ജീവജലത്തിന്‍റെ ഉറവിടമായ ക്രിസ്തു!
1. യേശു സമരിയായിലെ സിക്കാറില്‍
യേശുവും സമരിയാക്കാരി സ്ത്രീയുമായുള്ള നേര്‍ക്കാഴ്ചയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം ഭാഗം പ്രതിപാദിക്കുന്നത്. സമരിയായിലെ സിക്കാര്‍ എന്ന ഗ്രാമത്തിലെ യാക്കോബിന്‍റെ കിണറ്റിന്‍ കരയില്‍ നടന്ന സംഭവമാണ് സുവിശേഷകന്‍, വിശുദ്ധ യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അവിടത്തെ ഗ്രാമവാസികള്‍ നിത്യോപയോഗത്തിനായി വെള്ളം കോരിയിരുന്ന ഒരു കിണറാണത്.
അപ്പോള്‍ അവിടെ വെള്ളംകോരാന്‍ വന്ന ഒരു സമരിയാക്കാരി സ്ത്രീയാണ് കിണറ്റിന്‍ കരയില്‍ ഇരുന്നിരുന്ന യേശുവിനെ കണ്ടുമുട്ടിയത്. ഗലീലിയയില്‍നിന്നും സമേരിയാവരെ നടന്നെത്തിയ ക്ഷീണം തീര്‍ച്ചയായും അവിടുത്തേയ്ക്ക് ഉണ്ടായിരുന്നിരിക്കണം. ക്ഷീണിതനായ യേശു ആ കിണറ്റിന്‍ കരയില്‍ ഇരുന്നുവെന്ന് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു (4, 6). വെള്ളം കോരാന്‍ അവിടെ എത്തിയ സ്ത്രീയോട് തനിക്കു കുടിക്കാന്‍ അല്പം ജലം തരണമേയെന്ന് യേശു ചോദിച്ചു (4, 7).
2. യേശു ഭേദിച്ച ഒരു സാമൂഹികഭ്രഷ്ട്
ഈ സ്ത്രീയും യേശുവും തമ്മിലുള്ള ചെറുസംവാദത്തിലൂടെ സമരിയാക്കാരും യഹൂദരും തമ്മില്‍ എക്കാലത്തും നിലനിന്നിരുന്ന സാമൂഹിക ഭിന്നിപ്പ് ക്രിസ്തു ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്, അല്ലെങ്കില്‍ അല്പം മയപ്പെടുത്തുവാന്‍ ശ്രമിക്കുകയാണ്. കൂടാതെ സ്ത്രീകളോട് അക്കാലത്ത് സമൂഹം പൊതുവെ കാണിച്ചിരുന്ന വിവേചനത്തെയും അവിടുന്നു മാറ്റിമറിക്കാന്‍ ശ്രമിച്ചതായിരിക്കാം! ഒരു സ്ത്രീയോടു കുടിവെള്ളം ചോദിച്ചത് തുറവുള്ള ഒരു സംവാദത്തിന്‍റെ നാന്നിയായിരുന്നു. ഇതുവഴി സാമൂഹ്യനിയമം തെറ്റിച്ച്, സാധാരഗതിയില്‍ അക്കാലത്ത് ഒരു പുരുഷനു നിഷേധിച്ചിരുന്ന, മറ്റൊരു വ്യക്തിയുടെ ആന്തരീക ലോകത്തേയ്ക്ക് കടക്കുക എന്ന വലിയ ലോലമായ ക്രിയകൂടെ ക്രിസ്തു ബോധപൂര്‍വ്വം നിര്‍വ്വഹിക്കുകയായിരുന്നു. ലവലേശം ഭയമില്ലാതെ, അത് ഏറെ ലാഘവത്തോടെ ക്രിസ്തു ചെയ്തുവെന്നും സുവിശേഷകന്‍ യോഹന്നാന്‍റെ വിവരണത്തില്‍നിന്നും മനസ്സിലാക്കാം.
