2019.06.28 Cristo - artemosaico di Rupnik sj 2019.06.28 Cristo - artemosaico di Rupnik sj 

രൂപാന്തരീകരണം തെളിയിച്ച കുരിശിന്‍റെവഴി

തപസ്സുകാലം രണ്ടാംവാരം ഞായറാഴ്ച സുവിശേഷവിചിന്തനം - വിശുദ്ധ മത്തായിയുടെ സുവിശേഷം 17, 1-9.
തപസ്സുകാലം 2-Ɔο വാരം - സുവിശേഷചിന്തകള്‍

1. താബോറിലെ ധ്യാന മുഹൂര്‍ത്തങ്ങള്‍
ക്രിസ്തുവിന്‍റെ രൂപാന്തരീകരണത്തെക്കുറിച്ചാണ് തപസ്സുകാലത്തെ രണ്ടാംവാരം ഞായറാഴ്ച നാം ധ്യാനിക്കുന്നത്. ഗലീലിയ തടാകത്തില്‍നിന്നും നസ്രത്തു ഗ്രാമത്തില്‍നിന്നും വളരെ അകലെയല്ലാത്ത, അതായത്, ഏകദേശം 12/15 കി.മീ. അകലെ, 2000 അടി ഉയരമുള്ള ചെറിയ പച്ചവിരിപ്പുള്ള മലയാണ് ക്രിസ്തുവിന്‍റെ കാലത്തെന്നപോലെ ഇന്നും താബോര്‍.  ഈ മലയിലാണ് ഈശോയുടെ ജീവിതത്തിലെ ശ്രദ്ധേയവും അന്യൂനവുമായ രൂപാന്തരീകരണമെന്ന പ്രതിഭാസം, സംഭവം അരങ്ങേറിയത്. പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നീ മൂന്നു പ്രിയ ശിഷ്യന്മാരെ കൂട്ടിക്കൊണ്ട് പ്രാര്‍ത്ഥിക്കാനായി ഈശോ താബോര്‍ മല കയറിയെന്ന് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു.

പ്രാര്‍ത്ഥിക്കുന്ന യേശുവിന്‍റെ മുഖം സുര്യതേജസ്സോടെ തിളങ്ങി. അവിടുത്തെ വസ്ത്രം തൂമ‍ഞ്ഞുപോലെ ധവളാഭമായി, വെണ്മയാര്‍ന്നു സുവിശേഷകന്‍ രേഖപ്പെടുത്തുന്നു (17, 2). അക്കാലമത്രയും തന്‍റെ പ്രബോധനങ്ങളിലൂടെയും, അത്ഭുത പ്രവൃത്തികളിലൂടെയും സമൂഹം കണ്ട ക്രിസ്തുവിന്‍റെ മുഖശ്രീ വീണ്ടുമിതാ, ആ ശിഷ്യന്മാര്‍ മൂവരുടെയും വിശ്വാസത്തെ തട്ടിയുണര്‍ത്തുമാറ് തേജസ്സുറ്റതായിരുന്നു. ക്രിസ്തുവില്‍ കേന്ദ്രീകൃതമായ രൂപാന്തരീകരണത്തിന്‍റെ ദൃശ്യാവിഷ്ക്കാരത്തെ തുടര്‍ന്ന് താബോറിലെ ആ യാമത്തില്‍ മോശയും ഏലിയായും അവിടുത്തെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് സംസാരിക്കുന്നതായും ശിഷ്യന്മാര്‍ മൂന്നുപേരും കണ്ടുവെന്ന് സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നു (17, 3).

2. ആത്മീയതയെ ബലപ്പെടുത്തുന്ന ക്രിസ്തുവെളിച്ചം
താബോര്‍ സംഭവത്തില്‍ സുവിശേഷകന്‍ വിവരിക്കുന്ന അനിതരസാധാരണമായ പ്രഭാപൂരം ശിഷ്യന്മാരുടെ മനസ്സുകളെയും ഹൃദയങ്ങളെയും പ്രകാശിപ്പിക്കണം, ബലപ്പെടുത്തണം എന്ന ലക്ഷ്യത്തിലേയ്ക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. അതുവഴി ഈ ഗുരുനാഥന്‍ ആരാണെന്ന് ശിഷ്യന്മാര്‍ കൂടുതല്‍ മനസ്സിലാക്കണമെന്നും അവിടുന്ന് ആഗ്രഹിച്ചിരുന്നു. ക്രിസ്തുവിന്‍റെ ദൈവികരഹസ്യത്തിലേയ്ക്കും, അവിടുത്തെ പൂര്‍ണ്ണ വ്യക്തിത്വത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും ദൈവികവെളിച്ചം വീശുന്ന സംഭവമാണ് താബോറിലെ രൂപാന്തരീകരണമെന്ന് ചുരുക്കിപ്പറയാം.

