The Giagantic scupture of Gesu Salvatore in the Rio city The Giagantic scupture of Gesu Salvatore in the Rio city 

തിരുഹൃദയത്തിരുനാള്‍ സ്നേഹത്തിന്‍റെ മഹോത്സവം

വിശുദ്ധ മത്തായിയുടെ സുവിശേഷം 11, 25-30 - വചനചിന്തകള്‍ - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഈശോയുടെ തിരുഹൃദയത്തിരുനാള്‍ - വിചിന്തനം

1. ഭാരം കുറയ്ക്കുന്ന സ്നേഹം
പഠിക്കുന്ന കാലത്ത് ഒരു സ്കൗട്ട് ക്യാമ്പില്‍ മാസ്റ്റര്‍ പറഞ്ഞ കഥ ഇന്നും മനസ്സില്‍ തങ്ങിനില്ക്കുന്നു. പോളിയോ പിടിപെട്ട് കാലുകള്‍ തളര്‍ന്ന അയല്‍വാസിയായ കൊച്ചുകൂട്ടുകാരനെ എന്നും മുതുകില്‍ ചുമന്നുകൊണ്ട് ഗ്രാമത്തിലെ സ്ക്കൂളില്‍ പോയിരുന്ന ബാലന്‍. ഒന്നാം ക്ലാസ്സില്‍ തുടങ്ങിയതായിരുന്നു ആ ചുമട്. പത്താം ക്ലാസ്സായപ്പോഴും അവന്‍ ആ ചുമടു ചുമക്കുന്നു. നാട്ടുകാര്‍ ചോദിക്കുമായിരുന്നു. എന്താ രാജൂ, നിനക്ക് ഇവന്‍ ഭാരമല്ലേ? രാജു പറയും, ഇവന്‍ എനിക്ക് ഭാരമല്ല. ‌ ഇവന്‍ എന്‍റെ സഹോദരനാണ്! He’s not heavy for me, because he is my brother!

ജീവിതത്തില്‍ എന്നും ഓര്‍ക്കാവുന്ന സൂക്തമാണിത്. ഒരുവനെ സഹോദരനായി കാണാന്‍ സാധിച്ചാല്‍ അപരന്‍ എനിക്ക് ഭാരമല്ലാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചേരും. എന്‍റെ ഉത്തരവാദിത്ത്വങ്ങള്‍ എന്‍റെ ജീവിതത്തിലെ നുകമാണെന്ന ദര്‍ശനവും പ്രകാശവുമാണ് ഈശോയുടെ തിരുഹൃദത്തിന്‍റെ തിരുനാള്‍ നമുക്കു നല്കുന്നത്. ചില ഭാരങ്ങള്‍ എന്‍റെ ജീവിത നിയോഗത്തിന്‍റെ ഭാഗമാണ്. ഞാന്‍ അത് സഹോദരങ്ങളെപ്രതി വഹിക്കണം, സഹിക്കണം എന്ന മനസ്സ് നാം വളര്‍ത്തിയെടുക്കണം, സ്നേഹത്തില്‍ രൂപപ്പെടുത്തണം. ചിലതെല്ലാം ജീവിതത്തില്‍ ദൈവം എനിക്കായി അയയ്ക്കുന്ന നുകങ്ങളാണ്. അവ ഞാന്‍ ചുമക്കേണ്ടതാണെന്ന ബോദ്ധ്യം ആവശ്യമാണ്.

2. ഇന്നും സ്നേഹിക്കുന്ന ദൈവം
ഇന്നത്തെ ദിവ്യബലിയുടെ ആമുഖപ്രഭണിതം
സങ്കീര്‍ത്തനങ്ങളില്‍നിന്നാണ്,

“ദൈവത്തിന്‍റെ ഹൃദയാഭിലാഷങ്ങള്‍
തലമുറകളോളം നിലനില്ക്കുന്നു
അവിടുന്ന് അവരുടെ പ്രാണനെ
മരണത്തില്‍നിന്ന് സംരക്ഷിക്കുന്നു” (സങ്കീ. 33, 11. 19).

