ജൂണ്‍ 5 വെള്ളി : ലോക പരിസ്ഥിതി ദിനം

യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേരസിന്‍റെ ഹ്രസ്വ വീഡിയോ സന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. മനുഷ്യര്‍ കാരണമാക്കുന്ന പ്രകൃതിദുരന്തങ്ങള്‍
മനുഷ്യര്‍ പ്രകൃതിയുടെയും ഭൂമിയുടെയും  സുസ്ഥിതി മാനിക്കണമെന്ന് അനുസ്മരിപ്പിക്കുന്നതാണ് ഐക്യരാഷ്ട്ര സംഘടന അനുവര്‍ഷം ആചരിക്കുന്ന ലോക പരിസ്ഥിതി ദിനമെന്ന്, യുഎന്‍ സെക്രട്ടറി ജനറല്‍, അന്തോണിയോ ഗുത്തേരസിന്‍റെ സന്ദേശം അനുസ്മരിപ്പിച്ചു.

നാം ശ്വസിക്കുന്ന വായുവിന്‍റെയും ഭക്ഷിക്കുന്ന സാധനങ്ങളുടെയും കുടിക്കുന്ന ജലത്തിന്‍റെയും മേന്മ, നമ്മുടെ പ്രകൃതിയുടെയും ജീവിതചുറ്റുപാടുകളുടെയും മേന്മയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ പ്രകൃതിയെ നാം സംരക്ഷിക്കേണ്ടത് അനിവാര്യവും അടയന്തിരവുമാണ്.
എന്നാല്‍ മനുഷ്യന്‍റെതന്നെ സ്വാര്‍ത്ഥമായ പല പ്രവര്‍ത്തനങ്ങളുംകൊണ്ട് മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തവിധം പ്രകൃതി ഏറെ ദുരന്തങ്ങള്‍ ഇന്ന് അനുഭവിക്കുകയാണ്.

2. ചില പ്രത്യാഘാതങ്ങള്‍
ഭൂമുഖത്തെ ജൈവവൈവിധ്യങ്ങള്‍ക്ക് – മരങ്ങള്‍, സസ്യലതാദികള്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയില്‍ 10 ലക്ഷത്തില്‍ അധികം ഇനങ്ങള്‍ക്ക് വംശനാശം സംഭവിച്ചുകഴിഞ്ഞു. അവ ഇല്ലാതാവുകയാണ്! സമുദ്രങ്ങള്‍ ഏല്ക്കുന്ന സമ്മര്‍ദ്ദത്താല്‍ അവ പ്രക്ഷുബ്ധമാണ്. അന്തരീക്ഷ മലിനീകരണം ലോകത്ത് അനുവര്‍ഷം 70 ലക്ഷത്തോളം പേരുടെ ജീവന്‍ അപഹരിക്കുകയും കുട്ടികളുടെ വളര്‍ച്ചയെ ക്ലേശകരമാക്കുകയും ചെയ്യുന്നുണ്ട്.

3. താപവര്‍ദ്ധനവിന്‍റെ തിക്തഫങ്ങള്‍
അന്തരീക്ഷ മലിനീകരണമാണ് ആഗോള താപവര്‍ദ്ധനവു കാരണമാക്കുന്നത്. താപവര്‍ദ്ധനവ്, കാലാവസ്ഥ വ്യതിയാനത്തിന് കാരണമാണ്. കാലാവസ്ഥ വ്യതിയാനം ഭൂമുഖത്തെ മനുഷ്യാസ്തിത്വത്തിന് ഭീഷണിയുമാണ്. തെക്കന്‍ ശാന്തസമുദ്ര പ്രദേശങ്ങളിലേയ്ക്കു നടത്തിയ സന്ദര്‍ശനം കലാവസ്ഥക്കെടുതിയുടെ തിക്തഫലങ്ങള്‍ കാണാന്‍ ഇടയാക്കുകയും, ആഗോളതാപനത്തിന്‍റ വന്‍നാശനഷ്ടങ്ങള്‍ മനസ്സിലാക്കുവാനും സഹായിച്ചുവെന്ന് അന്തോണിയോ ഗുത്തിയരസ് സാക്ഷ്യപ്പെടുത്തി.
നമുക്കിനി പാഴാക്കാന്‍ സമയമില്ല!

4. ഇത് നമ്മുടെ ജീവനുവേണ്ടിയുള്ള യുദ്ധം
ഇതില്‍ നാം ജയിച്ചേ മതിയാകൂ! അതു നമുക്കു സാധിക്കും!  പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങളുണ്ട്. മലിനീകരണത്തിന് കാരണക്കാരായവര്‍ക്ക് എതിരെ നികുതി ചുമത്തണം. മറിച്ച് സാധാരണ ജനത്തെയല്ല. മലിനീകരണത്തിന് കാരണമാകുന്ന  ഖനിജ ഇന്ധനങ്ങളുടെ ഉപയോഗത്തിനുള്ള സൗജന്യങ്ങള്‍ (subsidy) നിഷേധിക്കണം. പുതിയ കല്‍ക്കരിഖനികള്‍ തുറക്കാതിരിക്കുക. എന്നിട്ട് പരിസ്ഥിതി സൗഹാര്‍ദ്ദമായ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുക. ഇതുപോലുള്ള പ്രതികരണങ്ങള്‍ ജനങ്ങള്‍ എവിടെയും ആവശ്യപ്പെടുന്നുണ്ട്. ലോക പരിസ്ഥിതി ദിനത്തില്‍ ഉയരുന്ന ജനങ്ങളുടെ കരച്ചില്‍ നമുക്ക് ഇനിയും കേള്‍ക്കാം!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 June 2020, 13:29