3. കുരിശുകള്‍ ഏറ്റെടുക്കുവാനുളള മലയിറക്കം
താബോറില്‍നിന്നും ക്രിസ്തു തുടര്‍ന്നു നീങ്ങിയത് ജരൂസലേമിലേയ്ക്കാണ്. അവിടെ പീഡനങ്ങള്‍ സഹിച്ച് മരിക്കുമെന്ന് അവിടുത്തേയ്ക്ക് ഉറപ്പായിരുന്നു. ഈ പീഡകളും കുരിശുമരണവും മാനുഷിക ബുദ്ധിയില്‍ ഏറ്റവും നിന്ദ്യവും അകാരണവുമാകയാല്‍ ശിഷ്യന്മാര്‍ക്ക് തീര്‍ച്ചയായും അവയെല്ലാം അസ്വീകാര്യവുമായിരുന്നു. ഇതു മനസ്സിലാക്കിയാണ് അവരുടെ വിശ്വാസത്തെ ഉള്‍ച്ചേര്‍ക്കാവുന്ന കുരിശുമരണത്തിനായി – “കുരിശിന്‍റെ മൗഢ്യ”ത്തിനായി ശിഷ്യന്മാരെ താബോര്‍ സംഭവത്തിലൂടെ ക്രിസ്തു ഒരുക്കുന്നത്. മാത്രമല്ല താന്‍ രക്ഷകനും ദൈവപുത്രനുമാണെന്ന സത്യം അവിടുന്ന് ഒന്നുകൂടെ അവര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു താബോറിലെ രൂപാന്തരീകരണ സംഭവത്തിലൂടെ...! ഏറെ ദുഃഖകരവും മാനസികമായി വേദനാജനകവുമായ കുരിശുയാഗത്തിനായി തന്‍റെ ശിഷ്യന്മാരെ ഈ വിധമാണ് ക്രിസ്തു ഒരുക്കിയത്. തബോറിലെ ആത്മീയാനുഭവത്തോടു ശിഷ്യാന്മാര്‍ക്കുള്ള പ്രതികരണം, “ഗുരോ... നമുക്കിവിടെതന്നെ പാര്‍ക്കാമെന്നായിരുന്നു!” (17, 4). അവിടെ പാര്‍ക്കാന്‍ ശിഷ്യന്മാര്‍ ഇഷ്ടപ്പെട്ടുവെങ്കിലും, ക്രിസ്തു അവര്‍ക്കൊപ്പം മലയിറങ്ങുകുകയും, പീഡാസഹനത്തിലൂടെയും കുരിശുമരണത്തിലൂടെയും പെസഹാരഹസ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവരെ ജരൂസലേമിലേയ്ക്കു നയിക്കുകയുംചെയ്തു.

4. മാതൃകയായ ത്യാഗത്തിന്‍റെയും
സേവനത്തിന്‍റെയും ജീവിതസമര്‍പ്പണം

പരസ്യജീവിതത്തിലെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും തന്‍റെ ദൈവികസ്വഭാവവും ദൗത്യവും ക്രിസ്തു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അതെല്ലാം ശിഷ്യന്മാരുടെ പ്രതീക്ഷകള്‍ക്ക് അതീതമായിരുന്നു. അവര്‍ക്കിതൊന്നും വ്യക്തമായി മനസ്സിലായില്ല. കാരണം അവര്‍ പ്രതീക്ഷിച്ചിരുന്നത് വിജയ ശ്രീലാളിതനും, സമ്പല്‍സമൃദ്ധിയുള്ളവനും, പ്രതാപിയും, പ്രൗഢിയുമുള്ള സാമ്രാജ്യാധിപനായ മിശിഹാ അല്ലെങ്കില്‍ രക്ഷകനെയായിരുന്നു. എന്നാല്‍ ക്രിസ്തു വെളിപ്പെടുത്തിയത് വിനീതനും, സൗമ്യനും, നിരായുധനും, അധികാരമോഹിയുമല്ലാത്ത ഒരു ദാസനെ, സഹന ദാസനെയായിരുന്നു!

