Beginning of journey - image of a migrant child and his father Beginning of journey - image of a migrant child and his father 

കുരിശും കിരീടവും - ഒരു ആഖ്യാനം

തപസ്സുകാല ചിന്തയുണര്‍ത്തുന്ന റോഡിയോ നാടകം - കുരിശും കിരീടവും – ശബ്ദരേഖയോടെ...
ആഖ്യാനത്തിന്‍റെ ശബ്ദരേഖ - കുരിശും കിരീടം

1. ആമുഖചിന്ത – സുഖസങ്കല്പങ്ങള്‍
കുരിശില്ലെങ്കില്‍ കിരീടവുമില്ല, If there is no cross, there is no crown, എന്ന ചൊല്ല് നമുക്ക് പരിചിതമാണ്. പക്ഷേ, കുരിശ് വഹിക്കേണ്ടിവരുമ്പോള്‍ കിരീടമല്ല ഓര്‍ക്കുന്നത്, നേരിടേണ്ട യാതനയുടെ കാഠിന്യവും കയ്പ്പുമാണ്. ജീവിതത്തില്‍ സുഖം കാംക്ഷിക്കുന്നവരാണ് നാമെല്ലാം. സുഖത്തിനുള്ള പാതകള്‍ തേടി പരക്കംപായുകയാണ് ലോകം. എന്നാല്‍ സുഖത്തെക്കുറിച്ചുള്ള സങ്കല്പം വ്യത്യസ്തവുമാണ്. ഒരാള്‍ക്ക് സമ്പത്തായിരിക്കും സുഖം നല്‍കുന്നത്. വേറൊരാള്‍ക്ക് സ്ഥാനമാനങ്ങളായിരിക്കാം. മറ്റൊരാള്‍ക്ക് നല്ല ബന്ധങ്ങളും. തെറ്റായ കാര്യങ്ങളിലും സുഖപ്രാപ്തി തേടുന്നവരുണ്ടല്ലോ.

2. ലോകത്തില്‍ അപ്രാപ്യമായ “പരമസുഖം”
പരമമായ സുഖം ഈ വിശ്വത്തിലില്ല, അതു പ്രാപിക്കാന്‍ ലോകബന്ധം ഉപേക്ഷിക്കണം എന്നു കരുതുന്ന യോഗികളും ഒരര്‍ത്ഥത്തില്‍ സുഖം തേടുന്നവരല്ലേ. ജീവിതം സൗഖ്യപൂര്‍ണ്ണവും സന്തോഷകരവും ആയിരിക്കണമെന്നു നാം ആഗ്രഹിച്ചാലും അതിനായി എത്ര പരിശ്രമിച്ചാലും യാഥാര്‍ത്ഥ്യമാകണമെന്നില്ല. ദുഃഖങ്ങള്‍ മനുഷ്യന്‍റെ ജീവിതഭാഗമാണ്, ഭാഗധേയമാണ്. കരഞ്ഞുകൊണ്ടല്ലേ നാം ഈ ലോകത്തിലേയ്ക്കു പിറന്നു വീഴുന്നത്. പിന്നെ മറ്റുള്ളവരെ കരയപ്പിച്ചുകൊണ്ട്, ശോകാന്തരീക്ഷത്തില്‍ നാം ലോകത്തോട് യാത്രപറയുന്നു. അപ്പോള്‍  സുഖം ആഗ്രഹിക്കുന്നവര്‍ ദുഃഖം സ്വീകരിച്ചും അംഗീകരിച്ചും ജീവിക്കണമെന്നത് പ്രകൃതി നിയമവും, ഈശ്വരനിയോഗവുമല്ലേ. പ്രകാശംനിറഞ്ഞ പകല്‍മാറി അന്ധകാരം നിറഞ്ഞ രാത്രി വന്നു ചേരുന്നു. അതുപോലെ അന്ധകാരമകറ്റാന്‍ ഓരോ ദിനത്തിലും ദൈവത്തിന്‍റെ പുതിയ സ്നേഹംപോലെ സൂര്യന്‍ അനുദിനം ഉദിച്ചുയരുന്നു. ജീവിതദുഃഖങ്ങളിലും കുരിശുകളിലും ദൈവസ്നേഹം പ്രകാശമായെത്തുന്നു. ദൈവം നമ്മേ സ്നേഹക്കുവെന്ന് ഉറപ്പുനല്കുന്നു. ജീവിതക്കുരിശുകളില്‍നിന്നും വീണ്ടും പ്രത്യാശയോടെ അങ്ങനെ നമുക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാം.

