Mo: Unicef, 25% ragazzi abbandona scuola in Palestina Mo: Unicef, 25% ragazzi abbandona scuola in Palestina  

മാധ്യമാധിപത്യത്തിന് ഇരകളാകുന്ന കുട്ടികള്‍

കുട്ടികളില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചിന്താമലരുകള്‍ - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മാധ്യമബോധന പരിപാടി


1. കുട്ടികളും മാധ്യമങ്ങളും

കുട്ടികളെ മാധ്യമങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ അത് അമിതമാണെന്ന് കരുതാനും വയ്യ. കാരണം മാധ്യമങ്ങള്‍ അവര്‍ക്ക് ഒരു പരിധിവരെ ആവശ്യമാണ്. പഠിക്കുന്നതിനും ആധുനിക വിവര സാങ്കേതികതയില്‍ പങ്കുചേരുന്നതിനും മാധ്യമങ്ങളുടെ ഉപയോഗം ഇന്നത്തെ തലമുറയ്ക്ക് അനിവാര്യമായിരിക്കുകയാണ്.

കുട്ടികള്‍ ഇന്ന് ധാരാളം വീഡിയോ ഗെയിം കളിക്കുന്നുണ്ട്, ടിവി പരിപാടികള്‍ കാണുന്നുണ്ട്. വീഡിയോ ഗെയിംസുകളിലും ടിവി പരിപാടികളിലും പുസ്തകങ്ങളിലും മാധ്യമങ്ങളിലും ഇന്‍റെര്‍നെറ്റിലുമെല്ലാം നല്ലതും ചീത്തയുമുണ്ട്. ഇതു തിരിച്ചറിയാനുള്ള കഴിവ് കുട്ടികള്‍ക്കു വേണം. അതിനു വീടുകളിലും സ്കൂളുകളിലും പരിശീലനം നല്കേണ്ടത് ആവശ്യമാണ്. കാണുന്നത് എന്തുമാവട്ടെ നല്ലത് സ്വീകരിക്കുവാനും മോശമായത് തിരസ്ക്കരിക്കുവാനുമുള്ള കരുത്ത് കുട്ടികള്‍ക്കു നല്കുകയാണ് ഇന്നിന്‍റെ ആവശ്യം. അതിനെയാണ് മാധ്യമബോധനം അല്ലെങ്കില്‍ മാധ്യമ അവബോധം വളര്‍ത്തല്‍ എന്നു പറയുന്നത്.

2. മാധ്യമാവബോധം ഉള്ളവരാകാം
ടിവി കാണരുത് സിനിമ കാണരുത്, അല്ലെങ്കില്‍ ഇന്‍റെര്‍നെറ്റ് ഉപയോഗിക്കരുത് എന്ന് ഇന്നു പറയുവാന്‍ സാധ്യമല്ല. പറയുന്നത് ശരിയുമല്ല. മാധ്യമ പിന്‍തുണയോടെ നീങ്ങുന്നൊരു ലോകത്ത് എങ്ങനെ മാധ്യമങ്ങളെ മാറ്റി നിറുത്തിക്കൊണ്ട് ജീവിക്കാനാകും? അത് സാധ്യമല്ല. മാധ്യമങ്ങള്‍ നന്മയ്ക്കുള്ള ചാലകശക്തിയാണ്. നന്മയുടെ ഉപാധികളാണവ. നന്മയുടെ ഉപകരണങ്ങള്‍ തിന്മയ്ക്കായി ഉപയോഗിക്കുന്നത് മനുഷ്യസ്വഭാവം തന്നെയാണ്. കത്തി ഉപകാരപ്രദമായ നിത്യോപോയഗവസ്തുവാണ്. എന്നാല്‍ അത് അപരനെ ഉപദ്രവിക്കാനും മുറപ്പെടുത്താനും ഉപയോഗിക്കുന്നില്ലേ?

