ഇന്ത്യയുടെ മതേതരത്വത്തെ വെളിപ്പെടുത്തുന്ന ചിത്രം. ഇന്ത്യയുടെ മതേതരത്വത്തെ വെളിപ്പെടുത്തുന്ന ചിത്രം. 

ഇന്ത്യയ്‌ക്കായി പ്രാര്‍ത്ഥിക്കാന്‍ റോമിൽ മതാന്തര പ്രാർത്ഥന യോഗം.

ഐക്യം, സമഗ്രത, ഇന്ത്യന്‍ ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണം എന്നിവയ്ക്കായി ഇന്ത്യയിലെ എല്ലാ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാനായിരുന്നു മതാന്തര പ്രാർത്ഥന യോഗം സംഘടിക്കപ്പെട്ടത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വൈദീകരും, സന്യസ്ഥരും ഉള്‍പ്പെടെ 250ഓളം പേര്‍ ഇന്ത്യയ്‌ക്കായി പ്രാർത്ഥിക്കുവാന്‍  ഫെബ്രുവരി 21 ആം തിയതി  വൈകുന്നേരം അഞ്ച് മണിക്ക് റോമിലെ  ഗ്രിഗോറിയാനാ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ സമ്മേളിച്ചു. പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഇത് സംഘടിക്കപ്പെട്ടത്.  

ഇന്ത്യയുടെ ജനാധിപത്യത്തെയും, മതേതരത്വത്തെയും കുറിച്ച് വർദ്ധിച്ചുവരുന്ന ഭയവും, ഉത്കണ്ഠയും ജനങ്ങളില്‍ കാണുകയും സർവ്വകലാശാലകളിൽ നിന്ന് തെരുവുകളിലേക്കുള്ള ജനങ്ങളുടെ പ്രതിരോധനവും അനുദിനം വര്‍ദ്ധിച്ച് വരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭാരത ജനതയോടു പ്രാര്‍ത്ഥനയിലൂടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള സംരംഭമായിരുന്നു ഈ മതാന്തര  പ്രാർത്ഥന യോഗം.

ഗായകസംഘം ആലപിച്ച അസത്തോമ സത് ഗമയ എന്ന പരമ്പരാഗത ഗാനത്തോടെയാണ് പ്രാർത്ഥന ആരംഭിച്ചത്. ഇന്ത്യയിലെ പ്രധാന മതങ്ങളായ ക്രിസ്ത്യൻ, ഹിന്ദു, ഇസ്ലാം എന്നിവയുടെ വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നുള്ള വായനകൾ ഉണ്ടായിരുന്നു. ബൈബിളിൽ നിന്ന് അഷ്ട സൗഭാഗ്യങ്ങളാണ് പാരായണം ചെയ്തത്. ഓരോ വായനയ്ക്കും ശേഷം നിശബ്ദമായ ധ്യാനവും ഒരു സ്തുതിഗീതവും ആലപിക്കപ്പെട്ടു. പ്രാർത്ഥനയുടെ അവസാനം മഹാത്മാഗാന്ധിയുടെ ആശ്രമത്തിൽ ആലപിക്കുകയും  സ്വാതന്ത്ര്യ സമരസേനാനികൾക്കിടയിൽ പ്രശസ്തമാകുകയും ചെയ്ത വൈഷ്ണവ ജനതോ എന്ന ഭജൻ എല്ലാവരും ചേര്‍ന്ന് ആലപിച്ചു.

 പ്രാർത്ഥന യോഗം  അവസാനിപ്പിക്കുന്നതിന് മുമ്പ് ഫാ. സേവ്യർ ജോസഫ് നന്ദി പറഞ്ഞു. ഈ സംരംഭം എങ്ങനെയാണ് ആരംഭിച്ചതെന്ന് വിശദീകരിച്ചു. ഏതെങ്കിലും പാർട്ടിയുടെയോ, സമൂഹത്തിന്‍റെയോ, സംഘടനയുടെയോ ഭാഗമായല്ല മറിച്ച് രാജ്യത്തിന് വേണ്ടിയുള്ള പൗര സമൂഹമാണ് ഈ പ്രാർത്ഥനാ യോഗത്തിനായി പ്രവര്‍ത്തിച്ചതെന്നും ഫാ. സേവ്യർ ജോസഫ്  വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങൾ പരിരക്ഷിക്ഷണം എന്നാ വശ്യപ്പെട്ട് രാജ്യത്തെ പ്രഥമ പൗരനായ രാഷ്ട്രപതിക്കും ഇറ്റലിയിലെ ഇന്ത്യൻ അംബാസഡര്‍ക്കും അയയ്ക്കാനുള്ള കത്തില്‍  എല്ലാവരും ഒപ്പ് വയ്ക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എല്ലാവരും ഏറ്റ് ചൊല്ലി. തുടര്‍ന്ന്ഇന്ത്യയുടെ ദേശീയഗാനാലാപനത്തോടെ മതാന്തര  പ്രാർത്ഥന യോഗം സമാപിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 February 2020, 15:04