EMMAUS-pasqua2aem.jpg EMMAUS-pasqua2aem.jpg 

ജീവിതയാത്രയില്‍ വെളിച്ചമേകുന്ന ക്രിസ്തുസാന്നിദ്ധ്യം

പെസഹാക്കാലം മൂന്നാംവാരം ഞായര്‍ - സുവിശേഷപരിചിന്തനം ശബ്ദരേഖയോടെ... - വിശുദ്ധ ലൂക്കായുടെ സുവിശേഷം 24, 13-35.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

എമാവൂസിലെ ശിഷ്യന്മാര്‍ -വചനചിന്തകള്‍

1. ഭയന്ന് ഓടിപ്പോയവര്‍
ഇന്നത്തെ സുവിശേഷഭാഗം ഏറെ രസകരമായ എമാവൂസ് സംഭവമാണ് വിവരിക്കുന്നത്. ജരൂസലേം നഗരത്തില്‍നിന്നും ഏകദേശം 30 കിലോമീറ്റര്‍ പടിഞ്ഞാറുഭാഗത്തുള്ളൊരു ഗ്രാമമാണ് എമാവൂസ്. യേശുവിന്‍റെ മരണശേഷം സാബത്തു തീര്‍ന്നപ്പോള്‍ രണ്ടു ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന് ജരൂസലേം വിട്ട് തങ്ങളുടെ ഗ്രാമമായ എമാവൂസിലേയ്ക്ക്, ഒരു വിധത്തില്‍ പറഞ്ഞാല്‍ ഒളിച്ചോടുകയായിരുന്നു. എന്നാല്‍ ഉത്ഥിനായ ക്രിസ്തു മാര്‍ഗ്ഗമദ്ധ്യേ ആ രണ്ടു ശിഷ്യന്മാര്‍ക്കും പ്രത്യക്ഷപ്പെട്ട സംഭവം ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഈ ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ്. ഗുരുവിന്‍റെ മരണത്തെത്തുടര്‍ന്ന് ദുഃഖിതരും നിരാശരും മനം തകര്‍ന്നവരുമായിരുന്നു ആ രണ്ടുപേര്‍. ഗുരുവിനു സംഭവിച്ചത് തങ്ങള്‍ക്കും വന്നു ഭവിക്കുമോ എന്ന ഭീതി അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാവുക്കുരാവേ എന്നോണം അവര്‍ ജരൂസലേം പട്ടണവും മറ്റു ശിഷ്യന്മാരെയും വിട്ടു തങ്ങളുടെ നാട്ടിലേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

2. കൂട്ടായി വന്ന അപരിചിതന്‍
മാര്‍ഗ്ഗമദ്ധ്യേ ഇതാ, ഉത്ഥിതനായ ക്രിസ്തു അവര്‍ക്കു പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ അവിടുന്ന് അവരുടെകൂടെ നടന്നിട്ടും രണ്ടുപേരും അവിടുത്തെ തിരിച്ചറിഞ്ഞില്ല. ഏറെ ദുഃഖിതരായി അവരെ കാണപ്പെടുകയാല്‍, ക്രിസ്തു ആദ്യം ചെയ്തത് അവിടുത്തെ പീഡാസഹനവും, മരണവും രക്ഷകനായ അവിടുത്തെ ജീവിതത്തില്‍ ദൈവത്തിന്‍റെ പദ്ധതിയായിരുന്നെന്ന് അവര്‍ക്ക് വിവരിച്ചു കൊടുത്തു. അക്കാര്യങ്ങള്‍ തിരുവെഴുത്തുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഒന്നൊന്നായി വ്യാഖ്യാനിച്ചുകൊടുത്തു. അങ്ങനെ അവരുടെ ഹൃദയത്തില്‍ അവിടുന്ന് പ്രത്യാശയുടെ തിരിനാളം കൊളുത്തി. അവര്‍ ആത്മനാ പ്രകാശിതരായി.

