2019.03.02 Gesu Catechetical Image 2019.03.02 Gesu Catechetical Image 

അനുതാപത്തിന്‍റെ വഴികളിലൂടെ പ്രലോഭനങ്ങളെ അതിജീവിക്കാം

തപസ്സുകാലം ആദ്യവാരം ഞായറാഴ്ചത്തെ സുവിശേഷ വിചിന്തനം വിശുദ്ധ മത്തായിയുടെ സുവിശേഷം 4 : 1-11.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

തപസ്സുകാലം ഒന്നാംവാരം - വചനചിന്തകള്‍

1. ക്രിസ്തുവിനുണ്ടായ പ്രലോഭനങ്ങള്‍
സുവിശേഷം വിവരിക്കുന്ന പ്രകാരം, ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ അവിടുന്നു 40 രാവും പകലും മരുപ്രദേശത്തു പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. അവിടെവച്ചുണ്ടായ പ്രലോഭനങ്ങളെ ധ്യാനിച്ചുകൊണ്ടാണ് എല്ലാവര്‍ഷവും നാം തപസ്സുകാലം നാം ആരംഭിക്കുന്നത്. ഇതിനു തൊട്ടുമുന്‍പുള്ളൊരു സംഭവം യോര്‍ദ്ദാന്‍ നദിക്കരയില്‍ സ്നാപകനില്‍നിന്നും ജ്ഞാനസ്നാനം സ്വീകരിക്കവെ പരിശുദ്ധാത്മാവ് അവിടുത്തെമേല്‍ ഇറങ്ങിവന്നു. എന്നാല്‍ പ്രാര്‍ത്ഥിക്കുവാനും ധ്യാനിക്കുവാനുമായി ഏകാന്തതയില്‍ മരുപ്രദേശത്ത് എത്തിയപ്പോള്‍ പിശാചാണ് അവിടുത്തെ പരീക്ഷിക്കുവാന്‍ അവിടെ എത്തിയത്.

2. മൂന്നു പ്രലോഭനങ്ങള്‍
യേശുവിനെ പിതാവിന്‍റെ പദ്ധതിയില്‍നിന്നും പിന്‍തിരിപ്പിക്കുവാന്‍ സാത്താന്‍ ശ്രമിച്ചത് മൂന്നു പ്രലോഭനങ്ങളിലൂടെയാണ്. അവിടുന്ന് ഏറ്റെടുക്കാന്‍ പോകുന്ന ത്യാഗത്തിന്‍റെയും സ്വയാര്‍പ്പണത്തിന്‍റെയും പാത വിട്ട്, വളരെ എളുപ്പമുള്ള വിജയത്തിന്‍റെയും അധികാരത്തിന്‍റെയും സമ്പദ്സമൃദ്ധിയുടെയും പാത സ്വീകരിക്കാനാണ് പിശാച് അവിടുത്തെ പ്രേരിപ്പിച്ചത്, പ്രലോഭിപ്പിച്ചത്. ഈ ദ്വന്ദയുദ്ധത്തില്‍ സാത്താനും ക്രിസ്തുവും തമ്മിലുള്ള യുദ്ധത്തില്‍ അവിടുന്ന് ആയുധമാക്കുന്നത് തിരുവചനമാണ്. സ്വയാര്‍പ്പണത്തിന്‍റെയും കുരിശിന്‍റെയും പാതയില്‍നിന്നും ക്രിസ്തുവിനെ പിന്‍തിരിപ്പിക്കാന്‍ മിശിഹായ്ക്ക് അനുഗുണമെന്നോണം സാത്താന്‍ നിരത്തുന്നത് പൊള്ളയായ ഭൗതിക വാഗ്ദാനങ്ങളാണ്.
ആദ്യം, കല്ലുകളെ അപ്പമാക്കുവാന്‍ കെല്പുള്ള അമാനുഷിക കഴിവുകളുടെയും, രണ്ടാമതായി ജരൂസലേം ദേവാലയത്തിന്‍റെ ഏറ്റവും ഉച്ചിയിലുള്ള താഴികക്കുടത്തില്‍നിന്നു ചാടി അത്ഭുതകരമായി രക്ഷപ്പെടുത്തുന്നതുമായ മായികശക്തിയുടെയും, മൂന്നാമതായി ലോകത്തിന്‍റേതായ സകല അധികാരവും നേടാനായി സാത്താനെ വണങ്ങണമെന്ന അഭ്യര്‍ത്ഥനയുമായിരുന്നു – ഈ ത്രിവിധ പരലോഭനങ്ങള്‍.