ദൈവത്തിന്‍റെ ഹൃദയവും ഹൃദയാഭിലാഷങ്ങളും മനുഷ്യര്‍ക്കായുള്ള അവിടുത്തെ പദ്ധതികളാണ്. ഹൃദയത്തിന്‍റെ അസാന്നിദ്ധ്യം നമ്മുടെ വാക്കിനെയും ചിന്തയെയും കര്‍മ്മത്തെയും മൃതമാക്കുന്നു. ഹൃദയമില്ലാത്ത മനുഷ്യന്‍, ‘ഹൃദയമില്ലാത്ത പ്രവൃത്തി’യെന്നെല്ലാം പറയാറുണ്ടല്ലോ. എന്നാല്‍ ഹൃദയത്തിന്‍റെ സാന്നിദ്ധ്യം വിലപ്പെട്ടതാണ്. ചെറുതെന്ന് കരുതുന്നവയെപ്പോലും അത് മനോഹരമാക്കുകയും എല്ലാറ്റിനെയും പൂര്‍ണ്ണിമയില്‍ എത്തിക്കുകയും ചെയ്യുന്നു. ‘ഹൃദയപൂര്‍വ്വം’ എന്നു നാം എഴുതുകയും പറയുകയുമൊക്കെ ചെയ്യാറുണ്ട്.  

യഥാര്‍ത്ഥത്തില്‍ നാം  ഹൃദയപൂര്‍വ്വം ചെയ്യുന്നത് സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പ്രവൃത്തികളായിരിക്കും. ജീവിതയാത്രയിലെ ക്ലേശങ്ങളുടെ നിമിഷത്തില്‍ അപരന്‍റെ നല്ലൊരു വാക്കോ, ഹൃദയപൂര്‍വ്വമുള്ളൊരു പ്രവൃത്തിയോ മനസ്സിനെ ത്രസിപ്പിക്കുന്നതും ചിലപ്പോള്‍ കരയിപ്പിക്കുന്നതും ഈ ഹൃദയനിയമം കൊണ്ടാണ്. ദൈവം നമ്മെ ഇന്നും സ്നേഹിക്കുന്നെന്ന്, യേശുവിന്‍റെ തിരുഹൃദയം നമ്മെ ഓര്‍പ്പിക്കുന്നു. ഈ മഹാമാരിയുടെ കാലത്ത് ഒന്നു ചിന്തിക്കുമ്പോള്‍.., ഇന്നു നമുക്കു ചുറ്റും ലോകത്ത് ആയിരങ്ങളാണ് ഓരോ ദിവസവും മരിക്കുന്നത്. എന്നിട്ടും നിങ്ങളും ഞാനുമൊക്കെ ജീവിക്കുകയും, ജീവിതം തുടരുകയുമാണ്... ഓര്‍മ്മവരുന്നത് God still loves the world, Peter Gonsalves-ന്‍റെ ഗാനം ഓര്‍മ്മയില്‍ വരികയാണ്! ദൈവം ഈ ലോകത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് നിങ്ങളും ഞാനും ‍ജീവിക്കുന്നത്.

3. ക്രിസ്തു നല്കുന്ന സ്നേഹത്തിന്‍റെ നുകം
“അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍
എന്‍റെ പക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.
ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാണ്.
എന്‍റെ നുകം എളുപ്പമുള്ളതും ഭാരം ലഘുവുമാണ്” (മത്തായി 11, 26.30).

