തിരയുക

BELARUS-WEATHER/ BELARUS-WEATHER/ 

ദൈവത്തിന്‍റെ അചഞ്ചല സ്നേഹത്തെ സ്തുതിക്കുന്ന ഗീതം

89-Ɔο സങ്കീര്‍ത്തനം : ഒരു രാജകീയ കൃതജ്ഞതാ ഗീതത്തിന്‍റെ പഠനം ഭാഗം 8 - ശബ്ദരേഖയോടെ...

- ഫാദര്‍  വില്യം  നെല്ലിക്കല്‍ 

89-‍Ɔο സങ്കീര്‍ത്തനപഠനം - ഭാഗം എട്ട്

1.  വരികളുടെ വിചിന്തനം
സങ്കീര്‍ത്തനം 89-ന്‍റെ 47-വരെയുള്ള വരികളുടെ ആത്മീയവിചിന്തനമാണ് നാം കഴിഞ്ഞ ഭാഗങ്ങളില്‍ കണ്ടത്. ആകെ 52 വരികളുള്ള ഈ ഗീതത്തിന്‍റെ 46-മുതല്‍ 52-വരെയുള്ള വരികളുടെ ആത്മീയവിചിന്തനമാണ് ഇത്തവണ... അതായത് അവസാനത്തെ വരികള്‍! ഇസ്രായേല്‍ ജനത്തിന്‍റെ ജീവിതം വ്യക്തിഗതം എന്നതിനെക്കാള്‍ ഏറെ സാമൂഹികമായിരുന്നു. എന്നാല്‍ സമൂഹത്തിന്‍റെ നായകന്‍ രാജാവായിരുന്നു - ദൈവതുല്യനായ രാജാവ്. എല്ലാക്കാര്യങ്ങളിലും എല്ലാവരെയും പ്രതിനിധാനം ചെയ്തിരുന്നത് രാജാവായിരുന്നു. ഇസ്രായേല്‍ ജനത്തെ സംബന്ധിച്ച് ദൈവവുമായി ഉടമ്പടിചെയ്യുന്നതും രാജാവുമായി ഉടമ്പടിചേരുന്നതും തമ്മില്‍ വ്യത്യാസമില്ലായിരുന്നു. ഇക്കാരണത്താലാണ് സമൂഹത്തില്‍ രാജാവിന്‍റെ ബഹുമാനാര്‍ത്ഥം രാജകീയ സങ്കീര്‍ത്തനങ്ങള്‍ രചിക്കപ്പെട്ടത്.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.

Musical Version of Ps 89 Unit One
കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു
നിന്‍റെ അചഞ്ചല സ്നേഹത്തെ
വാഴ്ത്തും ഞാന്‍, വാഴ്ത്തും ഞാന്‍
തലമുറതോറും വാഴ്ത്തും ഞാന്‍.
കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും
എന്‍റെ അധരങ്ങള്‍ തലമുറകളോട് അങ്ങേ വിശ്വസ്തത പ്രഘോഷിക്കും
എന്തെന്നാല്‍ അങ്ങയുടെ കൃപ എന്നേയ്ക്കും നിലനില്ക്കുന്നു
അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാകുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു.

2. നന്ദിയോടെ ദൈവത്തെ സ്തുതിക്കാം
ദൈവത്തെ സ്തുതിച്ച് നന്ദിയര്‍പ്പിക്കുന്ന രാജകീയ സങ്കീര്‍ത്തനത്തിന്‍റെ 46-മുതല്‍ 48-വരെയുള്ള വരികള്‍ ആദ്യം ശ്രവിച്ചുകൊണ്ടു ആത്മീയ വിചിന്തനത്തിലേയ്ക്കു കടക്കാം.