3. പരസ്പരാദരവിന്‍റെ രംഗാവിഷ്ക്കാരം
ഒരു വ്യക്തിയുമായുള്ള കൂടിക്കാഴ്ചയില്‍ യേശു അയാളെ മനസ്സിലാക്കി പെട്ടന്ന് മുന്നോട്ടു നീങ്ങുന്ന ക്രമം അവിടുത്തെ സംബന്ധിച്ചുള്ള മറ്റു സുവിശേഷ സംഭവങ്ങളിലും നമുക്കു കാണാം. വ്യക്തി ഏതു തരക്കാരനോ തരക്കാരിയോ ഏത് അവസ്ഥയിലോ ആവട്ടെ, ക്രിസ്തു അവനെയും അവളെയും സ്നേഹിക്കുന്നവെന്നാണ് ബോധ്യമുള്ള ആ ഇടപെടലില്‍നിന്നും നാം മനസ്സിലാക്കേണ്ടത്. തന്‍റെ മുന്നില്‍ എത്തുന്ന ഒരു വ്യക്തിയെ അവിടുന്ന് മുന്‍വിധിയോടെ കാണുകയോ, അയാളെ ഒഴിവാക്കുകയോ ചെയ്യുന്നില്ല. അതുപോലെ സമരിയാക്കാരി സ്ത്രീയെ വിധിക്കാതെയും, അവളുടെ വ്യക്തിത്വവും അന്തസ്സും മാനിച്ചുകൊണ്ടും, അവള്‍ക്ക് ഇണങ്ങുന്ന സ്വതന്ത്രമായൊരു രംഗം അവിടുന്ന് ആവിഷ്ക്കരിക്കുന്നു. യേശുവുമായുള്ള അവളുടെ പ്രതികരണവും ഇവിടെ ഏറെ ശ്രദ്ധേയമാണ്. തനിക്കായി വെള്ളം കോരുകയെന്ന പതിവു തെറ്റിച്ച്, ദാഹിച്ചെത്തിയ അന്യജാതിക്കാരനായ ഒരു പുരുഷന് അവള്‍ കുടിക്കാന്‍ വെള്ളം കോരിക്കൊടുക്കുകയും, അവള്‍ അയാളോടു സംസാരിക്കുകയും ചെയ്യുന്നു.
4. വ്യക്തിയുടെ ആന്തരിക തലങ്ങള്‍ അറിഞ്ഞ ക്രിസ്തു
ക്രിസ്തുവിന്‍റെ ദാഹം അല്പം ജലത്തിനുവേണ്ടി മാത്രമല്ലായിരുന്നില്ല. അവിടുന്ന് ആ സ്ത്രീയില്‍ സാമൂഹികമായും ആത്മീയമായും ഉണങ്ങിവരണ്ടൊരു വ്യക്തിയെയാണ് കണ്ടത്. അവളുടെ ഹൃദയം തുറക്കുമാറ് അവിടുന്ന് അവളോടു സംവദിക്കുന്നു. തന്‍റെ ദാഹം ശമിപ്പിക്കാന്‍ എന്നതിലേറെ, അവളുടെ ആത്മീയദാഹം മനസ്സിലാക്കിയാണ് അവിടുന്ന് അവളോടു കുടിക്കാന്‍ ജലം ചോദിച്ചത്. ക്രിസ്തുവിന്‍റെ അത്യപൂര്‍വ്വമായ സംസാരചാരുതയിലും, അവിടുന്നു പ്രകടമാക്കിയ ധൈര്യത്തിലും ആ സ്ത്രീ ആകൃഷ്ടയായിരിക്കണം! കാരണം അവള്‍ അവിടുത്തോടു ചോദിച്ച ചില ചോദ്യങ്ങള്‍ സാധാരണഗതിയില്‍ അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ആരും പുറത്തുപറയാതെ മനസ്സിലേറ്റി നടക്കുന്ന കാര്യങ്ങളാണ്, അല്ലെങ്കില്‍ പലരും മറച്ചുവയ്ക്കുന്ന കാര്യങ്ങളാണ്.
