2020.08.07 E subito Gesù tese la mano 2020.08.07 E subito Gesù tese la mano 

മുങ്ങാതിരിക്കാന്‍ പ്രാര്‍ത്ഥനയില്‍ ശരണപ്പെടാം

ചിന്തകള്‍ പങ്കുവയ്ക്കുന്നത് ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക്ക് നെയ്യാറ്റിന്‍കര ... ശബ്ദരേഖയോടെ...

ആണ്ടുവട്ടം 19-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം. വിശുദ്ധ മത്തായിയുടെ സുവിശേഷം 14, 22-33.

ആണ്ടുവട്ടം 19-Ɔο വാരം സുവിശേഷധ്യാനം

ഇന്നത്തെ ഒന്നാം വായനയിൽ രാജാക്കന്മാരുടെ പുസ്തകത്തിൽ (19:9,11-13) ഹോറെബ് മലമുകളിൽവച്ച് ദൈവത്തെ ദർശിക്കുന്ന ഏലിയാ പ്രവാചകനെയും, സുവിശേഷത്തിൽ പ്രക്ഷുപ്തമായ കടലിൽവച്ച് യേശു സത്യമായും ദൈവപുത്രനാണെന്ന് മനസ്സിലാക്കി ആരാധിക്കുന്ന പത്രോസ് അപ്പോസ്തലനെയും മറ്റ് ശിഷ്യന്മാരെയും കാണുന്നു. ഒറ്റനോട്ടത്തിൽ തന്നെ പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ഈ രണ്ട് സംഭവങ്ങളും, ഇവ നൽകുന്ന വിശ്വാസ സന്ദേശവും നമുക്ക് വ്യക്തമാണ്. നമുക്കവയെ ആഴത്തിൽ മനസ്സിലാക്കാം.

1. എല്ലാം അവസാനിച്ചു എന്ന് കരുതുന്ന നിമിഷം

എല്ലാം അവസാനിക്കാൻ പോകുന്നു എന്ന് കരുതിയ നിമിഷത്തിലൂടെ കടന്നുപോകാത്ത ആരാണുള്ളത്. ഇന്നത്തെ ഒന്നാം വായനയിൽ ഏലിയാ പ്രവാചകൻ എല്ലാം അവസാനിച്ചു തന്റെ ജീവൻ പോലും നഷ്ടപ്പെടാൻ പോകുന്നു എന്ന വേവലാതിയോടെ പാലായനം ചെയ്യുകയാണ്. കാരണം, ജസബല്‍ രാജ്ഞി അനുകൂലിച്ചിരുന്ന വ്യാജപ്രവാചകൻമാരെ ഏലിയാ പ്രവാചകൻ വധിച്ചു കളഞ്ഞു. ക്ഷുഭിതയായി രാജ്ഞി ഏലിയായെയും കൊല്ലുമെന്ന് ശപഥമെടുത്തു. ഇതറിഞ്ഞ് പ്രവാചകൻ ജീവനും കൊണ്ട് ഓടുകയാണ്. ഓടിത്തളർന്ന ഏലിയ മരണത്തിനായി പോലും പ്രാർത്ഥിക്കുന്നു. ദൈവം മാലാഖയിലൂടെ അപ്പവും വെള്ളവും നൽകി അവനെ സംരക്ഷിക്കുന്നുണ്ടെങ്കിലും ഭയംകൊണ്ടും നിരാശകൊണ്ടും അവൻ ഹോറെബ് മലയിലെ ഗുഹയിൽ വസിക്കുന്നു. ഇനി എന്തു ചെയ്യണമെന്ന് പ്രവാചകന് അറിയില്ല. എല്ലാം അവസാനിച്ചു എന്ന് തോന്നുന്ന നിമിഷം.

തത്തുല്യമായ ഒരവസ്ഥ നാം ഇന്നത്തെ സുവിശേഷത്തിലും കാണുന്നു. കാറും കോളും നിറഞ്ഞ കടലിലൂടെ വഞ്ചിയിൽ പോകുന്ന ശിഷ്യന്മാർ. ആദ്യമവർ യേശുവിനെ ഭൂതമായി തെറ്റിദ്ധരിച്ച് നിലവിളിക്കുന്നു. പിന്നീട് യേശുവാണെന്ന് മനസ്സിലാക്കിയ പത്രോസ് ശ്ലീഹാ യേശുവിനെപ്പോലെ കടലിനു മുകളിലൂടെ നടന്ന് യേശുവിന്‍റെ അടുക്കൽ എത്തുവാൻ പരിശ്രമിക്കുന്നു. എന്നാൽ കാറ്റ് ആഞ്ഞടിച്ചപ്പോൾ അവന്റെ വിശ്വാസം നഷ്ടപ്പെട്ടു. അവൻ മുങ്ങി താഴ്ന്നു. എല്ലാം അവസാനിച്ചു എന്ന് കരുതിയ നിമിഷം.