Recitation of Verses 46-48
കര്‍ത്താവേ, ഇത് എത്രനാളത്തേയ്ക്ക്?
അങ്ങ് എന്നേയ്ക്കും മറഞ്ഞിരിക്കുമോ?
അങ്ങയുടെ ക്രോധം എത്രകാലം അഗ്നിപോലെ ജ്വലിക്കും?
കര്‍ത്താവേ, അങ്ങയുടെ പൂര്‍വ്വസ്നേഹം എവിടെ?
വിശ്വസ്തനായ അങ്ങു ദാവീദിനോടു ചെയ്ത ശപഥം എവിടെ?
മരണം കാണാതെ ജീവിക്കാന്‍ കഴിയുന്ന മനുഷ്യനുണ്ടോ
ജീവനെ പാതാളത്തിന്‍റെ പിടിയില്‍നിന്നു വിടുവിക്കാന്‍ ആര്‍ക്കു കഴിയും?

ദൈവം തന്‍റെ ജനത്തിനു ചെയ്ത പൂര്‍വ്വകാല നന്മകളും ഉടമ്പടിയും, അവിടുന്ന് തിരഞ്ഞെടുത്തു നല്കിയ രാജാവിനെയും ഇസ്രായേല്‍ ജനത്തിനുവേണ്ടി വരികളില്‍ അനുസ്മരിച്ചുകൊണ്ട് സങ്കീര്‍ത്തകന്‍ ദൈവത്തോടു ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്. സ്വയംവിചിന്തനത്തിന് പ്രേരകമാകുന്ന വരികളാണിവ. എന്നാല്‍ ദൈവത്തിന്‍റെ രക്ഷണീയ ശക്തിയുടെയുടെയും അചഞ്ചല സ്നേഹത്തിന്‍റെയും സ്തുതിപ്പാണെന്ന്, നന്ദിയോടെയുള്ള സ്തുതിപ്പാണെന്നും നമുക്കു മനസ്സിലാക്കാം.

3. ഉടമ്പടികള്‍ വിസ്മരിക്കരുതേ...!
വരികളുടെ ധ്യാനം ഇപ്രകാരമാണ്... ഭൂമി മുഴുവനും ദൈവമേ, അങ്ങേ രക്ഷയ്ക്കായി കാത്തിരിക്കുകയാണ്. മനുഷ്യരുടെ ജീവിതശൈലി നല്ലതല്ലെന്ന് സങ്കീര്‍ത്തനവരികളില്‍ സ്ഫുരിക്കുന്നുണ്ട്. തങ്ങളുടെ ജീവിതങ്ങള്‍ ഹ്രസ്വവും നിസ്സാരവുമാണെന്ന് സങ്കീര്‍ത്തകന്‍ ഏറ്റുപറയുന്നു. എങ്കിലും തങ്ങളുടെ പൂര്‍വ്വീകരോടു കാണിച്ച സ്നേഹവാത്സല്യങ്ങളും നന്മകളും, തങ്ങളുടെ രാജാവും അവിടുത്തെ പ്രതിനിധിയുമായ രാജാവിനോടും ചെയ്ത ഉടമ്പടിയും വാഗ്ദാനങ്ങളും വിസ്മരിക്കരുതേയെന്ന് സങ്കീര്‍ത്തകന്‍ വരികളില്‍ ദൈവത്തോടു യാചിക്കുന്നു. എല്ലാവരും ഈ ജീവിതത്തില്‍നിന്ന് കടന്നു പോകുന്നവരാണ്, മരണത്തെ അഭിമുഖീകരിക്കേണ്ടവരാണ്. അതിനാല്‍ മറ്റാരെയുംകാള്‍ അങ്ങു തന്നെ തങ്ങളുടെ രക്ഷ സാധിതമാക്കണമേയെന്നാണ് സങ്കീര്‍ത്തകന്‍ വാക്കുകളില്‍ വിവരിക്കുന്നത്.