5. ജീവജലത്തിന്‍റെ ഉറവയായ ക്രിസ്തു!
ചോദ്യങ്ങള്‍ നമ്മുടെയും മനസ്സുകളില്‍ ഉണ്ടാകാം. പക്ഷെ ചോദിക്കാന്‍ ധൈര്യമില്ലെന്നു മാത്രം! തപസ്സുകാലം യഥാര്‍ത്ഥത്തില്‍ നമ്മിലേയ്ക്കു തിരിയുവാനും, നമ്മുടെ ആഴമായ ആത്മീയാവശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ കണ്ടെത്തുവാനും, അവയ്ക്കുള്ള ആത്മീയമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ദൈവത്തോട് ചോദിക്കുവാനും, പ്രാര്‍ത്ഥനയില്‍ ദൈവത്തോടു അവിടുത്തെ സ്നേഹവും കാരുണ്യവും യാചിക്കുവാനുമുള്ള സമയവുമാണ്. സമരിയാക്കാരി സ്ത്രീയെപ്പോലെ, ഹൃദയത്തില്‍ ഉദിക്കുന്ന ആശ്ചര്യത്തോടും ജീജ്ഞാസയോടുംകൂടെ നാമും യേശുവിനോടു ചോദിക്കേണ്ടതാണ്, “രക്ഷകനായ യേശുവേ, ആത്മീയദാഹം ശമിപ്പിക്കുന്ന ജീവജലം അങ്ങ് ഞങ്ങള്‍ക്കു നല്കണമേ!”
6. ജ്ഞാനസ്നാനം കൃപയുടെ നീര്‍ച്ചാല്‍
നിത്യജീവന്‍ പകരുന്ന ജലം ക്രൈസ്തവ മക്കളില്‍ ഓരോരുത്തരിലും വര്‍ഷിക്കപ്പെട്ടിട്ടുണ്ട്. അത് നമ്മുടെ ജ്ഞാനസ്നാന ദിനത്തിലാണ്. ജ്ഞാനസ്നാന ജലം നമ്മുടെ ശിരസ്സില്‍ ഒഴിക്കുമ്പോള്‍ ഹൃദയത്തിലേയ്ക്ക് ദൈവകൃപ വര്‍ഷിക്കപ്പെടുകയാണ്. ദൈവം അവിടുത്തെ കൃപയാല്‍ നമ്മെ നിറയ്ക്കുകയും നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ഈ ജ്ഞാനസ്നാന ദിനവും, സംഭവവുമെല്ലാം നാം മറന്നുപോകയാണ്. നാം ഓര്‍ക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത് ജന്മദിനങ്ങളാണ്, birthdays! അത് വളരെ മോടിയായി പലരും ആഘോഷിക്കുകയും ചെയ്യുന്നു. നല്ല കാര്യം!
