As the spring blooms As the spring blooms  

"ഭൂമി നാം സംരക്ഷിക്കണം..." എന്നു പഠിപ്പിക്കുന്ന സങ്കീര്‍ത്തനം

65-Ɔο സങ്കീര്‍ത്തന പഠനം ആറാം ഭാഗം - പൊതുവായ അവലോകനം (ശബ്ദരേഖയോടെ).

- ഫാദര്‍ വില്യം നെല്ലക്കല്‍

65-‍Ɔο സങ്കീര്‍ത്തനം ഭാഗം 6 - അവലോകനം

1. ദൈവ-മനുഷ്യബന്ധത്തിന്‍റെ സങ്കീര്‍ത്തനം
65-Ɔο സങ്കീര്‍ത്തനപഠനത്തിന്‍റെ ആത്മീയ വിചിന്തനഭാഗം ഉപസംഹരിച്ച്, പൊതുവായ അവലോകനത്തിലേയ്ക്ക് നാമിന്ന് കടക്കുകയാണ്. ഒരു സമൂഹത്തിന്‍റെ കൃതജ്ഞതാഗീതമാണല്ലോ നാം പഠിച്ച സങ്കീര്‍ത്തനം 65. ആകെ 13 വരികളുള്ള താരതമ്യേന ചെറിയ സങ്കീര്‍ത്തനത്തിന് വളരെ സ്പഷ്ടമായ 2 ഭാഗങ്ങളുണ്ട്. ആദ്യത്തെ 5 വരികള്‍, ഗീതത്തിന്‍റെ അടിസ്ഥാന സ്വഭാവമായ കൃതജ്ഞത എന്ന വികാരം പ്രകടമാക്കുന്നു. ഇനി രണ്ടാംഭാഗത്ത്, 6-മുതല്‍ 13-വരെയുള്ള വരികള്‍ ദൈവത്തെ പ്രപഞ്ചദാതാവായി അവതരിപ്പിക്കുന്നു. മനുഷ്യന്‍ ഭൂമിയില്‍ വസിക്കുന്നത് ദൈവത്തിന്‍റെ അനന്തമായ ദാനങ്ങളാലാണെന്ന് സങ്കീര്‍ത്തകന്‍ വരികളിലൂടെ വ്യക്തമാക്കുന്നു. അങ്ങനെ സങ്കീര്‍ത്തനം 65 ദൈവ-മനുഷ്യബന്ധത്തിന്‍റെ ഒരു ഗീതമാണെന്ന് ഈ പൊതുവായ അവലോകനത്തിന്‍റെ ആദ്യചിന്തയായി നമുക്കു പ്രസ്താവിക്കാം.

സ്രഷ്ടാവായ ദൈവത്തിന് മനുഷ്യന്‍ നന്ദിയര്‍പ്പിക്കണമെന്ന് സങ്കീര്‍ത്തനത്തിന്‍റെ ആദ്യഭാഗം ആഹ്വാനംചെയ്യുമ്പോള്‍, രണ്ടാംഭാഗം അതിനുള്ള കാരണമെന്നപോലെ മനുഷ്യന് ദൈവം നല്കിയിട്ടുള്ള പ്രാപഞ്ചികമായ നന്മകളെ വരികളില്‍ രചയിതാവ് എണ്ണിയെണ്ണിപ്പറഞ്ഞ് സ്രഷ്ടാവിന് നന്ദിയര്‍പ്പിക്കുന്നു.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം റാണി ജോസും സംഘവും.

Musical Version of Ps 65 Unit One
നല്ലനിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും.
 കര്‍ത്താവതിന്‍റെ ഉഴവുചാലുകള്‍ സമൃദ്ധമായ് നനയ്ക്കുന്നു
കട്ടയുടച്ചു നിരത്തുകയും മഴ വര്‍ഷിച്ചതിനെ കുതിര്‍ക്കയും ചെയ്യുന്നു
അവിടുന്നതിന്ന് മുളകള്‍ നല്കി സമൃദ്ധമായ് അനുഗ്രഹിക്കുന്നു.

