2020.08.01 XVIII Domenica del Tempo Ordinario (Anno A) Mulitplicazione dei pani e pesci 2020.08.01 XVIII Domenica del Tempo Ordinario (Anno A) Mulitplicazione dei pani e pesci 

അനുദിനം സംഭവിക്കേണ്ട പങ്കുവയ്ക്കലിന്‍റെ ആത്മീയാനന്ദം

ആണ്ടുവട്ടം 18-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷ വിചിന്തനം - വിശുദ്ധ മത്തായിയുടെ സുവിശേഷം 14, 13-21. ശബ്ദരേഖയോടെ....

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

സുവിശേഷവിചിന്തനം - പങ്കുവയ്ക്കലിന്‍റെ ആനന്ദം

1. യേശുവിനെ തേടിവന്നവര്‍
ക്രിസ്തു അത്ഭുതകരമായി അപ്പം വര്‍ദ്ധിപ്പിച്ച സംഭവമാണ് ഇന്നത്തെ സുവിശേഷഭാഗം. സ്നാപകയോഹന്നാന്‍ ഗലീലിയായില്‍ ഹെറോദേശിന്‍റെ കല്‍ത്തുറുങ്കില്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ് യേശു ദുഃഖാര്‍ത്ഥനായി. ഉടനെ അവിടുന്ന് ശിഷ്യന്മാര്‍ക്കൊപ്പം ഒരു വിജനപ്രദേശത്തെ ഏകാന്തതയിലേയ്ക്ക് പിന്‍വാങ്ങി. എന്നാല്‍ യേശുവിന്‍റെ നീക്കങ്ങള്‍ മണത്തറിഞ്ഞ ജനങ്ങള്‍ താമസിയാതെ അവിടുത്തെ പക്കലെത്തി. ജനങ്ങളെ കണ്ടപ്പോള്‍, വിശിഷ്യാ അധികവും പാവങ്ങളായവര്‍ തന്നെ തേടിവന്നതു കണ്ടപ്പോള്‍ യേശുവിന് അവരോട് അനുകമ്പതോന്നി. അവര്‍ കൊണ്ടുവന്ന രോഗികളെ അവിടുന്നു തൊട്ടു സുഖപ്പെടുത്തുകയും അവരോട് സാന്ത്വനവാക്കുകള്‍ മൊഴിയുകയും ചെയ്തു.

2. ഒരു സ്നേഹവിരുന്ന്
അപ്പോഴേയ്ക്കും പടിഞ്ഞാറ് ഗലീലിയക്കടലില്‍ സൂര്യന്‍ അസ്തമിക്കാറായി. സന്ധ്യമയങ്ങുന്നതു കണ്ട് ആകുലചിത്തരായത് യേശുവിന്‍റെ ശിഷ്യന്മാരാണ്. അവര്‍ പറഞ്ഞു, “ജനാവലിയെ പറഞ്ഞയ്ക്കുന്നതാണ് നല്ലത്. ഇതാ, നേരം വൈകുന്നു. അവര്‍ ഗ്രാമങ്ങളില്‍പ്പോയി ഭക്ഷണമുണ്ടാക്കി കഴിച്ച് വിശ്രമിക്കട്ടെ!” അപ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു. “ഇവിടെത്തന്നെ അവര്‍ക്ക് ഭക്ഷിക്കാന്‍ എന്തെങ്കിലും കൊടുത്തുകൂടെ...! കാരണം ഇത്രയും ദൂരം നടന്നു വന്നവര്‍, ഇനിയും ഒരുതുള്ളി വെള്ളംപോലും കുടിക്കാതെ മടങ്ങിയാല്‍ അവര്‍ വഴിയില്‍ വാടിത്തളര്‍ന്നു വീഴുവാന്‍ ഇടയുണ്ട്. ” ശിഷ്യന്മാര്‍ പ്രതികരിച്ചു. “ഇത്രയും വലിയ ജനക്കൂട്ടത്തെ എങ്ങനെ തീറ്റിപ്പോറ്റുവാനാണ്…?”

