a lonely bird flies over the Ocean - California Solana Beach. a lonely bird flies over the Ocean - California Solana Beach. 

ക്രിസ്തുവിലേയ്ക്കു വിരല്‍ചൂണ്ടുന്ന സങ്കീര്‍ത്തനം

കൃതജ്ഞതാഗീതം സങ്കീര്‍ത്തനം 65-ന്‍റെ പഠനം അഞ്ചാം ഭാഗം. ഗീതത്തി‍ന്‍റെ ആത്മീയവിചിന്തനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

65-‍Ɔο സങ്കീര്‍ത്തന പഠനം - ഭാഗം അഞ്ച്

1. ജീവല്‍ ബന്ധിയായ സങ്കീര്‍ത്തനം
വളരെ ഹ്രസ്വവും ലളിതവുമായ ഒരു കൃതജ്ഞതാഗീതമാണിത് 65-Ɔο സങ്കീര്‍ത്തനമെന്ന് മുന്‍പഠനങ്ങളില്‍ നാം കണ്ടതാണ്. ഈ ഗീതം ഏറെ ജീവല്‍ബന്ധിയാണെന്ന് പറയേണ്ടതില്ല. കാരണം കൃഷിയെ സംബന്ധിച്ച ഒരു കര്‍ഷകന്‍റെ വികാരമാണ് ഈ ഗീതത്തിന്‍റെ വരികളില്‍ തെളിഞ്ഞുനില്ക്കുന്നത്. മഴയ്ക്കും, തനിക്കു ലഭിച്ച വിളസമൃദ്ധിക്കുമെല്ലാം കര്‍ഷകന്‍ ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നതാണ് ഈ ഗീതത്തിന്‍റെ ഉള്ളടക്കം. മനുഷ്യരുടെ അനുദിന ജീവിതത്തില്‍ ഏറെ തല്പരനായ സ്രഷ്ടാവായ ദൈവം അവരോട് ക്ഷമിക്കുകയും അവരെ രക്ഷിക്കുവാന്‍ സന്നദ്ധനാവുകയും ചെയ്യുന്നത് സങ്കീര്‍ത്തകന്‍ വരികളില്‍ വരച്ചുകാട്ടുന്നു. ദൈവം മനുഷ്യരുടെ ജീവിതത്തിലും ചരിത്രത്തിലും ഇടപഴകുകയും, നമ്മെ പരിപാലിക്കുകയും ചെയ്യുന്നത് വരികളില്‍ പ്രകടമായി കാണുന്നു. ഗീതത്തിന്‍റെ ആത്മീയത ഭാവത്തിലേയ്ക്ക് വെളിച്ചംവീശുന്നതാണ് ഈ വരികള്‍ (65, 1-4).

Recitation of Ps 65 Verses 1-4.
ദൈവമേ, സിയോനില്‍ വസിക്കുന്ന അങ്ങു സ്തുത്യര്‍ഹനാണ്
അങ്ങേയ്ക്കുള്ള നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റും.
പ്രാര്‍ത്ഥന ശ്രവിക്കുന്നവനേ, മര്‍ത്യരെല്ലാം പാപഭാരവുമായി
അങ്ങയുടെ സന്നിധിയില്‍ വരുന്നു.
അകൃത്യങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ അങ്ങ് ഞങ്ങളെ മോചിപ്പിക്കുന്നു.
അങ്ങയുടെ അങ്കണത്തില്‍ വസിക്കാന്‍ അങ്ങുതന്നെ
തിരഞ്ഞെടുത്തു കൊണ്ടുവരുന്നവന്‍ ഭാഗ്യവാന്‍.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം റാണി ജോസും സംഘവും.

Musical Version of Ps 65 Unit One
നല്ലനിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും.
കര്‍ത്താവതിന്‍റെ ഉഴവുചാലുകള്‍ സമൃദ്ധമായ് നനയ്ക്കുന്നു
കട്ടയുടച്ചു നിരത്തുകയും മഴ വര്‍ഷിച്ചതിനെ കുതിര്‍ക്കയും ചെയ്യുന്നു
അവിടുന്നതിന്ന് മുളകള്‍ നല്കി സമൃദ്ധമായ് അനുഗ്രഹിക്കുന്നു.

