PAUL-GALLAGHER-arcivescovo.jpg PAUL-GALLAGHER-arcivescovo.jpg 

അവകാശങ്ങളില്‍ അടങ്ങിയിരിക്കുന്ന ഉത്തരവാദിത്ത്വം

വിയെന്നായിലെ യൂറോപ്യന്‍ യൂണിയന്‍ കേന്ദ്രത്തില്‍ വത്തിക്കാന്‍റെ അഭിപ്രായ പ്രകടനം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. അവകാശവും ഉത്തരവാദിത്ത്വവും
ആധുനിക മാധ്യമങ്ങളുടെയും വിവരസാങ്കേതികതയുടെയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ സംബന്ധിച്ചു നടത്തിയ  അഭിപ്രായ പ്രകടനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്. സത്യം, സ്വാതന്ത്ര്യം, നീതി, സമൂഹത്തിന്‍റെ ഐക്യദാര്‍ഢ്യം എന്നിവ രാജ്യാന്തര സമൂഹം അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന് അനുസൃതമായി എല്ലാത്തരത്തിലുമുള്ള മാധ്യമങ്ങളും സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ക്കു പിന്നിലെ ഉത്തരവാദിത്ത്വങ്ങള്‍ അവഗണിക്കരുതെന്ന് ജൂണ്‍ 25-ന് മാധ്യമശ്രൃംഖലകളിലൂടെ കണ്ണിചേര്‍ന്ന സമ്മേളനത്തില്‍ (Webinar) വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ ചൂണ്ടിക്കാട്ടി.

2. അടിസ്ഥാനലക്ഷ്യം മനുഷ്യരും മനുഷ്യസമൂഹവും
എല്ലാ മാധ്യമങ്ങള്‍ക്കും ഉണ്ടാകേണ്ട ഒരു അടിസ്ഥാന ധാര്‍മ്മികത അദ്ദേഹം ചൂണ്ടിക്കാട്ടി. അതായത് സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളുടെ അടിസ്ഥാന ലക്ഷ്യം മനുഷ്യനും മനുഷ്യസമൂഹങ്ങളുമാണ്. അതിനാല്‍ തുല്യഅവകാശങ്ങളുള്ള വ്യക്തികള്‍ നിര്‍വ്വഹിക്കുന്ന ആശയവിനിമയം അതുപോലെ തന്നെ തുല്യഅവകാശങ്ങളുള്ള വ്യക്തികള്‍ക്കുള്ളതാണ്. അതിനാല്‍ വ്യക്തികളുടെ സമഗ്രവികസനത്തിനായി പ്രവര്‍ത്തിക്കുന്നതായിരിക്കും മാധ്യമധര്‍മ്മം എന്ന സത്യം മറന്നുപോകരുതെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ അനുസ്മരിപ്പിച്ചു. മാധ്യമങ്ങള്‍ അവര്‍ക്കു മാത്രമായി ഒന്നും ചെയ്യുന്നില്ല, ജനങ്ങള്‍ അവ തിരഞ്ഞെടുക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ട വിവരശേഖരണത്തിനുള്ള ഉപകരണങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

3. ആവിഷ്ക്കാരസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും
മാധ്യമങ്ങള്‍ മതത്തെക്കുറിച്ച് വിമര്‍ശനപരമായ ചര്‍ച്ചകള്‍ നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഒരു മതത്തെ വിവേചിക്കുകയോ, അതിനോടു ശത്രുത പുലര്‍ത്തുകയോ, ഒരു മതസമൂഹത്തെ തിരഞ്ഞെടുത്തു പീഡിപ്പിക്കുകയോ, അവരോട് അതിക്രമങ്ങള്‍ കാണിക്കുകയോ ചെയ്യുന്നത് ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. ആവിഷ്ക്കാര സ്വാന്ത്ര്യത്തില്‍ ഇരുപക്ഷത്തിന്‍റെയും നിലപാടുകളും കാഴ്ചപ്പാടുകളും വ്യക്തമാക്കാന്‍ അവസരം ലഭിക്കേണ്ടതാണ്. സാധാരണ ചിന്താഗതികള്‍ക്ക് വിഖാതമായി ചിലപ്പോള്‍ വ്യക്തികളോ സമൂഹങ്ങളോ ആശയപ്രകടനം നടത്തുമ്പോള്‍ അവയെ ആദരിക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ അഭിപ്രായപ്പെട്ടു.

4. വിവേചനം അരുത്
മാധ്യമങ്ങള്‍ സംഭവങ്ങളെക്കുറിച്ച് കൃത്യവും വസ്തുനിഷ്ഠവുമായ ആശയവിനിമയം നടത്തേണ്ടതാണെന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു. പത്രമാസികകള്‍ പോലുള്ള പരമ്പരാഗത മാധ്യമങ്ങള്‍ക്കു പുറമേ, നവമാധ്യമങ്ങളായ ഇന്‍റര്‍നെറ്റ്, സാമൂഹ്യമാധ്യമങ്ങള്‍ എന്നിവ ആവിഷ്ക്കാര സ്വാതന്ത്യത്തിന്‍റെയും അവ ഉള്‍ക്കൊള്ളുന്ന ഉത്തരവാദിത്ത്വത്തിന്‍റെയും മേഖലകളില്‍ ഗൗരവപൂര്‍വ്വമായ നിലപാടുകള്‍ എടുക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാവങ്ങളുടെ മേഖലകളെ മാധ്യമങ്ങള്‍ വിവേചിച്ചു തള്ളുകയും സമൂഹത്തില്‍ സമ്പന്നരുടെ ആവശ്യങ്ങളെ പൊലിപ്പിച്ചു കാട്ടുകയും ചെയ്യുന്ന അവസ്ഥ സമൂഹത്തില്‍ വ്രണിതാക്കളായവരുടെ വേദനയും ക്ലേശങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രസ്താവിച്ചു. ജീവിതപ്രതിസന്ധിയുടെ അടിയന്തിരമായ ഈ കാലഘട്ടം വ്രണിതാക്കളും പാവങ്ങളുമായവരെ കൂടുതല്‍ ഗൗനിക്കേണ്ട സമയമാണെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കിയത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 July 2020, 13:32