കുട്ടികള്‍ക്ക് മാധ്യമാവബോധം നല്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. പ്രകൃതിയില്‍ ഒഴുകിയെത്തുന്ന വെള്ളവും വെളിച്ചവുംപോലെ ഇന്ന് മാധ്യമശ്രൃംഖല വളര്‍ന്നു വലുതായി ആധുനിക വിവരസാങ്കേതികതയുടെ വന്‍ലോകമായി മാറിയിരിക്കുകയാണ്. മാധ്യമങ്ങളുടെ മാസ്മര ശക്തിയിലും സ്വാധീനവലയത്തിലും ഇന്നത്തെ ലോകം അമര്‍ന്നിരിക്കുന്നു. എന്നാല്‍ കെണിയില്‍പ്പെടുന്ന കുഞ്ഞുങ്ങളെപ്പറ്റി പലരും ചിന്തിക്കുന്നുപോലുമില്ല. മാധ്യമങ്ങള്‍ ഏറ്റവും അധികം സ്വാധീനിക്കുന്നത് കുഞ്ഞുങ്ങളെയാണ്.

3. ജീവിതക്രമത്തെ നിയന്ത്രിക്കുന്ന മാധ്യമാദ്ധ്യാപകന്‍
രാത്രി ഭക്ഷണം കഴിഞ്ഞ് കുടുംബത്തില്‍ അച്ഛനും അമ്മയുംകൂടി അയല്‍ക്കാരുമായുള്ള ചെറിയ വഴക്കിന്‍റെ കാര്യം പറയുകയാണ്. മകന്‍ താഴെ കാര്‍പ്പെറ്റിലിരുന്ന് കാറോടിച്ചു കളിക്കുകയായിരുന്നു. എല്ലാം കാതോര്‍ത്ത 4 വയസ്സുകാരന്‍ പുലമ്പിയതിങ്ങനെയാണ്, “അച്ഛാ അങ്ങനെയാണെങ്കില്‍ നമുക്കവരെ കുത്തിക്കൊല്ലാം,” എന്ന് പറയുകയും കൈകൊണ്ട് ആക്ക്ഷന്‍ കാണിക്കുകയും ചെയ്യുന്നു. ടി.വി കുഞ്ഞുങ്ങള്‍ക്ക് അദ്ധ്യാപകനായി മാറുന്നുണ്ട്. പണ്ട് അദ്ധ്യാപകരും, ആത്മീയ നേതാക്കളും ഗുരുക്കന്മാരും പങ്കുവച്ചിരുന്ന മൂല്യങ്ങളുടെയും സാരോപദേശങ്ങളുടെയും സ്ഥാനം ടിവി കൈക്കലാക്കിയിരിക്കുകയാണ്.

4. കുട്ടികളുടെ ഇഷ്ടതാരങ്ങള്‍
സംസാരവും പെരുമാറ്റവും ചിന്താധാരയുമെല്ലാം കുട്ടികളുടെ ഇഷ്ടതാരങ്ങളുടെയും കഥാപാത്രങ്ങളുടേതുമായി മാറുന്നു. എന്തുടുക്കണം, എന്തു ഭക്ഷിക്കണം, എങ്ങനെ നടക്കണം എന്നെല്ലാം പറയുന്നത് ടിവി. തന്നെയാണ്. മിക്കി മൗസിന്‍റെ ചടുലതയില്‍ ഇളയതോ മൂത്തതോ ആയ സഹോദരങ്ങളെ ഉപദ്രവിക്കുന്ന പിഞ്ചു ബാലന്‍റെ പ്രവൃത്തികളുടെ ഉത്തേജനം ടിവിയാണ്.
സൂപ്പര്‍ മാന്‍ വേഷധാരിയായി കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് ചാടി അമാനുഷികത പ്രകടമാക്കി അപമൃത്യുവില്‍പ്പെട്ട ബാലന്‍റെയും പ്രചോദനം മാധ്യമം തന്നെയല്ലേ.