2. മനുഷ്യര്‍ക്കായി തപിക്കുന്ന ദൈവം
തന്‍റെ ഛായയില്‍ സൃഷ്ടിച്ച മനുഷ്യനെ ദൈവം തുടര്‍ന്നും ഭൂമിയില്‍ ശ്രദ്ധിക്കുകയും, പരിപാലിക്കുകയും കരുതലോടെ അവന് എല്ലാം നല്കുകയും, വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ കൈപിടിച്ച് ഉയര്‍ത്തുകയും, അവനോടു ക്ഷമിക്കുകയും വീണ്ടും മുന്നോട്ടു പോകാന്‍ വഴികാട്ടിക്കൊടുക്കുകയും ചെയ്യുന്നുവെന്ന വരികളിലെ ചിന്തകള്‍ ഏറെ പ്രത്യാശയും, ആത്മവിശ്വാസവും, ആവേശവും പകരുന്നതാണ്. ദൈവം മനുഷ്യന് എതിരെ ഒരു പരാതിയോ വേവലാതിയോ പ്രകടിപ്പിക്കാതെ, പിന്നെയും പിന്നെയും സമൃദ്ധമായ് അവനില്‍ അവിടുത്തെ നന്മ ചൊരിയുന്നു.

വിളവെടുപ്പു കഴിഞ്ഞ വസന്തകാലത്തും, പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാളിലുമാണ് ഈ ഗീതത്തിന്‍റെ ആത്മീയസ്വഭാവം കൂടുതല്‍ പ്രസക്തമാകുന്നത്. ഈ ആത്മീയവിചന്തന പഠനത്തില്‍ നമുക്ക് ഈ ഗീതത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചുകൊണ്ട് അതിന്‍റെ ആത്മീയസ്വഭാവം കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.  ആദ്യം 1-മുതല്‍ 5-വരെ പദങ്ങള്‍ ദൈവത്തിന്‍റെ ആത്മീയ അനുഗ്രഹങ്ങള്‍ ഏറ്റുപാടുന്നു.  രണ്ടാമതായി, 6-മുതല്‍ 13-വരെയുള്ള ഭാഗത്ത്, ദൈവം തരുന്ന ഭൗതികനന്മകള്‍ക്ക് ഗായകന്‍ ദൈവത്തെ സ്തുതിക്കുകയും അവിടുത്തെയ്ക്കു നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു.

ഇന്നത്തെ ആത്മീയവിചിന്തനത്തില്‍
ആദ്യഭാഗം1-മുതല്‍ 5-വരെയുള്ള വരികള്‍ നമുക്കു പഠിക്കാം.

Recitation of Ps 65 Verses 1-5
ദൈവമേ, സിയോനില്‍ വസിക്കുന്ന അങ്ങു സ്തുത്യര്‍ഹനാണ്
അങ്ങേയ്ക്കുള്ള നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റും.
പ്രാര്‍ത്ഥന ശ്രവിക്കുന്നവനേ, മര്‍ത്യരെല്ലാം പാപഭാരവുമായി
അങ്ങയുടെ സന്നിധിയില്‍ വരുന്നു.
അകൃത്യങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ അങ്ങ് ഞങ്ങളെ മോചിപ്പിക്കുന്നു.
അങ്ങേ അങ്കണത്തില്‍ വസിക്കാന്‍ അങ്ങുതന്നെ
തിരഞ്ഞെടുത്തു കൊണ്ടുവരുന്നവന്‍ ഭാഗ്യവാന്‍.
ഞങ്ങള്‍ അങ്ങേ ആലയത്തില്‍, വിശുദ്ധ മന്ദിരത്തിലെ
നന്മകൊണ്ടു സംതൃപ്തരാകും.
ഞങ്ങളുടെ രക്ഷകനായ ദൈവമേ,
ഭീതികരമായ പ്രവൃത്തികളാല്‍ അങ്ങു ഞങ്ങള്‍ക്കു മോചനമരുളുന്നു.
ഭൂമി മുഴുവന്‍റെയും വിദൂര സമുദ്രങ്ങളുടെയും പ്രത്യാശ അവിടുന്നാണ്.