4. കൂടെനില്ക്കുന്ന ദൈവം
രണ്ടാം ഏശയായെക്കുറിച്ചും, ബാബിലോണ്‍നിന്നും ദൈവജനം ജരൂസലേമിലേയ്ക്ക് തിരിച്ചുവന്നത് സങ്കീര്‍ത്തകന്‍ അറിഞ്ഞിട്ടുള്ളതായി വരികളില്‍ പ്രതിഫലിക്കുന്നില്ല. അതുകൊണ്ടാണ് സകല ലോകവും ദൈവത്തിന്‍റെ രക്ഷണീയ സ്നേഹം അനുഭവിക്കണമെന്ന് സങ്കീര്‍ത്തകന്‍ കുറിക്കുന്നത്. ഒന്നാം ഏശയായുടെ പ്രവാചകവാക്യം സ്ഫുരിക്കുന്നതാണ് വരികള്‍. കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു. മലകള്‍ അകന്നുപോയാലും, കുന്നുകള്‍ നികന്നുപോയാലും, ആര്‍ക്കും മറക്കാനാവാത്തതാണ് ദൈവത്തിന്‍റെ അചഞ്ചലമായ സ്നേഹമെന്നും, അവിടുന്നു തന്‍റെ ജനത്തെ കൈവെടിയുകയില്ലെന്നുമുള്ള ഉറപ്പു വരികളില്‍ പ്രതിഫലിക്കുന്നുണ്ട് (54, 19). വീണ്ടും രക്ഷയുടെ നാളുകളെക്കുറിച്ചും പ്രവാചകന്‍ അനുസ്മരിപ്പിക്കുന്നതും സങ്കീര്‍ത്തകന്‍റെ പ്രത്യാശയായി കാണാം. പ്രസാദകാലത്ത് അവിടുന്ന് ഉത്തരമരുളി, രക്ഷയുടെ ദിവസങ്ങളില്‍ അവിടുന്ന് തന്‍റെ ജനത്തിന്‍റെ കൂടെയുണ്ടായിരുന്നു. ജനത്തെ സംരക്ഷിച്ച് അവിടുന്ന ഉടമ്പടി നല്കി ജനത്തെ നയിച്ചു (ഏശയ 49, 8). അതായത് ഇസ്രായേല്‍ ദൈവത്തിന്‍റെ സഹനദാസനായിരുന്നപ്പോഴും ദൈവം അവരെ കൈവെടിയാതെ നയിച്ചു, രക്ഷയിലേയ്ക്കു നയിച്ചെന്ന് സങ്കീര്‍ത്തകന്‍ വരികളില്‍ സ്ഥാപിക്കുന്നു.

Musical Version of Ps 89 Unit two
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു
അങ്ങയുടെ നീതിയെ ഞങ്ങളെന്നും പാടിപ്പുകഴ്ത്തുന്നു
അങ്ങാണു ഞങ്ങളുടെ ശക്തിയും മഹത്വവും
അങ്ങയുടെ പ്രസാദംകൊണ്ട് ഞങ്ങളുടെ ജീവിതങ്ങള്‍ ഉയര്‍ന്നുനില്ക്കുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു.

5. ദൈവമേ, മറഞ്ഞിരിക്കരുതേ...!
ഇനി വരികള്‍ 49-മുതല്‍ 52-വരെ ശ്രവിച്ചുകൊണ്ട്, അതായത് 89-Ɔο സങ്കീര്‍ത്തനത്തിന്‍റെ അവസാനഭാഗം ശ്രവിച്ചുകൊണ്ട് അവയുടെ ആത്മീയ വീക്ഷണം നമുക്കും ഉള്‍ക്കൊള്ളാം.

Recitation of Verses 49-52
ദൈവമേ, ശത്രുക്കള്‍ അങ്ങേ അഭിഷിക്തനെ നിന്ദിക്കുന്നു
അങ്ങയുടെ രാജാവിന്‍റെ പിന്‍ഗാമികളെ അവര്‍ പരിഹസിക്കുന്നു.
ദൈവമേ, അങ്ങയുടെ ദാസന്‍ എത്ര നിന്ദിക്കപ്പെടുന്നെന്ന് ഓര്‍ക്കണമേ!
ശത്രുക്കളുടെ പരിഹാസ ശരം അയാള്‍ നെഞ്ചില്‍ ഏല്ക്കുന്നു.
ദൈവമേ, അങ്ങയുടെ ശത്രുക്കള്‍ അവനെ നിന്ദിക്കുന്നു,
അങ്ങയുടെ അഭിഷിക്തന്‍റെ പിന്‍ഗാമികളെ അവര്‍ പരിഹസിക്കുന്നു.
ദൈവം എന്നേയ്ക്കും വാഴ്ത്തപ്പെടട്ടെ! ആമേന്‍!

