Pope Francis Pope Francis  

വനിതകള്‍ വിശ്വസാഹോദര്യത്തിന്‍റെ പ്രയോക്താക്കള്‍

അബുദാബി വിശ്വസാഹോദര്യ പ്രഖ്യാപനത്തില്‍ (Human Fraternity Declaration) പങ്കുചേരാന്‍ രാജ്യാന്തര വനിത പ്രസ്ഥാനങ്ങള്‍ മുന്നോട്ട്!

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. അബുദാബി സാഹോദര്യ പ്രഖ്യാപനത്തിന് പിന്‍തുണ
വിശ്വസാഹോദര്യക്കൂട്ടായ്മയില്‍ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച് ആഗോള കത്തോലിക്കാ വനിത സംഘടനകളുടെ കൂട്ടായ്മ (World Union of Catholic Women’s Organizations) മാര്‍ച്ച് 3-Ɔο തിയതി ചൊവ്വാഴ്ച റോമില്‍ ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു. അബുദാബി പ്രഖ്യാപനത്തോടു സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധത വിവിധ മതങ്ങളുടെ വനിത സംഘടനകള്‍ അവിടെ തുറന്നു പ്രകടമാക്കിയെന്ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വക്താവ്, സിസ്റ്റര്‍ ബെര്‍ണഡീറ്റ് റെയ്സ് അറിയിച്ചു. എമിറേറ്റ് രാജ്യങ്ങളുടെ തലവന്മാരുടെ പിന്‍തുണയോടെ ഈജിപ്തിലെ വലിയ ഇമാം മുഹമ്മദ് അല്‍ തയ്യീബിന്‍റെയും പാപ്പാ ഫ്രാന്‍സിസിന്‍റെയും നേതൃത്വത്തിലാണ് അബുദാബിയില്‍വച്ച് 2019 ഫെബ്രുവരിയില്‍ വിശ്വസാഹോദര്യ പ്രഖ്യാപനം നടന്നത്.

2. റോമില്‍ സംഗമിച്ച വനിതാ സംഘടനകള്‍
വിശ്വാസാഹോദ്യക്കൂട്ടായ്മയുടെ പ്രഖ്യാപനത്തെ പിന്‍തുണച്ചും, പ്രവര്‍ത്തനങ്ങള്‍ക്കു സന്നദ്ധവുമായ ബൗദ്ധ, ഹിന്ദു, ഇസ്ലാം, ഹെബ്രായ, സഭൈക്യക്കൂട്ടായ്മകളിലെ സ്ത്രീകളുടെ സംഘടനകള്‍ മുന്നോട്ടുവന്നതായി സമ്മേളനത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ റെയ്സ് അറിയിച്ചു..
“സ്ത്രീകള്‍ മാനവസഹോദര്യത്തിന്‍റെ പ്രയോക്താക്കള്‍,” എന്നു ശീര്‍ഷകംചെയ്തിരുന്ന സമ്മേളനത്തില്‍ വിവിധ മതസംഘടനകളും പ്രസ്ഥാനങ്ങളും പങ്കെടുക്കുകയും അവരുടെ പിന്‍തുണ പ്രഖ്യാപിക്കുകയും ചെയ്തതായി സമ്മേളനത്തിന്‍റെ റിപ്പോര്‍ട്ട് വ്യക്തിമാക്കി.

3. ഇസ്ലാമിക കാഴ്ചപ്പാട്
പാപ്പാ ഫ്രാന്‍സിസ് അറബ് ഉപഭൂഖണ്ഡത്തില്‍നിന്നുകൊണ്ട് എമിറേറ്റ് ഭരണാധിപന്മാര്‍ക്കൊപ്പം വിശ്വസാഹോദര്യ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത് സമാധാനത്തിന്‍റെ പാതയിലെ വലിയ കാല്‍വയ്പായി കാണുന്നതായി ഇറാനിയന്‍ ദൈവശാസ്ത്രപണ്ഡിത, ഷാറസാദ് ഊസ്മന്ത് പ്രസ്താവിച്ചു. പ്രഖ്യാപനത്തില്‍ ഒപ്പുവച്ചവര്‍ സമന്മാരും, രണ്ടു മതങ്ങളുടെ ഇസ്ലാം ക്രൈസ്തവ, രണ്ടു വലിയ മതങ്ങളുടെ സമുന്നത നേതാക്കളുമാണെന്ന് പ്രഫസര്‍ ഊസ്മന്ത് ചൂണ്ടിക്കാട്ടി. ദൈവത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് ആരംഭിക്കുന്ന പ്രഖ്യാപനം, അവസാനം പാവങ്ങളുടെ സമുദ്ധാരണത്തില്‍, അവരെ കൈപിടിച്ചുയര്‍ത്തേണ്ട ആവശ്യകതയില്‍ എത്തിച്ചേരുന്നതും ശ്രദ്ധേയമായ ഇന്നിന്‍റെ വിശ്വവീക്ഷണമാണെന്ന് ഫ്രഫ. ഊസ്മന്ത് നിരീക്ഷിച്ചു. മാനവികമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കാനുള്ള ഈ രണ്ടു വലിയ മതനേതാക്കളുടെ ആഹ്വാനംതന്നെ ലോകത്ത് സമാധാനത്തിന്‍റെയും കൂട്ടായ്മയുടെയും തരംഗങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ഡോ. ഊസ്മന്ത് അഭിപ്രായപ്പെട്ടു.

