തിരയുക

FRANCE-WEATHER-AGRICULTURE-CLIMATE FRANCE-WEATHER-AGRICULTURE-CLIMATE 

പ്രകൃതി സൗന്ദര്യം ദൈവസ്നേഹത്തി‍ന്‍റെ അടയാളം

19-Ɔο സങ്കീര്‍ത്തനം : സൃഷ്ടിയുടെ സ്തുതിപ്പിന്‍റെ പഠനം – അഞ്ചാം ഭാഗം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

19-Ɔο സങ്കീര്‍ത്തന പഠനം - ഭാഗം 5

1. അങ്ങ് എത്രയോ മഹോന്നതന്‍!
എക്കാലത്തും മനുഷ്യനു ഉപകാരപ്രദമാകുന്ന വിധത്തിലാണ്, പ്രസക്തമാകുന്ന രീതിയിലാണ് സങ്കീര്‍ത്തനം 19 രചിച്ചിരിക്കുന്നത്. നാം പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനത്തിന് ഒരു കാലിക പ്രസക്തിയും മനുഷ്യജീവതത്തില്‍ ആത്മീയ ചിന്തകള്‍ ഉണര്‍ത്താന്‍ കരുത്തുള്ളതുമാണ്. ഗീതത്തിന്‍റെ ആദ്യഭാഗം പ്രപഞ്ചദാതാവും സ്രഷ്ടാവുമായ ദൈവത്തെ സ്തുതിക്കുന്നു. സൃഷ്ടി ദൈവത്തിന്‍റേതാണെന്നും, അവിടുത്തെ ദാനമാണെന്നും ചിന്തിക്കുന്ന മനുഷ്യന്‍, അനുദിനം അതില്‍ കാണുന്ന ദൈവിക നന്മകള്‍ ആസ്വദിച്ച് ആശ്ചര്യപൂര്‍വ്വം ദൈവത്തെ സ്തുതിക്കുകയും, അവിടുത്തോടു നന്ദിയുള്ളവരായി ജീവിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. അതായത് നിത്യവും നാം കാണുകയും ആസ്വദിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ചുറ്റുമുള്ള ലോകം നമുക്കായി നല്കിയ അദൃശ്യനായ ദൈവത്തെ സ്തുതിക്കുവാനും അവിടുത്തേയ്ക്കു നന്ദിയര്‍പ്പിക്കുവാനും സങ്കീര്‍ത്തകന്‍ നമ്മെ ക്ഷണിക്കുന്നു. ഇവിടെ ദൈവിക പ്രാഭവമെന്നു എടുത്തുപറയുന്ന യാഥാര്‍ത്ഥ്യങ്ങള്‍ നാം വസിക്കുന്ന ഭൂമിയില്‍ മാത്രമല്ല, ഭൗമിക സീമകള്‍ക്ക് അപ്പുറം ആകാശത്തിലും സൗരയൂഥങ്ങളിലും ക്ഷീരപഥങ്ങളിലും മിന്നിത്തിളങ്ങി നില്ക്കുന്നു.

2. അമ്പരപ്പിക്കുന്ന പ്രാപഞ്ചിക നിഗൂഢത
ഇന്നും മാനുഷികബുദ്ധിക്ക് ആഗ്രാഹ്യമാം വിധത്തില്‍ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ നിഗൂഢമായി നിലകൊള്ളുന്നു. ഭൂമിയോടു ചേര്‍ന്നുനില്ക്കുന്ന ചന്ദ്രനും അതിനടുത്തുള്ള ഏതാനും ഗ്രഹങ്ങളെക്കുറിച്ചും നാം പതിറ്റാണ്ടുകളായി മനസ്സിലാക്കുവാന്‍ ശ്രമിക്കുകയാണ്. മനുഷ്യന്‍ ചന്ദ്രനെ കീഴടക്കി എന്നെല്ലാം പറയുമ്പോഴും, ചന്ദ്രപേടകത്തില്‍ ഉണ്ടായിരുന്ന യാത്രികര്‍ പേടകത്തില്‍നിന്ന് ഇറങ്ങിയശേഷം ആദ്യം പറഞ്ഞത്..., ദൈവം എത്ര മഹോന്നതനാണെന്നാണ്! Oh Lord How great Thou art! സൃഷ്ടപ്രപഞ്ചത്തിന്‍റെ മനോഹാരിതയ്ക്കും നിഗൂഢതയ്ക്കും മുന്നില്‍ മനുഷ്യന്‍ ആശ്ചര്യപൂര്‍വ്വം നമ്രശിരസ്ക്കനായി മൊഴിയുന്നു ദൈവമേ, അങ്ങെത്ര മഹോന്നതാണ് (സങ്കീര്‍ത്തനം 8).

