GERMANY-WEATHER GERMANY-WEATHER 

ആര്‍ക്കു നമ്മെ രക്ഷിക്കാനാകും? സങ്കീര്‍ത്തകന്‍റെ ചോദ്യം

89-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം മൂന്നാംഭാഗം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ദൈവികചിന്തയുണര്‍ത്തുന്ന ഗീതം - മൂന്നാംഭാഗം

1. വാഗ്ദാനങ്ങള്‍ പാലിക്കുന്ന ദൈവം
അന്‍പത്തിരണ്ട് വരികളുള്ള നീണ്ട സങ്കീര്‍ത്തനമാകയാല്‍ വരികളുടെ പരിചയപ്പെടല്‍ തുടരുകയാണ്. ആദ്യത്തെ 17 വരികളില്‍ ദൈവത്തെ സ്തുതിച്ചു പാടുന്ന സങ്കീര്‍ത്തകനെ നാം കണ്ടു. 18-മുതല്‍ 37-വരെയുള്ള വരികളില്‍ ദൈവിക അരുളപ്പാടുകള്‍ എപ്രകാരം മനുഷ്യജീവിതത്തില്‍ മാര്‍ഗ്ഗദര്‍ശിയാകുന്നുവെന്ന് വളരെ ക്രമമായി രേഖപ്പെടുത്തിയിരിക്കുന്നതും, രണ്ടാം ഭാഗമായി കഴിഞ്ഞ തവണ പഠിച്ചതാണ്. എപ്രകാരം ദൈവം മനുഷ്യചരിത്രത്തില്‍ തന്‍റെ അരുളപ്പാടുകളിലൂടെ ഇടപെടുകയും ഒരു ജനത്തെ തനിക്കായി തിരഞ്ഞെടുത്തു നയിക്കുകയും ചെയ്തുവെന്നു നാം കണ്ടു. അവരെ രാജാക്കന്മാരിലൂടെ – അഭിഷിക്തരായ വ്യക്തികളിലൂടെ നയിക്കുകയും, അവരുമായി ഉടമ്പടി സ്ഥാപിക്കുകയും അങ്ങനെ ദൈവം ജനത്തെ ഭരിക്കുകയും ചെയ്തുവെന്നു നാം പഠിച്ചതാണ്. അബ്രാഹത്തിലൂടെ തന്‍റെ വാഗ്ദാനങ്ങളും ഉടമ്പടികളും നല്കിയ ദൈവം അത് പിന്നീട് മോശയിലൂടെ കൂടുതല്‍ യാഥാര്‍ത്ഥ്യമാക്കുന്നത് അചഞ്ചലമായ ദൈവസ്നേഹത്തിന്‍റെ അടയാളങ്ങളായി സങ്കീര്‍ത്തനവരികളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തുടര്‍ന്നും നമുക്കിന്നു മനസ്സിലാക്കാം.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.

Musical Version of Ps 89 Unit One
കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നൂ
നിന്‍റെ അചഞ്ചലസ്നേഹത്തെ
വാഴ്ത്തും ഞാന്‍, വാഴ്ത്തും ഞാന്‍
തലമുറതോറും വാഴ്ത്തും ഞാന്‍.
കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും
എന്‍റെ അധരങ്ങള്‍ തലമുറകളോട് അങ്ങേ വിശ്വസ്തത പ്രഘോഷിക്കും
എന്തെന്നാല്‍ അങ്ങയുടെ കൃപ എന്നേയ്ക്കും നിലനില്ക്കുന്നു
അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാകുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു.

