഒരുക്കിയ ഓണമഹോത്സവത്തിന്‍റെ ആത്മീയതെക്കുറിച്ചുള്ള ചിന്താമലരുകള്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 August 2020, 14:07