2020.05.01 ARJUNAN mk compositore Indiano 2020.05.01 ARJUNAN mk compositore Indiano 

ഗാനമഞ്ജരി : അര്‍ജ്ജുനന്‍ മാഷിന്‍റെ ഭക്തിഗാനങ്ങള്‍

അനശ്വരമായ ഈണങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു കടന്നുപോയ അര്‍ജ്ജുനന്‍ മാഷിന് ഒരു സ്നേഹാര്‍ച്ചന ! - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

അര്‍ജ്ജുനന്‍ മാഷിന്‍റെ ഭക്തിഗാനങ്ങള്‍
അര്‍ജ്ജുനന്‍ മാഷിന്‍റെ ഭക്തിഗാനങ്ങള്‍

2. കഷ്ടപ്പാടിലൂടെ വളര്‍ന്ന വലിയ മനുഷ്യന്‍
1936 മാര്‍ച്ച് 1-ന് ഫോര്‍ട്ടുകൊച്ചിയില്‍ ഒരു ദരിദ്രകുടുംബത്തിലെ 14-Ɔമത്തെ സന്താനമായാണ് എം. കെ. അര്‍ജ്ജുനന്‍ ജനിച്ചത്. ബാല്യത്തില്‍തന്നെ അച്ഛന്‍ മരിച്ചപ്പോള്‍, അരിഷ്ടതകളെ അതിജീവിക്കുവാന്‍ അമ്മ അര്‍ജ്ജുനനെയും ഒരു സഹോദരനെയും പളനിയിലെ അനാഥാശ്രമത്തില്‍ ചേര്‍ത്തു. കുട്ടിയുടെ നൈസര്‍ഗികമായ സംഗീതവാസന അറിഞ്ഞ മഠാധിപന്‍ ശാസ്ത്രീയ സംഗീത ശിക്ഷണത്തിന് ഏര്‍പ്പാടുചെയ്തു. ആശ്രമം അടച്ചുപൂട്ടേണ്ടി വന്നപ്പോള്‍ നാട്ടിലേയ്ക്കു മടങ്ങിയ അര്‍ജ്ജുനന്‍ ചുമട്ടുജോലി ഉള്‍പ്പെടെ എന്തുജോലി എ‌ടുക്കുന്നതിനും സന്നദ്ധനായി ജീവിക്കവെ കൊച്ചിയിലെ നാടക സംഘങ്ങളില്‍ ഹാര്‍മ്മോണിസ്റ്റായും സംഗീത സംവിധാകയനായും പേരെടുത്തു.

3. കാതില്‍പ്പതിഞ്ഞ ഈണങ്ങളുടെ താപസന്‍
1950-കള്‍ മുതല്‍ അന്തിമനാളുകള്‍വരെ നാടകം അദ്ദേഹത്തിന് ജീവിതസപര്യയായിരുന്നു. എണ്ണൂറോളം നാടകഗാനങ്ങള്‍, 14 പ്രാവശ്യം നാടകസംഗീതത്തിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, 450-ല്‍പ്പരം ചലച്ചിത്രഗാനങ്ങള്‍. പിന്നെയും വിഷാദാര്‍ദ്രവും, പ്രണയമധുരവുമായ കാതില്‍പ്പതിഞ്ഞ എത്രയെത്ര ഗാനങ്ങള്‍‍! പേരെടുത്തുപറഞ്ഞാല്‍ തീരില്ല. അര്‍ജ്ജുനന്‍ മാഷ് സ്വാംശീകരിക്കാത്ത രാഗങ്ങളോ, ഗാനശാഖകളോ വിരളമാണ്. മതഭേദമില്ലാതെ ഭക്തിഗാനങ്ങളിലും അദ്ദേഹം തന്‍റെ നൈപുണ്യം തെളിയിച്ചിട്ടുണ്ട്. ഒരു ഭജനയുടെ ഭക്തിപാരവശ്യമുള്ള “ആശ്രിതവത്സലനേ കൃഷ്ണാ…”, ഒരു വിലാപഗീതംപോലെ “ആയിരം കാതം അകലെയാണെങ്കിലും മായാതെ മക്ക മനസ്സില്‍...”, കണ്ണീര്‍നനവുള്ള “ആദാമിന്‍റെ സന്തതികള്‍ കായേനും ആബേലും...”, എന്നിവ മാഷിന്‍റെ പേരെടുത്ത ഗാനങ്ങളാണ്. ദേവരാജന്‍, എം. എസ്. ബാബുരാജ്, ദക്ഷിണാമൂര്‍ത്തി തുടങ്ങിയ സംഗീത താപസികളിലെ അവസാനത്തെ കണ്ണിയും അര്‍ജ്ജുനന്‍ മാഷിന്‍റെ ചരമത്തോടെ വിടപറയുകയായി.

സ്നേഹാഞ്ജലിയോടെ ഈ ചെറുഗാനമഞ്ജരി ഗുരുപാദങ്ങളി‍ല്‍ സമര്‍പ്പിക്കുന്നു!

4. ഗാനങ്ങള്‍
ഒന്ന് : ഓര്‍ശലേമിന്‍ നായകാ ... “രാജാങ്കണം” എന്ന സിനിമയില്‍നിന്ന്...
ആലാപനം: പി. സുശീല
രചന,: നെൽസൺ ഫെര്‍ണാണ്ടസ് കൊച്ചി
സംഗീതം. എം. കെ. അര്‍ജ്ജുനന്‍.

രണ്ട് : ആവേ മരിയ... ചാവറയച്ചന്‍റെ വിശുദ്ധപദപ്രഖ്യാപനത്തോടനുബന്ധിച്ച് സിംഎംഐ സഭ ഇറക്കിയ ഗാനശേഖരത്തിലേതാണ് അടുത്ത ഗാനം.
ആലാപനം വില്‍സണ്‍ പിറവവും സംഘവും
രചന: ഒ.എന്‍.വി. കുറുപ്പ്.
സംഗീതം : അര്‍ജ്ജുനന്‍ മാഷ്.

മൂന്ന് : ആദാമിന്‍റെ സന്തതികള്‍... പത്മവ്യൂഹം എന്ന സിനിമയില്‍നിന്ന്...
ആലാപനം : എസ്. ജാനകി.
രചന: ശ്രീകുമാരന്‍ തമ്പി.
സംഗീതം : എം. കെ. അര്‍ജ്ജുനന്‍.

Link for audio : https://www.vaticannews.va/ml/world/news/2020-05/musical-serenade-6-mk-arjunan.html

ഒത്തിരി നല്ല ഈണങ്ങള്‍ മലയാളത്തിനു നല്കി കടന്നുപോയ  എം. കെ. അര്‍ജ്ജുനന്‍ മാസ്റ്ററുടെ ഭക്തിഗാനങ്ങളാണ് ഈ ഗാനമഞ്ജരിയില്‍ ശ്രവിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2020, 12:21