3. പ്രലോഭനങ്ങളെ അതിജീവിച്ച ക്രിസ്തു
ക്രിസ്തു ഏറെ നിശ്ചയദാര്‍ഢ്യത്തോടെ പ്രലോഭനങ്ങളെയെല്ലാം അതിജീവിക്കുന്നു. അവിടുന്ന് സാത്താന്‍റെ എല്ലാ നിര്‍ദ്ദേശങ്ങളും തള്ളിമാറ്റുകയും പിതാവിന്‍റെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ, പാപത്തിന്‍റെയും ലോകത്തിന്‍റേതുമായ എല്ലാ രീതികളും പാടെ പരിത്യജിക്കുന്നു. ഇന്നത്തെ ആദ്യവായനയില്‍ ഉല്പത്തി പുസ്തകത്തില്‍ സാത്താന്‍റെ പ്രലോഭനത്തിനും കൗശലത്തിനും കീഴ്പ്പെട്ട സ്ത്രീ, ഹവ്വായെ നാം കാണുന്നു. ഹവ്വാ തന്‍റെ ജീവിത പങ്കാളിയായ ആദത്തെയും ദൈവകല്പനകള്‍ക്ക് വിരുദ്ധമായ പ്രലോഭനത്തിന് അടിമപ്പെടുത്തി. അവര്‍ രണ്ടുപേരും വിലക്കപ്പെട്ട കനി ഭക്ഷിക്കുകയും, ദൈവത്തെ ധിക്കരിച്ച് ആദ്യപാപത്തിന് അടിമകളാകുകയും ചെയ്തു. ദൈവം അവര്‍ക്കു നല്കിയ നിത്യതയുടെ പറുദീസയില്‍നിന്നും അവര്‍ പുറംതള്ളപ്പെട്ടു. ഇത് ക്രിസ്തുവിന് നന്നായിട്ട് അറിയാമായിരുന്നതിനാല്‍ സൂത്രശാലിയായ സാത്താനുമായി ഒരു സംവാദത്തിന് തയ്യാറാകാതെ, ഉറച്ച ബോധ്യത്തോടെ അവിടുന്ന് പ്രലോഭനങ്ങളെ അതിജീവിക്കുകയും, സാത്താനെ ആട്ടിയോടിക്കുകയും ചെയ്തു.

4. തിരുവചനം ആയുധമാക്കിയ ക്രിസ്തു
ഒരു കാര്യം ശ്രദ്ധേയമാകുന്നത്, പ്രലോഭനങ്ങള്‍ക്കിടെ ക്രിസ്തു സാത്താനുമായി തര്‍ക്കിക്കുന്നില്ല. അവിടുത്തെ പ്രതിരോധശക്തി തിരുവെഴുത്തുകളാണ്, ദൈവവചനമാണ്! വചനം നമ്മെ നയിക്കും, നമ്മെ രക്ഷിക്കും! കല്ലുകളെ അപ്പമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ക്രിസ്തു പ്രതികരിച്ചത്, “മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത്, ദൈവം അരുള്‍ചെയ്ത വചനം കൊണ്ടാണ്!” (മത്തായി 4, 4... നിയമ. 8, 3). നേട്ടങ്ങള്‍ക്കുവേണ്ടി തങ്ങളെ തരംതാഴ്ത്തുന്ന ഒരു മാനസിക അവസ്ഥയില്‍ എത്തിനില്ക്കുമ്പോള്‍, മനുഷ്യര്‍ സത്യമായതും, നന്മയായതും മനോഹരമായതും..., എന്തിന് ദൈവത്തെയും, അവിടുത്തെ സ്നേഹത്തെയും ഉപേക്ഷിക്കുവാന്‍ മനുഷ്യര്‍ സന്നദ്ധരാകുന്ന ഒരു കാലഘട്ടമാണിത്. ഇതിനെതിരെ ക്രിസ്തു ഉച്ചരിച്ച വചനം, “നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്ന തിരുവെഴുത്തായിരിക്കുന്നു”(മത്തായി 4, 7).
ഇവിടെ നാം മനസ്സിലാക്കേണ്ടത്, പലപ്പോഴും സംശയത്തിന്‍റെയും പ്രലോഭനങ്ങളുടെയും ഇരുട്ടിലൂടെ വിശ്വാസം കടന്നുപോകുമ്പോള്‍, അതിനെ നാം ബലപ്പെടുത്തേണ്ടത് ക്ഷമകൊണ്ടും പതറാത്ത നിശ്ചയദാര്‍ഢ്യകൊണ്ടുമാണ്. അവസാനമായി സാത്താനെ വണങ്ങണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ ക്രിസ്തു ഉദ്ധരിക്കുന്ന തിരുവചനം, “സാത്താനേ, നീ ദൂരെ പോവുക! എന്തെന്നാല്‍, നിന്‍റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം, അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു” (10). ഇതു നമ്മെ പഠിപ്പിക്കുന്നത് നാം ഭൗതികതയുടെ വിഗ്രഹങ്ങളെയും, മിഥ്യകളെയും ഉപേക്ഷിക്കണമെന്നും, ജീവിതത്തില്‍ സാരമായ ദൈവിക നന്മയില്‍ മുഴുകണമെന്നുമാണ്.