7. ദൈവകൃപയുടെ മഹത്വം പുനര്‍ജീവിക്കാം
എന്നാല്‍ ക്രിസ്തുവില്‍ ദൈവകൃപ നമുക്കു ലഭിക്കുകയും, നാം നവസൃഷ്ടികളായി തീരുകയും ചെയ്ത ദിനം സൗകര്യാര്‍ത്ഥം നാം മറന്നുകളയുന്നു. തന്‍റെ പ്രബോധനങ്ങളില്‍ പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പറയുന്നൊരു കാര്യമാണ് ജ്ഞാനസ്നാനദിനം ഓരോരുത്തരും ഓര്‍ക്കണമെന്നത്. ഇനി ഓര്‍മ്മയില്ലെങ്കില്‍ ഇടവകപള്ളിയില്‍ പോയി ജ്ഞാനസ്ന തിയതി കണ്ടെത്തുകയും,
ആ ദിനത്തിന്‍റെ പരിശുദ്ധി ഓര്‍ക്കുകയും ആചരിക്കുകയും വേണമെന്നാണ് പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നത്. ജ്ഞാനസ്നാന തിയതി രജിസ്റ്ററില്‍ ഒരു കണക്കായി സൂക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് പാപ്പാ പറയുന്നത്. മറിച്ച് ആ ദിനം അനുസമരിക്കുകയും, അന്നാളില്‍ നാം സ്വീകരിച്ച ദൈവകൃപയുടെ മഹത്വം അനുസ്മരിക്കുകയും, പുനര്‍ജീവിക്കുകയും വേണമെന്നാണ്.
8. പൊട്ടക്കിണര്‍ തേടുന്നവര്‍ നാം
നാം കിണറുകള്‍ തേടുന്നവരാണ്. എന്നാല്‍ നാം കണ്ടെത്തുന്നതോ, പ്രവാചകന്‍റെ ഭാഷയില്‍, ജീവിതത്തിന്‍റെ ദാഹം ശമിപ്പിക്കാന്‍ കെല്പില്ലാത്ത പൊട്ടക്കിണറുകളാണ് (ജെറമിയ 2, 13). യഥാര്‍ത്ഥത്തിലുള്ള ജലവും അതിന്‍റെ സ്രോതസ്സും നാം അറിയാതെ പോകുന്നു. നമ്മുടെ ദാഹം ശമിപ്പിക്കാന്‍ വേണ്ടുവോളം തെളിവോ ഓജസ്സോ ഇല്ലാത്ത ജലത്തിനു പിറകെ പോകുന്നവരാണ് നാം. ഇന്നത്തെ സുവിശേഷഭാഗം, അതിനാല്‍ സമരിയാക്കാരി സ്ത്രീയെ മാത്രം പ്രതിപാദിക്കുന്നതല്ല, നമ്മെ ഓരോരുത്തരെയും അതു സ്പര്‍ശിക്കുന്നുണ്ട്, അതു പ്രതിപാദിക്കുന്നുണ്ട്.
9. ക്രിസ്തുവുമായുള്ളൊരു കൂടിക്കാഴ്ചയ്ക്കു മുതിരാം
സമരിയാക്കാരിയോടെന്നപോലെ എന്നോടും നിങ്ങളോടും ഇന്നു ക്രിസ്തു സംസാരിക്കുന്നുണ്ട്.
ഒരു വ്യത്യാസം മാത്രം, യേശുവിനെ നമുക്കു നേരത്തെ അറിയാം. സമരിയാക്കാരിക്ക് അറിവില്ലായിരുന്നു. അവള്‍ കേട്ടിരിക്കാം. എന്നാല്‍ നാം അവിടുന്നുമായി ഒരു നേര്‍ക്കാഴ്ചയ്ക്കോ, വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കോ ശ്രമിച്ചിട്ടില്ലെന്നതാണ് സത്യം. അതായത് അവിടുത്തോടു വ്യക്തിപരമായി നാം അടുത്തിട്ടില്ലെന്നു മാത്രം. അവിടുത്തോടു നാം സംസാരിച്ചിട്ടില്ല. ചുരുക്കത്തില്‍ രക്ഷകനായി അവിടുത്തെ പൂര്‍ണ്ണമായി നാം മനസ്സിലാക്കിയിട്ടില്ല. ഈ തപസ്സുകാലം ക്രിസ്തുവുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് നല്ലൊരു അവസരമാണ്. അവിടുന്നുമായി ഹൃദ്യമായ സംവാദത്തില്‍ ഏര്‍പ്പെടാന്‍ പറ്റിയ നല്ല അവസരമാണ് പ്രാര്‍ത്ഥന. വ്യക്തിപരമായ കാര്യങ്ങള്‍ അവിടുത്തോടു സംസാരിക്കാന്‍ മാത്രമല്ല, അവിടുത്തെ നിശ്ശബ്ദമായി ശ്രവിക്കുവാനുമുള്ള അവസരവുമാണ് പ്രാര്‍ത്ഥന, പ്രത്യേകിച്ച് തപസ്സിലെ ഈ ദിനങ്ങളില്‍.