4. ബുദ്ധമത വീക്ഷണം
മാനവസാഹോദര്യ പ്രഖ്യാപനത്തില്‍ സ്ത്രീകള്‍ പങ്കുചേരുകയും, വിശ്വസാഹോദര്യത്തിന്‍റെ മേഖലയില്‍ അവര്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് ഇറ്റലിയിലെ ബൗദ്ധമത കൂട്ടായ്മയുടെ ഉപാദ്ധ്യക്ഷ, എലേന ഷെയ്ഷിന്‍ വിവിയാനി അഭിപ്രായപ്പെട്ടു. സമ്മിശ്രമായി നടമാടുന്ന മാനവിക യാതനകള്‍ക്കെതിരെ കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും വിവിയാനി പ്രസ്താവിച്ചു. കാരണം വ്യക്തിഗത സുസ്ഥിതി യാഥാര്‍ത്ഥ്യമാകുന്നത് സകലരുടെയും സമഗ്രസുസ്ഥിതി യാഥാര്‍ത്ഥ്യമാകുമ്പോഴാണ്. സ്ത്രീകള്‍ ജീവന്‍റെ സ്രോതസ്സാകയാല്‍ സാഹോദര്യത്തിനുള്ള കാരുണ്യത്തിന്‍റെ വക്താക്കളാകുവാനും സ്ത്രീകള്‍ക്കു സാധിക്കുമെന്ന് വിവിയാനി വ്യക്തമാക്കി.

5. ഹൈന്ദവ വീക്ഷണം
ഇറ്റലിയിലെ ഹൈന്ദവ കൂട്ടായ്മയുടെ ഉപാദ്ധ്യക്ഷ സ്വാമിനി ഹംസാനന്ദി ഗിരി മാധ്യമശ്രൃംഖലയിലൂടെയാണ് സമ്മേളനത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. പ്രവൃത്തിപഥത്തില്‍ കൊണ്ടുവരേണ്ട ശക്തമായ പ്രബോധനവും, ലോകസമാധാനത്തിനുള്ള ഉപകരണവുമാണ് അബുദാബി വിശ്വസാഹോദര്യ പ്രഖ്യാപനമെന്ന് അഭിപ്രായപ്പെട്ടു. ഒപ്പം അത് സാഹോദര്യത്തിനും സമാധാനത്തിനുമായുള്ള സംവാദത്തിന്‍റെ പ്രമാണരേഖയാണെന്നും ഹംസാനന്ദി അഭിപ്രായപ്പെട്ടു. കാരുണ്യവും സാഹോദര്യവും സ്ത്രീകളോടുള്ള ആദരവും ഹിന്ദുമതത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളാണെന്നും ഹംസാനന്ദി സമര്‍ത്ഥിച്ചു.

6. യഹൂദരുടെ ദര്‍ശനം
ഇറ്റലിയിലെ യഹൂദ സമൂഹങ്ങളുടെ കൂട്ടായ്മയിലെ ബോര്‍ഡ് അംഗം
സബ്രീന കോയന്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പരസ്പരം അറിയാന്‍ ഒത്തുചേരുന്ന വിജ്ഞാനം കൂട്ടായ്മയുടെ ഹെബ്രായമൂല്യമാണെന്ന് സബ്രീന പറഞ്ഞു. പുരുഷന്മാരുടെ മുന്‍വിധികളെ മറികടക്കുവാനും പ്രതിസന്ധികളെ ലഘൂകരിക്കുവാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാനും അവരെ തുണയ്ക്കുകയാണ് യഹൂദ സ്ത്രീകളുടെ സമൂഹത്തിലെ വലിയ പങ്കെന്ന് മോശയുടെ കല്പന പഠിപ്പിക്കുന്നത് സബ്രീന കോയന്‍ സമ്മേളനത്തില്‍ വിവരിച്ചു.