3. കുരിശിനെ ആശ്ലേഷിച്ച ഗാന്ധിജി
യേശുവിന്‍റെ ക്രൂശിതരൂപത്തില്‍ നോക്കി ദീര്‍ഘസമയം ധ്യാനനിമഗ്നനായി ഗാന്ധിജി പറഞ്ഞു. “ഈ സത്യം ഞാനറിയുന്നു - കുരിശിലെ മരണവേദനയിലൂടെയല്ലാതെ ശാശ്വതമായ വിജയം ലോകത്തുണ്ടാവുകയില്ല. യാതനയും മരണവും കൈവരിച്ചാല്‍ മാത്രമേ ഉയിര്‍പ്പിന്‍റെ ഭാഗ്യം അനുഭവിക്കാന്‍ മനുഷ്യര്‍ക്കു കഴിയൂ.” എത്ര വലിയ സത്യമാണ് ഭാരതത്തിന്‍റെ രാഷ്ട്രപിതാവ് പ്രസ്താവിച്ചത്. പൗലോസ് അപ്പോസ്തോലന്‍ വിരല്‍ചൂണ്ടുന്നതും ഈ യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ്. ‘ക്രിസ്തുവിന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കില്‍ മാത്രമേ, അവിടുത്തെ പുനരുത്ഥാനത്തിന്‍റെ സാദൃശ്യത്തോടും നാം ഏകീഭവിക്കപ്പെടുകയുള്ളൂ.’ (1 കൊറി. 15....).
..........................................................
4. കുരിശുകള്‍ ഇഷ്ടപ്പെടാത്തവര്‍ (ആഖ്യാനഭാഗം - ഒന്ന്)
ഓ, നടുവിനു വല്ലാത്ത വേദന, ഹാ..ഹാ.... (വേദന)
വാ... സോണീ, നീ ഈ കട്ടിലില്‍ ഇരിക്കൂ.... കുറച്ചു വെള്ളം തരാം...
ഈ വെള്ളം കുടിച്ചോളൂ....
ഓ, ഇതു വളരെ നല്ല മുറിയാ...! സോണീ, നിനക്ക് ഇഷ്ടമായില്ലേ.
ഹാ... എനിക്കിഷ്ടമായി. പിന്നെ നമ്മളിവിടെ സ്ഥിരം താമസിക്കാനൊന്നും വന്നതല്ലല്ലോ. ഏതാനും ദിവസത്തേയ്ക്കു മാത്രമല്ലേ... അതുകൊണ്ട്.. എന്തു സൗകര്യംനോക്കാന്‍. ഡോക്ടര്‍ പറഞ്ഞതു പ്രകാരമാണെങ്കില്‍ ഇന്നു കഴിഞ്ഞാല്‍പ്പിന്നെ മൂന്നാംപക്കം….
അതു ശരിയാണ്.
നല്ല കാറ്റും വെളിച്ചവുമുള്ള മുറിയായതുകൊണ്ട് പറഞ്ഞെന്നേയൂള്ളൂ......

(ഭിത്തിയില്‍ക്കിടക്കുന്ന ക്രൂശിതരൂപം നോക്കിക്കൊണ്ട്)