പുതിയ തലമുറയ്ക്ക് നുകവും കലപ്പയും പരിചയമില്ലാതായി വരുന്ന കാലത്താണ് നാം ജീവിക്കുന്നത്. കാളയെ വണ്ടിയോട് പൂട്ടുന്ന തടിയാണല്ലോ നുകം. ഇസ്രായേലിന്‍റെ ജീവിതത്തില്‍ നിയമത്തിന്‍റെ പ്രതീകമായിരുന്നു നുകം. ഭാരം കുറവായ, ഒരു പക്ഷേ മധുരമെന്നുപോലും വിശേഷിപ്പിക്കാവുന്ന ഒരു നുകത്തെക്കുറിച്ച് ക്രിസ്തു പറയുന്നത്. കഠിനശാഠ്യങ്ങള്‍കൊണ്ടും ജീവിതനിഷ്ഠകൊണ്ടും എക്കാലത്തുമുള്ള ആചാര്യന്മാര്‍ തങ്ങളുടെ പരിസരത്തെ ക്ലേശകരമാക്കിയിരുന്നു. ക്രിസ്തുവാകട്ടെ, അമിതഭാരം നല്കുന്ന അത്തരം നുകങ്ങളെ എടുത്തു മാറ്റുകയും, അവ കുറയ്ക്കുകയും, പകരം മധുരമുള്ളത്  വച്ചുതരികയും ചെയ്യുന്നു. നമ്മുടെ നുകങ്ങളെ ക്രിസ്തു ലഘുവാക്കി മാറ്റുന്നെന്നു പറയാം. ഞാന്‍ നിങ്ങള്‍ക്കായി ഓരേയൊരു കല്പന തരുന്നു. സ്നേഹം! “നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍.” ബാക്കിയുള്ളതൊക്കെ അതില്‍നിന്ന് താനെ ഉതിര്‍കൊള്ളുമെന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്. വൃക്ഷം നന്നായാല്‍ അതിന്‍റെ ഫലവും നന്നായിരിക്കുമല്ലോ.

4. ദൈവം തരുന്ന  ‘ജീവിത നുകങ്ങള്‍’
ക്രിസ്തു ഉപയോഗിക്കുന്ന ‘നുകം’ എന്ന വാക്കിന് അനുയോജ്യമായത് കൃത്യമായത് befitting എന്നെല്ലാമാണ് അര്‍ത്ഥം. മരപ്പണിക്കാരനെന്ന നിലയില്‍ ക്രിസ്തു നുകം നിര്‍മ്മിച്ചു കാണണം. സാധാരണ മരപ്പണിക്കാരൊക്കെ നേരത്തേതന്നെ നുകങ്ങള്‍ മരത്തില്‍ കടഞ്ഞു വയ്ക്കുമ്പോള്‍, ഇതാ ഒരു തച്ചന്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ, കൃത്യമായ നുകം കടഞ്ഞെടുക്കുന്നു.
നുകം ഏറ്റവും കരുതലോടെ പണിതുണ്ടാക്കുന്നു, എന്നുവേണം മനസ്സിലാക്കുവാന്‍. സാരമിതാണ് – നമുക്കു വഹിക്കാന്‍ കഴിയുന്ന നുകങ്ങള്‍ മാത്രമേ ദൈവം നമ്മുടെ ചുമലില്‍ ചേര്‍ത്തുവയ്ക്കാറുള്ളൂ. എനിക്ക് അതിജീവിക്കാനാവാത്ത ജീവിത വഴികളിലേയ്ക്കോ പ്രലോഭനങ്ങളിലേയ്ക്കോ അവിടുന്നെന്നെ കൂട്ടിക്കൊണ്ടു പോകില്ല. ഞാന്‍ ഇന്നും ജീവിക്കുന്നതും, നശിച്ചു പോകാത്തതും, എനിക്ക് ഭ്രാന്തു പിടിക്കാത്തതും, ഈ തീര്‍പ്പിലാണ്, ദൈവം എനിക്ക് അനുയോജ്യമായ നുകമാണ് ഒരുക്കിത്തരുന്നത്. ഈ ബോദ്ധ്യത്തില്‍ ജീവിക്കാം.

