KUWAIT-SUNSET KUWAIT-SUNSET 

ക്രിസ്തുവില്‍ പൂവണിയുന്ന രക്ഷാകരപദ്ധതി

19-Ɔο സങ്കീര്‍ത്തനം : സൃഷ്ടിയുടെ സ്തുതിപ്പിന്‍റെ പഠനം - നാലാം ഭാഗം ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

19-Ɔο സങ്കീര്‍ത്തനപഠനം - നാലാം ഭാഗം

1. വ്യാഖ്യാന പഠനത്തിന്‍റെ മൂന്നാംഭാഗം
സൃഷ്ടപ്രപഞ്ചത്തെ സ്തുതിക്കുന്ന സങ്കീര്‍ത്തനത്തിന്‍റെ പഠനമാണ് നാം തുടരുന്നത് – സങ്കീര്‍ത്തനം 19. രണ്ടു മുഖ്യഘടകങ്ങളുള്ള സൃഷ്ടിയുടെ സ്തുതിപ്പെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ അപൂര്‍വ്വതരം സങ്കീര്‍ത്തനത്തില്‍ പ്രാപഞ്ചിക സൃഷ്ടിയിലെ ദൈവത്തിന്‍റെ വെളിപാടിനോടുള്ള ഒരു ദൈവദാസന്‍റെ പ്രതികരണമാണു നാം കാണുന്നത്. സങ്കീര്‍ത്തകന്‍ പാടുന്ന ആദ്യഭാഗം സൃഷ്ടിയുടെ ക്രമമാണ്. അത് ദൈവത്തിന്‍റെ ആദ്യവെളിപാടിന്‍റെ സ്തുതിപ്പാണ് (വരികള്‍ 1-6), തുടര്‍ന്ന് രണ്ടാം ഭാഗം ദൈവകല്പനകളുടെ ക്രമമാണ്. 7-മുതല്‍ 11 വരികളുടെ ഈ ഭാഗം ദൈവം നല്കിയ കല്പനകളോടുള്ള പ്രതികരണമായും ഗീതത്തിന്‍റെ രണ്ടാം ഭാഗമായും നാം വരികളുടെ വ്യാഖ്യാനപഠനത്തില്‍ കണ്ടതാണ്. ഇന്നു നമുക്ക് വ്യാഖ്യാനപഠനത്തിന്‍റെ മൂന്നാം ഭാഗത്തേയ്ക്കു കടക്കാം. എപ്രകാരം മേല്പറഞ്ഞ രണ്ടു ദൈവിക വെളിപ്പെടുത്തലുകളെ - സൃഷ്ടിയുടെയും ദൈവകല്പനകളുടെയും വെളിപ്പെടുത്തലുകളെ മനുഷ്യന്‍ മനസ്സിലാക്കുകയും അവയോടു പ്രതികരിക്കുകയും ചെയ്യുന്നുവെന്ന് ശ്രദ്ധിക്കാം.

Musical Version of Ps 19 Unit One
കര്‍ത്താവിന്‍ കല്പനകള്‍ നീതിപൂര്‍ണ്ണം
ഹൃദയത്തിനവയെന്നും സമ്മാനം.
കര്‍ത്താവിന്‍ നിയമങ്ങള്‍ അവികലമാണ്
ആത്മാവിനവയെന്നും നവജീവനേകുന്നു
അവിടുത്തെ സാക്ഷ്യം വിശ്വാസ്യമാണ്
താഴ്മയുള്ളോരെ അത് വിജ്ഞരാക്കുന്നു.

2. സ്രഷ്ടാവിന്‍റെ മുന്നില്‍ പ്രണമിക്കുന്ന മനുഷ്യന്‍
ഗീതത്തിന്‍റെ 12-മുതല്‍ 14-വരെയുള്ള വരികള്‍ ശ്രവിച്ചുകൊണ്ട് നമുക്ക് ഈ വ്യാഖ്യാന പഠനത്തില്‍ മുന്നോട്ടു നീങ്ങാം.

Recitation of Ps 19, 12-14.