Musical Version of Ps 19  Unit One
കര്‍ത്താവിന്‍ കല്പനകള്‍ നീതിപൂര്‍ണ്ണം
ഹൃദയത്തിനവയെന്നും സമ്മാനം.

3. ദൈവം വിശ്വപ്രകാശം
ദൈവത്തിന്‍റെ കരവേലകളെ 19-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആദ്യവരികള്‍ പഠിപ്പിക്കുന്നു. ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് മനുഷ്യന്‍റെ നിഗമനങ്ങള്‍ പലതാണ്. എന്നാല്‍ അന്വേഷണത്തിന്‍റെ അവസാനം മനുഷ്യന്‍ എത്തിച്ചേരുന്ന നിഗമനം ഭൂമിയിലെ  ഓരോ നന്മകള്‍ക്കും കാരണക്കാരനായ ഒരുവനുണ്ട്, അവിടുന്നാണ് അതിന്‍റെ ഉല്പത്തി എന്നു പറയുമ്പോള്‍, ഭൂമിയില്‍നിന്നും,  ഭൂമിയില്‍നിന്നുകൊണ്ടും നാം കാണുന്ന ഈ സൃഷ്ടപ്രപഞ്ചത്തിനു പിന്നില്‍ ദൈവത്തിന്‍റെ അപരിമേയമായ ശക്തിയുണ്ടെന്നും, ദൈവം സകലത്തിനും അതിനാഥനാണെന്ന സത്യവുമാണ്. സങ്കീര്‍ത്തിന വചനം ഇവിടെ അനുസ്മരണീയമാണ് : “ദൈവമേ, അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു”  (സങ്കീ. 8, 3).

4. സൃഷ്ടിയില്‍ പ്രതിഫലിക്കുന്ന സ്രഷ്ടാവിന്‍റെ പൂര്‍ണ്ണത
മനുഷ്യന്‍ കാണുന്ന സൃഷ്ടിയുടെ പൂര്‍ണ്ണിമയില്‍നിന്നും ഭംഗിയില്‍നിന്നും അതിന്‍റെ പിന്നിലെ സ്രഷ്ടാവിന്‍റെ പൂര്‍ണ്ണത മാനുഷികബുദ്ധിക്ക് അനുമാനിക്കാവുന്നതും, പ്രമാണമായി സ്വീകരിക്കാവുന്നതുമാണ്. വാനവിതാനത്തില്‍ മനുഷ്യന്‍  ദര്‍ശിക്കുന്ന പ്രഭാപൂരത്തില്‍നിന്നും അനുമാനിക്കാം, ദൈവം പ്രകാശമാണ്. എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന പ്രകാശ സ്രോതസ്സും അനന്തജ്വോതിസ്സുമാണ്. വിശ്വപ്രകാശമാണ് അവിടുന്ന്! അങ്ങനെ ഈ സൃഷ്ടപ്രപഞ്ചം ദൈവത്തിന്‍റെ അനന്തതയെയും അനന്തജ്ഞാനത്തെയും വെളിപ്പെടുത്തുന്നു. അതിനാല്‍ “ഭൂമിയിലെങ്ങും ദൈവമേ, അങ്ങേ നാമം എത്ര മഹനീയ”മെന്ന് നമുക്ക് സങ്കീര്‍ത്തകനോടു ചേര്‍ന്ന് ആലപിക്കാം! (സങ്കീ. 8, 9).