2 ദൈവത്തിന് നന്ദിയര്‍പ്പിക്കുന്ന ഗീതം
സിയോനില്‍, ജരൂസലം ദേവാലയത്തില്‍ ദൈവത്തെ സ്തുതിക്കാനെത്തുന്ന ഇസ്രായേല്‍ ജനത്തിന്‍റെ ഹൃദയവികാരങ്ങളാണ് ആദ്യവരികളെന്നു നാം കണ്ടതാണ്. ദൈവം തന്ന നന്മകള്‍ക്ക് നന്ദിയര്‍പ്പിക്കാന്‍ ദേവാലയത്തില്‍ എത്തുന്ന ജനക്കൂട്ടത്തിന്‍റെ സാന്നിദ്ധ്യവും നീക്കങ്ങളും ഉത്സവപ്രതീതിയും വരികള്‍ പ്രതിഫലിക്കുന്നുണ്ട്. വിളവെടുപ്പു കഴിഞ്ഞ്, ദൈവം തന്ന സമൃദ്ധിക്കും നന്മകള്‍ക്കും നന്ദിപറയുവാനും അവിടുത്തെ സ്തുതിക്കുവാനുമെത്തുന്ന ജനക്കൂട്ടത്തിന്‍റെ ഭാവപ്രകടനങ്ങള്‍ സങ്കീര്‍ത്തനം 65-ന്‍റെ ആമുഖവരികള്‍ ചിത്രീകരിക്കുന്നു. നേര്‍ച്ചകള്‍ നിറവേറ്റാനായ് ജനം വരുന്നതായി ആദ്യവരികള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ തുടര്‍ന്നുള്ള വരികള്‍, പാപഭാരമുള്ള മനുഷ്യര്‍ രക്ഷകനായ ദൈവത്തെ സ്തുതിക്കുവാനാണ് സമൂഹമായി വരുന്നതെന്നും വ്യക്തമായി പറയുന്നു. അപ്പോള്‍ നന്മകളുടെ ദാതാവായ ദൈവത്തിന് നന്ദിയര്‍പ്പിച്ച്, സ്തുതിക്കുന്ന ഗീതമാണ് സങ്കീര്‍ത്തനം 65 എന്ന് നമുക്കു സ്ഥാപിക്കാം.
3 ദൈവികൈക്യത്തില്‍ ജീവിക്കുവാന്‍
അനുസ്മരിപ്പിക്കുന്ന സങ്കീര്‍ത്തനം
മനുഷ്യന്‍ അകൃത്യങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ മനുഷ്യനെ മോചിപ്പിക്കുന്ന രക്ഷകനായ ദൈവത്തെ രചയിതാവ് അഭിസംബോധനചെയ്യുന്നത് ഈ ഗീതത്തിന്‍റെ ശ്രദ്ധേയമായ ഭാഗമാണ്. എന്നിട്ട്, ഭൂമിമുഴുവന്‍റെയും അവയിലെ സമുദ്രങ്ങളുടെയും... അതായത് സകലത്തിന്‍റെയും പ്രത്യാശ ദൈവമാണെന്ന് സ്ഥാപിച്ചുകൊണ്ടാണ് ഗായകന്‍ ഗീതത്തിന്‍റെ ആദ്യഭാഗം ഉപസംഹരിക്കുന്നത്. അതിനാല്‍ സങ്കീര്‍ത്തനം 65 ഒരു കൃതജ്ഞതാഗീതമെന്നതോടൊപ്പം രക്ഷകനായ ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചു ജീവിക്കുവാനും ദൈവത്തെ സ്തുതിക്കുവാനും ജനതകളെ ആഹ്വാനംചെയ്യുന്ന, അല്ലെങ്കില്‍ ക്ഷണിക്കുന്ന മനോഹരമായ ദൈവസ്തുതിയുമാണ്!
Musical Version of Ps 65 Unit Three
സംവത്സരങ്ങള്‍ അവിടുത്തെ സമൃദ്ധിയാല്‍ മകുടം ചാര്‍ത്തുന്നു
അങ്ങേ രഥത്തിന്‍ ചാലുകള്‍ ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു,
ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു.
നല്ല നിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും
4 രക്ഷയുടെ സാര്‍വ്വത്രികത പഠിപ്പിക്കുന്ന സങ്കീര്‍ത്തനം
ഈ ഗീതം ക്രിസ്തുവിലേയ്ക്ക് വിരല്‍ചൂണ്ടുന്നുവെന്നത് പഠനത്തില്‍ തെളിഞ്ഞുവരുന്ന ശ്രദ്ധേയമായ മറ്റൊരു അവലോകനമാണ്. അകൃത്യങ്ങളില്‍ അടിമപ്പെടുന്നവരെ മോചിപ്പിക്കുന്ന രക്ഷകനായി ദൈവത്തെ സങ്കീര്‍ത്തകന്‍ ചിത്രീകരിക്കുമ്പോള്‍, ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായെന്നും, നമുക്കുവേണ്ടി മാത്രമല്ല സകല ലോകത്തിന്‍റെയും പാപങ്ങള്‍ക്ക് പരിഹാരബലിയായെന്നും വിശുദ്ധ യോഹന്നാന്‍റെ ഒന്നാം ലേഖനം രേഖപ്പെടുത്തുന്ന ചിന്തയിലേയ്ക്കാണ് സങ്കീര്‍ത്തനത്തിന്‍റെ 5-Ɔമത്തെ വരി നയിക്കുന്നത് (1യോഹ. 2, 2).

