Zodiacal light and that of venus  observed in Hungary Zodiacal light and that of venus observed in Hungary 

പാരിസ്ഥിതിക വീക്ഷണമുള്ള സങ്കീര്‍ത്തനം

65-Ɔο സങ്കീര്‍ത്തന പഠനം ആറാംഭാഗം - കൃതജ്ഞത ഗീതത്തി‍ന്‍റെ ആത്മീയ വിചിന്തനം തുടര്‍ച്ച....

- ഫാദര്‍ വില്യം  നെല്ലിക്കല്‍

65-‍Ɔο സങ്കീര്‍ത്തനപഠനം - ഭാഗം ആറ്

1. ആത്മീയവിചിന്തനം രണ്ടാംഭാഗം
കഴിഞ്ഞ ആഴ്ചയില്‍ 65-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആത്മീയവിചിന്തനം ആരംഭിച്ചു. ആദ്യത്തെ 5 വരികളുടെ ആത്മീയവീക്ഷണം മനസ്സിലാക്കാന്‍ ശ്രമിക്കുകയുണ്ടായി. ഏറെ പ്രത്യാശപകരുന്ന ചിന്തകളാണ് സങ്കീര്‍ത്തനത്തിന്‍റെ ആദ്യവരികളില്‍ ഉയരുന്നത്. തന്‍റെ ഛായയില്‍ സൃഷ്ടിച്ച മനുഷ്യനെ തുടര്‍ന്നും ഭൂമിയില്‍ ദൈവം ശ്രദ്ധിക്കുകയും, പരിപാലിക്കുകയും കരുതലോടെ കാത്തുപാലിക്കുകയും, വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ കൈപിടിച്ച് ഉയര്‍ത്തുകയും, അവനോടു ക്ഷമിക്കുകയും, പിന്നെയും മുന്നോട്ടുപോകാന്‍ വഴികാട്ടിക്കൊടുക്കുകയും ചെയ്യുന്നു. രക്ഷകനായ ദൈവത്തിന്‍റെ സന്നിധിയില്‍, ദേവാലയത്തില്‍ എത്തി അവിടുത്തെ സ്തുതിക്കുന്നതിലും നന്ദിയര്‍പ്പിക്കുന്നതിലുമുള്ള സന്തോഷവും ആദ്യവരികളില്‍ കാണാം. തങ്ങളുടെ പൂര്‍വ്വീകര്‍ക്കായി ദൈവം ആശ്ചര്യവഹമായ വിധത്തില്‍ ചെയ്ത നന്മകള്‍ സങ്കീര്‍ത്തകന്‍ നന്ദിയോടെ അനുസ്മരിക്കുന്നതും ദൈവത്തെ സ്തുതിച്ച് കൃതജ്ഞതയര്‍പ്പിക്കുന്നതും ആദ്യഭാഗത്തെ ശ്രദ്ധേയമായ ധ്യാനമാണ്.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം റാണി ജോസും സംഘവും.

Musical Version of Ps 65 Unit One
നല്ലനിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും.
കര്‍ത്താവതിന്‍റെ ഉഴവുചാലുകള്‍ സമൃദ്ധമായ് നനയ്ക്കുന്നു
കട്ടയുടച്ചു നിരത്തുകയും മഴ വര്‍ഷിച്ചതിനെ കുതിര്‍ക്കയും ചെയ്യുന്നു
അവിടുന്നതിന്ന് മുളകള്‍ നല്കി സമൃദ്ധമായ് അനുഗ്രഹിക്കുന്നു.