10. തപസ്സിലൂടെ കണ്ടെത്താവുന്ന ദൈവകൃപ
തപസ്സിന്‍റെ ഈ ദിനങ്ങളിലെ പ്രാര്‍ത്ഥനപോലെ തന്നെ ക്രിസ്തുവിനെ കണ്ടെത്താനുള്ള മറ്റൊരു വേദിയാണ്, നമ്മുടെ ഇടയില്‍ ക്ലേശിക്കുന്ന പാവങ്ങളായ സഹോദരങ്ങളുമായുള്ള കൂടിക്കാഴ്ചയും, അവരെ സഹായിക്കുന്ന പ്രവൃത്തികളും. യേശുവിന്‍റെ മുഖകാന്തി നമുക്ക് അവരില്‍ കണ്ടെത്താം. അവരെ നമുക്കു സഹായിക്കാം. കൂടാതെ ദൈവവചനത്തിന്‍റെ വറ്റാത്ത നീരുറവയില്‍നിന്നും, പരിശുദ്ധാവില്‍നിന്നും നമ്മുടെ ആത്മീയദാഹം ശമിപ്പിച്ചുകൊണ്ട് ജ്ഞാനസ്നാനത്തില്‍ നാം സ്വീകരിച്ചിട്ടുള്ള ദൈവകൃപ നവീകരിക്കുവാനുള്ള നല്ല അവസരമാക്കി ഈ തപസ്സുകാലം ഉപയോഗപ്പെടുത്താം. അങ്ങനെ അനുരജ്ഞനത്തിന്‍റെ ശില്പികളാകുന്നതിന്‍റെ ആനന്ദം കണ്ടെത്തുകയും അനുദിന ജീവിതത്തില്‍ സമാധാനത്തിന്‍റെ ഉപകരണങ്ങളായി ജീവിക്കുകയും ചെയ്യാം!
11. പ്രാര്‍ത്ഥനയും ഉപസംഹാരവും
ആത്മീയ ജീവന്‍റെ ഉറച്ച പാറയും, സ്രോതസ്സുമായ ക്രിസ്തുവില്‍നിന്നു നിര്‍ഗ്ഗളിക്കുന്ന ജീവജലം നുകര്‍ന്നു വളരുവാനും ജീവിതത്തില്‍ മുന്നേറുവാനും ദൈവമേ, അങ്ങു ഞങ്ങള്‍ക്കു കൃപനല്കണമേ! ഇന്ന് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ തലപൊക്കയിരിക്കുന്ന മഹാമാരിയില്‍നിന്നും ദൈവമേ, അങ്ങു മനുഷ്യകുലത്തെ പരിരക്ഷിക്കണമേ. സ്രഷ്ടാവായ അങ്ങു തന്ന പൊതുഭവനമായ ഈ ഭൂമിയെ അങ്ങേ ദിവ്യസുതന്‍ പകര്‍ന്നുതരുന്ന ജീവജലത്താല്‍ കഴുകി സൗഖ്യപ്പെടുത്തുകയും നവീകരിക്കുകയും രക്ഷിക്കുകയും ചെയ്യണമേ!
ഗാനമാലപിച്ചത് ഡോ. കെ. ജെ. യേശുദാസും ബി. വസന്തയുമാണ്. രചന ഫാദര്‍ ആബേല്‍
സി..എം.ഐ., സംഗീതം കെ. കെ. ആന്‍റെണിമാസ്റ്റര്‍.