രക്ഷകനായ ദൈവം മനുഷ്യരുടെ പാപക്കറകള്‍ കഴുകിക്കളയുന്നു എന്നത്, സങ്കീര്‍ത്തനം ക്രിസ്തുവിനു മുന്നേ രേഖപ്പെടുത്തിയ ഏറെ പ്രത്യാശപകരുന്ന ചിന്തയാണ്. ക്രിസ്തുവിലൂടെ ലോകത്തിനു കരഗതമായ രക്ഷ ദൈവത്തിന്‍റെ അനന്തമായ കൃപയുടെയും കാരുണ്യത്തിന്‍റെയും അടയാളമാണെന്നുള്ള ധ്യാനം സങ്കീര്‍ത്തന വരികളില്‍ വെളിപ്പെട്ടുകിട്ടുന്നു. ദൈവികരക്ഷ സര്‍വ്വ ലോകത്തിനുമുള്ളതാണ്. അത് ഒരു ജനത്തിനോ, സഭയിലോ മാത്രം ഒതുങ്ങി നില്ക്കേണ്ടതല്ല. രക്ഷ സാര്‍വ്വത്രികമാണെന്ന കാഴ്ചപ്പാട്, അതിനാല്‍ ഈ സങ്കീര്‍ത്തനത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നു മനസ്സിലാക്കാം. ആത്മാവില്‍, അല്ലെങ്കില്‍ ആത്മീയമായി മനുഷ്യകുലം ദൈവവുമായി സന്ധിക്കുവാനും, ഐക്യപ്പെടുവാനും സാധിക്കുന്നത് ക്രിസ്തുവിന്‍റെ രക്ഷണീയ സാന്നിദ്ധ്യത്താലാണെന്ന പൗലോസ് അപ്പസ്തോലന്‍റെ ചിന്തകള്‍ ഇവിടെ സന്ധിക്കുകയും, ഉയര്‍ന്നുവരികയും ചെയ്യുന്നുണ്ട് (എഫേ. 2, 18).
Musical Version of Ps 65 Unit Four
മരുഭൂമിയിലെ പുല്‍പ്പുറങ്ങള്‍ സമൃദ്ധി ചൊരിയുന്നൂ
കുന്നുകള്‍ സന്തോഷമണിയുന്നു
മേച്ചില്‍പ്പുറങ്ങളില്‍ ആടുകള്‍ മേയുന്നൂ
താഴ്വാരങ്ങള്‍ ധാന്യംകൊണ്ട് നിറയുന്നൂ
അവ സന്തോഷിച്ചാര്‍ക്കുന്നു.
നല്ല നിലത്ത്…
5 സൃഷ്ടി ദൈവികസാന്നിദ്ധ്യത്തിന്‍റെ ആവിഷ്ക്കാരം
ദൈവത്തിന്‍റെ പ്രാപഞ്ചികമായ നന്മകളെ സങ്കീര്‍ത്തനത്തിന്‍റെ രണ്ടാംഭാഗത്ത് രചയിതാവ് അനുസ്മരിക്കുന്നു. സൃഷ്ടയെക്കുറിച്ചു സങ്കീര്‍ത്തകന്‍ വിവരിക്കുമ്പോള്‍ ഉല്പത്തിപ്പുസ്തകത്തിലെ പ്രയോഗങ്ങളാണ് വരികളില്‍ കാണുന്നത്. ദൈവം പര്‍വ്വതങ്ങളെയും സമുദ്രങ്ങളെയും സ്ഥാപിച്ചിരിക്കുന്നു, ഉറപ്പിച്ചിരിക്കുന്നു. ഉദയാസ്തമയങ്ങള്‍ സംവിധാനംചെയ്ത് അവിടുന്നു പ്രപഞ്ചത്തെ ആനന്ദഭരിതമാക്കുന്നു. ഈ ഭൗമിക അടയാളങ്ങള്‍ ദൈവിക മഹിമാവിനെയാണ് പ്രകീര്‍ത്തിക്കുന്നത്. അതുപോലെ ജനതകളെല്ലാം അവിടുത്തെ അത്ഭുതകരമായ പ്രവൃത്തികള്‍ കണ്ട് ആശ്ചര്യപ്പെടുന്നുവെന്നും വരികള്‍ വിവരിക്കുന്നു. അങ്ങനെ സൃഷ്ടി ദൈവിക സാന്നിദ്ധ്യത്തിന്‍റെ ആവിഷ്ക്കാരമാണെന്ന് സങ്കീര്‍ത്തകന്‍ സ്ഥാപിക്കുന്നത് ഈ അവലോകനത്തിന്‍റെ മറ്റൊരു നിഗമനമാണ്.