5. മാധ്യാമാധിപത്യം
മാധ്യമാധിപത്യമുള്ള ലോകത്ത് അവ ശരിയായി കൈകാര്യം ചെയ്യുകയാണെങ്കില്‍ വളര്‍ച്ചയ്ക്കുതകുന്ന വളരെ ശക്തമായ ഉപകരണങ്ങളാണവ. വാര്‍ത്തകള്‍ വേഗം എത്തിക്കുവാന്‍ മാത്രമല്ല, സാമൂഹ്യ സാംസ്കാരിക പുരോഗതികളില്‍ മനുഷ്യനെ പങ്കുകാരാക്കുവാനും മാധ്യങ്ങള്‍ക്കു സാധിക്കുന്നു.

എല്ലാം മനുഷ്യന്‍റെ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ വിദ്യാഭ്യാസ പുരോഗതിക്കും ധാര്‍മ്മിക വളര്‍ച്ചയ്ക്കും ഉപോയോഗിക്കാവുന്നതാണ്. മാധ്യമ സൗകര്യങ്ങള്‍കൊണ്ടും വേഗതകൊണ്ടും ലഭ്യതകൊണ്ടും നമ്മുടെ ലോകം ഇന്ന് ആഗോള ഗ്രാമമായി മാറിയിരിക്കുന്നു. ലോകത്തിന്‍റെ ഏതു മുക്കിനും മൂലയിലും നടക്കുന്ന സംഭവങ്ങള്‍ അനുനിമിഷം വിരല്‍ തുമ്പില്‍ അത് നമ്മുടെ മുറിയിലും നമുക്കു മുന്നിലും എത്തിക്കുന്നു.
ജനങ്ങളില്‍ നന്മയുടെ അവബോധം വളര്‍ത്തി അവരെ കര്‍മ്മോന്മുഖരാക്കുവാനും ഇന്‍റെര്‍നെറ്റ്, ടിവി, സിനിമ പോലുള്ള ആധുനിക മാധ്യമങ്ങള്‍ക്കും അവയുടെ പരിപാടികള്‍ക്കും കരുത്തുണ്ട്. വിദ്യാഭ്യാസ പുരോഗതിക്കായും ഇന്ന് മാധ്യമങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

6. മാധ്യമബോധനം ഇന്നിന്‍റെ ആവശ്യം
മാധ്യമങ്ങള്‍ക്ക് അടിയറ പറയുകയല്ല വേണ്ടത്, പകരം ഉത്തരവാദിത്വത്തോടെ സമൂഹത്തിന്‍റെ നന്മയ്ക്കും പുരോഗതിക്കുമായി അവ ഉപോയഗിക്കുന്നതിനുള്ള കരുത്താര്‍ജ്ജിക്കുകയാണു വേണ്ടത്. അങ്ങനെ നന്മയുടെ ചാലകശക്തിയായ മാധ്യമങ്ങള്‍ ശരിയാംവണ്ണവും നന്മയ്ക്കായി ഉപോയോഗിക്കാനുള്ള അവബോധവും കരുത്തും നല്കുന്ന പ്രക്രിയയ്ക്കാണ് മാധ്യമാവബോധം അല്ലെങ്കില്‍ മാധ്യമബോധനം എന്നു പറയുന്നത്. കുട്ടികള്‍ കൊലപാതകത്തിലും ക്രൂരകൃത്യങ്ങളിലും ഏര്‍പ്പെടുന്ന സംഭവങ്ങള്‍ പൂര്‍വ്വോപരി വര്‍ദ്ധിച്ചു വരികയാണ്. തോക്ക് ഉപയോഗിച്ച് സ്ക്കൂള്‍ വിദ്യാര്‍ത്ഥി സഹപാഠിയെ അല്ലെങ്കില്‍ അദ്ധ്യാപികയെ വകവരുത്തുന്ന സംഭവങ്ങള്‍ പശ്ചാത്യലോകത്തിന്‍റേതെന്ന് പറഞ്ഞു തള്ളാവുന്നതല്ല. ഭാരതത്തിലും കേരളത്തിലും കത്തിയും കഠാരയുമെടുക്കുന്ന സമാന സംഭവങ്ങള്‍ പലതും നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ചുകൊണ്ട് അരങ്ങേറിയിട്ടുണ്ട്.