5. പ്രകൃതിയും മനുഷ്യനും
ഒരു മഹാമാരി ലോകത്തെ വിഴുങ്ങുമോ എന്ന ഭീതി ഉയരുന്ന കാലഘട്ടമാണിത്. കാരണം ലോക ജനസംഖ്യയുടെ മൂന്നില്‍ ഒരു ഭാഗം അടച്ചുപൂട്ടപ്പെട്ട അവസ്ഥയിലാണ് നാം എത്തിനില്ക്കുന്നത്. A lock down situation!  അത് അനുദിനം വര്‍ദ്ധിച്ചുവരികയാണ്. കേരളത്തിന്‍റെ അവസ്ഥതന്നെ ഏടുത്താല്‍ മതി. ആദ്യം നാം മാതൃകാപരമായി മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. ആരോഗ്യമന്ത്രി, ഷൈലജാ ടീച്ചറിന് പ്രശംസയും അവാര്‍ഡുകളും നല്കുകയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ സമൂഹം ഇളകി മറിയുകയാണ്. അനുദിനം ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ എന്നപോലെ കേരളത്തിലും കൊറോണ വൈറസ് ബാധയുടെ ആക്രമണം വര്‍ദ്ധിച്ചുവരികയാണ്. ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്ന ഒരു സമയംകൂടിയാണിത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള മനുഷ്യബന്ധത്തെക്കുറിച്ച് മനുഷ്യന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
 
Musical Version : Psalm 19 Unit two
കര്‍ത്താവിന്‍ നിയമങ്ങള്‍ അവികലമാണ്
ആത്മാവിനവയെന്നും നവജീവനേകുന്നു
അവിടുത്തെ സാക്ഷ്യം വിശ്വാസ്യമാണ്
താഴ്മയുള്ളോരെ അത് വിജ്ഞരാക്കുന്നു.

6. ഭൂമി ദൈവം തന്ന പൊതുഭവനം
സാമൂഹികമായി മനുഷ്യന്‍ അനുഭവിക്കുന്ന  ഈ നിസ്സഹായാവസ്ഥയില്‍ പ്രപഞ്ചദാതാവായ ദൈവത്തെക്കുറിച്ചും, പ്രകൃതിയോടു മനുഷ്യനുള്ള ബന്ധത്തെക്കുറിച്ചും, ഉത്തരവാദിത്വങ്ങളെക്കുറിച്ചും ചിന്തിക്കുവാന്‍ തുടങ്ങിയിരിക്കുകയാണ്. പ്രകൃതിയെ ഉപയോഗിച്ചു ജീവിക്കുന്ന മനുഷ്യന്, അതിനോട് ഒരു ആരോഗ്യകരമല്ലാത്ത ബന്ധമാണുള്ളതെന്ന് ശാസ്ത്രലോകം ഇന്ന് കണ്ടെത്തിയിട്ടുണ്ട്. കാലവസ്ഥാവ്യതിയാനം, ജൈവവൈവിദ്ധ്യങ്ങളുടെ വംശനാശം, കൃഷിനാശം വരള്‍ച്ച, പ്രകൃതിവിനാശങ്ങള്‍, വെള്ളപ്പൊക്കം, കാലാവസ്ഥക്കെടുതി എന്നിവ വെളിപ്പെടുത്തുന്നത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍, പാളിച്ചകളുണ്ടെന്നാണ്. കൊറോണ വൈറസും അതിന്‍റെ മുന്‍അവതാരങ്ങളും സൂചിപ്പിക്കുന്നത് മനുഷ്യന്‍റെ നിസ്സഹായതയാണ്. സാമൂഹികമായി അനുഭവിക്കുന്ന വലിയ ദൗര്‍ബല്യമാണ്, മനുഷ്യന്‍റെ നിസ്സഹായതയാണ്. എന്തുചെയ്യണമെന്നറിയാതെ, നമ്മെപ്പോലെതന്നെ കാര്യമായിട്ടൊന്നും ഈ പ്രതിഭാസത്തിന്‍റെ എല്ലാ മേഖലകളെയും മനസ്സിലാക്കാത്ത നേതാക്കള്‍ പറയുന്നതു കേട്ട് നാം അടച്ചുപൂട്ടിയരിക്കുകയാണ്. അപ്പോഴും അനുദിനം ആയിരങ്ങള്‍ ഈ ഭൂമുഖത്ത് മരിച്ചുവീഴുന്നു. മനുഷ്യര്‍ പൂര്‍വ്വോപരി ജീവിതക്ലേശങ്ങള്‍ അനുഭവിക്കുന്നു.