എല്ലാം അവസാനിക്കാറായി എന്ന് കരുതിയ നിമിഷം ശിഷ്യന്മാരുടെ ജീവിതത്തിൽ പിന്നീടും ഉണ്ടായിട്ടുണ്ട്. ഒലിവ് മലയിൽ വച്ച് യേശുവിനെ പടയാളികൾ പിടിച്ചപ്പോൾ എല്ലാം കഴിഞ്ഞു എന്ന് കരുതുന്ന പത്രോസ് ശ്ലീഹാ യേശുവിനെ തള്ളിപ്പറയുക പോലും ചെയ്തു. യേശുവിന്റെ കുരിശു മരണത്തോടുകൂടി എല്ലാം കഴിഞ്ഞു എന്ന് കരുതിയ ശിഷ്യന്മാർ ഭയചകിതരായി, ഒരുമിച്ചുകൂടി. മറ്റൊരുവിധത്തിൽ എല്ലാം കഴിഞ്ഞു എന്ന് തോന്നുന്ന ഉൽക്കണ്ഠയും, നിരാശയും, ആശങ്കയും ശിഷ്യന്മാരുടെ ജീവിതത്തിൽ എന്നും ഉണ്ടായിരുന്നു.

ഏലിയാ പ്രവാചകനും, പത്രോസ് ശ്ലീഹായും, ശിഷ്യന്മാരും അനുഭവിച്ച നിരാശയും ഉത്കണ്ഠയും നാമും അനുഭവിക്കാറുണ്ട്. ഭാവിയെക്കുറിച്ചുള്ള പേടി, രോഗത്തെയും മരണത്തെയും കുറിച്ചുള്ള പേടി ഇല്ലാത്ത ആരാണുള്ളത്. ചില ദൈവ ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായത്തിൽ ശിഷ്യന്മാർ കാണുകയും അനുഭവിക്കുകയും ചെയ്ത കൊടുങ്കാറ്റും, കൂറ്റൻ തിരമാലകളും, പ്രതികൂല കാലാവസ്ഥയും, ഇരുട്ടും അവരുടെ മാനസികാവസ്ഥയുടെയും ആശങ്കയുടെയും പ്രതീകങ്ങളാണ്. എന്നാൽ ഓരോ വിശ്വാസിയും കടന്നുപോകുന്ന ഈ ഭയത്തിനും ആശങ്കയ്ക്കും പരിഹാരവും ഇന്നത്തെ തിരുവചനത്തിൽ കാണാം.

2. "ധൈര്യമായിരിക്കുവിൻ ഞാനാണ് ഭയപ്പെടേണ്ട"

"ധൈര്യമായിരിക്കുവിൻ ഞാനാണ് ഭയപ്പെടേണ്ട" ഭയത്തിനും ആശങ്കയ്ക്കും പരിഹാരമായി യേശു നൽകുന്ന ഒറ്റമൂലിയാണ് ഈ വാക്കുകൾ. മരണ ഭയത്താൽ പാലായനം ചെയ്യപ്പെട്ട് ഗുഹയിൽ ഏകനായി കഴിയുന്ന ഏലിയായുടെ അടുക്കലേക്ക് വരുന്ന ദൈവം ഏലിയായെ ധൈര്യപ്പെടുന്നു. പുതിയ ദൗത്യത്തിനായി അവനെ ഒരുക്കുന്നു: "നീ ചെന്ന് മലയിൽ കർത്താവിന്റെ സന്നിധിയിൽ നിൽക്കുക". പാലായനം ചെയ്യുന്ന പ്രവാചകനിൽ നിന്ന് "സൈന്യങ്ങളുടെ ദൈവമായ കർത്താവിനെ പ്രതിയുള്ള തീക്ഷ്ണതയാൽ ഞാൻ ജ്വലിക്കുകയാണ്" എന്ന് പറയുന്ന വ്യക്തിയായി ഏലിയാ മാറുകയാണ്.