സംഭവത്തിന്‍റെ വിശദാംശങ്ങളിലേയ്ക്കു കടക്കുന്നില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു നാം ചിന്തിക്കുന്നത് ഉചിതമാണ്. കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ അനുദിനം വളര്‍ന്നു വരുന്ന അക്രമങ്ങളും കൊലപാതകങ്ങളും നമ്മെ കണ്ണു തുറപ്പിക്കേണ്ടതാണ്. ദൈവത്തിന്‍റെ നാടെന്നും സംസ്ക്കാര സമ്പന്നരുടെ അല്ലെങ്കില്‍ അഭ്യസ്ഥവിദ്യരുടെ നാട്ടിലാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നോര്‍ക്കണം. രാഷ്ട്രീയ കൊലപാതകങ്ങളുടെയും അതുപോലുള്ള ക്രിമിനല്‍ സംഭവങ്ങളുടെയും കണക്കില്‍ ഇന്ന് കേരളം മുന്‍പന്തിയിലാണ്.

7. മാധ്യമങ്ങളും സാമൂഹിക തിന്മയും
ദൈവത്തിന്‍റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന കേരളം കുറ്റവാളികളുടെ കേന്ദ്രമായിത്തീരുന്നുവെന്ന്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ NCRB സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ കുറ്റകൃത്യങ്ങളെ നിരീക്ഷിച്ചു പഠിക്കുന്ന ഭാരത സര്‍ക്കാരിന്‍റെ കേന്ദ്രം NCRB പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് കേരളത്തിന്‍റെ ഉയര്‍ന്ന അധാര്‍മ്മിക സ്വഭാവം പഠനങ്ങളെ അടിസ്ഥാനമാക്കി വെളിപ്പെടുത്തിയത്. കുറ്റകൃത്യങ്ങളുടെ നിരക്ക് ഇതര സംസ്ഥാനങ്ങളെക്കാള്‍ ഇന്ന് കേരളത്തില്‍ ഇരട്ടിച്ചിരിക്കുകയാണെന്ന് സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊലപാതകം, കൊലപാതകശ്രമം, ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകല്‍ സ്ത്രീധന മരണം, രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ അവലോകനം ചെയ്താണ് പുതിയ റിപ്പോര്‍ട്ട് ദേശീയ ക്രൈം റെക്കോര്‍ഡിങ്ങ് ബ്യൂറോ തയ്യാറാക്കിയിരിക്കുന്നത്.
സാക്ഷരതയുടെയും ആരോഗ്യപരിപാലനത്തിന്‍റെയും കാര്യത്തില്‍ ഊറ്റംകൊള്ളുന്ന കേരളത്തിന് കുറ്റുകൃത്യങ്ങളുടെ കാര്യത്തില്‍ തലകുനിക്കേണ്ടി വരുന്ന കണക്കുകളാണ് എന്‍സിആര്‍ബി
പുറത്തു വിട്ടിരിക്കുന്നത്. ആധുനിക മാധ്യമങ്ങളുടെ വിപരീത സ്വാധീനം നവകേരള സംസ്ക്കാരത്തില്‍ ഇല്ലായെന്ന് പറയാനാവില്ല. കാരണം ടിവി, സിനിമ സീരിയലുകളുടെ ഭ്രമമുള്ളവരായി മാറിയിട്ടുണ്ട് മലയാളി സമൂഹം.