3. മനം തുറന്ന വിരുന്നുമേശ
രണ്ടുപേരും ഭയപ്പാടോടെ ധൃതിയില്‍ നടന്നു മുന്നേറുകയായിരുന്നെങ്കിലും, മാര്‍ഗ്ഗമദ്ധ്യേ തങ്ങള്‍ക്കു കൂട്ടായി വരികയും, ഏറെ സമയം മിശിഹായെക്കുറിച്ചുള്ള തിരുവെഴുത്തുകളിലെ വചനം തങ്ങള്‍ക്ക് വ്യാഖ്യാനിച്ചു തരുകയും ചെയ്ത അപരിചിതന്‍ അറിവുള്ളവനാണെന്ന് മനസ്സിലായി. അവര്‍ അയാളോടു പറഞ്ഞു, ഇതാ, സന്ധ്യമയങ്ങി. രാത്രിയായി. നിങ്ങള്‍ എങ്ങും പോകേണ്ട. തങ്ങളോടുകൂടെ വസിച്ചാലുമെന്ന് അവര്‍ ആവശ്യപ്പെട്ടു. യേശു ആ ക്ഷണം സ്വീകരിച്ച്, അവരോടൊപ്പം വീട്ടില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ അവര്‍ വീണ്ടും ഒരുമിച്ചിരുന്നപ്പോള്‍, അപ്പം മുറിച്ച് അവിടുന്ന് അവര്‍ക്ക് ആദ്യം പങ്കുവച്ചുകൊടുത്തു. അതു വാങ്ങി ഭക്ഷിക്കവെ, അപരിചിതനായി വന്ന സഹയാത്രികനെ അവര്‍ തിരിച്ചറിഞ്ഞു - അത് യേശുവായിരുന്നു! പെട്ടന്ന്, ആശ്ചര്യപ്പെടുത്തുമാറ് അവരുടെ മദ്ധ്യേനിന്നും ഉത്ഥിതനായ യേശു അപ്രത്യക്ഷനായി. ശ്രവിച്ച തിരുവചനത്തിന്‍റെ വ്യാഖ്യാനത്താല്‍ അവര്‍ പ്രകാശിതരായിരുന്നതിനാലാണ്, അപ്പം മുറിച്ചപ്പോള്‍‍ അവര്‍ അവിടുത്തെ തിരിച്ചറിഞ്ഞത്. അവര്‍ക്ക് അത് യേശുവിന്‍റെ നവമായൊരു സാന്നിദ്ധ്യമായിരുന്നു. ആ സമയത്ത് അവരുടെ ഉള്ളില്‍ ഉയര്‍ന്ന വികാരം, ഉടനെ ജരൂസലേമിലേയ്ക്കു പോകുവാനും, ഉത്ഥിതനായ ക്രിസ്തുവിന്‍റെ തങ്ങള്‍ക്കുണ്ടായ സാന്നിദ്ധ്യാനുഭവം മറ്റു ശിഷ്യന്മാരുമായി പങ്കുവയ്ക്കുവാനുമായിരുന്നു.

4. തിരികെ പോകുവാനുള്ള തീരുമാനം
ഉത്ഥിതന്‍, അപരിചതനെപ്പോലെ തങ്ങളുടെ കൂടെനടന്ന് എമാവൂസുവരെ വന്നതും, അപ്പം മുറിച്ചു പങ്കുവച്ചു ഭക്ഷിക്കവെ തങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ തിരിച്ചറിഞ്ഞതും, മനസ്സിനു പ്രകാശമേകിയ അവിടുത്തെ വാക്കുകളും അവര്‍ ആവര്‍ത്തിച്ചു. അവ എപ്രകാരം തങ്ങളുടെ ജീവിതത്തില്‍ ആത്മധൈര്യവും സാന്ത്വനവും പകര്‍ന്നുവെന്ന് മറ്റുള്ളവരെ അറിയിക്കുവാന്‍ അവര്‍ വെമ്പല്‍കൊണ്ടു. എമാവൂസ്സില്‍ തങ്ങളുടെ വീടുകളിലെത്തിയ ആ ശിഷ്യന്മാര്‍ രണ്ടുപേരും ഉടനെതന്നെ തിടുക്കത്തില്‍ തിരികെ ജരൂസലേമിലേയ്ക്കു പുറപ്പെട്ടു.