ദൈവവും മനുഷ്യരും തമ്മിലുള്ള പാരസ്പരികത
ദൈവം മനുഷ്യന് വിളസമൃദ്ധി നല്കുന്നു. ആഹരിക്കാന്‍ ഭക്ഷണംനല്കുന്നു. കാലഭേദങ്ങള്‍ നല്കുന്നു. അങ്ങനെ ദൈവിക പരിപാലനയെ സങ്കീര്‍ത്തകന്‍ തുടര്‍ന്നും വരികളില്‍ ഏറ്റുപാടുന്നു. മനുഷ്യാസ്തിത്വത്തിന് ആധാരം ദൈവം അനുദിനം ജീവിതത്തില്‍ നല്കുന്ന നന്മകളാണെന്ന് സങ്കീര്‍ത്തകന്‍ സമര്‍ത്ഥിക്കുകയും, ദൈവിക നന്മകളാല്‍ സൃഷ്ടി മകുടംചൂടിയിരിക്കുന്നുവെന്നും ഈ ഗീതം സകലരെയും അനുസ്മരിപ്പിക്കുന്നു. അങ്ങനെ സൃഷ്ടിയിലൂടെ എപ്രകാരം ദൈവം മനുഷ്യരോടും മറിച്ച്, മനുഷ്യര്‍ ദൈവത്തോടും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സ്ഥാപിക്കുന്ന സങ്കീര്‍ത്തനമാണിതെന്ന് അവലോകനത്തില്‍ നമുക്കു നിജപ്പെടുത്താം.