ദൈവത്തെ സ്തുതിക്കാന്‍ സമ്മേളിക്കുന്ന ജനത്തിന്‍റെ പ്രാര്‍ത്ഥനയോടെയാണ് ഈ രാജകീയഗീതം ഉപസംഹരിക്കുന്നതെന്ന് പദങ്ങള്‍ ശ്രവിച്ച മാത്രയില്‍ മനസ്സിലാകും. ജനം ദൈവത്തോടു ആവലാതിപ്പെടുകയാണ്. അവിടുന്നു മറഞ്ഞിരിക്കുന്നതുപോലെ, അല്ലെങ്കില്‍ ഒളിച്ചിരിക്കുന്നതുപോലെയാണ് സങ്കീര്‍ത്തകന്‍ വരികളില്‍ തന്‍റെ പ്രാര്‍ത്ഥന ഉയര്‍ത്തുന്നത്. അവിടുത്തെ പൂര്‍വ്വസ്നേഹമെവിടെ, അഭിഷിക്തനായ ദാവീദിനോടു ചെയ്ത വാഗ്ദാനമെവിടെ... എന്നെല്ലാം ചോദിക്കുമ്പോള്‍, ദൈവമേ, അങ്ങു മറഞ്ഞിരിക്കുകയാണോ എന്നു തന്നെയാണ് സങ്കീര്‍ത്തകന്‍റെ മാനുഷികമായ മനോവ്യഥയെന്നു നമുക്കു മനസ്സിലാക്കാം. അങ്ങയുടെ അഭിഷിക്തന്‍ പരിഹാസപാത്രനാകുന്നു, നിന്ദിക്കപ്പെടുന്നു. ശത്രുക്കളുടെ ശരം അയാളുടെ നെഞ്ചില്‍ പതിക്കുന്നു... നിന്ദിക്കപ്പെടുന്നു! എങ്കിലും ദൈവമേ, അങ്ങു വാഴ്ത്തപ്പെടട്ടെ... എന്നു പറഞ്ഞു ഗീതം അവസാനിപ്പിക്കുമ്പോള്‍..., സഹിക്കുമ്പോഴും ക്ലേശങ്ങള്‍ മുന്നില്‍ കാണുമ്പോഴും ദൈവത്തിന്‍റെ അചഞ്ചലമായ സ്നേഹത്തില്‍ പ്രത്യാശ അര്‍പ്പിക്കുന്ന ഒരു ജനത്തിന്‍റെ വിശ്വാസപൂര്‍ണ്ണമായ പ്രാര്‍ത്ഥനയാണ് സങ്കീര്‍ത്തകന്‍ വരികളില്‍ വരച്ചുകാട്ടുന്നതെന്ന് നമുക്കു മനസ്സിലാക്കാം.

6. ഇന്നും തുടരുന്ന രക്ഷണീയകര്‍മ്മം
ദൈവം പ്രവചിക്കുന്നില്ല, മനുഷ്യനാണ് പ്രവാചകവാക്യങ്ങള്‍ ഉച്ചരിക്കുന്നത്. ദൈവം വാഗ്ദാനംചെയ്യുകയും തന്‍റെ സ്നേഹത്തിന്‍റെയും രക്ഷയുടെയും ഉടമ്പടികള്‍ നവീകരിക്കുകയും, അവയ്ക്ക് ഉറപ്പുനല്കുകയുമാണ് ചെയ്യുന്നത്. ദൈവത്തിന്‍റെ ഉടമ്പടി അവസാനിക്കുന്നില്ല. അവിടുന്ന് അത് നവീകരിക്കുകയും, ചരിത്രത്തില്‍ തുടരുകയും ചെയ്യുന്നുവെന്ന് സങ്കീര്‍ത്തനവരികള്‍ വെളിപ്പെടുത്തുന്നു. പഴയതിന്‍റെ വാഗ്ദാനവും, പുതിയ ഉടമ്പടിയിലെ സഹനദാസനുമായ ക്രിസ്തു ക്രൂശിതനായപ്പോഴും രക്ഷണീയ പദ്ധതി അവസാനിക്കുന്നില്ല, ക്രിസ്തുവില്‍ അത് നവീകരിക്കപ്പെടുകയും പുനരാവിഷ്കൃതമാവുകയും ചെയ്യുകയാണ്.