5. പ്രവൃത്തിയില്‍ അന്വര്‍ത്ഥമായ വാക്കുകള്‍
ക്രിസ്തുവിന്‍റെ വാക്കുകള്‍ അവിടുത്തെ പ്രവൃത്തികളില്‍ അന്വര്‍ത്ഥമാകുന്നുവെന്ന് മരുഭൂമിയിലെ പ്രലോഭനങ്ങള്‍ നമുക്കു മനസ്സിലാക്കിത്തരുന്നു. പിതൃസ്നേഹത്തിന്‍റെ പദ്ധതിയോടുള്ള ക്രിസ്തുവിന്‍റെ പരിപൂര്‍ണ്ണ വിധേയത്വമാണ് തന്‍റെ പരസ്യജീവിതത്തിന്‍റെ അതിമനോഹരവും ഫലവത്തുമായ മൂന്നു വര്‍ഷങ്ങള്‍ തെളിയിക്കുന്നത്. വിശുദ്ധ യോഹന്നാന്‍ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം, ക്രിസ്തുവിന്‍റെ പീഡകളിലൂടെയും കുരിശിലൂടെയുമാണ് അവിടുത്തെ അന്തിമവിജയം യാഥാര്‍ത്ഥ്യമാകുന്നത്. അത് സ്നേഹത്തിന്‍റെയും സ്വയാര്‍പ്പണത്തിന്‍റെയും വിജയമാണ്!

“ഈ ലോക ജീവിതത്തില്‍ ഞെരുക്കങ്ങളും സഹനങ്ങളുമുണ്ടാകാം. എങ്കിലും ധൈര്യമായിരിക്കുവിന്‍! ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു!”(യോഹ. 16, 11). ജീവിത ക്ലേശങ്ങളില്‍ നമുക്ക് ഉറപ്പുനല്കുന്ന ക്രിസ്തുവിന്‍റെ വാക്കുകളാണിത്. ഇന്നത്തെ സുവിശേഷത്തിന്‍റെ ധ്യാനം നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്ക‌ട്ടെ! ജീവിതത്തിലെ പ്രലോഭനങ്ങളെ യേശുവിനെപ്പോലെ തള്ളിമാറ്റിക്കൊണ്ട്, അനുതാപത്തിന്‍റെയും മാനസാന്തരത്തിന്‍റെയും യാത്രയിലൂടെ ആത്മീയവിജയം കൈവരിക്കാന്‍ പ്രചോദിപ്പിക്കുന്ന നല്ലനാളുകളാകട്ടെ നാം തുടക്കിമിട്ടിരിക്കുന്ന ഈ പുണ്യകാലം.