7. സഭൈക്യ വീക്ഷണത്തില്‍ സ്ത്രീകളുടെ പങ്ക്
സഭകളുടെ ആഗോള കൂട്ടായ്മയുടെ (World Council of Churches) ജനറല്‍ സെക്രട്ടറി, പ്രഫസര്‍ ഇസബേല്‍ അപാവോ ഫീരി പങ്കെടുത്തു. മാനവസാഹോദര്യ പ്രഖ്യാപനം ദൈവമക്കളുടെ പൊതുവായ അന്തസ്സ് അംഗീകരിക്കുന്നത് പ്രഫസര്‍ ഇസബേല്‍ ചൂണ്ടിക്കാട്ടി. മാനവകുടുംബം ഒന്നാണെന്ന വീക്ഷണം പ്രധാനപ്പെട്ടതാണെന്നും പ്രഫസര്‍ ഇസബേല്‍ പ്രസ്താവിച്ചു.

8. കത്തോലിക്ക വീക്ഷണം
ഇന്നിന്‍റെ സമൂഹത്തെ സാഹോദര്യത്തില്‍ കൂടുതല്‍ രൂപപ്പെടുത്താന്‍ സഹായകമായ പ്രമാണരേഖയാണ് വിശ്വസാഹോദര്യ പ്രഖ്യാപനമെന്ന് ആഗോള കത്തോലിക്കാ വനിത സംഘടനകളുടെ കൂട്ടായ്മയുടെ പ്രസിഡന്‍റ്, ഡോ. സെര്‍വീനോ മരിയ ലിയ അഭിപ്രായപ്പെട്ടു. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സാഹോദര്യത്തില്‍ ഒത്തുചേരാന്‍ സാധിക്കും, കാരണം ദൈവസ്നേഹത്തിന്‍റെ മറുപുറമാണ് സഹോദരസ്നേഹമെന്ന് ഡോ. സെര്‍വീനോ അഭിപ്രായപ്പെട്ടു. സ്ത്രീത്വവും അതിന്‍റെ ലോലതയും നിലനിര്‍ത്തുമ്പോഴും, വൈദഗ്ദ്ധ്യത്തോടും അറിവോടുംകൂടെ അവര്‍ക്കും സാഹോദര്യത്തിന്‍റെ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന ചിന്തയും കത്തോലിക്കാ വീക്ഷണത്തിന്‍റെ ഭാഗമായിരുന്നു.

9.  സമ്മേളനം ആശ്ലേഷിക്കുന്ന പ്രവര്‍ത്തനമേഖലകള്‍ 
ഏഴു സംഘടനാ പ്രതിനിധികള്‍ ഒപ്പുവച്ച തീര്‍പ്പോടെയാണ് ഏകദിനസമ്മേളനം സമാപിച്ചത്. അബുദാബിയില്‍ പ്രബോധിപ്പിച്ച വിശ്വസാഹോദര്യ പ്രഖ്യാപനം മാനവികതയ്ക്കു ലഭ്യമാകുന്ന “മാതൃത്വത്തിന്‍റെ വലിയ ആലിംഗന”മാണെന്നും, മതങ്ങള്‍ കൈകോര്‍ത്ത് സാഹോദര്യത്തിന്‍റെ മേഖലയില്‍ പ്രവര്‍ത്തിക്കുവാനുള്ള അടിസ്ഥാന മാര്‍ഗ്ഗരേഖയാണിതെന്നും സമ്മേളനം വിലയിരുത്തി. കാരുണ്യമുള്ള സ്നേഹം, ധീരമായ വിശ്വാസം, ജീവന്‍റെയും പൊതുഭവനമായ ഭൂമിയുടെയും സംരക്ഷകരാകുവാനുമുള്ള ആഹ്വാനം എന്നിവ വിശ്വസാഹോദര്യത്തിന്‍റെ മേഖലയില്‍ സ്ത്രീകള്‍ക്ക് ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാവുന്ന മേഖലകളാണെന്നും സമ്മേളനം വിലയിരുത്തി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 March 2020, 08:58