2. പ്രപഞ്ചദാതാവിനെക്കുറിച്ചുള്ള ചിന്തകള്‍
ആത്മീയ വിചിന്തനത്തിന്‍റെ രണ്ടാം ഘട്ടത്തിലേയ്ക്ക് നമുക്കു കടക്കാം. അതായത്, സങ്കീര്‍ത്തനം
65-ന്‍റെ 6-മുതല്‍ 13-വരെയുള്ള വരികളാണിവ. ദൈവം ഭൂമിയുടെ സ്രഷ്ടാവ്, പ്രപഞ്ചദാതാവ് എന്ന അടിസ്ഥാനചിന്ത വരികളില്‍ ഒളിഞ്ഞിരിക്കുന്നു. ഇളകിമറിയുന്ന കടലിനെ ശാന്തമാക്കുന്നതുപോലെ, ശത്രുക്കളെയും കലഹിക്കുന്നവരെയും ദൈവം നിശ്ശബ്ദമാക്കുന്നുവെന്ന സങ്കീര്‍ത്തകന്‍റെ സവിശേഷമായ ധ്യാനം നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്.
ജനതകള്‍ ഏത് അതിര്‍ത്തിയിലോ വിദൂരസ്ഥമായ ദ്വീപുകളിലോ പാര്‍ത്താലും, ഏതു വംശജരായാലും, ഏതു വിശ്വാസം അവകാശപ്പെട്ടാലും ലോകത്തുള്ള സകല ജനതകളും ഈ പ്രപഞ്ചത്തിന്‍റെ മനോഹാരിതയും, അതിന്‍റെ ചലനവും, ഋതുഭേദങ്ങളും, ഉദയാസ്തമയങ്ങളും, ദൈവം തരുന്ന അനുഗ്രഹങ്ങളായി മനസ്സിലാക്കുകയും, ആശ്ചര്യത്തോടെ ദൈവത്തെ സ്തുതിക്കുകയും നന്ദിപറയുകയും ചെയ്യുന്നതായി സങ്കീര്‍ത്തകന്‍ ഉദ്ഘോഷിക്കുന്നു. ഭൂമിയുടെ ഫലപുഷ്ടിയെ സങ്കീര്‍ത്തകന്‍ വരികളില്‍ അനുസ്മരിക്കുന്നത് മനുഷ്യന്‍റെ അദ്ധ്വാനഫലമെന്നതിനെക്കാള്‍ ദൈവത്തിന്‍റെ അനുഗ്രഹങ്ങളായിട്ടാണ്. കട്ടയുടച്ചു നിരത്തി, ഉഴവുചാലുകളില്‍ മഴവര്‍ഷിച്ച് നനച്ച്, ദൈവം ഭൂമിയെ ഒരുക്കുന്നതായും, അതിനെ ദൈവം സമ്പന്നമാക്കുന്നതായും സങ്കീര്‍ത്തനം രേഖപ്പെടുത്തുന്നു.

3. ഭൗമികമായ ദൈവിക ദാനങ്ങള്‍
ഒടുവില്‍ അവിടുന്ന് 30-ഉം 60-ഉം മേനി വിളനല്കി ഭൂമിയെ അനുഗ്രഹിക്കുന്നു. മരുപ്രദേശങ്ങളില്‍പ്പോലും ദൈവം പുല്‍പ്പുറങ്ങളും മരുപ്പച്ചകളും വിരിയിക്കുന്നു, നീരുറവകള്‍ സൃഷ്ടിക്കുന്നു. അവിടുന്നു നല്കിയ താഴ്വാരങ്ങളുടെ മനോഹാരിതയും, പുല്‍മേടുകളും അവയില്‍ മേയുന്ന ആട്ടിന്‍പറ്റങ്ങളും കാലികളും, താഴ്വാരങ്ങളില്‍ കാറ്റില്‍ ഉലഞ്ഞുനില്കുന്ന ധ്യാന്യസമൃദ്ധിയുമെല്ലാം ദൈവത്തിന്‍റെ കരവിരുതായി സങ്കീര്‍ത്തകന്‍ ഏറ്റുപാടി നന്ദിയര്‍പ്പിക്കുന്നു. അതിനാല്‍ ഗീതത്തിന്‍റെ ഈ രണ്ടാംഘട്ടം ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തെയും സ്നേഹത്തെയുമാണ് പ്രതിനന്ദിയോടെ രചയിതാവു വര്‍ണ്ണിക്കുന്നതെന്ന് നമുക്കും ഏറ്റുപാടാം!