8. ലാഭേച്ഛയും മൂല്യച്ഛ്യുതിയും
നാം എങ്ങോട്ട് എന്ന് ചോദിക്കുന്നതു നല്ലതാണ്?
നാടിന്‍റെ സാമൂഹ്യ മനഃസ്സാക്ഷിയില്‍ വ്യാപകമായി വളര്‍ന്ന വരുന്ന മൂല്യച്ഛ്യുതിയാണ് കൊലപാതമായും അക്രമായും അഴിമതിയായും മദ്യാപാനമായും സ്ത്രീപീഡനമായും ആധാര്‍മ്മികതയായും സമൂഹത്തിന്‍റെ വിവധ മേഖലകളില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമ, ടെലിവിഷന്‍ സീലിയലുകള്‍, പരസ്യങ്ങള്‍ എന്നവയില്‍ കണ്ടുവരുന്ന മൂല്യച്ഛ്യുതിയുടെ വികലവും അധാര്‍മ്മികവുമായ രംഗങ്ങളും കഥാതന്തുക്കളും അക്രമപ്രവണതയ്ക്കും തിന്മകള്‍ക്കും സമൂഹത്തിലും കുടുംബങ്ങളിലും, വിശിഷ്യാ പിഞ്ചു മനസ്സുകളിലും അടിത്തറപാകുന്നുണ്ട് എന്നു പറയുന്നത് അതിശയോക്തയല്ല. .
എന്തു കെട്ടിച്ചമച്ചും പ്രേക്ഷകരെ രസിപ്പിക്കണം എന്ന ലക്ഷൃം മാത്രമായി ഇറങ്ങുന്ന ചാനലുകളും സീരിയലുകളും അവയുടെ നിര്‍മ്മാതാക്കളും സംവിധായകരും സഭ്യതയുടെ പരിതികള്‍ സദാ ലംഘിക്കുകയാണ്. അങ്ങനെ അവര്‍ അക്രമങ്ങളുടെയും അധാര്‍മ്മികതയുടെയും പ്രായോക്താക്കളായി മാറുകയും ചെയ്യുന്നു.

9. സത്യം അറിയുവാനുള്ള അവകാശം
അറിയുവാനുള്ള അവകാശം മനുഷ്യന് അടിസ്ഥാനമാണ്. മനുഷ്യാവകാശവും പൊതുജനത്തിന്‍റെ താത്പര്യങ്ങളും സംരക്ഷിക്കാന്‍ നിയമസംവിധാനവും ജൂഡീഷ്യറിയും ഉണ്ടെങ്കിലും മാധ്യമ ജാഗ്രതതന്നെയാണ് നീതിയും ധാര്‍മ്മികതയും ഉറപ്പാക്കാനുള്ള മാര്‍ഗ്ഗമെന്നാണ് വിശ്വാസം. ആസ്ഥാനത്ത് ഇന്ന് വിശ്വാസ വഞ്ചനയാണ് നടക്കുന്നത്. നന്മയുടെയും മൂല്യങ്ങളുടെയും പ്രായോക്താക്കളാകേണ്ട മാധ്യമങ്ങള്‍ എല്ലാം മറന്ന് ലാഭേച്ഛ മാത്രം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

ഇന്ന് ഏതൊരു കുടുംബത്തിലെയും അംഗമാണ് ടി.വി. പുറംലോകത്തു നടന്നുകൊണ്ടിരിക്കുന്ന എന്തും തത്സമയം എത്തിച്ചുതരുന്നത് ടിവിയാണ്. അതിനാല്‍ത്തന്നെ സമൂഹത്തിലെ അപച്ഛ്യുതികളും മൂല്യച്ഛ്യുതികളും പതുങ്ങിയിരിക്കുന്ന ചതിക്കുഴികളും സമൂഹത്തിന്‍റെ മുന്നില്‍ അവതരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. വിവരം വിദ്യ വിനോദം എന്നിവ പകര്‍ന്നു നല്കുന്നത് മാധ്യമങ്ങളാണ്. പക്ഷേ ഇന്ന് ഇന്‍ഫോട്ടെയിന്‍മെന്‍റ്, വിവരസാങ്കേതികതയുടെ അതിപ്രസരം ആണ് നല്കുന്നത്. ഭീകരാക്രമണവും, ക്രിക്കറ്റ് സ്കോറും, സീരിയലും നമുക്ക് ഒരേ ബുള്ളറ്റിനില്‍ കിട്ടിയേക്കാം.