Recitation of Verses 28 &34.
എന്‍റെ കരുണ എപ്പോഴും അവിടുത്തെമേല്‍ ഉണ്ടായിരിക്കും
അവിടുത്തോടുള്ള എന്‍റെ ഉടമ്പടി അചഞ്ചലമായി നിലനില്ക്കും.
എന്‍റെ വിശ്വസ്തതയ്ക്കു ഭംഗം വരില്ല, അതു ശാശ്വതമാണ്!
അതുകൊണ്ട് രക്ഷ ഇപ്പോള്‍ കാണുന്നില്ലെങ്കിലും പൂര്‍ണ്ണമായും ജനം അനുഭവിക്കുന്നില്ലെങ്കിലും, വിശ്വസിക്കുകയും പ്രത്യാശയോടെ മുന്നേറുകയും വേണമെന്നാണ് സങ്കീര്‍ത്തന‍ത്തിന്‍റെ അവസാനവരികള്‍ ഇന്നും നമ്മെ ഉദ്ബോധിപ്പിക്കുന്നത്.

Recitation of Verses 51 & 52.
ദൈവമേ, അങ്ങയുടെ ശത്രുക്കള്‍ അവനെ നിന്ദിക്കുന്നു,
അങ്ങയുടെ അഭിഷിക്തന്‍റെ പിന്‍ഗാമികളെ അവര്‍ പരിഹസിക്കുന്നു.
ദൈവം എന്നേയ്ക്കും വാഴ്ത്തപ്പെടട്ടെ! ആമേന്‍!

ഈ സങ്കീര്‍ത്തനവരികള്‍ ഇന്നും നമുക്കു പ്രത്യാശ പകരുന്നതാണ്. ലോകം മുഴുവനും ഒരു മഹാമാരിയാല്‍ ക്ലേശിക്കുമ്പോള്‍... പ്രപഞ്ചത്തിന്‍റെയും അതിലെ സകല ചരാചരങ്ങളുടെയും സ്രഷ്ടാവായ ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചും, അവിടുത്തെ അചഞ്ചലമായ സ്നേഹത്തിലും രക്ഷയുടെ ഉടമ്പടിയിലും വിശ്വാസമര്‍പ്പിച്ചു നമുക്കു മുന്നേറാം, ദൈവം തന്ന പൊതുഭവനമായ ഭൂമിയെയും അതിലെ സകലത്തിനെയും, സകല മനുഷ്യരെയും രമ്യതയില്‍ നമ്മുടെ സഹോദരങ്ങളായി ആശ്ലേഷിക്കുന്ന ഒരു സാര്‍വ്വത്രികമായ രക്ഷയുടെ മനോഭാവത്തിനായി നമുക്കു പ്രത്യാശയോടെ ദൈവത്തിലേയ്ക്കു തിരിയാന്‍ ഈ സങ്കീര്‍ത്തനം പ്രചോദനമാകട്ടെ!

Musical Version of Ps 89 Antiphon
കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു
നിന്‍റെ അചഞ്ചല സ്നേഹത്തെ
വാഴ്ത്തും ഞാന്‍, വാഴ്ത്തും ഞാന്‍
തലമുറതോറും വാഴ്ത്തും ഞാന്‍.

അടുത്തയാഴ്ചയില്‍ സങ്കീര്‍ത്തനം 89-ന്‍റെ പൊതുവായ ഒരു അവലോകനം ശ്രവിക്കാം.   (ഭാഗം ഒന്‍പത്).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 May 2020, 11:20