5. നുകത്തിനു പിന്നിലെ സ്നേഹം
ഏതൊരു നുകത്തെയും മധുരമാക്കുന്നത് അതില്‍ നാം സന്നിവേശിപ്പിക്കുന്ന സ്നേഹത്തിന്‍റെ അളവുകൊണ്ടാണ്. അങ്ങനെ ഭൂമിയെ സ്നേഹപ്രവൃത്തികള്‍കൊണ്ട് അഭ്യസിപ്പിക്കുകയായിരുന്നു ക്രിസ്തുവിന്‍റെ രീതി. ജീവിതം അതിന്‍റെ ഏകാന്തതകൊണ്ട് നമ്മെ വല്ലാതെ വീര്‍പ്പുമുട്ടിക്കാം. ആവര്‍ത്തനംകൊണ്ട് വിരസമാക്കാം. ജീവിതത്തിന്‍റെ ഒരേ ഉഴവു ചാലിലൂടെ നിത്യവും സഞ്ചരിക്കേണ്ടിവരുന്നവരാണ് നാം. അമ്മമാരുടെ കാര്യം ഓര്‍ത്തു നോക്കിയാല്‍ മതി. ഏതൊരു കൂലിപ്പണിക്കാരനെക്കാളും കഠിനമായ ശ്രമങ്ങളിലൂടെയാണ് ഒരമ്മ അനുദിനം കടന്നുപോകുന്നത്. എന്നിട്ടും ജീവിതത്തില്‍ പരാതിയൊന്നുമില്ലാതെ തന്‍റെ കുടുംബത്തിനും മക്കള്‍ക്കുംവേണ്ടി ഉത്തരവാദിത്വങ്ങള്‍ എന്നും തുടരുകയാണ് അമ്മ. അമ്മയുടെ ജീവല്‍പ്രസാദവും പ്രകാശവും ഒരിക്കലും മങ്ങാത്തത് എന്തുകൊണ്ടാണ്? ആ സമര്‍പ്പണത്തിനു പിന്നില്‍ സ്നേഹമുള്ളതുകൊണ്ടാണ്.

6. സാന്ത്വനമാകുന്ന സ്നേഹസാമീപ്യം
നമ്മുടെ ജീവിത ചുറ്റുപാടുകളില്‍ ചിലപ്പോഴെങ്കിലും നാം മറ്റുള്ളവര്‍ക്ക് നുകം പണിയാറുണ്ട്. അപരര്‍ക്കായി നാം വച്ചുനീട്ടുന്ന നുകങ്ങളെ വേണ്ടെന്നു വയ്ക്കാനോ, അവയെ ലഘൂകരിക്കാനോ ഉള്ള നന്മ നമുക്കുണ്ടാകാറുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ ജീവിതം ഇനിയും മെച്ചപ്പെട്ടേനേ! ജോലി കഴിഞ്ഞുവരുന്ന ഭര്‍ത്താവിനും മക്കള്‍ക്കും വീട്ടമ്മ ഭക്ഷണം പാകംചെയ്തു കൊടുക്കുന്നു. അവര്‍ പലപ്പോഴും വിളമ്പുന്ന തിരക്കില്‍ ഭക്ഷണം പിന്നീടാണ് കഴിക്കുന്നത്. പിന്നെ കലംകഴുകലും, പാത്രം കഴുകലും... വര്‍ഷങ്ങള്‍ അങ്ങനെ തുടരുന്നു. എന്നാല്‍ എന്തിന് ഒരു അമ്മയെ വിവേചിക്കണം, മാറ്റിനിറുത്തണം? അമ്മയും എല്ലാവര്‍ക്കും ഒപ്പം ഭക്ഷണം കഴിക്കുകയും, എല്ലാവരും ചേര്‍ന്ന് പാത്രം കഴുകുകയും ചെയ്താലോ...? അങ്ങനെ അമ്മമാരെ മക്കള്‍ക്കും ഭര്‍ത്താവിനും കൂടുതല്‍ സ്നേഹിക്കാം. ആദരിക്കാം! കുടുംബജീവിതം മെച്ചപ്പെടുത്താം സ്നേഹമുള്ളതാക്കാം. വേണമെന്നുവച്ചാല്‍ മോശമായ കാര്യങ്ങള്‍, വൈകിയാണെങ്കിലും വേണ്ടെന്നുവയ്ക്കുകയും, നല്ലതിന് തുടക്കം കുറിക്കുകയും ചെയ്യാവുന്നതുമാണ്. ഒരു ഹൃദയമുള്ള പ്രവൃത്തി!