എന്നാല്‍, സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാന്‍ ആര്‍ക്കു കഴിയും?
അറിയാതെ പറ്റുന്ന വീഴ്ചകളില്‍നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
ബോധപൂര്‍വ്വം ചെയ്യുന്ന തെറ്റുകളില്‍നിന്നും
ഈ ദാസനെ കാത്തുകൊള്ളണമേ!
അവ എന്നില്‍ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ,
അപ്പോള്‍ ഞാന്‍ നിര്‍മ്മലനായിരിക്കും
മഹാപരാധങ്ങളില്‍നിന്നു ഞാന്‍ വിമുക്തനായിരിക്കും.
എന്‍റെ അഭയശിലയും വിമോചകനുമായ കര്‍ത്താവേ
അധരങ്ങളിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും
അങ്ങേ ദൃഷ്ടിയില്‍ സ്വീകാര്യമാവട്ടെ!

നാം ശ്രവിച്ചത് ദൈവികശക്തിക്കു മുന്നിലുള്ള ഒരു സാധാരണ മനുഷ്യന്‍റെ ഭാവപ്രകടനങ്ങളാണ്. തെറ്റുകളില്‍നിന്നു തന്നെ മോചിക്കണമേ, വീഴ്ചകളില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കാന്‍ സഹായിക്കണമേയെന്ന് വ്യക്തി പ്രാര്‍ത്ഥിക്കുന്നു. പിന്നെയും സാധാരണക്കാരനായ ഒരു മനുഷ്യന്‍ ചിന്തിക്കാം, ദൈവത്തിന്‍റെ പ്രാപഞ്ചികമായ നിഗൂഢരഹസ്യങ്ങള്‍ സൃഷ്ടപ്രപഞ്ചത്തിലും അവിടുത്തെ കല്പനകളിലും പ്രകടമാക്കുമ്പോഴും, എന്തുകൊണ്ടാണ് ദൈവം ലോകത്ത് തിന്മ അനുവദിക്കുന്നത്? ഇന്ന് ലോകം ഒരു മഹാമാരിയുടെ പിടിയില്‍ ക്ലേശിക്കുമ്പോള്‍ ആരും ചോദിച്ചുപോകാം. ദൈവത്തിന്‍റെ സൃഷ്ടിയായ പ്രപഞ്ചത്തില്‍, മനോഹരമായ ഈ ഭൂമിയില്‍ എന്തുകൊണ്ടാണ് ഒരു മഹാമാരിയും, വലിയ ഭൂമികുലുക്കവും, മറ്റു മാരകമായ രോഗങ്ങളുമെല്ലാം തലപൊക്കുന്നത്? ഇവ എങ്ങനെ ദൈവത്തിന്‍റെ മഹിമകളെ, ദൈവത്തിന്‍റെ അത്ഭുതകരമായ കരവേലയെ പ്രകീര്‍ത്തുക്കുമെന്ന് ആരും ചോദിച്ചുപോകും.

3. ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കുന്ന രക്ഷാകരപദ്ധതി
ഇവിടെയാണ് നാം ദൈവത്തിന്‍റെ രക്ഷണീയ കരങ്ങള്‍ കാണേണ്ടതും മനസ്സിലാക്കേണ്ടതും. രക്ഷ ലഭ്യമാകുന്നത് നമ്മുടെ കഴിവല്ല മറിച്ച് ദൈവത്തിന്‍റെ കൃപയാണ്. മനുഷ്യരക്ഷയ്ക്കായ് ദൈവം കല്പനകള്‍ നല്കിയെന്നും, സൃഷ്ടിയില്‍ എന്നപോലെതന്നെ അവിടുത്തെ വെളിപ്പെടുത്തലിന്‍റെ രണ്ടാം ഘട്ടമായി മോശയിലൂടെ ജനത്തിനായി കല്പനകള്‍ നല്കിയെന്നും സങ്കീര്‍ത്തകന്‍ രേഖപ്പപെടുത്തുന്നു. ദൈവത്തിലുള്ള വിശ്വാസവും, ദൈവകല്പനകള്‍ പിന്‍ചെല്ലുവാനുള്ള ബോധ്യവും രക്ഷയ്ക്കുള്ള പടികളാണ്, വഴികളാണ്. സൃഷ്ടപ്രപഞ്ചത്തോടും അതിലെ ജീവജാലങ്ങളോടും, സകല മനുഷ്യരോടും, പാവങ്ങളോടും എളിയവരോടും രമ്യതയിലും സ്നേഹത്തിലും ജീവിക്കുവാന്‍ കടപ്പെട്ടവനാണ് മനുഷ്യനെന്ന് ഓര്‍പ്പിക്കുന്നതും, ആവശ്യപ്പെടുന്നതുമാണ് ദൈവത്തിന്‍റെ ബഹുമുഖങ്ങളായ വെളിപ്പെടുത്തലുകള്‍. തെറ്റുകള്‍ സ്വയം മനസ്സിലാക്കുവാന്‍ ആര്‍ക്കു കഴിയുമെന്ന് സങ്കീര്‍ത്തകന്‍ ചോദിക്കുന്നുണ്ട് (12). എന്നാല്‍ ബോധപൂര്‍വ്വം വരുത്തിയ തെറ്റുകളില്‍നിന്ന് എന്നെ മോചിക്കണമേയെന്ന് സങ്കീര്‍ത്തകന്‍ ഏറ്റുപറയുന്നുണ്ട്, പ്രാര്‍ത്ഥിക്കുന്നുണ്ട്. ദൈവകൃപയാല്‍ മോചിതനാകുവാന്‍ സാധിക്കുമെന്നു വിശ്വസിക്കുന്ന ഗായകന്‍ രക്ഷകനായ ദൈവത്തിന്‍റെ സഹായം വിളിച്ചപ്പേക്ഷിക്കുന്നതോടെയാണ് സങ്കീര്‍ത്തനവരികള്‍ അവസാനിക്കുന്നത്. ചരിത്രത്തില്‍ മനുഷ്യര്‍ക്ക് ദൃശ്യനും അനുഭവവേദ്യനുമായ രക്ഷകനായ ദൈവം ക്രിസ്തുവാണ്. പഴയനിമത്തിലൂടെ ദൈവം വെളിപ്പെടുത്തിയതെല്ലാം, പൂര്‍ത്തീകരണത്തില്‍ എത്തിക്കുന്നത് അവിടുന്നിലും അവിടുന്നിലൂടെയുമാണ് – ക്രിസ്തുവിലാണ്!