2. അഭിഷിക്തരെ  താഴെയിറക്കിയ  ദൈവം
38-മുതല്‍ 45-വരെയുള്ള വരികള്‍ പരിചയപ്പെടാം.
Recitation of line Ps. 89, 38-45.
ദൈവമേ, അങ്ങ് അവനെ പരിത്യജിച്ചു,
അങ്ങേ അഭിഷിക്തന്‍റെ നേരെ അങ്ങു ക്രൂദ്ധനായി.
അങ്ങയുടെ ദാസനോടു ചെയ്ത ഉടമ്പടി അങ്ങ് ഉപേക്ഷിച്ചു.
അവിടുന്ന് അവന്‍റെ കിരീടത്തെ നിലത്തെറിഞ്ഞു മലിനമാക്കി.
അവിടുന്ന് അവന്‍റെ മതിലുകള്‍ തകര്‍ത്തു,
അവന്‍റെ ദുര്‍ഗങ്ങള്‍ ഇടിച്ചുനിരത്തി
വഴിപോക്കര്‍ അവനെ കൊള്ളയടിക്കുന്നു
അവന്‍ അയല്‍ക്കാര്‍ക്കു പരിഹാസപാത്രമായി.
അങ്ങ് അവന്‍റെ വൈരികളുടെ വലതുകൈ ഉയര്‍ത്തി,
അവന്‍റെ സകല ശത്രുക്കളെയും സന്തോഷിപ്പിച്ചു.
അവന്‍റെ വാളിന്‍റെ വായ്ത്തല മടക്കി,
യുദ്ധത്തില്‍ ചെറുത്തുനില്ക്കാന്‍ അവനു കഴിവില്ലാതാക്കി.
അവിടുന്ന് അവന്‍റെ കൈയില്‍നിന്നു ചെങ്കോല്‍ എടുത്തുമാറ്റി,
സിംഹാസനത്തെ മണ്ണില്‍ മറിച്ചിട്ടു.
അഭിഷിക്തന്‍റെ യൗവ്വന നാളുകള്‍ അവിടുന്നു വെട്ടിച്ചുരുക്കി
അവിടുന്ന് എന്നെ അപമാനിതനാക്കീ (2).

3. തിന്മയെ നിരസിക്കുന്ന ദൈവം
സങ്കീര്‍ത്തനവരികളില്‍ ഭാവാത്മകമായ വലിയ വ്യത്യാസമാണ് കാണുന്നത്. ഉടമ്പടി ലംഘിക്കുന്നവര്‍ ശിക്ഷിക്കപ്പെടും എന്ന അടിസ്ഥാന നിയമമാണ് ഈ ഭാഗത്ത് ഭാവവ്യത്യാസമായി നാം കാണുന്നത്. വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമായി ദൈവം തന്‍റെ അഭിഷിക്തനെ തള്ളിക്കളയുന്നത് അയാള്‍ ദൈവകല്പന ലംഘിച്ചും നിഷേധിച്ചും ജീവിച്ചതുകൊണ്ടാണ്. ഉടമ്പടി ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് അഭിഷിക്തനായ രാജാവിനെ ദൈവം കൈവെടിയുകയും, ശിക്ഷിക്കുകയും ചെയ്യുന്നത്. രാജ്യം അന്യാധീനമാക്കപ്പെട്ടു. ദൈവവുമായി ഉടമ്പടി ചേര്‍ന്ന ജനത്തിന് എതിരായി ശത്രുക്കള്‍ പെരുകിയിരിക്കുന്നു. രാജാവിന് തന്‍റെ വൈരികളെ നേരിടാന്‍ കെല്പില്ലാതായി. വൈരികളായിവന്നവര്‍ ദൈവത്തിന്‍റെ ശിക്ഷണരീതിയുടെ പരിവേഷമായി ജറമിയ പ്രവാചകന്‍ വ്യാഖ്യാനിക്കുന്നുണ്ട്. ജരൂസലേമിന്‍റെ പതനത്തിന് കാരണക്കാരനായ നെബുക്കദനേസര്‍ രാജാവിനെ കര്‍ത്താവിന്‍റെ ദാസനായി പ്രവാചകന്‍ അഭിസംബോധനചെയ്യുന്നതു കാണാം (ജെറമിയ 25, 9).