7. പ്രകൃതിയെ ഉപയോഗിക്കുമ്പോഴും
പരിപാലിക്കേണ്ടവര്‍

മനുഷ്യര്‍, നിങ്ങളും ഞാനും ചുറ്റുമുള്ള പ്രകൃതിയെയും പരിസ്ഥിതിയെയും കാലങ്ങളായി അവഗണിക്കുകയും അതിനെ ചൂഷണംചെയ്യുകയും, കൈയ്യേറുകയും, വെട്ടിനശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാരിസ്ഥിതിക സംവിധാനങ്ങളില്‍ വളരെ സ്വാര്‍ത്ഥവും ക്രൂരവുമായ മനുഷ്യരുടെ ഇടപെടലുകള്‍ വെളിപ്പെടുത്തുന്നതാണ് പ്രകൃതിയില്‍നിന്നുണ്ടായിരിക്കുന്ന ഒരു ചെറുവൈറസ്സിന്‍റെ വലിയ ആക്രമണമെന്ന് ശാസ്ത്രലോകം അംഗീകരിക്കുന്നു. ജന്തുക്കളുടെയും സസ്യലതാദികളുടെയും വംശനാശം ഭവിക്കുവോളം നാം പ്രകൃതിയെ ദുരുപയോഗംചെയ്യുകയും, ജീവജാലങ്ങളെ അറിഞ്ഞും അറിയാതെയും നശിപ്പിക്കുകയും ചെയ്യുമ്പോള്‍ അവ കാരണമാക്കുന്ന പ്രത്യാഘാതങ്ങളില്‍ ഒന്നാണ് ഈ മഹാമാരിയും, അതുപോലെ ഈ സഹസ്രാബ്ദത്തില്‍ നാം കാണുന്ന പൂര്‍വ്വകാലങ്ങളില്‍ കണ്ടിട്ടില്ലാത്ത രോഗങ്ങളും മറ്റു പാരിസ്ഥിതിക മാറ്റങ്ങളുമെന്ന് ശാസ്ത്രലോകം അംഗീകരിക്കുന്നുണ്ട്. അതിനാല്‍ ഈ സങ്കീര്‍ത്തനത്തിന്‍റെ ആത്മീയ വിചിന്തനത്തിന്‍റെ ഭാഗമായി നമുക്കു പറയാം, ദൈവം തന്ന പൊതുഭവനമായ ഭൂമി നാം നന്ദിയോടും ശ്രദ്ധയോടും കൂടി ഉപയോഗിക്കേണ്ടതാണ്. ഭൂമി ദൈവത്തിന്‍റെ സൃഷ്ടിയും അത് എല്ലാവര്‍ക്കും ഉള്ളതുമാണെങ്കില്‍, എല്ലാവരോടും, വിശിഷ്യാ പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരോട് കരുണയും കരുതലുമുള്ളവരായി നമുക്കു ജീവിക്കാം.