Musical Version : Psalm 19 Unit two
കര്‍ത്താവിന്‍റെ കല്പനകള്‍ നീതിയുക്തമാണ്
അവ ഹൃദയത്തിനെന്നും ആനന്ദമേകുന്നു
കര്‍ത്താവിന്‍റെ പ്രമാണങ്ങള്‍ പാവനമാണ്
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

4. കൃപയാല്‍ ലഭ്യമാകുന്ന ദൈവികരക്ഷ
റോബര്‍ട്ട് ബേണ്‍സ് എന്ന ആംഗലേയ കവിയുടെ ഒരു ചിന്ത ഇങ്ങനെയാണ്, “മറ്റുള്ളവര്‍ കാണുന്നതുപോലെ എന്നെ മനസ്സിലാക്കുവാനും അറിയുവാനും ദൈവമേ, അങ്ങേ കൃപ നല്കണമേ!” ദൈവം കാണുന്നതുപോലെയെന്നും വേണമെങ്കില്‍ നമുക്കു കൂട്ടിച്ചേര്‍ക്കാവുന്നതാണ്. സങ്കീര്‍ത്തകന്‍ വരികളില്‍ പറയുന്ന രഹസ്യ പാപങ്ങള്‍ (hidden faults) പഴയനിയമ കാലത്തും ഇന്നും ബലികളാലും പ്രായശ്ചിത്ത കര്‍മ്മങ്ങളാലും ചിലപ്പോള്‍ ശുദ്ധീകരിക്കാവുന്നതാണ്. എന്നാല്‍ നാം ബോധപൂര്‍വ്വം ചെയ്യുന്ന തെറ്റുകള്‍ (presumptuous sins) ദൈവത്തിനു മാത്രമേ ക്ഷമിക്കാനാവൂ. കൊലപാതകം, വ്യഭിചാരം എന്നിവ ബോധപൂര്‍വ്വം ചെയ്യുന്ന തെറ്റുകളാണ്. ബലിയര്‍പ്പണംവഴിയോ, പ്രാശ്ചിത്തപ്രവര്‍ത്തികള്‍ വഴിയോ, വഴിപാടു മൂലമോ അവയില്‍നിന്നും മോചനം സാധ്യമല്ലെന്നും, ഘോരപാപത്തിന്‍റെ ദുര്‍ഘടമായ പ്രതിസന്ധിയില്‍നിന്നും നമ്മെ മോചിക്കാന്‍ ദൈവകൃപയ്ക്കും കാരുണ്യത്തിനും മാത്രമേ സാധിക്കൂ എന്ന് സങ്കീര്‍ത്തകന്‍ ഉദ്ബോധിപ്പിക്കുന്നു, സമര്‍ത്ഥിക്കുന്നു. ദൈവകല്പനകളുടെയും ദൈവവചനത്തിന്‍റെയും മധുരസ്വരത്തില്‍നിന്നും നമ്മെ അകറ്റിനിര്‍ത്തുന്നത് അതിനാല്‍ പാപമാണ്. മനുഷ്യന്‍ ആയിരിക്കുന്ന അവസ്ഥയില്‍ നമ്മുടെ കുറവുകള്‍ ക്ഷമിച്ച് ദൈവം നമ്മെ സ്വീകരിക്കുമ്പോള്‍, നമ്മുടെ അധരങ്ങളിലെ വാക്കുകളും ഹൃദയവിചാരങ്ങളും അറിയുന്ന ദൈവം സ്നേഹമുള്ളൊരു പിതാവിനെപ്പോലെ നമ്മെ വീണ്ടും സ്വീകരിക്കുന്നതാണ് രക്ഷ, മോചനം! നമ്മുടെ ജീവിത പൂര്‍ണ്ണിമ!!