Musical Version of Ps 65 Unit Three
സംവത്സരങ്ങള്‍ അവിടുത്തെ സമൃദ്ധിയാല്‍ മകുടം ചാര്‍ത്തുന്നു
അങ്ങേ രഥത്തിന്‍ ചാലുകള്‍ ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു,
ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു.
നല്ല നിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും

4. ചൂഷണത്തിന്‍റെ കറുത്തമുഖം
ദൈവം തരുന്നതെന്തും നന്മയാണ്. ഒരോ നന്മയിലും അതിന്‍റേതായ മനോഹാരിതയും പൂര്‍ണ്ണതയും നമുക്കു കാണുവാന്‍ സാധിക്കും. എന്നാല്‍ മനുഷ്യര്‍ ഇവയെല്ലാം ഉപയോഗിച്ചു ജീവിക്കുമ്പോഴും, അറിഞ്ഞും അറിയാതെയും ദൈവികനന്മകളെ നശിപ്പിക്കുകയാണ്. ഈ സങ്കീര്‍ത്തനത്തിന്‍റെ രണ്ടാംഭാഗത്ത് രചയിതാവ് നന്ദിയോടെ വിവരിക്കുന്നത് ദൈവത്തിന്‍റെ ദാനമായ ഭൂമിയെയും പ്രകൃതിയെയും കുറിച്ചാണ്. എന്നാല്‍ ഭൂമിയുടെ ഇന്നത്തെ അവസ്ഥയോ...!? ഏറെ പരിതാപകരമാണ്. എവിടെല്ലാം മനുഷ്യന്‍ കൈയ്യേറി ഉപയോഗിക്കുന്നു. സാങ്കേതികതയും സുഖസൗകര്യങ്ങളും വര്‍ദ്ധിക്കുന്നു. ലോകം ആഗോളവത്കൃതമായിക്കഴിഞ്ഞു. എന്നിട്ടും ഭൂമി അധോഗതിയിലും അതില്‍ പാവങ്ങളുടെ എണ്ണം പൂര്‍വ്വോപരി വര്‍ദ്ധിച്ച അവസ്ഥയിലുമാണ്!

5. നാളത്തെ തലമുറയ്ക്കൊരു നല്ലഭൂമി
ഭാവിയെയോ, നാളത്തെ തലമുറകളെയോ കുറിച്ച് ചിന്തിക്കാതെ എല്ലാം സ്വാര്‍ത്ഥതയില്‍ വെട്ടിപ്പിടിക്കുന്നതിന്‍റെ ഭവിഷത്തുകളാണ് നാമിന്നു ചുറ്റും കാണുന്നത്.
കാടുകളിലും വനാന്തരങ്ങളിലും പാര്‍ത്തിരുന്ന തദ്ദേശീയരെപ്പോലും ചൂഷണംചെയ്തും, അവരെ കുടിയിറക്കിയും സമൂഹവും പ്രസ്ഥാനങ്ങളും സമ്പന്നമായി. എന്നാല്‍ ഈ പ്രകൃതിവേട്ടയുടെ തിക്തഫലങ്ങള്‍ ചുരുങ്ങിയ കാലയളവില്‍ സമൂഹം അനുഭവിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അറിവുള്ളവര്‍ താക്കീതു നല്കിയപ്പോഴും അനിതീയുടെയും അഴിമതിയുടെയും അധാര്‍മ്മിക മുഖങ്ങള്‍ തലപൊക്കുകയും, ഭൂമിസ്രോതസ്സുകളെ സ്വാര്‍ത്ഥമായി കീഴടക്കുകയും ചെയ്തു. ഫലമോ കാലാവസ്ഥക്കെടുതിയും, പേമാരിയും, മണ്ണൊലിപ്പും, ഉരുള്‍പൊട്ടുമായൊക്കെ നാം ഇന്ന് അനുഭവിക്കുകയാണ്. ദൈവത്തിന്‍റെ ദാനങ്ങള്‍ നന്ദിയോടെ അംഗീകരിക്കുകയും അവ നശിപ്പിക്കാതെ ഉപയോഗിക്കുകയും ചെയ്യുകയാണ് ധര്‍മ്മം. ഭൂമി പൊതു ഭവനമാണെന്നും, അത് ഭാവി തലമുറയ്ക്കും ഉള്ളതാണെന്നുമുള്ള ബോധ്യത്തോടെ ഉപയോഗിക്കാന്‍ 65-Ɔο സങ്കീര്‍ത്തനം നമ്മെ പ്രചോദിപ്പിക്കുന്നു.