3. രക്ഷകനായ ദൈവം
മാനുഷികമായ കാഴ്ചപ്പാടിലും വിശ്വാസപരമായും, എല്ലാസ്തുതിപ്പും ദൈവം സ്വീകരിക്കുന്നത് സിയോനില്‍നിന്നുമായിരുന്നു. പഴയനിയമത്തില്‍ സിയോന്‍ ജരൂസലേമായിരുന്നെങ്കില്‍, ഇന്ന് അത് ക്രിസ്തുവിന്‍റെ സഭയാണ്. സങ്കീര്‍ത്തന വരികള്‍ ദൈവിക നന്മകള്‍ പ്രഘോഷിക്കുകയാണ്. തന്‍റെ കാരുണ്യത്തിന്‍റെ സിംഹാസനത്തില്‍ ഉപവിഷ്ടനായ ദൈവം മനുഷ്യന്‍റെ കരച്ചില്‍ കേള്‍ക്കാന്‍ സന്നദ്ധനായിട്ടാണ് അവിടെ ഉപവിഷ്ടനായിരിക്കുന്നത്. മനുഷ്യന്‍റെ പാപം അവിടുത്തേയ്ക്ക് എതിരായി നില്ക്കുന്നുവെങ്കിലും, പാപഭാരത്തോടെയാണ് മനുഷ്യന്‍ ദൈവസന്നിധിയില്‍ എത്തുന്നത്. അവ ഒരിക്കലും ന്യായീകരിക്കാനാവാത്തവയാണെങ്കിലും ദൈവം തന്‍റെ അപരിമേയമായ കാരുണ്യത്താല്‍ നമ്മോടു ക്ഷമിക്കുകയും, അവിടുത്തെ പരിപാലനയുടെ നീതിയാല്‍ ശിക്ഷാവിധിയില്‍നിന്നു നമ്മെ ഒഴിവാക്കുകയും ചെയ്യുന്നു. മനുഷ്യരാല്‍ സ്നേഹിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്നവനാകയാല്‍ ദൈവത്തിന്‍റെ വിശുദ്ധയില്‍ പങ്കുചേരാന്‍ അനുതാപിയും നവീകൃതനുമായ ഒരോ വ്യക്തിക്കും സാധിക്കും. ദൈവം തന്നെയാണ് അങ്ങനെ മനുഷ്യനെ മോചിപ്പിക്കുന്നത്.
ഈജിപ്തിലെ അടിമത്വത്തില്‍നിന്നും ദൈവം ഇസ്രായേലിനെ മോചിപ്പിച്ച സംഭവം ഗായകന്‍
5-Ɔമത്തെ വരിയില്‍ അനുസ്മരിക്കുന്നത്, അവിടുത്തെ ഭീതിദമായ പ്രവൃത്തിയെന്നാണ്. മനുഷ്യരുടെ പാപങ്ങളും തിന്മയും അപാരമാണെങ്കിലും ദൈവം അത്ഭുതകരമായി മനുഷ്യനെ അവയില്‍നിന്നെല്ലാം മോചിപ്പിക്കുന്നു, സ്വതന്ത്രനാക്കുന്നു.

Musical Version of Ps 65 Unit Two.
കര്‍ത്താവതിന്‍റെ ഉഴവുചാലുകള്‍ സമൃദ്ധമായ് നനയ്ക്കുന്നു
കട്ടയുടച്ചു നിരത്തുകയും മഴ വര്‍ഷിച്ചതിനെ കുതിര്‍ക്കയും ചെയ്യുന്നു
അവിടുന്നതിന്നു മുളകള്‍ നല്കി സമൃദ്ധമായ് അനുഗ്രഹിക്കുന്നു.
നല്ല നിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും.