അന്നാളുകളിലെ യാതനകള്‍ക്കിടയിലെ ദൈവകരം കാണുവാനോ മനസ്സിലാക്കുവാനോ ജനത്തിനായില്ല, അവരുടെ നായകര്‍ക്കും പലപ്പോഴും കഴിഞ്ഞില്ല. ഇന്ന് ആധുനിക കാലത്തെ മനുഷ്യരും ആശ്ചര്യപ്പെടുമായിരിക്കാം. ക്രിസ്തുവിന്‍റെ കാലത്തെ ജനങ്ങള്‍ക്കും യഹൂദാരാചര്യന്മാര്‍ക്കും അവിടുത്തെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും സാധിക്കാതെപോയി. അവിടുന്ന് ലോകത്തിന്‍റെ പ്രകാശമാണെന്നു പറഞ്ഞപ്പോള്‍, അവര്‍ സ്തംഭിച്ചുനിന്നു. എന്താണീ ലോകത്തിന്‍റെ പ്രകാശം! എന്നാല്‍ ഈ രാജകീയ സങ്കീര്‍ത്തന വരികളില്‍ ഗായകന്, സങ്കീര്‍ത്തകന് ദൈവത്തിന്‍റെ കരങ്ങളുടെ പ്രവര്‍ത്തനവും ദൈവിക ഇടപെടലുകളും മനസ്സിലാക്കാന്‍ ഒരു പരിധിവരെ സാധിച്ചുവെന്ന സത്യം വരികള്‍ തെളിയിക്കുന്നു. 38-Ɔമത്തെവരി ഇതു വ്യക്തമാക്കുന്നു. ദൈവം തന്‍റെ അഭിഷിക്തനെ പരിത്യജിച്ചു. അവനോടു ക്രൂരമായി പെരുമാറി. ദൈവമേ, അങ്ങ് അവനെ പരിത്യജിച്ചു,
അങ്ങേ അഭിഷിക്തന്‍റെ നേരെ അങ്ങു ക്രൂദ്ധനായി (സങ്കീ.89, 38).

Musical Version of Ps 89 Unit two
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു
അങ്ങയുടെ നീതിയെ ഞങ്ങളെന്നും പാടിപ്പുകഴ്ത്തുന്നു
അങ്ങാണു ഞങ്ങളുടെ ശക്തിയും മഹത്വവും
അങ്ങയുടെ പ്രസാദംകൊണ്ട് ഞങ്ങളുടെ ജീവിതങ്ങള്‍ ഉയര്‍ന്നുനില്ക്കുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു.

4. അവസാന വരികളുടെ ധ്യാനാത്മകത
46-മുതല്‍ 52-വരെയുള്ള വരികള്‍.
Recitation of Verses 46-47 of Ps 89
കര്‍ത്താവേ, ഇത് എത്രനാളത്തേയ്ക്ക്? അങ്ങ് എന്നേയ്ക്കും മറഞ്ഞിരിക്കുമോ?
അങ്ങയുടെ ക്രോധം എത്രകാലം അഗ്നിപോലെ ജ്വലിക്കും?
കര്‍ത്താവേ, അങ്ങയുടെ പൂര്‍വ്വസ്നേഹം എവിടെ? വിശ്വസ്തനായ അങ്ങു ദാവീദിനോടു ചെയ്ത ശപഥം എവിടെ?

5. മരണം കാണാതെ ജീവിക്കാനാവുമോ മര്‍ത്ത്യന്?
സങ്കീര്‍ത്തകന്‍ അവസാന വരികളില്‍ ധ്യാനാത്മകനാകുന്നു :
വരികള്‍ 48-മുതല്‍ 52-വരെ

മരണം കാണാതെ ജീവിക്കാന്‍ കഴിയുന്ന മനുഷ്യനുണ്ടോ?
ജീവനെ പാതാളത്തിന്‍റെ പിടിയില്‍നിന്നു വിടുവിക്കാന്‍ മനുഷ്യര്‍ക്കാവുമോ?
ദൈവമേ, അങ്ങേ ശത്രുക്കള്‍ രാജാവിനെ നിന്ദിക്കുന്നു
അങ്ങയുടെ അഭിഷിക്തന്‍റെ പിന്‍ഗാമികളെ അവര്‍ പരിഹസിക്കുന്നു.
അങ്ങേ ദാസന്‍ എത്ര നിന്ദിക്കപ്പെടുന്നെന്ന് ഓര്‍ക്കണമേ!
ശത്രുക്കളുടെ പരിഹാസശരം എന്‍റെ നെഞ്ചില്‍ ഏല്ക്കുന്നു.
കര്‍ത്താവേ, അങ്ങയുടെ ശത്രുക്കള്‍ അവനെ നിന്ദിക്കുന്നു,
അങ്ങയുടെ അഭിഷിക്തന്‍റെ പിന്‍ഗാമികളെ അവര്‍ പരിഹസിക്കുന്നു.
കര്‍ത്താവ് എന്നേയ്ക്കും വാഴ്ത്തപ്പെടട്ടെ, ആമേന്‍ ആമേന്‍!