Musical Version of Ps 65 Unit Three
സംവത്സരങ്ങള്‍ അവിടുത്തെ സമൃദ്ധിയാല്‍ മകുടം ചാര്‍ത്തുന്നു
അങ്ങേ രഥത്തിന്‍ ചാലുകള്‍ ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു,
ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു.
നല്ല നിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും

6. ദൈവത്തിന്‍റെ വിശുദ്ധഗിരി
ദൈവത്തിന്‍റെ ആലയത്തെ ഇളകാത്ത പാറമേല്‍ സ്ഥാപിതമായ ആലയമെന്ന് ഏശയാ പ്രവാചകന്‍ വിശേഷിപ്പിച്ചിട്ടുണ്ട് (2, 2). അവസാനനാളുകളില്‍ സകല ജനതകളും ദൈവത്തിന്‍റെ വിശുദ്ധ പര്‍വ്വതത്തില്‍ സമ്മേളിക്കുമെന്നതാണ് പ്രവാചക ശബ്ദം. ജനതകള്‍ പറയും, വരുവിന്‍ നമുക്കു ദൈവത്തിന്‍റെ ഗിരിയിലേയ്ക്കു പോകാമെന്ന് പ്രവാചകന്‍ ആഹ്വാനംചെയ്യുമ്പോള്‍..., നാം പഠനവിഷിയമാക്കിയിരുന്ന 65-Ɔο സങ്കീര്‍ത്തനത്തിന്‍റെയും അതിന്‍റെ രചയിതാവിന്‍റെയും നിഗമനങ്ങള്‍ ഇവിടെ സന്ധിക്കുകയാണെന്നത് ഈ ഗാനത്തിന്‍റെ ആത്മീയവീക്ഷണമാണ്.
ദൈവത്തിന്‍റെ അനന്തമായ സ്നേഹസ്രോതസ്സിലേയ്ക്കാണ് സങ്കീര്‍ത്തകന്‍ അനുവാചകരെ ക്ഷണിക്കുന്നത്. ഭൂമിയുടെ ഭാവിയെക്കുറിച്ചും, മനുഷ്യര്‍ ആഗോളീകമായി അനുഭവിക്കുന്ന കാലാവസ്ഥക്കെടുതിയെയും, പരിസ്ഥിതി വിനാശത്തെയും കുറിച്ച് ഇന്ന് നാം ചിന്തിക്കുന്നുണ്ട്, അതിനു കാരണം ലോകം അപ്രതീക്ഷിതമായി കാണാന്‍ തുടങ്ങിയ കെടുതികളും പ്രകൃതിവിനാശങ്ങളുമാണ്. എന്നാല്‍ സ്രഷ്ടാവിനെക്കുറിച്ച് വിചാരമുള്ളവരായി, അവിടുത്തോടു നന്ദിയുള്ളവരായി നാം ഈ ഭൂമി ഉപയോഗിക്കണം എന്ന വിചിന്തനവും ഈ സങ്കീര്‍ത്തനത്തിന്‍റെ ഭാഗമാണ്.