4. ദൈവ-മനുഷ്യബന്ധം – സ്തുതിപ്പും കൃതജ്ഞതയും
ഇസ്രായേല്‍ ദൈവത്തെ ആരാധിച്ചിരുന്ന ദേവസ്ഥാനമാണ് സീയോന്‍. ജനം അവിടുത്തെ പുകഴ്ത്തിയ കുന്നും ബലിവേദിയും എല്ലാമാണത്. ഒപ്പം അത് തന്‍റെ ജനത്തോടു ദൈവം വാഗ്ദാനംചെയ്ത ഭൂമിയുടെ പ്രതീകവുമാണ്, വാഗ്ദത്ത ഭൂമിയാണത്. ജനം ദൈവത്തോടു നടത്തുന്ന വാഗ്ദാനം, സാധാരണഭാഷയില്‍ അവിടുത്തേയ്ക്ക് അര്‍പ്പിക്കുന്ന നേര്‍ച്ചകള്‍, തങ്ങള്‍ക്കു ലഭിച്ച നന്മകള്‍ക്ക് ജനം പ്രതിനന്ദിപ്രടമാക്കുന്നതിന്‍റെ പ്രതീകമാണ്. ഉദാഹരണത്തിന് വിളവെടുപ്പു നാളില്‍ ഭൂമിയില്‍നിന്നും ലഭിച്ച വിള സമൃദ്ധിക്ക് പ്രതിനന്ദിയായി 10, 20 കെട്ടുധാന്യം കര്‍ഷകന്‍ ദേവാലയത്തില്‍ നേര്‍ച്ച..കാഴ്ചയായി എത്തിക്കുന്നു. ദൈവസന്നിധിയില്‍ നാം എടുക്കുന്ന വ്രതങ്ങളോടു വിശ്വസ്തരായിരിക്കണമെന്ന് ഈ ഗീതം നമ്മെ പഠിപ്പിക്കുന്നു. ദൈവം തന്‍റെ ജനത്തോട് ഇന്നും സംഭാഷിക്കുന്നുണ്ട്. നമ്മുടെ വ്യഥകള്‍ ദൈവം ക്ഷമയോടെ ശ്രവിക്കുന്നുണ്ട്. എന്നാല്‍ ജനം ഇന്ന് അവിടുത്തെ ശ്രവിക്കുന്നുണ്ടോ, ദൈവവചനത്തിനും അവിടുത്തെ ദിവ്യകല്പനകള്‍ക്കും കാതോര്‍ക്കുന്നുണ്ടോ എന്നു നാം പരിശോധിക്കേണ്ടതുണ്ട്.
പലപ്പോഴും നാം ദൈവത്തിലേയ്ക്കു തിരിയുന്നത് ജീവിതത്തില്‍ എന്തെങ്കിലും കെടുതികള്‍, പ്രയാസങ്ങള്‍ ഉണ്ടാകുമ്പോഴാണ്. എന്നാല്‍ അവിടുന്ന് അനുദിനം നമുക്കു നല്കുന്ന നന്മകള്‍ക്ക് നന്ദിപറയേണ്ടതുണ്ട്. ദൈവത്തിന് മനുഷ്യന്‍റെ സ്തുതിപ്പോ നന്ദിപ്രകടനമോ ആവശ്യമില്ലെങ്കിലും, സ്രഷ്ടാവും പരിപാലകനുമായ അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കേണ്ടതും, അവിടുത്തെ സ്തുതിക്കേണ്ടതും സൃഷ്ടിയായ മനുഷ്യന്‍റെ കടമയാണ്. ദൈവിക ചിന്തയില്‍ നാം അനുദിനം ഉണരണം, വളരണം...!

Musical Version of Ps 65 Unit Three
സംവത്സരങ്ങള്‍ അവിടുത്തെ സമൃദ്ധിയാല്‍ മകുടം ചാര്‍ത്തുന്നു
അങ്ങേ രഥത്തിന്‍ ചാലുകള്‍ ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു,
ഭൂമിയില്‍ പുഷ്ടിപൊഴിക്കുന്നു.
നല്ല നിലത്ത് വീഴും വിത്തുകള്‍
നൂറുമേനി ഫലമേകും, നൂറുമേനി ഫലമേകും