Musical Version : Psalm 19 Unit 3.
ദൈവഭക്തി നിര്‍മ്മലമാണ്
അതെന്നേയ്ക്കും നിലനില്ക്കുന്നു
കര്‍ത്താവിന്‍റെ വിധികള്‍ സത്യമാണ്
അവ തികച്ചും നീതിപൂര്‍വ്വകം.
- കര്‍ത്താവിന്‍ കല്പനകള്‍

5. മര്‍ത്യജീവിതങ്ങളില്‍ പ്രതിഫലിക്കേണ്ട
ദൈവസ്നേഹവും കാരുണ്യവും

ഒരു നല്ല വചനപ്രഭാഷകന്‍റെ ജീവിതാന്ത്യത്തില്‍ അദ്ദേഹത്തോടു ബന്ധപ്പെട്ടവര്‍ ചോദിച്ചു, ഇനിയും ഒരായുസ്സു കിട്ടിയാല്‍ ഇത്രയും കാലം പ്രസംഗിച്ചതിലും എഴുതിയതിലും കൂടുതല്‍ മെച്ചമായി എല്ലാം  ചെയ്യുവാന്‍ അങ്ങേയ്ക്കു സാധിക്കുമല്ലോ? അപ്പോള്‍ അദ്ദേഹം പ്രത്യുത്തരിച്ചത്, താന്‍ ഇനിയും ജന്മമെടക്കുകയാണെങ്കില്‍, ഒരു തിരിച്ചുവരവിനു ദൈവം ഇടയാക്കിയാല്‍ അത് അവിടുത്തെ അനന്തമായ ക്ഷമയ്ക്കും കാരുണ്യത്തിനുമായുള്ള വലിയ യാചനയായിരിക്കും, അവിടുത്തെ കാരുണ്യാതിരേകത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രഘോഷണമായിരിക്കും! പ്രഭാഷകന്‍ പറഞ്ഞത്, നാം പഠനവിഷയമാക്കിയിരിക്കുന്ന സൃഷ്ടിയുടെ സ്തുതിപ്പിലെ അവസാനത്തെ വചനമാണ് (വരി 14).

Recitation Ps. 19, v. 14.
എന്‍റെ അഭയശിലയും വിമോചകനുമായ കര്‍ത്താവേ,
എന്‍റെ അധരങ്ങളിലെ വാക്കുകളും
ഹൃദയത്തിലെ വിചാരങ്ങളും
അങ്ങയുടെ ദൃഷ്ടിയില്‍ സ്വീകാര്യമായിരിക്കട്ടെ!

Musical Version of Ps 19 Unit One
കര്‍ത്താവിന്‍ കല്പനകള്‍ നീതിപൂര്‍ണ്ണം
ഹൃദയത്തിനവയെന്നും സമ്മാനം.
കര്‍ത്താവിന്‍ നിയമങ്ങള്‍ അവികലമാണ്
ആത്മാവിനവയെന്നും നവജീവനേകുന്നു
അവിടുത്തെ സാക്ഷ്യം വിശ്വാസ്യമാണ്
താഴ്മയുള്ളോരെ അത് വിജ്ഞരാക്കുന്നു.

ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം മരിയ ഡാവിനയും സംഘവും.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര. 
അടുത്ത ആഴ്ചയിലും സങ്കീര്‍ത്തനം 19-ന്‍റെ വരികളുടെ വ്യാഖ്യാനം തുടരും (ഭാഗം അഞ്ച്).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 June 2020, 07:45