9. ടി. വി. ഭ്രമം
കുട്ടികള്‍ ടിവി “അഡിക്ടു”കളാണ്. അവര്‍ കാണുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ അവരെ ക്രൂരതയോടു നിസ്സംഗത പുലര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. ഇന്ന് കേരളത്തില്‍ ഉപഭോഗസംസ്ക്കാരവും മാത്സര്യ സംസ്ക്കരാവും വളരുന്നതിന്‍റെ കാരണവും ദൃശ്യ മാധ്യമങ്ങള്‍തന്നെയാണ്. സാമൂഹിക നന്മകളും തിന്മകളും ഒരുപോലെ പ്രതിഫലിക്കുന്ന കണ്ണാടിയാണ് മാധ്യമങ്ങള്‍ നമ്മുടെ സ്വഭാവം പെരുമാറ്റം, പ്രതീക്ഷ, ഇഷ്ടാനിഷ്ടങ്ങള്‍, ചെലവ്, ആഘോഷങ്ങള്‍ ഇതിന്‍റെയെല്ലാം മാര്‍ഗ്ഗരേഖയായി മാറുന്നുണ്ട് മാധ്യമങ്ങള്‍.
വര്‍ത്തകള്‍ ഇന്ന് ഉത്പന്ന പ്രാധാന്യമാണ്. മാധ്യമങ്ങള്‍ അതിനെ പാക്കേജ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്നു. അപ്പോള്‍ അതിന് ഉപഭോക്താക്കളുടെ ചിന്തയെയും അഭിരുചികളെയും സ്വാധീനിക്കാന്‍ സാധിക്കുന്നു. ടിവിയില്‍ക്കൂടി  സിനിമാതാരങ്ങള്‍ നവമയ ഉല്പന്നങ്ങളുടെ വില്പന കൊട്ടിഘോഷിക്കുമ്പോള്‍, അത് ഉപഭോക്താവിനെ പ്രേരിപ്പിക്കുകയും ആകര്‍ഷിക്കുകയും, വാങ്ങി ഉപയോഗിക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.

10 മാധ്യമങ്ങളുടെ വിപരീത സ്വാധീനം
കേരളം ഇന്ന് ആത്മഹത്യയുടെ നാടായി മാറിയത് കടക്കെണി കാരണമാണ്, ഉപഭോഗസംസ്ക്കാരത്തില്‍ അധിഷ്ഠിതമാണത്. ഇത് കര്‍ഷകകടക്കെണിയല്ല. മറിച്ച് ആഡംബരവും ആര്‍ഭാട വിവാഹങ്ങളും മാത്സര്യബുദ്ധിയോടെയുള്ള വിദ്യാഭ്യാസ സമ്പ്രദായവും വരുത്തിക്കൂട്ടുന്നതാണ്. ആഘോഷത്തോടെ ടിവിയില്‍ കാണുന്ന സാരിയും ആഭരണങ്ങളും ഇട്ട് മകളെ വിവാഹം കഴിച്ചയയ്ക്കുന്ന കുടുംബം അത് കടം വാങ്ങി നടത്തി തിരിച്ചടയ്ക്കാനാകാതെ ആത്മഹത്യ ചെയ്യുന്നു. പണത്തിനോടുള്ള ആര്‍ത്തിപോലും മനുഷ്യരില്‍ കുത്തിവച്ചത് ദൃശ്യമാധ്യമങ്ങളാണ്. പണമുണ്ടെങ്കില്‍ എന്തെല്ലാം സ്വായത്തമാക്കാം എന്ന വിചാരം, സാധനങ്ങള്‍ വാങ്ങിയാല്‍ സമ്മാനം എന്ന പ്രചാരണം ഇതെല്ലാമാണ് ശബരീനാഥന്മാരെ കേരളത്തില്‍ സൃഷ്ടിച്ചത്.