5. വിമോചകനായ ക്രിസ്തുവിലേയ്ക്കു
വിരല്‍ചൂണ്ടുന്ന ഗീതം

മോചിപ്പിക്കുന്നു, മോചനമരുളുന്നു – എന്നീ പദങ്ങള്‍ സങ്കീര്‍ത്തനം 65-ല്‍ മാത്രം നാം രണ്ടു പ്രാവശ്യം കാണുന്നുണ്ട്. തീര്‍ച്ചയായും മറ്റു സങ്കീര്‍ത്തനങ്ങളിലും വിരളമായി നമുക്കു കാണാവുന്ന പദപ്രയോഗമാണിത്. ഉദാഹരണത്തിന് സങ്കീര്‍ത്തനം 78, 38, ദൈവം മനുഷ്യരുടെ അകൃത്യങ്ങള്‍ ക്ഷമിച്ചു. 79, 9 അവിടുന്നു പാപങ്ങള്‍ പൊറുത്തു..! പഴയനിമയത്തില്‍ പാപപ്പൊറുതി പ്രകടമാക്കിയിരുന്നത് ബലിയര്‍പ്പണത്തിലും ആ ബലിവസ്തുവിലുമായിരുന്നു. എന്നാല്‍ പുതിയ നിയമത്തില്‍ ക്രിസ്തു ലോകപാപങ്ങള്‍ക്ക് പൊറുതിയായി കുരിശില്‍ യാഗാര്‍പ്പണംചെയ്തു.

ഹെബ്രായരുടെ ലേഖനം 9-Ɔο അദ്ധ്യായത്തില്‍ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ബലിയെ താരതമ്യപ്പടുത്തുന്നുണ്ട്. പഴയ ഉടമ്പടിയനുസരിച്ചുള്ള ആരാധനാവിധികളും, ഭൗമികമായ വിശുദ്ധസ്ഥലവും, നിയുക്ത പുരോഹിതനും യാഗവസ്തുക്കളും, യാഗവേദിയും, ധൂപപീഠവുമെല്ലാം വിവരിക്കുന്നുണ്ട്. എന്നാല്‍ പുതിയനിയമത്തില്‍ ബലിവസ്തുവും ബലിയര്‍പ്പകനും ക്രിസ്തുതന്നെയാണ്. വരുവാനിരിക്കുന്ന നന്മകളുടെ പ്രധാനപുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. സ്വന്തം രക്തം ചിന്തി അവിടുന്ന് കുരിശില്‍ പരമയാഗമര്‍പ്പിച്ചുകൊണ്ട്, സ്വര്‍ഗ്ഗത്തില്‍ ദൈവപിതാവിന്‍റെ സന്നിധിയേല്ക്കു അവിടുന്നു പ്രവേശിച്ചുവെന്ന് നാം ഹെബ്രായരുടെ ലേഖനത്തില്‍ വായിക്കുന്നു. നമ്മുടെ അനുദിന ജീവിതത്തിന്‍റെ ഭ്രമണപഥങ്ങളെ ക്രിസ്തുവിനെപ്പോലെ ധ്യാനാത്മകമാക്കാനായാല്‍ നമുക്കും അവിടുത്തോടൊപ്പം ഉയിര്‍ത്ത്, സ്വര്‍ഗ്ഗപിതാവിന്‍റെ സന്നിധിപ്രാപിക്കാനാകുമെന്ന അടിസ്ഥാനവിശ്വാസത്തെ 65-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആദ്യഭാഗം - ആത്മീയവിചിന്തനം ബലപ്പെടുത്തുകയാണ്.

Musical Version of Ps 65 Unit One & Four
കര്‍ത്താവതിന്‍റെ ഉഴവുചാലുകള്‍ സമൃദ്ധമായ് നനയ്ക്കുന്നു
കട്ടയുടച്ചു നിരത്തുകയും മഴ വര്‍ഷിച്ചതിനെ കുതിര്‍ക്കയും ചെയ്യുന്നു
അവിടുന്നതിന്ന് മുളകള്‍ നല്കി സമൃദ്ധമായ് അനുഗ്രഹിക്കുന്നു.
മരുഭൂമിയിലെ പുല്‍പ്പുറങ്ങള്‍ സമൃദ്ധി ചൊരിയുന്നൂ
കുന്നുകള്‍ സന്തോഷമണിയുന്നു
മേച്ചില്‍പ്പുറങ്ങളില്‍ ആടുകള്‍ മേയുന്നൂ
താഴ്വാരങ്ങള്‍ ധാന്യംകൊണ്ട് നിറയുന്നൂ
അവ സന്തോഷിച്ചാര്‍ക്കുന്നു.
നല്ല നിലത്ത്…

അടുത്തയാഴ്ചയിലും ഈ ഗീതത്തിന്‍റെ ആത്മീയ വിചിന്തനം  ശ്രവിക്കാം (ഭാഗംആറ്).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 March 2020, 13:31