INDIA-HEALTH-VIRUS INDIA-HEALTH-VIRUS 

കൊറോണയെ നേരിടാന്‍ സഭയുടെ ഉപവിപ്രസ്ഥാനം “കാരിത്താസ്”

കാരിത്താസും സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘവും കൈകോര്‍ത്തു പ്രവര്‍ത്തിക്കും

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ പദ്ധതിയോടും സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍റെ വകുപ്പിനോടും ( Discastery for Integral Human Development) സഹകരിച്ച് വൈറസ് രോഗബാധിതരെ ചികത്സിക്കുന്നതിനും രോഗനിവാരണത്തിനുമായി സമ്പത്തിക പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് “കാരിത്താസ്” രാജ്യാന്തര ഉപവി പ്രസ്ഥാനം (Caritas International) അറിയിച്ചു. ഏപ്രില്‍ 16-Ɔο തിയതി വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് സഭയുടെ രാജ്യാന്തര ഉപവിപ്രസ്ഥാനം മാനവികതയുടെ അടിയന്തിരാവസ്ഥയ്ക്കായുള്ള അതിന്‍റെ പ്രവര്‍ത്തന പദ്ധതി വെളിപ്പെടുത്തിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സഭാ സംവിധാനങ്ങളോടു ചേര്‍ന്ന് കൊറോണ പ്രതിസന്ധിയില്‍ ജനങ്ങളെ പിന്‍തുണയ്ക്കാന്‍ കാരിത്താസ് ഇറങ്ങിക്കഴിഞ്ഞുവെന്നും പ്രസ്താവന അറിയിച്ചു.

2. ദേശീയ ഓഫിസുകള്‍വഴി പ്രവര്‍ത്തിക്കും
ഏറ്റവും അടിയന്തിര ആവശ്യങ്ങളുള്ള രാജ്യങ്ങളി‍ല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള “കാരിത്താസ്” (Cartias) കൂടുതല്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ടതില്‍, 140-ല്‍ അധികം ദേശീയ സഭകള്‍ അവരുടെ മെത്രാന്‍ സമിതികള്‍വഴി വൈറസ് രോഗബാധ സംബന്ധിച്ച ആവശ്യങ്ങള്‍  അറിയിച്ചിട്ടുണ്ടെന്നും, കാരിത്താസിന്‍റെ ദേശീയ ഓഫിസുകള്‍ വഴി അവയോട് ഉചിതമായും അടിയന്തിരമായും സഹായം എത്തിച്ചുകൊടുക്കുമെന്നും പ്രസ്താവന വ്യക്തമാക്കി.

3. പാപ്പാ ഫ്രാന്‍സിസ് ആവശ്യപ്പെടുന്ന 
ഊര്‍ജ്ജസ്വലതയും കാര്യക്ഷമതയും

“നാളെയ്ക്കായി മാറ്റിവയ്ക്കാതെ  ജനങ്ങളുടെ അടിയന്തിരമായ ആവശ്യങ്ങളിലേയ്ക്ക് ഊര്‍ജ്ജസ്വലതയോടെ ഇറങ്ങിച്ചെല്ലണ…”മെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ഉപദേശം ഉള്‍ക്കൊണ്ട് പ്രസ്ഥാനം  ഈ വന്‍വിപത്തില്‍ മാനവകുടുംബത്തിന്‍റെ കൂടെനില്ക്കുമെന്നും ജീവന്‍ പരിരക്ഷിക്കുന്നതിനുള്ള കാരിത്താസിന്‍റെ  പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്നും പ്രസ്താവന ഉറപ്പുനല്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 April 2020, 10:14