റിയാലിറ്റിഷോകള്‍ മറ്റൊരു സാമൂഹിക വിപത്താണ്. വളരെയധികം കഴിവുകള്‍ അംഗീകരിപ്പെടുന്നു എന്നു സമ്മതിക്കുമ്പോഴും കുട്ടികളുടെ കുട്ടിത്തം നഷ്ടമാക്കുവാന്‍ റിയാലിറ്റിഷോയ്ക്കു സാധിക്കും. പണ്ടു നമ്മള്‍ കൗമാരം എന്നു പറയുന്നത് 13 മുതല‍ 19 വരെയുള്ള കുട്ടികളേയായിരുന്നു. 10 മതുല്‍ 13 വരെയുള്ളവരെ ട്വീന്‍സ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ വിടവ് ഇന്ന് ഇല്ലാതയിരിക്കുന്നു. ഇന്ന് പത്തു വയസ്സുള്ള കുട്ടിയും സെക്സിയാകണമെന്ന ആഗ്രഹം വച്ചുപലര്‍ത്തുന്നു. ഒരു റിയാലിറ്റിഷോയില്‍ തോറ്റശേഷം അബോധാവസ്ഥയിലായ കുട്ടിയെ നമ്മള്‍ ദൃശ്യമാധ്യമങ്ങളില്‍ കണ്ടതാണ്. മാനസിക സംഘര്‍ഷത്തിന്‍റെ സംസ്ക്കാരമാണ് ടിവിയില്‍ കുട്ടികളുടെ ആവിഷ്കൃതമായ മത്സരപരിപാടികള്‍ പരിപോഷിപ്പിക്കുന്നത്. സെന്‍സേഷനുവേണ്ടിയും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍വേണ്ടിയും ഏതറ്റംവരെയും പോകുവാനും ദൃശ്യ-ശ്രാവ്യമാധ്യമങ്ങള്‍ തയ്യാറാകും എന്ന് ശില‍പ്പാഷെട്ടിയുടെ “ബിഗ്ബ്രദര്‍ ഷോ” തെളിയിച്ചിതാണല്ലോ.

11. മാധ്യമങ്ങളുടെ ക്രിയാത്മകമായ പങ്ക്
മാധ്യമങ്ങളുടെ ക്രിയാത്മകമായ പങ്ക് നിരാകരിക്കാനാവുന്നതല്ല. മലിനീകരണം, പകര്‍ച്ചവ്യാധിയുടെ കാരണം, എച്ച്ഐവി ബാധിതരായ കുട്ടികള്‍ അനുഭവിക്കുന്ന വിവേചനം, പരിസ്ഥിതിനാശം മുതലായവ ദൃശ്യമാധ്യമങ്ങള്‍ ജനങ്ങള്‍ക്കു മുന്‍പില്‍ കൊണ്ടുവന്ന് അതുമൂലം ഉണ്ടാകാവുന്ന ആഘാതത്തെപ്പറ്റി അവബോധം വളര്‍ത്തുന്നു. സാക്ഷരത ഇല്ലാത്തവര്‍പോലും ജലമലിനീകരണത്തെപ്പറ്റിയും കൊതുകുകള്‍ പരത്തുന്ന അപകടത്തെപ്പറ്റിയും വൈറസ് ബാധയെക്കുറിച്ചുമെല്ലാം അവബോധം കൈവരിക്കുന്നത് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ക്കൂടിയാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍, പൊലീസ് പീഡനങ്ങല്‍, സ്ത്രീ പീഡനങ്ങള്‍, റോഡിലെ നിയമലംഘനങ്ങള്‍, ഭൂമി കൈയ്യേറ്റം എല്ലാം കടന്നുവരുന്നത് ടിവിയിലൂടെയാണ്.

അറിവിന്‍റെ ചാലകശക്തിയാണ് മാധ്യമങ്ങള്‍. അറിവും വിവരവും തരുന്നതു മാധ്യമങ്ങളാണ്. നമ്മുടെ ജീവിതത്തിന്‍റെ ഗുണനിലവാരം ഉറപ്പു വരുത്തി മാറ്റത്തിനു വഴിയൊരുക്കി, സമത്വവും സാമൂഹികനീതിയും സുരക്ഷയും അവസരസമത്വവും അതിനാവശ്യമായ പുതിയ മനോഭാവവും മനഃസ്ഥിതിയും മൂല്യസംഹിതയും നല്കുന്നതിന് മാധ്യമങ്ങള്‍ക്കു സാധിക്കട്ടെ!