3. ദൈവസ്നേഹത്തിന്‍റെ ധാരാളിത്തം
തങ്ങളുടെ പക്കല്‍ ആകെയുള്ളത് അഞ്ച് അപ്പവും രണ്ടു മീനുമാണെന്ന് അവര്‍ തുറന്നുപറഞ്ഞു. ഈശോ അഞ്ചപ്പവും രണ്ടുമീനും അവരില്‍നിന്നും വാങ്ങി, വാഴ്ത്തിയശേഷം ശിഷ്യന്മാരെ ഏല്പിച്ചിട്ട് പറഞ്ഞു. “ഇത് പങ്കിട്ട് ജനങ്ങള്‍ക്കു നല്കുവിന്‍….” ശിഷ്യന്മാര്‍ അത് ഭാഗിച്ച് ജനങ്ങള്‍ക്കു നല്കി.   അവര്‍ പങ്കുവച്ച് നല്കിക്കൊണ്ടിരിക്കെ അപ്പവും മീനും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച! സുവിശേഷം രേഖപ്പെടുത്തുന്നു, “അന്നവിടെ ഭക്ഷിച്ചവര്‍ സ്ത്രീകളും കുട്ടികളും ഒഴികെ അയ്യായിരത്തോളം പേരായിരുന്നു. സംതൃപ്തരാകുവോളം ഭക്ഷിച്ചു.  ബാക്കി 12 കുട്ടകളില്‍ ശേഖരിച്ചു” (14, 20-21).

4. യേശു കാട്ടിയ ആര്‍ദ്രമായ കാരുണ്യം

മൂന്നു സന്ദേശങ്ങള്‍ നമുക്കീ സുവിശേഷ സംഭവത്തില്‍നിന്നും ഉള്‍ക്കൊള്ളാം. ആദ്യത്തേത് അനുകമ്പയാണ്. ഏകാന്തതയിലേയ്ക്ക് രഹസ്യമായി പോയിട്ടും ജനക്കൂട്ടം യേശുവിനെ പിന്‍ചെല്ലുന്നു. കാരണം യേശുവിന് അറിയാമായിരുന്നു അവര്‍ ആവശ്യത്തിലായിരുന്നെന്ന്. ഈശോ അപ്പോള്‍ അവിടെ പ്രകടമാക്കിയത് വെറും സഹാനുഭാവമല്ല, അനുകമ്പയാണ്. അതിനും ലത്തീന്‍ ഭാഷയില്‍ ഉപയോഗിക്കുന്ന വാക്ക് compassione, compassio, cum-pati… to suffer with സഹിക്കുന്നവരുടെ പക്ഷംചേരുക അല്ലെങ്കില്‍ സഹിക്കുന്നവരോടു കൂട്ടുചേരുക എന്നാണ് അര്‍ത്ഥം. അതായത് അപരന്‍റെ യാതനകളോട് ചേര്‍ന്ന് സഹിക്കുന്നതാണ് അനുകമ്പ. ക്രിസ്തു നമ്മോടൊത്തു വസിച്ചു, സഹിച്ചു. നമ്മോടു ചേര്‍ന്ന് അവിടുന്നു സഹിച്ചതിന്‍റെ അടയാളങ്ങളാണ് അവിടുന്നു അത്ഭുതകരമായി അനേകരെ സൗഖ്യപ്പെടുത്തിയ സംഭവങ്ങള്‍. എളിയവരും പാവങ്ങുമായവരുടെ ആവശ്യങ്ങള്‍ നമ്മുടെ ആവശ്യങ്ങള്‍ക്കും മുന്നേ വയ്ക്കുവാന്‍ ക്രിസ്തു ഇന്ന് ആഗ്രഹിക്കുന്നു, ഇന്നു നമ്മെ പഠിപ്പിക്കുന്നു. അപരന്‍റെ സഹനങ്ങള്‍ ഏറ്റെടുക്കുവോളം അവിടുന്നു സഹിച്ചു, കുരിശില്‍ മരിച്ചു.

