തുർക്കിയിലെ ഇസ്താംബൂളിൽ മുസ്ലീംങ്ങളുടെ ആരാധനായിടമായ മോസ്കായി പരിവർത്തനം ചെയ്യപ്പെട്ട ക്രൈസ്തവ കത്തീദ്രൽ "ഹഗിയ സോഫിയ- വിശുദ്ധ സോഫിയ  " തുർക്കിയിലെ ഇസ്താംബൂളിൽ മുസ്ലീംങ്ങളുടെ ആരാധനായിടമായ മോസ്കായി പരിവർത്തനം ചെയ്യപ്പെട്ട ക്രൈസ്തവ കത്തീദ്രൽ "ഹഗിയ സോഫിയ- വിശുദ്ധ സോഫിയ "  

ആരാധനാലയം ഭിന്നിപ്പിനും വിവേചനത്തിനും ഹേതുവാകരുത്!

ഐക്യദാർഢ്യം, സഹജീവനം, മാനവസാഹോദര്യം എന്നിവയ്ക്കായി മതങ്ങളേകുന്ന ആഹ്വാനത്തോടു പ്രത്യുത്തരിക്കുയെന്ന ആവശ്യം ലോകത്തിന് അനുഭവപ്പെടുന്ന ഒരു വേളയിൽ ആരാധനാലയം ഭിന്നിപ്പിനും വിവേചനത്തിനുമല്ല സംഭാവന ചെയ്യേണ്ടതെന്ന് മാനവസാഹോദര്യ സമിതി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആരാധനാലായങ്ങൾ സമാധാനത്തിൻറെയും സകലരോടുമുള്ള സ്നേഹത്തിൻറെയും സന്ദേശം സംവേദനം ചെയ്യണമെന്ന് മാനവ സാഹോദര്യ ഉന്നത സമിതി.

തുർക്കിയിലെ ഇസ്താംബുളിൽ ക്രൈസ്തവ കത്തീദ്രൽ ദേവാലയമായി പണികഴിപ്പിക്കപ്പെട്ട, നൂറ്റാണ്ടുകൾ പഴക്കമുള്ള വിശുദ്ധ സോഫിയായുടെ നാമത്തിലുള്ള ആരാധനാലയം, ഹഗിയ സോഫിയ, ഒരിക്കൽ കൂടി മുസ്ലീം പള്ളിയാക്കിക്കൊണ്ട് അന്നാടിൻറെ പ്രസിഡൻറ് റെസെപ് തയ്യിപ്പ് ഏർദൊഗാൻ ഉത്തരവിറക്കുകയും ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച (24/07/20) ഇസ്ലാം വിശ്വാസികളുടെ പ്രാർത്ഥനയ്ക്കായി അത് തുറക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മാനവസാഹോദര്യ ഉന്നത സമിതിയുടെ പൊതുകാര്യദർശി മൊഹമ്മദ് അബദെൽ സലാം ഒരു കത്തിലൂടെ ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.

ഐക്യദാർഢ്യം, സഹജീവനം, മാനവസാഹോദര്യം എന്നിവയ്ക്കായി മതങ്ങളേകുന്ന ആഹ്വാനത്തോടു പ്രത്യുത്തരിക്കുയെന്ന ആവശ്യം ലോകത്തിന് അനുഭവപ്പെടുന്ന ഒരു വേളയിൽ ആരാധനാലയം ഭിന്നിപ്പിനും വിവേചനത്തിനുമല്ല സംഭാവന ചെയ്യേണ്ടതെന്ന് മാനവസാഹോദര്യ സമിതി വ്യക്തമാക്കുന്നു. 

പതിനഞ്ചാം നൂറ്റാണ്ടിൽ ഒട്ടൊമാൻ ആധിപത്യകാലത്ത് മുസ്ലീംപള്ളിയായി മാറ്റുകയും പിന്നീട് 1934-ൽ ഒരു മ്യൂസിയമാക്കുകയും ചെയ്ത ഹഗിയ സോഫിയ വീണ്ടും ഒരു മോസ്ക് ആക്കാനുള്ള ഉത്തരവിറക്കിയത് ലോകത്തിൽ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. 

വിശുദ്ധ സോഫിയ കത്തീദ്രിലിനെക്കുറിച്ചുള്ള ചിന്ത തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന് ഫ്രാൻസീസ് പാപ്പാ പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ പത്താം തീയതി വെള്ളിയാഴ്ചയാണ്,  (10/07/20) തുർക്കിയുടെ ഭരണകൂടം ഈ കത്തീദ്രൽ ദേവാലയം മുസ്ലീം പള്ളിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പുറപ്പെടുവിച്ചത്. 

2019-ൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നടത്തിയ സന്ദർശനവേളയിൽ ഫെബ്രുവരി 4-ന് ഫ്രാൻസിസ് പാപ്പാ അബുദാബിയിൽ വച്ച് അൽ അഷറിലെ വലിയ ഇമാമുമൊത്ത് ഒപ്പു വച്ച മാനവ സാഹോദര്യ പ്രഖ്യാപനത്തിൻറെ ചുവടു പിടിച്ച് രൂപം നല്കിയതാണ് വിവിധ മതപ്രതിനിധികളും വിശിഷ്ട വ്യക്തികളും അടങ്ങിയ മാനവസാഹോദര്യ സമിതി.

മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ മിഗേൽ അയുസൊ ഗിസോത് (Cardinal Miguel Ayuso Guixot), മോൺസിഞ്ഞോർ യൊവാന്നിസ് ലാസി ഗയിദ് (Yoannis Lahzi Gaid) മാനവ സാഹോദര്യ സമിതിയിൽ പരിശുദ്ധസിംഹാസനത്തെ പ്രതിനിധാനം ചെയ്യുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 July 2020, 12:22