12. മാധ്യമാവബോധം – ഉത്തരവാദിത്തവും വെല്ലുവിളിയും
മാതാപിതാക്കളും അദ്ധ്യാപകരും മാധ്യമ പ്രവര്‍ത്തകരും സാമൂഹത്തിന്‍റെ നേതാക്കളുമായി കുട്ടികളുടെ ഭാവി വളര്‍ച്ചയുടെ ഉത്തരവാദിത്തം വഹിക്കുന്നവരാണ്.
മാധ്യമങ്ങളുടെ വിപരീത സ്വാധീനത്തില്‍നിന്നും കുട്ടികളെ സ്വതന്ത്രരാക്കുന്നതിലും നിയന്ത്രിക്കുന്നതിലും വലിയൊരു പങ്ക് ഇവര്‍ക്കാണുള്ളത്.
കുട്ടികളെ മാധ്യമാവബോധമുള്ളവരാക്കാന്‍ സഹായകമാകുമെന്നു കരുതുന്ന ചില നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കട്ടെ.

• കുട്ടികളെ നിഷ്ഠയുള്ള ജീവിതക്രമത്തിലേയ്ക്ക് നയിക്കാന്‍ സഹായകമാകുന്നൊരു സമയ സൂചിക, Time-table തയ്യാറാക്കി അവര്‍ക്കു നലക്കുക. അതു പാലിക്കാന്‍ അവരെ സഹായിക്കുക.

• പഠനത്തിനും വിശ്രമത്തിനും എന്നപോലെ ടിവി പരിപാടികള്‍ക്കും ഉല്ലാസത്തിനും അതില്‍ സമയം കണ്ടെത്തുക.

• കുട്ടികള്‍ക്ക് കുട്ടികളുടെ പരിപാടികള്‍, അല്ലെങ്കില്‍ കുട്ടികള്‍ക്ക് ഉതകുന്ന പരിപാടികള്‍ കാണുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുക.

• സമപ്രായക്കാരായി ഇടപഴകുവാനും, പുറംവാതില്‍ക്കളികളില്‍ ഏര്‍പ്പെടുവാനും അവസരമൊരുക്കുക.

• വ്യക്തിപരമായി ഓരോ കുട്ടിക്കുമുള്ള സവിശേഷ കഴിവുകള്‍ കണ്ടെത്തി അത് പരിപോഷിപ്പിക്കുക. ഉദാഹരണത്തിന്, ചിത്രരചന, സംഗീതം, നൃത്തം, കായികം, കളി, കൃഷി എന്നിങ്ങനെ...

• കുട്ടികള്‍ കാണുന്ന പരിപാടികള്‍ അവര്‍ക്കൊപ്പം മുതിര്‍ന്നവരും കാണുക, എന്നിട്ട് കുട്ടികളെ ആവശ്യംപോലെ സാഹായിക്കുക, നയിക്കുക.

• കുട്ടികള്‍ക്കുള്ള മൂല്യാധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കുന്നതിന് മാധ്യമപ്രവര്‍ത്തകരും, ഭരണകര്‍ത്താക്കളും മാതാപിതാക്കളും അദ്ധ്യാപകരും ഒരുമിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുക.

• വിനോദ പരിപാടികളില്‍ എന്നപോലെ വിജ്ഞാനപ്രദമായ പരിപാടികളിലും കുട്ടികളെ മെല്ലെ തല്പരരാക്കുക.

മാധ്യമ സൃഷ്ടമായ ലോകത്ത് നന്മയുടെ ചാലക ശക്തിയായ മാധ്യമങ്ങളെ നന്മയ്ക്കായ് ഉപയോഗിക്കാന്‍ സാധിക്കട്ടെ!   മാധ്യമാവബോധമുള്ളൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ നന്മയുടെ പ്രായോക്താക്കളാകാം.

ഫാദര്‍ തദേവൂസ് അരവിന്ദത്ത് കുട്ടികള്‍ക്കുവേണ്ടി രചിച്ച് ഈണംപകര്‍ന്നതാണ് ഇതിലെ ഗാനം. ആലാപനം ജിമ്മി പാലയ്ക്കലും മെയ്ബിളും സംഘവും. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 August 2020, 12:54