6. ജനത്തെ ഉപേക്ഷിക്കല്ലേ ദൈവമേ....!
സങ്കീര്‍ത്തകന്‍റെ യാചനയാണിത്. ശത്രുക്കള്‍ തങ്ങളെ കീഴ്പ്പെടുത്തുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ മനുഷ്യന്‍ നിസംഗനായി ദൈവത്തെ വിളിച്ചപേക്ഷിക്കുന്നത് ശത്രുക്കള്‍ക്ക് എതിരായിട്ടാണെങ്കില്‍, ആരാണിന്ന് മനുഷ്യന്‍റെ ശത്രുവെന്ന് ചിന്തിക്കേണ്ടതാണ്? ഭീകരവാദികളോ, ഇന്നും അവിടവിടെ യുദ്ധംചെയ്യുന്ന രാജ്യങ്ങളോ, ആയുധനിര്‍മ്മാതാക്കളോ, ആയുധവിപണനം നടത്തുന്നവരോ, അഭ്യന്തരകലാപങ്ങള്‍ സൃഷ്ടിക്കുന്ന വിമതരോ, ഏകാധിപതികളും സ്വാര്‍ത്ഥരും അഴിമതിക്കാരുമായ ഭരണകര്‍ത്താക്കളോ രാഷ്ട്രത്തലവന്മാരോ? അല്ല! മനുഷ്യദൃഷ്ടിക്ക് അദൃശ്യവും അഗോചരവും, ഇനിയും നിയന്ത്രിക്കാനാവാത്തതും, ആയിരങ്ങളെ അനുദിനം ലോകത്തെവിടെയും കൊന്നൊടുക്കുന്നതുമായ കൊറോണവൈറസ്സാണ് – അണുതുല്യമായ ജീവിയാണ്!

ഇന്ന് ആര്‍ക്ക് നമ്മുടെ ഈ ലോകത്തെ രക്ഷിക്കാനാകും? ശാസ്ത്രലോകവും, സാങ്കേതികതയും, മതങ്ങളും നിസ്സഹായരായി തപ്പിത്തടയുകയാണ്. ജീവനെ രക്ഷിക്കാന്‍ ഒരു മതത്തിനും ആവുകയില്ല. അതിനാല്‍ മനുഷ്യര്‍ ഇന്ന് സ്രഷ്ടാവും ജീവന്‍റെ അതിനാഥനുമായ ദൈവത്തിങ്കലേയ്ക്ക് തിരിയണമെന്ന് സങ്കീര്‍ത്തന വരികള്‍ നമ്മെ അനുസ്മരിപ്പിക്കുന്നുണ്ടെന്ന ചിന്തയോടെ ഗായകനോടൊപ്പം നമുക്ക്  സങ്കീര്‍ത്തനം 89-ന്‍റെ ആമുഖപഠനം ഉപസംഹരിക്കാം - ദൈവം എന്നേയ്ക്കും വാഴ്ത്തപ്പെടട്ടെ, ആമേന്‍! (സങ്കീ. 89, 52).

Musical Version of Ps 89 Unit three
കര്‍ത്താവേ, അങ്ങാണു ഞങ്ങളുടെ പരിചയും കോട്ടയും
ഇസ്രായേലിന്‍റെ പരിശുദ്ധനും അതിന്‍റെ രാജാവും അങ്ങാകുന്നു
പണ്ടൊരു ദര്‍ശനത്തില്‍ അവിടുന്നു തന്‍റെ ജനത്തോട് അരുള്‍ചെയ്തു
ശക്തനായ ഒരവനെ ഞാന്‍ കിരീടമണിയിച്ചൂ.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു

അടുത്തയാഴ്ചയില്‍ സങ്കീര്‍ത്തനം 89, രാജകീയ സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാനപഠനം ആരംഭിക്കും. (ഭാഗംനാല്). 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 April 2020, 12:27