5. അടിസ്ഥാന ആവശ്യങ്ങള്‍ക്കായ് കേഴുന്നവര്‍
നമ്മുടെ ആവശ്യങ്ങള്‍ ന്യായമാണെങ്കിലും, അവയെക്കാള്‍ മുന്നിലാവണം പാവങ്ങളുടെ ആവശ്യങ്ങളെന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്. കാരണം പാവങ്ങള്‍ ജീവിതത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടി കേഴുന്നവരാണ്. പാവങ്ങളെപ്പറ്റി നാം കരുണയോടെ സംസാരിച്ചതുകൊണ്ടു മാത്രമായില്ല. അവരുടെ ആവശ്യങ്ങളില്‍ നാം പങ്കുചേരേണ്ടിയിരിക്കുന്നു. അവര്‍ ആവശ്യത്തിലായിരിക്കുന്നവരാണ്. പലപ്പോഴും അവര്‍ക്ക് ഭക്ഷണമില്ല. ആവശ്യത്തിന് വസ്ത്രമില്ല. അവരില്‍ രോഗികള്‍ ഉണ്ടെങ്കിലും മരുന്നുവാങ്ങുവാനുള്ള സാദ്ധ്യതകളില്ല. അവരുടെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ സൗകര്യങ്ങളില്ല. നല്ലതും വലുതുമായ നമ്മുടെ സ്കൂളുകളില്‍ അവര്‍ക്ക് പ്രവേശനം  നല്കാറില്ല. നമ്മുടെ ആവശ്യങ്ങളെക്കാള്‍, അപ്പോള്‍ പാവങ്ങളുടെ ആവശ്യങ്ങള്‍ അടിയന്തിരമാണ്.

6. പങ്കുവയ്ക്കലിന്‍റെ അത്ഭുതവും ആനന്ദവും
ഇന്നത്തെ സുവിശേഷം നല്കുന്ന രണ്ടാമത്തെ പാഠം പങ്കുവയ്ക്കലിന്‍റേതാണ്. യേശുവിനെ കേള്‍ക്കുവാന്‍ എത്തിയ ക്ഷീണിതരും അവശരുമായ ജനക്കൂട്ടത്തോടുളള ശിഷ്യന്മാരുടെ പ്രതികരണവും യേശുവിന്‍റെ പ്രതികരണവും, രണ്ടും വ്യത്യസ്തവും ഘടകവിരുദ്ധവുമാണ്. ശിഷ്യന്മാര്‍ ചിന്തിച്ചത് ജനാവലിയെ പറഞ്ഞയിച്ചിട്ട് തങ്ങള്‍ക്ക് എന്തെങ്കിലും കഴിക്കാമെന്നും വിശ്രമിക്കാമെന്നുമായിരുന്നു. എന്നാല്‍ യേശു പറഞ്ഞത്, അവര്‍ക്ക് എന്തെങ്കിലും ഭക്ഷിക്കുവാന്‍ കൊടുക്കുവാനാണ്.  വിപരീതങ്ങളാണ് രണ്ടു പ്രതികരണങ്ങളും - യേശുവിന്‍റെ അനുകമ്പയുടെ പ്രതികരണവും ശിഷ്യന്മാരുടെ സ്വാര്‍ത്ഥതയുടെയും.