Oh… No…. ഇതു ഞാന്‍ അനുവദിക്കില്ല.
എന്തനുവദിക്കില്ലെന്ന്....? 
സോണീ, നീ ഈ മുറിയില്‍ കിടന്ന് കണ്ണുതുറന്നാല്‍ ആദ്യം കാണാന്‍ പോകുന്നത്
ദാ... ആ ...കുരിശാണ്...
അതൊന്നും സാരമില്ല സന്തോഷ്... നമുക്ക് വിശ്വാസമില്ലെങ്കിലും...
ഇത് ഒരു ക്രിസ്ത്യന്‍ സ്ഥാപനമാണ്. അത് ഇവിടത്തെ സംവിധാനത്തിന്‍റെ ഭാഗമാണ്.
അതൊന്നും നമുക്കത്ര കാര്യമാക്കണ്ട. കൂടിയാല്‍ ഒരാഴ്ചത്തെ പ്രശ്നമല്ലേ
പിന്നെ..., ദാ ഞാനല്ലേ, ഇവിടെ കിടക്കാന്‍ പോകുന്നത്!
ഞാന്‍ മുകളിലേയ്ക്ക് നോക്കാനേ പോകുന്നില്ല. പ്രശ്നംതീര്‍ന്നില്ലേ...
സന്തോഷ്, ഈ ചെറിയ കാര്യത്തില്‍ അത്ര എക്സൈറ്റഡ് ആകണ്ട...
ഇല്ല, അത് നിന്‍റെ പ്രശ്നം മാത്രമല്ല, സോണീ....
എനിക്കു വിശ്വാസമില്ലെന്നത് ഒരു കാര്യം...
പക്ഷെ.. പിറക്കാന്‍ പോകുന്ന എന്‍റെ കുഞ്ഞും അതില്‍ വിശ്വസിക്കരുതെന്നും,
അതു കാണരുതെന്നതും എനിക്കൊരു വാശിയുണ്ട്...
ഓ... സന്തോഷ്, എന്തൊക്കെയാണീ പറയുന്നത്.
ജനിച്ചു വീഴുന്ന കുഞ്ഞ് ഇതൊക്കെ കാണാന്‍ പോകുന്നേയില്ല...
ഞാന്‍ നാളത്തെ കഴിഞ്ഞാല്‍ ലേബര്‍ മുറിയിലായിരിക്കും.
പിന്നെ ഡെലിവറി കഴിഞ്ഞ് രണ്ടാം ദിവസം നമുക്ക് ഇവിടെനിന്നു പോവുകയും
ചെയ്യാം.

ദാ.... സന്തോഷ് ഒന്ന് കണ്ണുതുറന്നു നോക്ക്, ഈ ആശുപത്രിയിലെ മിക്കവാറും
എല്ലാ മുറികളിലും ക്രിസ്തുവിന്‍റെ രൂപമുണ്ട്. നോക്കിയേ, ദാ, അവിടെ നില്ക്കുന്ന സിസ്റ്റേഴ്സിന്‍റെ കഴുത്തില്‍ കുടക്കുന്നതെല്ലാം കുരിശാണ്... 
അതൊക്കെ ശരി, ഞാന്‍ ബുക്ക്ചെയ്ത മുറിയില്‍നിന്നും
കുരിശു മാറ്റിയേ പറ്റൂ. അല്ലെങ്കില്‍ നമുക്കീ ആശുപത്രി വേണ്ട സോണീ...
അതു നടക്കുമെന്നു തോന്നുന്നില്ല, എന്‍റെ ഗൈനക്കോളജിസ്റ്റ്,
ഡോക്ടര്‍ മിറിയം ഈ ആശുപത്രി വിട്ടു വരുമെന്നു കരുതുന്നില്ല.

ഇല്ല... ഇല്ല... എന്തുതന്നെയായായലും... ഞാന്‍ സമ്മതിക്കില്ല.
അസഹനീയമായ വേദനയും ദുഃഖവും പേറുന്ന മുഖവും,
രക്തം വാര്‍ന്നൊലിക്കുന്ന കൈപ്പത്തിയും പാദങ്ങളും, മുറിപ്പെട്ട
മാറുമായി കിടക്കുന്ന രൂപം പിറന്നുവീഴുന്ന നമ്മുടെ കുഞ്ഞ് കാണരുത്, കാണാന്‍ പാടില്ല!
അത് നമ്മുടെ കുഞ്ഞിന്‍റെ ജീവിതത്തെ ദോഷകരമായി ബാധിക്കും.
അതിനു ഞാന്‍ സമ്മതിക്കില്ല. ഞാന്‍ ഇപ്പോള്‍ത്തന്നെ
ഇവിടത്തെ അഡ്മിനിസ്ട്രേഷനോട് സംസാരിച്ചിട്ടു വരാം.

(വാതില്‍ തുറന്ന് സിസ്റ്റര്‍ പ്രവേശിക്കുന്നു...)