Musical Version : Psalm 19 Unit two
കര്‍ത്താവിന്‍റെ കല്പനകള്‍ നീതിയുക്തമാണ്
അവ ഹൃദയത്തിനെന്നും ആനന്ദമേകുന്നു
കര്‍ത്താവിന്‍റെ പ്രമാണങ്ങള്‍ പാവനമാണ്
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

8. പ്രപഞ്ചം ദൈവസ്നേഹത്തിന്‍റെ അടയാളം
സങ്കീര്‍ത്തകന്‍ പാടുന്നത് പ്രപഞ്ചദാതാവായ ദൈവത്തെ സ്തുതിക്കുന്ന പ്രഭാതവും പ്രദോഷവും, സന്ധ്യായാമവും രാത്രിമുഴുവനും ദൈവത്തിന്‍റെ മഹത്വമാണ് വര്‍ണ്ണിക്കുന്നുവെന്നാണ്. ദിനരാത്രങ്ങളുടെ വ്യതിയാനം ദൈവിക ശക്തിയായും, മനുഷ്യരോടുള്ള അവിടുത്തെ ഉടമ്പടിയുടെ കൃപയായും സങ്കീര്‍ത്തകന്‍ മനസ്സിലാക്കുന്നു. പകലിനോടും രാത്രിയോടുമുള്ള ദൈവിക ഉടമ്പടി ലംഘിക്കാന്‍ ആര്‍ക്കാണ് കഴിയുകയെന്ന് ജെറമിയ പ്രവാചകന്‍ ചൂണ്ടിക്കാണിക്കുകയും, ദൈവിക പ്രഭയില്‍ ആശ്ചര്യപ്പെടുകയും ചെയ്യുന്നു (ജെറമി. 33, 20). മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഉടമ്പടി അചഞ്ചലമാണെന്ന് പ്രവാചകന്‍ സങ്കീര്‍ത്തകനോടൊപ്പം ലോകത്തെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നു.

9. സൃഷ്ടിയിലെ ദൈവികവിജ്ഞാനവും കല്പനകളും
ഉദയത്തിന്‍റെയും അസ്തമയത്തിന്‍റെയും ദിക്കുകള്‍ ആനന്ദംകൊണ്ട് ആര്‍ത്തുവിളിക്കുവാന്‍ ദൈവം ഇടയാക്കുന്നുവെന്ന് സങ്കീര്‍ത്തകന്‍ മറ്റൊരു സ്ഥാനത്ത് അനുസ്മരിക്കുമ്പോള്‍ (സങ്കീ. 65, 8), അനുദിനം സംഭവിക്കുന്ന ഈ പ്രതിഭാസം ദൈവിക നന്മയും മഹത്വവും പ്രഘോഷിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് ആകാശവിതാനമാകുന്ന ദൈവിക സൃഷ്ടിയെ അവിടുത്തെ സൈനികവ്യൂഹമെന്നും, അവിടുത്തെ സൈനികനിരയെന്നും വിശുദ്ധഗ്രന്ഥത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരാമര്‍ശിക്കുന്നത് ശ്രദ്ധേയമാണ്. അങ്ങനെ മാനുഷിക ബുദ്ധിയില്‍ ദൈവത്തിന്‍റെ ആജ്ഞകളുടെ ശക്തിയും, ദൈവപ്രമാണങ്ങളുടെ യുക്തിയും മനുഷ്യന്‍ മനസ്സിലാക്കേണ്ടതാണ്, അംഗീകരിക്കേണ്ടതാണെന്ന സങ്കീര്‍ത്തനം 19-ന്‍റെ രണ്ടാം ഭാഗം ആത്മീയവിചിന്തനം നമുക്ക് അടുത്ത ആഴ്ചയില്‍ ശ്രവിക്കാം.

Musical Version : Psalm 19 Unit 3.
ദൈവഭക്തി നിര്‍മ്മലമാണ്
അതെന്നേയ്ക്കും നിലനില്ക്കുന്നു
കര്‍ത്താവിന്‍റെ വിധികള്‍ സത്യമാണ്
അവ തികച്ചും നീതിപൂര്‍വ്വകം.
- കര്‍ത്താവിന്‍ കല്പനകള്‍

ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം മരിയ ഡാവിനയും സംഘവും.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 July 2020, 08:52