5. വിശ്വാസ ജീവിതത്തിലെ ഒളിച്ചോട്ടങ്ങള്‍
രണ്ടു ശിഷ്യന്മാരുടെ എമാവൂസിലേയ്ക്കുള്ള ഒളിച്ചോട്ടത്തിന്‍റെ യാത്രയെക്കുറിച്ചു ചിന്തിക്കുമ്പോള്‍, ഇന്നത് നമ്മുടെ ഓരോരുത്തരുടെയും വിശ്വാസയാത്രയുടെ പ്രതീകമാണതെന്നു മനസ്സിലാക്കാം. എമാവൂസ് യാത്രയ്ക്കിടെ പ്രതിപാദിക്കപ്പെടുന്ന തിരുവചനത്തിന്‍റെ വ്യാഖ്യാനവും, അപ്പം മുറിക്കല്‍ ശുശ്രൂഷയും വിശ്വാസ യാത്രയില്‍ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. നമ്മളും ജീവിതത്തില്‍ വ്യഗ്രതയോടെയാണ് യാത്രചെയ്യുന്നത്. ഞായറാഴ്ച ദിവ്യബലിക്കു പോകുമ്പോഴും എന്തെല്ലാം ജീവിതപ്രശ്നങ്ങളാണ് നമ്മെ അലട്ടുന്നത്. ജീവിതപ്രശ്നങ്ങളും പ്രയാസങ്ങളും നിരാശയും ഒക്കെ നമ്മുടെ മനസ്സിലുണ്ട്. ജീവിതപ്രതിബന്ധങ്ങള്‍ നമ്മെ മുറിപ്പെടുത്തുന്നു.

6. തിരികെ വിളിക്കുന്ന ദൈവം
അങ്ങനെ ജീവിതത്തിന്‍റെ ദുഃഖവും ദുഃഖഭാരവും മനസ്സിലേറ്റിക്കൊണ്ടും, ദൈവിക പദ്ധതികള്‍ക്കു പുറംതിരിഞ്ഞുകൊണ്ടുമാണ് നമ്മുടെ ജീവതത്തിന്‍റെ എമാവൂസികളിലേയ്ക്ക് നാം ഓടിയൊളിക്കുന്നത്. നാം ദൈവത്തില്‍നിന്ന് അകന്നിരിക്കാന്‍ ഇഷ്ടപ്പെടുന്നുവോ? ഇന്നത്തെ വചനത്തിലൂടെ തന്നിലേയ്ക്ക് നിങ്ങളെയും എന്നെയും ദൈവം തിരികെ വിളിക്കുകയാണ്. നമ്മുടെ ഹൃദയങ്ങളെ ഉദ്ദീപിപ്പിക്കുവോളം അവിടുന്നു തന്‍റെ വചനം നമുക്കായി പങ്കുവയ്ക്കുകയും, വ്യാഖ്യാനിച്ചു തരികയും ദിവ്യകാരുണ്യത്തിലൂടെ ശക്തിപകര്‍ന്നുകൊണ്ട് വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും ഊഷ്മളത നമുക്കായ് പകുത്തുനല്കുകയും ചെയ്യുന്നു.