Good Morning..
Good Morning, sister… ഞാന്‍ സന്തോഷ്... ഇത് ഭാര്യ സോണി...
സിസ്റ്റര്‍ സ്ക്കൊളാസ്ററിക്കാ... വാര്‍ഡിന്‍റെ ചാര്‍ജ്ജ് എനിക്കാണ്.
ങ്... എന്താ...നിങ്ങള്‍ക്ക് മുറിയൊക്കെ ഇഷ്ടമായോ....?
ഞാന്‍ അങ്ങോട്ട് വന്ന് സിസ്റ്ററിനെ കാണാന്‍ ഇരിക്കുകയായിരുന്നു.
അതേയോ... ഓ... എന്തുവേണം, സന്തോഷ്..?
ക്ഷമിക്കണം... സിസ്റ്റര്‍, ഈ മുറിയില്‍ക്കിടക്കുന്ന കുരിശുരൂപം മാറ്റണം.
കാരണം എനിക്കതില്‍ വിശ്വസമില്ലെന്നു മാത്രമല്ല,
എനിക്ക് പിറക്കാന്‍ പോകുന്ന കുഞ്ഞ് ഒരു പീഡനരംഗത്തിന്‍റെ ഭാഗമാകാനും,
അങ്ങനെയൊരു നിഷേധാത്മകമായ അന്തരീക്ഷത്തില്‍ കിടക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഇതാണോ കാര്യം! അതിന് താങ്കള്‍ എക്സൈറ്റഡാകേണ്ട കാര്യമില്ല. കുരിശ്ശ് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമല്ലേ, നിര്‍ബന്ധമാണെങ്കില്‍ ... നമുക്ക് ഇക്കാര്യം ഇവിടത്തെ ഡയറക്ടറച്ചനോട് പറയാം. അദ്ദേഹം അത്ര ശാഠ്യക്കാരനൊന്നുമല്ല. വരൂ.. സന്തോഷ് നമുക്ക് അച്ചനെ കണ്ട് കാര്യം പറയാമല്ലോ..

(ഡയറക്ടറച്ചന്‍റെ മുറയില്‍ മുട്ടിയിട്ടു പ്രവേശിക്കുന്നു)

Good Morning, Father….
Good Morning.
ഫാദര്‍ മാത്യു, ഇത് സന്തോഷ്.... ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ടു വന്നതാണ്. സോണി ഇവിടെ maternity-യില്‍ അഡ്മിറ്റഡായിട്ടുണ്ട്. മുറി ബുക്ക്ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന് ഒരഭ്യര്‍ത്ഥന.... സന്തോഷിന്‍റെ ആദര്‍ശപ്രകരാം മുറിയിലുള്ള കുരിശുരൂപം മാറ്റിക്കൊടുക്കണമത്രേ.
അതെന്താ, കുരിശിനെ ഭയപ്പെടുന്നുണ്ടോ, സന്തോഷ്...!?
കുരിശില്‍ സ്നേഹമാണ്. ക്രിസ്തുവിന്‍റെ വിശ്വസ്നേഹമാണത്. സ്നേഹമുള്ളതുകൊണ്ടല്ലേ നാമൊക്കെ അല്പമെങ്കിലും സഹിക്കുന്നത്. ജീവിതത്തില്‍ അങ്ങനെയായിരിക്കണം. കുരിശ് വിജയത്തിന്‍റെ പ്രതീകമാണ്.
If there is no cross, there is no crown. ഇതൊക്കെ സന്തോഷിനും അറിയാമല്ലോ....
Sorry Father, ഇക്കാര്യത്തില്‍ ഞാനല്പം ശാഠ്യക്കാരനാണ്. Please…
Priest : ഉം.... അങ്ങനെയെങ്കില്‍.. സിസ്റ്റര്‍, ദയവായി സ്റ്റാഫിനോട് പറഞ്ഞ്, ആ കുരിശങ്ങ് വേഗം മാറ്റിയേര്..... Ok… പ്രശ്നം തീര്‍ന്നില്ലേ.
ക്ഷമിക്കണം! ഞാന്‍ ബോര്‍ഡ് മീറ്റിങ്ങിന് പോവുകയാണ്. Bye….
.................................................
ആ മനുഷ്യന്‍റെ ശാഠ്യത്തിന് ആശുപത്രി അധികൃതര്‍ വഴങ്ങി.
പ്രവേശനത്തിന്‍റെ മൂന്നാം ദിവസം അയാളുടെ ഭാര്യ പ്രസവിച്ചു.
പിന്‍റേന്ന് കുഞ്ഞിനെക്കാണാന്‍ വേണ്ടി ഗൃഹനാഥന്‍ ഓടിയെത്തി.
അയാള്‍ സന്തോഷവാനായി. ഒരാണ്‍കുഞ്ഞിന്‍റെ പറവിയിലുള്ള സന്തോഷം
അയാള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണില്‍ വിളിച്ച് അശുപത്രി മുറിയില്‍നിന്നു തന്നെ അറിയിക്കാന്‍ തുടങ്ങി.