7. സ്വന്തംകാര്യം മാത്രം നോക്കുന്നവര്‍
ശിഷ്യന്മാരുടെ പ്രതികരണം ഏറെ സാധാരണവും ലൗകികവുമായ യുക്തിയായിരുന്നു. ഓരോരുത്തരും അവരവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കട്ടെയെന്ന മനോഭാവം. ഈ നയത്തില്‍ തെറ്റില്ലെന്നു പറയാം. എന്നാല്‍ അത് സ്വാര്‍ത്ഥതയാണ്. വിശന്നു വലഞ്ഞ ജനങ്ങളെ വെറും കൈയ്യോടെ പറഞ്ഞയച്ചിരുന്നെങ്കില്‍, കുട്ടികളും സ്ത്രീകളും അടങ്ങുന്ന ആ വലിയ ജനക്കൂട്ടം കഷ്ടിച്ച് വീട്ടില്‍ എത്തുമെങ്കിലും അവരുടെ ക്ലേശങ്ങള്‍ ക്രിസ്തു മനസ്സിലാക്കുന്നു. എന്നാല്‍ അതു മനസ്സിലാക്കിയിട്ടും ശിഷ്യന്മാര്‍ അവരെ ഒഴിവാക്കുന്നു. ഇതാണ് വ്യത്യാസം. എന്നാല്‍ കൈവശമുണ്ടായിരുന്നത് അവര്‍ പങ്കുവച്ചപ്പോള്‍ - ഏതാനും അപ്പക്കഷണങ്ങളും മീനും ദൈവകരങ്ങളില്‍ പങ്കുവയ്ക്കലിന്‍റെ അനുഗ്രഹപൂര്‍ണ്ണമായ സമ്പല്‍സമൃദ്ധിയായി മാറുന്നു. അവിടെ കൂടിയ ജനാവലിക്ക് അത് പങ്കുവയ്ക്കലിന്‍റെ അത്ഭുതമായിത്തീര്‍ന്നു.

8. കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും സംസ്കാരം
ആഫ്രിക്കയില്‍ എത്തിയ മിഷണറി വൈദികന്‍ തന്‍റെ ഗ്രാമത്തിലെ കുട്ടികളുമായി കളിയില്‍ ഏര്‍പ്പെട്ടു. ഒരു ഓട്ടമത്സരത്തിനു കുട്ടികളെ ക്ഷണിച്ചു. മരച്ചുവട്ടില്‍ വച്ചിരിക്കുന്ന കുട്ടയിലേയ്ക്ക് ഓടി ആദ്യം അതില്‍ തൊടുന്ന കുട്ടിക്ക്, അതിലെ മിഠായികള്‍ സമ്മാനമായി എടുക്കാമത്രെ. ഓട്ടമത്സരത്തിന് ഗ്രാമത്തിലെ 10-12 കുട്ടികള്‍ ഉണ്ടായിരുന്നു. സമ്മാനക്കുട്ടയില്‍നിന്നും ഏകദേശം 100 മീറ്റര്‍ അകലെ മിഷണറി ഒരു നേര്‍രേഖ വരച്ച് കുട്ടികളെ നിര്‍ത്തി. എന്നിട്ടു പറഞ്ഞു. റെഡി... ഒന്ന് രണ്ട് മൂന്ന്... കുട്ടികള്‍ “ഈബണ്ടീ -Ubuntu” എന്നു പറഞ്ഞു ചിരിച്ചുകൊണ്ട്, പരസ്പരം കൈകോര്‍ത്ത് എല്ലാവരും ഒരുമിച്ചാണ് ഓടിയത്. ഒരുമിച്ച് ഓടിച്ചെന്ന് സമ്മാനക്കുട്ടയില്‍ അവര്‍ തൊട്ടു. അങ്ങനെ ഒരാള്‍ നേടേണ്ട സമ്മാനം എല്ലാവരുടേതുമായി. അവര്‍ ആ മിഠായികള്‍ പങ്കുവച്ച് മരച്ചുവട്ടില്‍ ഇരുന്നുതന്നെ സന്തോഷത്തോടെ കഴിച്ചു. “ഈബണ്ടീ...” ദക്ഷിണാഫ്രിക്കയിലെ സുലു ഭാഷയിലെ വാക്കാണ്. പങ്കുവയ്ക്കല്‍, കൂട്ടായ്മ എന്നെല്ലാം അര്‍ത്ഥമുണ്ട്. ഏറെ ദാരിദ്ര്യവും കഷ്ടപ്പാടുമുള്ള രാജ്യങ്ങളാണ് ആഫ്രിക്കയിലെങ്കിലും, കറുപ്പിന്‍റെ കരുത്തും സംസ്കാരവും പങ്കുവയ്ക്കലിന്‍റെയും സാഹോദര്യത്തിന്‍റേതും കൂട്ടായ്മയുടേതുമാണ്. സഹോദരങ്ങളെപ്പോലെ നാം പങ്കുവയ്ക്കാന്‍ സന്നദ്ധരായാല്‍ ആരും പൊരിവയറുമായി അന്തിയുറങ്ങേണ്ടി വരില്ല.