7. പങ്കുവയ്ക്കപ്പെടേണ്ട ജീവിത നുകങ്ങള്‍
സമൂഹജീവിതത്തിലെ തിന്മയുടെ നുകം ലഘൂകരിക്കാനും, വേണമെങ്കില്‍ എടുത്തു മാറ്റാനും നമുക്കു സാധിക്കും. നുകത്തിന് രണ്ട് ഉരുക്കളുണ്ട്. അത് ഒറ്റയ്ക്കെടുക്കേണ്ടതല്ല, പങ്കുവയ്ക്കേണ്ടതാണ്. നമ്മുടെ കാലത്തിലെ മിക്കവാറും മനുഷ്യരുടെ ശിരോലിഖിതമെല്ലാം നുകം ഒറ്റയ്ക്കു ചുമക്കേണ്ടി വരുന്ന അവസ്ഥയാണ്. ചരിത്രത്തില്‍ കഠിനമായ നുകവുമായി ഇടറിനീങ്ങിയ നസ്രത്തിലെ ചെറുപ്പക്കാരന്‍റെ ചിത്രം ഓര്‍മ്മിക്കാമല്ലോ. ഭാരമേറിയ കുരിശുമായി അയാള്‍ ഒറ്റയ്ക്കാണ് ഇടറി നീങ്ങിയത്. പാതയോരത്തുനിന്ന് എല്ലാവരും അനുതാപത്തോടും കരുണയോടുംകൂടെ അത് കണ്ടുനില്ക്കുന്നു. ഒരാള്‍ മാത്രം മുന്നോട്ടുവന്നു നുകത്തിന്‍റെ മറുവശത്തു പിടിച്ചു. അത് സൈറീന്‍ കാരന്‍ ശിമയോനായിരുന്നു. അപ്പോള്‍ കുരിശ് രണ്ടു ഉരുക്കളുടെ മദ്ധ്യത്തിലായി. അങ്ങനെ അത് വഹിക്കാന്‍ എളുപ്പവുമായി. സഹായിക്കാന്‍ ആരുമില്ലാത്തതു കൊണ്ടുമാത്രം കഠിനമാകുന്ന ജീവിതനുകങ്ങളും പേറി എത്രയോ പേരാണ് ജീവിതത്തില്‍ വലയുന്നത്, അലയുന്നത്, തളരുന്നത്! നമുക്കൊരു കൈത്താങ്ങു നല്കുവാനാകുമോ?

8. പ്രാര്‍ത്ഥന
ഒരു മഹാമാരി അനുദിന ജീവിതം ആര്‍ക്കും ഏറെ കഠിനവും ക്ലേശകരവുമാക്കിയിരിക്കുന്ന കാലത്ത്, ദൈവമേ, ഞങ്ങള്‍ കൂടുതല്‍ ഹൃദയമുള്ളവരായി ജീവിക്കട്ടെ! ഈ പ്രാര്‍ത്ഥന ഈശോയുടെ തിരുഹൃദയ സന്നിധിയില്‍ നമുക്കിന്നു സമര്‍പ്പിക്കാം. ജീവിതപരിസരങ്ങള്‍, സമൂഹങ്ങള്‍, കുടുംബങ്ങള്‍ സ്നേഹമുള്ളതാക്കണമേ, സമാധാനപൂര്‍ണ്ണമാക്കണമേ, എന്ന് ഈശോയുടെ തിരുഹൃദയത്തോട് ഇന്നേദിവസം പ്രാര്‍ത്ഥിക്കാം.

ഗാനം ആലപിച്ചത് ജെന്‍സി, ഫാദര്‍ മാര്‍ക്ക് ആന്‍റെണിയും സംഘവുമാണ്.. രചന ഫാദര്‍ ജോസഫ് മനക്കില്‍, സംഗീതം ജെറി അമല്‍ദേവ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 June 2020, 11:12