(അപ്പോഴേയ്ക്കും മുറിയിലേയ്ക്ക് ഡോക്ടറും വാര്‍ഡിന്‍റെ ചാര്‍ജ്ജുള്ള സിസ്റ്ററും നെഴ്സുമാരോടൊപ്പം പരിചരണത്തിനായെത്തി. പരിശോധന കഴിഞ്ഞ് അവര്‍ പോകാനൊരുങ്ങിയപ്പോള്‍ കുടുംബനാഥന്‍,  സന്തോഷ് ഡോക്ടറോടു സംസാരിച്ചു.)
............................................
5. കുരിശുകള്‍ ഇഷ്ടപ്പെടാത്തവര്‍ (ആഖ്യാനഭാഗം - രണ്ട്)
എങ്ങനെയുണ്ട് ഡോക്ടര്‍, എന്‍റെ കുഞ്ഞ്?
അവന്‍ മിടുക്കനാണ്. എല്ലാം നന്നായിരിക്കുന്നു. പിന്നെ
എനിക്കൊരു കാര്യം പേഴ്സണലായി സംസാരിക്കാനുണ്ട്.
സന്തോഷ്, ഒന്ന് ഇങ്ങു വരൂ... നമുക്കല്പം മാറിനിന്നു സംസാരിക്കാം..

(മാറിനിന്നു സംസാരിക്കുന്നു).

എന്താ, ഡോക്ടര്‍...!?
അത്.... നിങ്ങളുടെ മുറിയിലെ കുരിശുമാറ്റിയ സംഭവം ഇപ്പം
ആശുപത്രിയിലാകെ ഒരു ചര്‍ച്ചാ വിഷയമാണ്....
എന്ത്,...എന്താണ് ഡോക്ടര്‍...?? എനിക്ക്... അതായിരുന്നു എനിക്കിഷ്ടം.
ഞാന്‍ പറഞ്ഞിട്ടാണ് കുരിശുരൂപം മുറിയില്‍നിന്നും മാറ്റിയത്.
ഞാന്‍ ഒരു നിരീശ്വവാദിയാണ്. ദൈവത്തിലോ, മതത്തിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.
പിന്നെ എന്‍റെ കുഞ്ഞും... അങ്ങനെ ക്രിസ്തുവിന്‍റെ മുഖം കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല. അതുകൊണ്ടാണ് കുരിശുരൂപം മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ്.
താങ്കളുടെ മകന്‍ ക്രിസ്തുവിന്‍റെ ദുഃഖമുഖം മാത്രമല്ല, 
ഈ പ്രപഞ്ചത്തലെ ഒന്നുംതന്നെ ഇനി കാണുകയില്ല. 
എന്ത്, എന്താ ഡോക്ടര്‍ പറഞ്ഞത്?
ക്ഷമിക്കണം. പറയാന്‍ വിഷമമുണ്ട്. അതേ, ഈ പ്രപഞ്ചത്തില്‍ 
ഒന്നും കാണാന്‍ കഴിവില്ലാതെയാണ് താങ്കളുടെ കുഞ്ഞു പിറന്നിരിക്കുന്നത്.
നിങ്ങളുടേതുപോലെതന്നെ തിളങ്ങുന്ന മനോഹരമായ കണ്ണുകള്‍ മകനുണ്ടെങ്കിലും, 
ആ കണ്ണുകള്‍ക്ക് കാഴ്ചയില്ലാതെ പോയി!
എന്ത്.... എന്ത്, എന്‍റെ കുഞ്ഞിന് കാഴ്ചയില്ലന്നോ...!!!?
എന്ത്... എന്‍റെ മകന്‍ എന്നെ നോക്കി ചിരിക്കില്ലെന്നോ...??
...............................
6. കുരിശിലെ സ്നേഹവും വിജയവും
അസ്ത്രപ്രജ്ഞനായ ആ മനുഷ്യന് പിന്നൊന്നും ഉരിയാടാനായില്ല.. ദുഃഖവും ആകുലതയും ഒഴിവാക്കാന്‍ നാം ശ്രമിച്ചാലും അവ കടന്നുവരാം. അവ ഈ ലോക ജീവിതത്തിന്‍റെ ഭാഗമാകാന്‍ വിധിക്കപ്പെട്ടവയാണ്. എല്ലാ നേട്ടങ്ങളും ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഫലമാണ്. നമുക്കു മുന്‍പേ കടന്നുപോയ എണ്ണമറ്റ ആളുകളുടെ ദുഃഖങ്ങളും യാതനകളും നാം ജീവിക്കുന്ന ലോകത്തിനു നന്മകള്‍ നേടിവച്ചു. സുഖം അന്വേഷിക്കുന്ന നാം അതിന്‍റെ പിന്നിലെ ത്യാഗങ്ങള്‍ വിസ്മരിക്കരുത്. നാം നേടിയെടുക്കുന്ന വിജയത്തെ മഹത്വമണിയിക്കുന്നത് മാര്‍ഗ്ഗമദ്ധ്യേ നാം അനുഭവിക്കുന്ന കയ്പും ദുഃഖവുമായിരിക്കും, ജീവിതക്കുരിശുകളായിരിക്കും.