7. പാതയില്‍ വിളക്കും  പാദത്തിനു പ്രകാശവും
ജീവിതയാത്രയില്‍ തിരുവചനത്തിന്‍റെയും ദിവ്യകാരുണ്യത്തിന്‍റെയും സാന്നിദ്ധ്യവും ലഭ്യതയും ആത്മീയശക്തിയും നമുക്കുണ്ട്. അതിനാല്‍ അനുദിനം വചനം വായിക്കുന്ന ശീലം ഇനിയും നമുക്കു വളര്‍ത്തിയെടുക്കാം – ഒരു ദിവസം ഒരു അദ്ധ്യായമെങ്കിലും വായിക്കാം. അതുപോലെ ഞായറാഴ്ചകളില്‍ എങ്കിലും ദിവ്യബലിയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യനാഥനെ ഉള്‍ക്കൊള്ളാം. എമാവൂസിലേയ്ക്ക് ഓടിപ്പോയ ശിഷ്യന്മാര്‍ യേശുവിന്‍റെ വചനം ശ്രവിച്ചു, അവരതു സ്വീകരിച്ചു. അവര്‍ അവിടുത്തോടൊപ്പം അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുത്തു. അങ്ങനെ ദുഃഖാര്‍ത്തരും നിരാശരുമായിരുന്നവര്‍ സന്തോഷവാന്മാരും സന്തുഷ്ടരുമായിത്തീര്‍ന്നു.
ദൈവവചനവും ദിവ്യാകാരുണ്യവും നമ്മെ എന്നും ആനന്ദഭരിതരും സംതൃപ്തരുമാക്കും എന്നതില്‍ സംശയമില്ല. മനസ്സില്‍ ഭാരമേറുമ്പോള്‍ ദൈവവചനത്തിന് കാതോര്‍ക്കാം. അപ്പോള്‍ യേശു നമ്മോടു സംസാരിക്കും. അതുപോലെ ജീവിതഭാരം ഏറുമ്പോഴും, നിരാശയാല്‍ തളരുമ്പോഴും നമുക്ക് ദിവ്യകാരുണ്യനാഥന്‍റെ സവിധത്തില്‍ അണഞ്ഞ്, അവിടുത്തെ ആത്മനാ ഉള്‍ക്കൊള്ളാം, അവിടുത്തെ ശ്രവിക്കാം, സ്വീകരിക്കാം! ക്ലേശങ്ങളുടെ ഇക്കാലഘട്ടത്തില്‍ യേശു നമുക്ക് ജീവിതയാത്രയില്‍ മുന്നേറാനുള്ള ശക്തിപകരും, ആത്മീയവീര്യവും പകര്‍ന്നു നല്കും. ദൈവവചനവും ദിവ്യകാരുണ്യവും അനുദിന ജീവിതയാത്രയില്‍ നമുക്ക് ആത്മീയശക്തിയായ് ഭവിക്കട്ടെ!

8. പ്രാര്‍ത്ഥന
എമാവൂസിലേയ്ക്ക് ഭയന്ന് ഒളിച്ചോടിപ്പോയ ശിഷ്യന്മാരെപ്പോലെ ഞങ്ങളും ഇപ്പോഴിതാ, പ്രക്ഷുബ്ധമായ ജീവിതക്കടലില്‍, മാനവികതയുടെ പിടിയിലൊതുങ്ങാത്തൊരു മഹാമാരിയാല്‍ തത്രപ്പെടുകയാണ്, ഭയന്നു ജീവിക്കുകയാണ്. ഞങ്ങളിതാ, അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. ദൈവമേ, അങ്ങ് ഉണര്‍ന്ന്, ഞങ്ങളെ രക്ഷിക്കണമേ! അന്നപാനങ്ങളായ് അങ്ങേ ദേഹരക്തങ്ങളും വചനവും ഞങ്ങള്‍ക്കായ് പകുത്തു നല്കിയ ഉത്ഥിതനായ യേശുവേ... അങ്ങേ വചനത്തിന്‍റെയും ദിവ്യകാരുണ്യത്തിന്‍റെയും ശക്തിയാല്‍ ഞങ്ങളെ രക്ഷിക്കണമേ, ഞങ്ങളെ സൗഖ്യപ്പെടുത്തണമേ! ഞങ്ങള്‍ക്ക് നവജീവന്‍‍ പകരണമേ!!

ഗാനം ആലപിച്ചത് ആന്‍റെണി ഐസക്സ്, രചന പ്രഫസര്‍ മാത്യു ഉലകംതറ,
സംഗീതം ജെറി അമല്‍ദേവ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 April 2020, 12:06