5. ക്രിസ്തുവഴികളിലെ മൗലികത
സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും അടയാളമായിരുന്നില്ല ക്രിസ്തു. അല്ലെങ്കില്‍ അവിടുന്ന് അബ്രാഹത്തെയോ യാക്കോബിനെയോപോലെ തലമുറകളുടെ പിന്‍ബലമുള്ള ഒരു പിതൃമഹനുമായിരുന്നില്ല. കൂടും കുടിയുമില്ലാത്തൊരു ബ്രഹ്മചാരിയായിരുന്നു അവിടുന്ന്. അന്തിയുറങ്ങാന്‍ ഒരിടംപോലുമില്ലാത്തൊരു പാവപ്പെട്ടവന്‍, ദരിദ്രന്‍! എന്നാല്‍ അവിടുന്നു ജനങ്ങള്‍ക്ക് അനുഗ്രഹത്തിന്‍റെ സ്രോതസ്സും ദൈവിക ജീവന്‍റെ അടയാളവുമായിരുന്നു. ഒരു വിധത്തില്‍ മാനുഷികമായ ചിന്തയില്‍ എല്ലാം തകിടംമറിക്കുന്ന വിരോധാഭാസമായ ഒരു ദൈവിക വെളിപ്പെടുത്തലിന്‍റെ സമുന്നതമായ മൗലികരൂപമായിരുന്നു ക്രിസ്തു.

ഉദാഹരണത്തിന്, അവിടുത്തെ കുരിശുമരണം ഏറെ നിന്ദ്യവും പരിഹാസ്യവുമായിരുന്നു. എന്നാല്‍ കുരിശിലൂടെയാണ് അവിടുന്ന് സ്ഥായീഭാവമുള്ളതും നിര്‍ണ്ണായകവുമായ പുനരുത്ഥാനത്തിന്‍റെ മഹത്വത്തിലേയ്ക്ക് പ്രവേശിച്ചത്. രൂപാന്തരീകരണ പ്രഭപോലെ താല്ക്കാലികമായിരുന്നില്ല അവിടുത്തെ പുനരുത്ഥാനത്തിന്‍റെ മഹത്വം. ക്രിസ്തുവിന്‍റെ ഉത്ഥാനം സ്ഥായീഭാവമുള്ളതും കലാന്തരങ്ങള്‍ക്ക് ദൈവിക ജീവന്‍റെ പ്രത്യാശ പകരുന്നതുമായ വിശ്വാസസത്യമാണ് മനുഷ്യര്‍ക്ക് എക്കാലത്തും!

6. സഹനത്തിന്‍റെ കുരിശും മഹത്വത്തിന്‍റെ കിരീടവും
രൂപാന്തരീകരണം ക്രിസ്തുശിഷ്യന്മാര്‍ക്ക് അവിടുത്തെ മഹത്വം വെളിപ്പെടുത്തി കൊടുത്തു. എന്നാല്‍ കുരിശിനെയും അതിന്‍റെ സഹനങ്ങളെയും മറക്കുവാനോ, ഒഴിവാക്കുവാനോ ആയിരുന്നില്ല അവിടുന്ന് താബോര്‍ അനുഭവം ശിഷ്യന്മാരുമായി പങ്കുവച്ചത്! മറിച്ച് കുരിശ് അവരെ എവിടേയ്ക്കു നയിക്കും എന്നു പഠിപ്പിക്കുവാനായിരുന്നു. ക്രിസ്തുവിനോടുകൂടെ മരിക്കുന്നവര്‍ അവിടുത്തോടൊപ്പം ഉയിര്‍ക്കും. അവിടുത്തെ പുനരുത്ഥാന മഹത്വത്തില്‍ പങ്കുചേരും എന്ന് അവിടുന്ന് ശിഷ്യന്മാരെ ഉദ്ബോധിപ്പിക്കുകയായിരുന്നു. ഉത്ഥാനത്തലേയ്ക്കുള്ള വഴിയാണ് കുരിശ്. Bear the Cross and your wear the crown of victory, കുരിശിന്‍റെ സഹനത്തിലൂടെ പുനരുത്ഥാനത്തിന്‍റെ മഹത്വ ചൂടാം!

7. കുരിശിലാണു വിജയം !
നമ്മുടെ അസ്തിത്വത്തിന്‍റെയും ജീവിതത്തിന്‍റെയും യാഥാര്‍ത്ഥ്യങ്ങളില്‍ ഉറച്ചുനില്ക്കുവാനും, ക്ലേശങ്ങള്‍ ഉണ്ടാകുമ്പോള്‍ പതറാതെ ജീവിക്കുവാനും ക്രിസ്തുവിന്‍റെ കുരിശു നല്കുന്ന പ്രത്യാശ ഇതാണ് – ക്രിസ്തുവിന്‍റെ കുരിശിലൂടെ നാം അവിടുത്തെ ഉയിര്‍പ്പിലും പങ്കുകാരാകും എന്നുള്ള വിശ്വാസം തരുന്ന പ്രത്യാശ! ഇന്ന് എവിടെയും കുരിശുകള്‍ ഉയര്‍ത്തിരിക്കുന്നു, നാട്ടിയിരിക്കുന്നു. നാം അത് വിശ്വാസത്തോടെ അണിയുന്നു. ക്രിസ്തുവിനെപ്പോലെ കുരിശു ചുമന്നു നടക്കുന്നവരെയും ലോകത്തെവിടെയും ഇന്നു കാണാം, പ്രത്യേകിച്ച് ഈ തപസ്സുകാലത്ത്. എന്നാല്‍ ഓര്‍ക്കേണ്ടത് ക്രിസ്തുവിന്‍റെ കുരിശ് ഒരു അലങ്കാരവസ്തുവല്ല, പ്രദര്‍ശനവുമല്ല. മറിച്ച് ക്രിസ്തു മാനവരക്ഷയ്ക്കായ് മരിച്ചതിന്‍റെ ചരിത്രസത്യം സാക്ഷ്യപ്പെടുത്തുന്നതാണ് കുരിശ്.

