തിരയുക

റാഫേലിന്‍റെ അവസാനത്തെ ചിത്രീകരണങ്ങള്‍ കണ്ടെത്തി

വിശ്വോത്തര ചിത്രകാരന്‍ റാഫേലിന്‍റെ അവസാനത്തെ എണ്ണഛായ ചിത്രീകരണങ്ങള്‍ വത്തിക്കാനില്‍... ഹ്രസ്വ വീഡിയോ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1.  കോണ്‍സ്റ്റന്‍റൈന്‍ ഹാളിലെ ചിത്രങ്ങള്‍
1520-ല്‍ തന്‍റെ അന്ത്യത്തിനുമുന്‍പ് വത്തിക്കാനിലെ കോണ്‍സ്റ്റന്‍റൈന്‍ ഹാളില്‍ നിര്‍വ്വഹിച്ച ചിത്രീകരണങ്ങളില്‍ നീതി (justitia), സൗഹൃദം (Comitas) എന്നിവയാണ് റാഫേലിന്‍റെ അവസാനത്തെ ചിത്രീകരണങ്ങളായി വത്തിക്കന്‍ മ്യൂസിയം വിദഗ്ദ്ധര്‍ കണ്ടെത്തിയത്.  2015-ല്‍ വത്തിക്കാനിലെ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ നാമത്തിലുള്ള ഹാളില്‍ കണ്ടെത്തിയ ചിത്രീകരണങ്ങള്‍ പുനരുദ്ധാരണ പണികള്‍ക്കുശേഷമാണ് മെയ് 15-ന് വീണ്ടും അനാച്ഛാദനം ചെയ്യപ്പെട്ടത്. വിവിധ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും, നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകള്‍ക്കായി ലിയോ 10-Ɔമന്‍ പാപ്പായുടെ കാലത്ത് (1513-21) ഒരുക്കിയതാണ് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ നാമത്തിലുള്ള വലിയ ഹാള്‍. ഹാളിന്‍റെ ചുവരില്‍ റാഫേല്‍ എണ്ണച്ഛായയില്‍ നേരിട്ടു ചിത്രീകരണം നടത്തിയിട്ടുള്ളതാണ് നീതി, സൗഹൃദം എന്നിങ്ങനെ രണ്ടു അത്യപൂര്‍വ്വ എണ്ണച്ഛായ രചനകള്‍.

നവോത്ഥാനകാലത്തെ ആശ്ചര്യമായിരുന്നു ഇറ്റലിയുടെ റാഫേല്‍ സാന്തി, അല്ലെങ്കില്‍ റാഫേല്‍ സാന്‍സിയോ!

2.  ചുവരിലെ ബൃഹത്തായ ഛായാസൃഷ്ടികള്‍
54 അടി x 36 അടി വലുപ്പമുള്ള എണ്ണച്ഛായ ചിത്രങ്ങള്‍ ഹാളിന്‍റെ തറയില്‍നിന്നും 30 അടി ഉയരത്തിലാണ് റാഫേല്‍ വരച്ചിരിക്കുന്നത്. നീതിയും സൗഹൃദവും ചിത്രീകരിക്കുന്ന റാഫേലിന്‍റെ ഈ അപൂര്‍വ്വ ചിത്രങ്ങളില്‍ രണ്ടു സ്ത്രീരൂപങ്ങളെ കേന്ദ്രീകരിച്ചാണ് അമൂര്‍ത്തമായ വിഷയങ്ങളെ ദൃശ്യാവിഷ്കാരം ചെയ്തിരിക്കുന്നത്. നഗ്നമായ ചുവരിലേയ്ക്കാണ് അവസാനത്തെ തന്‍റെ ഒളിമങ്ങാത്ത ചിത്രീകരണങ്ങള്‍ കര്‍ത്തൃത്വമുള്ള വൈദഗ്ദ്ധ്യത്തോടെ രചിച്ചിരിക്കുന്നതെന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംവഹിച്ച വത്തിക്കാന്‍ മ്യൂസിയം ഡയറക്ടര്‍, ബാര്‍ബര യെത്ത (Barabara Jetta) അഭിപ്രായപ്പെട്ടു.

3.  റാഫേലിന്‍റെ ജീവിതരേഖ
15-Ɔο നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ മദ്ധ്യഇറ്റലിയിലെ ഉംബ്രിയയിലെ പ്രഭുകുടുംബത്തില്‍ ജനിച്ച റാഫേല്‍ തന്‍റെ ആദ്യഘട്ടം, 21 വയസ്സുവരെ ജന്മനാട്ടില്‍ പഠനത്തിലും ചിത്രരചനയിലും ചെലവഴിച്ചു (1483-1504). തുടര്‍ന്നുള്ള നാലുവര്‍ഷക്കാലം, അക്കാലത്ത് കലയുടെയും അറിവിന്‍റെയും കേന്ദ്രമായിരുന്ന ഫ്ലോറന്‍സില്‍ അദ്ദേഹം സമകാലീന ചിത്രരചനയിലും വാസ്തുശില്പ കലയിലും മുഴുകി ജീവിച്ചു (1504-1508). ഫ്ലോളറന്‍സിലെ നാലു വര്‍ഷക്കാലംകൊണ്ടുതന്നെ റാഫേല്‍ യൂറോപ്പില്‍ അറിയപ്പെട്ട കലാകാരനായി വളര്‍ന്നിരുന്നു.

തുടര്‍ന്ന് റോമില്‍ എത്തിയ റാഫേല്‍ ചിത്രരചനയുടെ വന്‍നേട്ടങ്ങളുമായി മരണംവരെ ജീവിച്ചു. ജീവിതത്തിന്‍റെ അന്ത്യഘട്ടത്തില്‍ തീക്ഷ്ണതയോടെ വത്തിക്കാനുവേണ്ടി നടത്തിയ നല്ല രചനകള്‍ വത്തിക്കാന്‍ മ്യൂസിയത്തിലും അപ്പസ്തോലിക അരമനയിലെ വിവിധ ഹാളുകളിലും, പ്രധാനപ്പെട്ട കാര്യാലയങ്ങളിലും, കപ്പേളകളിലും കാണാം. 1520 ഏപ്രില്‍ 6-ന് 37-Ɔമത്തെ വയസ്സില്‍ റോമില്‍ അന്തരിച്ചു. ജീവിതം മുഴുവനായി ചിത്രരചനയ്ക്കായി സമര്‍പ്പിച്ച റാഫേല്‍ അവിവാഹിതനായിരുന്നു.

4. അന്ത്യവിശ്രമം
ഇന്ന് മേരിയന്‍ ബസിലക്കയുടെ പദവിയുള്ള റോമാനഗരത്തിന്‍റെ ഹൃദയഭാഗത്തെ വിഖ്യാതവും സന്ദര്‍ശകര്‍ക്ക് പ്രിയങ്കരവുമായ പുരാതന ഗ്രീക്ക് വാസ്തുമന്ദിരം, “പാന്തെയോണി”ലാണ് (Pantheon) റാഫേല്‍ അന്ത്യവിശ്രമംകൊള്ളുന്നത്.

കുറിപ്പ്  : വത്തിക്കാന്‍ മ്യൂസിയം  ജൂണ്‍ 1-മുതല്‍ സന്ദര്‍കര്‍ക്കായി തുറക്കും. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2020, 12:51