7. പ്രപഞ്ചസ്തവത്തിന്‍റെ പിന്‍തുടര്‍ച്ചക്കാര്‍
പ്രകൃതിയില്‍ ദൈവത്തിന്‍റെ അദൃശ്യമായ കരങ്ങള്‍ കാണുകയും, തനിക്കു ലഭിച്ച പ്രാപഞ്ചികമായ ദൈവാനുഭവം സഹോദരങ്ങള്‍ക്കായി പങ്കുവച്ചുകൊണ്ട് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് രേഖപ്പെടുത്തുകയും ഏറ്റുപാടുകയും ചെയ്തത്, “ദൈവമേ... അങ്ങേയ്ക്കു സ്തുതി!”, Laudato Si’ Domine! എന്ന വിഖ്യാതമായ ഗീതത്തിലാണ്.  പ്രപഞ്ചദാതാവിനെ ഓരോ ചെറുജീവിയിലും അസ്സീസിയിലെ ഫ്രാന്‍സിസ് ദര്‍ശിക്കുന്നത് നന്ദിയുടെ സ്തുതിപ്പായി പരിണമിച്ചതാണ് സിദ്ധന്‍റെ വിഖ്യാതമായ രചനകള്‍ പ്രപഞ്ചസ്തവവും, സൂര്യസ്തവവുമെല്ലാം. ഈ ആത്മീയ വീക്ഷണത്തില്‍നിന്നുമാണ് പ്രകൃതിയിലെ ഓരോ ജീവജാലത്തെയും സഹോദരനും സഹോദരിയുമായി കാണുവാനുള്ള വിശാലമായ വീക്ഷണം സിദ്ധന്‍റെ ജീവിതത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പുണ്ടായത്. സൂര്യസോദരാ..., ചന്ദ്രസോദരീ... (Oh Brother Sun, Sister Moon) എന്നെല്ലാമാണ് അദ്ദേഹം സൂര്യചന്ദ്രാദികളെ അഭിസംബോധന ചെയ്തിരുന്നത്!

8. ഫ്രാന്‍സിസിന്‍റെ പ്രാപഞ്ചിക വീക്ഷണം
കര്‍ദ്ദിനാള്‍ ഹോര്‍ഹെ ബര്‍ഗോളിയോ ആഗോള സഭാദ്ധ്യക്ഷനായി തിര‍ഞ്ഞെടുക്കപ്പെട്ടപ്പോള്‍, തന്‍റെ ആത്മീയമദ്ധ്യസ്ഥനായി അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെ സ്വീകരിച്ചുകൊണ്ടാണ് ചരിത്രത്തില്‍ ആദ്യമായി ഒരു പത്രോസിന്‍റെ പിന്‍ഗാമി, ഫ്രാന്‍സിസ് എന്ന നാമധാരിയായത്. തീര്‍ന്നില്ല, ലോകത്തിനുവേണ്ടിയുള്ള തന്‍റെ ആദ്യപ്രബോധനം Laudato Si’ അങ്ങേയ്ക്കു സ്തുതി! എന്ന ശീര്‍ഷകത്തില്‍ ചാക്രികലേഖനമായി പുറത്തുവിട്ടത് സിദ്ധന്‍റെ ഭൂമിയോടുള്ള ആത്മീയവീക്ഷണം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുതന്നെയാണ്. പൊതുഭവനമായ ഭൂമിയെയും, അതിലെ പാവങ്ങളെയും ഒരുപോലെ സംരക്ഷിക്കുന്ന ഒരു കൂട്ടായ്മയുടെ സംസ്ക്കാരം വളര്‍ത്തണമെന്ന ആഹ്വാനമാണ് ലോകശ്രദ്ധ ആകര്‍ഷിച്ച ഈ പ്രബോധനം. അതിനാല്‍ നാം പഠനവിഷയമാക്കിയിരിക്കുന്ന 65-Ɔο സങ്കീര്‍ത്തനത്തിന്‍റ ഉള്‍ക്കാഴ്ചകള്‍ ഇന്നും ലോകത്തില്‍ സ്പന്ദിക്കുന്നു എന്ന അവബോധത്തോടെ ഈ ആത്മീയ വിചിന്തനഭാഗം ഉപസംഹരിക്കുന്നു!

Musical Version of Ps 65 Unit Four
മരുഭൂമിയിലെ പുല്‍പ്പുറങ്ങള്‍ സമൃദ്ധി ചൊരിയുന്നൂ
കുന്നുകള്‍ സന്തോഷമണിയുന്നു
മേച്ചില്‍പ്പുറങ്ങളില്‍ ആടുകള്‍ മേയുന്നൂ
താഴ്വാരങ്ങള്‍ ധാന്യംകൊണ്ട് നിറയുന്നൂ
അവ സന്തോഷിച്ചാര്‍ക്കുന്നു.
നല്ല നിലത്ത്…

അടുത്തയാഴ്ചയില്‍ 65-Ɔο സങ്കീര്‍ത്തനത്തിന്‍റെ പൊതുവായ അവലോകനം ശ്രവിക്കാം. (ഭാഗംഏഴ്). 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 March 2020, 12:58