ത്യാഗമുള്ള സ്നേഹത്തോടെ നമ്മുടെ ജീവിതങ്ങള്‍ സമര്‍പ്പിക്കുവാനുള്ള വിളിയെക്കുറിച്ചാണ് കുരിശു നമ്മെ അനുസ്മരിപ്പിക്കേണ്ടത്. അങ്ങനെ സഹനങ്ങള്‍ ഏറുമ്പോഴും വിശ്വാസത്തിന്‍റെ ആഴമായ അടയാളമാവട്ടെ കുരിശ്. ജീവിതക്കുരിശുകള്‍ ക്ഷമയോടെ വഹിക്കാനുള്ള കരുത്താകട്ടെ ക്രിസ്തുവിന്‍റെ കുരിശ്! നമുക്കായി കുരിശില്‍ മരിക്കുകയും ഉത്ഥാനചെയ്യുകയുംചെയ്ത ക്രിസ്തുവിന്‍റെ നമുക്കുള്ള പിന്‍ബലമാണത്. കുരിശ് അതിനാല്‍ ക്രൈസ്തവന്‍റെ ആത്മീയശക്തിയും ജീവിതവഴിയുമാണ്!

8. പ്രാര്‍ത്ഥനയും ഉപസംഹാരവും
പാപത്തിന്‍റെ നിഷേധാത്മകമായ അനുഭവങ്ങളെ മനസ്സിലാക്കി ക്രിസ്തുവിലേയ്ക്കും അവിടുത്തെ കുരിശിലേയ്ക്കും തിരിയുവാന്‍ ഈ തപസ്സുകാലം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ! ക്രിസ്തുവിന്‍റെ ദൈവിക മഹത്വം ഒളിഞ്ഞിരിക്കുന്നത് ദുഃഖത്തിന്‍റെയും സഹനത്തിന്‍റെയും യാതനകളുടെയും മരണത്തിന്‍റെയും അടയാളമായ കുരിശിലാണ്. അവിടുന്നു ലോകത്തെ വീണ്ടെടുത്തതും, രക്ഷിച്ചതും കുരിശുമരത്താലാണ്, കുരിശുമരണത്താലാണ്. തപസ്സനുഷ്ഠാനത്തിന്‍റ ത്യാഗപ്രവൃത്തികളിലൂടെയും, പ്രാര്‍ത്ഥനയിലൂടെയും, താബോറിലെ ശിഷ്യന്മാരെപ്പോലെ നമുക്കും ക്രിസ്തുസാന്നിദ്ധ്യവും അവിടുത്തെ ദൈവികമഹത്വവും, ഒപ്പം പെസഹാരഹസ്യങ്ങളും ധ്യാനിക്കുവാനും, ഉള്‍ക്കൊണ്ടു ജീവിക്കുവാനും പരിശ്രമിക്കാം!

അനുദിന ജീവിതത്തിന്‍റെ ഇരുട്ടിലും ക്ലേശങ്ങളിലും യേശുവേ, അവിടുത്തെ കൃപാവെളിച്ചം ഞങ്ങള്‍ക്ക് ആത്മീയ ബലമേകട്ടെ! അങ്ങേ മഹത്വത്തിന്‍റെ അനുഭവം പ്രഭമങ്ങിയ ഞങ്ങളുടെ എളിയ ജീവിതങ്ങളെ ഇനിയും തെളിയിക്കട്ടെ, മുന്നോട്ടു നയിക്കട്ടെ!! യേശുവേ, ക്രൂശിതാ, നിന്‍പാത പിന്‍ചെല്ലാന്‍ വരമരുളൂ, ഞങ്ങള്‍ക്കു ശക്തിയേകൂ!!

ഗാനമാലപിച്ചത്..... ബിജു നാരായണന്‍.  രചന ഫാദര്‍ തദേവൂസ് അരവിന്ദത്ത്, സംഗീതം ജോബ് മാസ്റ്റര്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2020, 15:10