9. പരിശുദ്ധ കുര്‍ബ്ബാനയിലെ കൂട്ടായ്മ
അനുകമ്പ, പങ്കുവയ്ക്കല്‍..., തുടര്‍ന്ന് ഇന്നത്തെ സുവിശേഷം നമുക്കു നല്കുന്ന മൂന്നാമത്തെ സന്ദേശം – പരിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ചാണ്. മനുഷ്യകുലത്തോടുള്ള സ്നേഹത്താലും അനുകമ്പയാലും ക്രിസ്തു തന്നെതന്നെ പകുത്തുനല്കിയ, പങ്കുവച്ചു നല്കിയ കൂട്ടായ്മയുടെയും കൂദാശയാണ് പരിശുദ്ധദിവ്യകാരുണ്യം. മനുഷ്യര്‍ ദൈവത്തോടു അനുരജ്ഞിതരായും, പരസ്പരം അനുരജ്ഞിതരായും ഒത്തുചേരുന്ന സ്നേഹത്തിന്‍റെ വിരുന്നുമേശയാണ് ദിവ്യകാരുണ്യം.  യേശു ത്യാഗാര്‍പ്പണംചെയ്ത ഓര്‍മ്മയും, അവിടുത്തെ ആര്‍ദ്രമായ അനുകമ്പയുടെയും പങ്കുവയ്ക്കലിന്‍റെയും അടയാളവുമാണ് പരിശുദ്ധ കുര്‍ബ്ബാന. ദിവ്യബലിയിലെ കൂട്ടായ്മയുടെ ഈ അനുഭവമാണ് നമ്മെ എളിയവരുമായി പങ്കുവയ്ക്കുവയ്ക്കുവാനും ക്ലേശിക്കുന്നവര്‍ക്ക് തുണയാകുവാനും പ്രചോദനമാകേണ്ടത്.

10. ഉപസംഹാരവും പ്രാര്‍ത്ഥനയും
ഇന്നു ലോകം നേരിടുന്ന ഒരു മഹാമാരിയുടെ ദുരന്തത്തെ അഭിമുഖീകരിക്കുവാനുള്ള ശക്തമായ പോംവഴി സുവിശേഷം ഇന്നു പഠിപ്പിക്കുന്ന അനുകമ്പയുടെയും പങ്കുവയ്ക്കലിന്‍റെ കൂട്ടായ്മയുടെയും വഴിയാണ്. ഈ അടയിന്തരഘട്ടത്തില്‍ ജീവിതചുറ്റുപാടുകളില്‍ വേദനിക്കുന്ന സഹോദരങ്ങളോടും അയല്‍ക്കാരോടും അനുകമ്പകാട്ടിയും, ആവശ്യത്തിലായിരിക്കുന്നവരെ സഹായിച്ചും, അവരുമായി പങ്കുവച്ചും കൂട്ടായ്മയില്‍ ജീവിക്കുവാനും വളരുവാനും യേശുവേ, ഞങ്ങളെ വിശ്വാസത്തില്‍ ബലപ്പെടുത്തണമേ! അങ്ങേ വചനത്താല്‍ ഞങ്ങളെ ശക്തിപ്പെടുത്തണമേ! അങ്ങേ ദിവ്യകാരുണ്യസാന്നിദ്ധ്യത്താല്‍ ഞങ്ങള്‍ക്ക് ആത്മീയ ബലമേകണമേ!!

ഗാനമാലപിച്ചത് കെസ്റ്ററും  സംഘവുമാണ്.  രചന പ്രഫസര്‍ പ്രീമൂസ് പെരിഞ്ചേരി, സംഗീതം ബേര്‍ണി & ഇഗ്നേഷ്യസ്.

ആണ്ടുവട്ടം 18-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2020, 13:34