സുഖത്തിനൊപ്പം ദുഃഖത്തിനും ജീവിതത്തില്‍ അര്‍ത്ഥമുണ്ട്, സ്ഥാനമുണ്ട്. മാധുര്യമുള്ള അടപ്രഥമന്‍ കഴിയുമ്പോള്‍ കയ്പും പുളിയുമുള്ള നാരങ്ങാ അച്ചാറും നാവില്‍ വയ്ക്കുന്നത് ഹൃദ്യമായ അനുഭവമാണല്ലോ.

ദുഃഖങ്ങള്‍ ഇല്ലാതാക്കണമെന്ന് നാം ഒരിക്കലും പ്രാര്‍ത്ഥിക്കരുത്.  ‘ദുഃഖങ്ങളെ ഹൃദയപ്പതര്‍ച്ചകൂടാതെ നേരിടാനുള്ള ശക്തിതരണമേ,' എന്നു പ്രാര്‍ത്ഥിക്കണം.  മരണമാണല്ലോ ഏറ്റവും വലിയ ദുഃഖം. ആ പ്രതിഭാസത്തെപ്പോലും മധുരമായി നേരിടാന്‍ ശക്തിതരണമേ,
എന്ന് നാം അനുദിനം പ്രാര്‍ത്ഥിക്കണം. മരണത്തില്‍നിന്നും മരണമില്ലായ്മയിലേയ്ക്കു നയിക്കുന്ന ദൈവമാണ് ശക്തിനല്‍കുന്നത്. ഓരോ വ്യക്തിക്കും സഹിക്കാവുന്ന ക്ലേശങ്ങളുടെ കുരിശാണു ദൈവം നല്‍കുന്നത്. കുരിശില്‍ കിരീടമുണ്ട്. കുരിശില്‍ നിന്നാണ് കിരീടം.... കുരിശില്‍ വിജയമുണ്ട്. കുരിശില്‍നിന്നാണ് ഉത്ഥാനം... !!!

ഈ ഗാനം കെസ്റ്റര്‍ ആലപിച്ചതാണ്. രചന, സന്തോഷ് കോഴിപ്പിള്ളി, സംഗീതം ജെറി അമല്‍ദേവ്.

 പരിപാടി ഒരുക്കിയത് : ജോളി അഗസ്റ്റിന്‍, ജോര്‍ജ്ജ് സുന്ദരം, ഫാദര്‍ വില്യം നെല്ലിക്കല്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 March 2020, 15:07