വഞ്ചിയുടെ സുരക്ഷിതത്വത്തിൽ നിന്നിറങ്ങി യേശുവിനെ പോലെ ജലത്തിനുമീതെ നടന്ന് യേശുവിനടുക്കലേക്ക് വരാൻ ശ്രമിക്കുന്ന പത്രോസ് ശ്ലീഹാ പക്ഷേ യേശുവിൽ നിന്ന് ശ്രദ്ധമാറ്റി പ്രബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മുങ്ങിത്താഴാൻ പോകുന്നു. അവനെ രക്ഷിക്കുന്ന യേശു അവനെ ശിക്ഷിക്കുന്നില്ല. "അൽപ വിശ്വാസി നീ സംശയിച്ചതെന്ത്?" എന്നു മാത്രം ചോദിക്കുന്നു. ഈ ചോദ്യത്തിന് അപ്പോസ്തോലൻ എന്ത് ഉത്തരം നൽകി എന്ന് സുവിശേഷത്തിൽ പറയുന്നില്ല. കാരണം, ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.

3. ധ്യാനം

ഇന്നത്തെ തിരുവചനത്തിന്റെ മറ്റൊരു പ്രത്യേകത, വിശ്വാസ തീക്ഷണതയും വിശ്വാസ പ്രതിസന്ധിയും ഒരു വ്യക്തിയുടെ ജീവിതത്തിൽ എപ്രകാരം കാണപ്പെടുന്നു എന്നതാണ്. ഒരുദിവസം അത്ഭുതകരമായ രീതിയിൽ ദൈവത്തിന് ബലിയർപ്പിച്ച, വ്യാജ പ്രവാചകൻമാരെ വധിച്ച, ദൈവ ശക്തിയിലൂടെ നാട്ടിലെ വരൾച്ചയെ അവസാനിപ്പിച്ച പ്രവാചകൻ മറ്റൊരു ദിവസം പ്രാണരക്ഷാർത്ഥം ഗുഹയിൽ ഓടിയൊളിക്കുന്നു. സ്വന്തം മരണത്തിനായി പോലും പ്രാർത്ഥിക്കുന്നു.

അതുപോലെ, അഞ്ചപ്പവും രണ്ടു മീനും കൊണ്ട് യേശു അയ്യായിരത്തിലധികം വരുന്ന ജനങ്ങളെ സംതൃപ്തരാക്കുന്നത് കണ്ട, ബാക്കിവന്ന അപ്പക്കഷണങ്ങൾ കുട്ടയിൽ ശേഖരിച്ച അതേ ശിഷ്യന്മാർ തന്നെ അടുത്ത ദിവസം കടലിൽവച്ച് ഭയചകിതരായിരുന്നു. അപ്പോസ്തല പ്രമുഖൻ തന്നെ യേശുവിൽ വിശ്വസിക്കാതെ കടലിൽ മുങ്ങിത്താഴാൻ തുടങ്ങുന്നു. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്; വിശ്വാസ തീക്ഷണതയും, വിശ്വാസ പ്രതിസന്ധിയും ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ സർവ്വസാധാരണമാണ്. ഒരു പ്രതിസന്ധിയിലൂടെ കടന്നു പോയത് കൊണ്ടാണ് യേശുവിലുള്ള വിശ്വാസം എന്താണെന്ന് പത്രോസ് ശ്ലീഹാ മനസ്സിലാക്കുന്നത്.

കടലിൽ അകപ്പെട്ട ശിഷ്യന്മാർക്ക് തുല്യമായ ഒരവസ്ഥയിലൂടെ നമ്മുടെ ജീവിതവും ഇന്ന് കടന്നുപോവുകയാണ്. പകർച്ചവ്യാധിയും, പ്രകൃതിക്ഷോഭവും നമ്മെയും ആശങ്കപ്പെടുത്തുന്നുണ്ട്. നമുക്ക് അൽപവിശ്വാസിയാകാതെ, "ധൈര്യമായിരിക്കുവിൻ, ഞാനാണ്, ഭയപ്പെടേണ്ട" എന്ന യേശുവിന്‍റെ വാക്കുകളിൽ വിശ്വസിക്കാം, നാം ഒരിക്കലും നശിക്കുകയില്ല.
ആമേൻ.

ഗാനമാലപിച്ചത് കെ. എസ്. ചിത്രയാണ്. രചന ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍, സംഗീതം ജോബ് & ജോര്‍ജ്ജ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 August 2020, 14:01