പൊതുഭവനമായ ഭൂമി സംരക്ഷിക്കാം!
പ്രകൃതിയെയും ഭൂമിയെയും കുറിച്ച് ലോകംതന്നെ ആകുലപ്പെടുന്നൊരു സമയത്ത് സങ്കീര്‍ത്തനം 65 നമ്മോടു പറയുന്നത്. ദൈവം തന്ന ഈ ഭൂമിയെയും അതിലെ സകലചരാചരങ്ങളെയും നന്ദിയുള്ളവരായി ഉപയോഗിച്ചു ജീവിക്കണമെന്നാണ്. പൊതുഭവനമായ ഭൂമി നശിപ്പിക്കാതെയും മലീമസമാക്കാതെയും ഉപയോഗിക്കണമെന്നാണ്. ഭാവിതലമുറയ്ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ - അവര്‍ക്ക് സമാധാനമായും സ്വര്യമായും പാര്‍ക്കാവുന്ന ഒരിടമാക്കി ഭൂമിയെ നിലനിര്‍ത്തണമെന്നതാണ് തീര്‍ച്ചയായും, സ്രഷ്ടാവിനോടുള്ള മനുഷ്യന്‍റെ നന്ദിയും കടപ്പാടും!
ജീവിതപരിസരങ്ങള്‍ സംരക്ഷിച്ചും, അവിടെയുള്ള സഹോദരങ്ങളോട്, വിശിഷ്യ പാവങ്ങളായവരെ പിന്‍തുണച്ചും ഉള്‍ക്കൊണ്ടും നാം ജീവിക്കേണ്ടതാണ്. അതുപോലെ ചുറ്റുമുള്ള ജീവജാലങ്ങളോടും, സസ്യലതാദികളോടും രമ്യമായും സൗമ്യമായും ജീവിക്കാനും, അവയെ ഉപയോഗിക്കുമ്പോഴും അവയെ സംരക്ഷിച്ചും പരിചരിച്ചും മുന്നോട്ടുപോകുവാന്‍ സങ്കീര്‍ത്തനം തരുന്ന സമഗ്രവീക്ഷണവും, നല്ലചിന്തയും വിചാരവും ഏറ്റുപറഞ്ഞുകൊണ്ട് ഈ പൊതുവായ അവലോകനം ഉപസംഹരിക്കാം.

Musical Version of Ps 65 Unit Four
നല്ല നിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും
1.സംവത്സരങ്ങള്‍ അവിടുത്തെ സമൃദ്ധിയാല്‍ മകുടം ചാര്‍ത്തുന്നു
അങ്ങേ രഥത്തിന്‍ ചാലുകള്‍ ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു,
ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു.
നല്ല നിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും

2. മരുഭൂമിയിലെ പുല്‍പ്പുറങ്ങള്‍ സമൃദ്ധി ചൊരിയുന്നൂ
കുന്നുകള്‍ സന്തോഷമണിയുന്നു
മേച്ചില്‍പ്പുറങ്ങളില്‍ ആടുകള്‍ മേയുന്നൂ
താഴ്വാരങ്ങള്‍ ധാന്യംകൊണ്ട് നിറയുന്നൂ
അവ സന്തോഷിച്ചാര്‍ക്കുന്നു.
നല്ല നിലത്ത്…
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര ഒരുക്കിയത് ഫാദര്‍ വില്യം നെല്ലിക്കല്‍.

അടുത്തയാഴ്ചയില്‍ സങ്കീര്‍ത്തനം 89 ഒരു രാജകീയ സങ്കീര്‍ത്തനത്തിന്‍റെ പഠനം ആരംഭിക്കാം. (ഭാഗംഒന്ന്).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 March 2020, 17:00