6. തപസ്സിനെ ബലപ്പെടുത്തുന്ന 10 സല്‍ക്കര്‍മ്മങ്ങള്‍
ഒരിക്കല്‍ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിനിടെ തപസ്സുകാലത്തെ ഫലപ്രദമാക്കാന്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച 10 ചിന്താശകലങ്ങള്‍ ആവര്‍ത്തിക്കട്ടെ.
a) നമ്മെ കീഴ്പ്പെടുത്തുന്ന ദൂശ്ശീലങ്ങളില്‍നിന്ന് അകന്നു ജീവിക്കാം.
b) പരിത്യാഗപ്രവൃത്തികള്‍ ചെയ്യാം. അപരനുവേണ്ടി സ്വന്തമായവ നഷ്ടപ്പെടുത്തുന്നതാണ് ത്യാഗം, പരിത്യാഗം.
c) അയല്‍ക്കാരോടുള്ള നിസംഗത ഒഴിവാക്കാം. ദൈവം നമ്മെ സ്നേഹിക്കുന്നു. അതിനാല്‍ നമുക്കു സഹോദരങ്ങളെ സ്നേഹിക്കാം.
d) യേശുവിനെ അനുകരിക്കാം! അവിടുത്തെ തിരുഹൃദയത്തോടു നമ്മെയും സാരൂപ്യപ്പെടുത്താം.
e) കൂദാശകളില്‍ പങ്കുചേരാം, പ്രത്യേകിച്ച് ദിവ്യബലിയില്‍ - അവ നമ്മെ ദൈവിക ജീവനില്‍ പങ്കുകാരാക്കും.
f) പ്രാര്‍ത്ഥന മുടക്കാതിരിക്കാം – ജീവിത വ്യഥകള്‍ക്കിടയില്‍ ദൈവവുമായും സഹോദരങ്ങളുമായും ഐക്യപ്പെട്ടു ജീവിക്കാന്‍ അതു സഹായിക്കും.
g) ഉപവസിക്കാം – നമുക്കെന്നപോലെ സഹോദരങ്ങള്‍ക്കും ഉപകാരപ്രദമാകുന്നതായിരിക്കണം ഉപവാസം.
h) ദാനധര്‍മ്മം ചെയ്യാം – തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിര്‍ലോഭം നല്കുന്നതാണ് ദാനധര്‍മ്മം.
i) പാവങ്ങളെ സഹായിക്കാം – പാവങ്ങളില്‍ ക്രിസ്തുവിന്‍റെ മുഖം ദര്‍ശിക്കാം.
j) സുവിശേഷം വായിച്ച്, അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാം. ജീവിതത്തിനു വെളിച്ചംപകരുന്ന കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശമാണ് സുവിശേഷം.

7. പൈശാചികമായവ ഉപേക്ഷിക്കാം
നീ സാത്താനെയും അവന്‍റെ സകല ദുഷ്ക്കര്‍മ്മങ്ങളെയും, അവന്‍റെ ആര്‍ഭാടങ്ങളെയും ഉപേക്ഷിക്കുന്നുവോ? ഇങ്ങനെ ഒരു ചോദ്യം ജ്ഞാനസ്നാന വേളയില്‍ കര്‍മ്മികനാണ് ചോദിക്കുന്നത്! നമുക്കുവേണ്ടി അന്നാളില്‍ ഉവ്വ്, എന്ന മറുപടിപറഞ്ഞത് ജ്ഞാനസ്നാനപിതാക്കളും, മാതാപിതാക്കളും, കൂടെയുള്ളവരുമാണ്. ഈ തപസ്സില്‍ നമുക്കു ബോധപൂര്‍വ്വം പ്രാര്‍ത്ഥിക്കാം പ്രലോഭകനായ പിശാചിനെയും അവന്‍റെ ദുഷ്ക്കര്‍മ്മങ്ങളെയും പാടെ ഉപേക്ഷിച്ച്, ദൈവികവഴികളില്‍ സഞ്ചരിക്കുവാനും, അവസാനം ക്രിസ്തുവിനോടൊപ്പം അവിടുത്തെ പുനരുത്ഥാനത്തിന്‍റെ പ്രഭയും, പരിശുദ്ധാത്മാവിന്‍റെ ആത്മീയാനന്ദവും അനുഭവിക്കാന്‍ ഈ തപസ്സുകാലത്തിലൂടെ ദൈവമേ, ഞങ്ങളെ സഹായിക്കണമേ!

ജെറി അല്‍ദേവും ഫാദര്‍ മാത്യു മുളവനയും ഗാനാവിഷ്ക്കാരംചെയ്ത 50-Ɔο സങ്കീര്‍ത്തനം ശ്രവിക്കാമിനി. ആലാപനം രാജലക്ഷ്മി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 February 2020, 15:52