Nostra Signora della Salute, Velankanni, India Nostra Signora della Salute, Velankanni, India 

"പൗരോഹിത്യത്തിന്‍റ ആനന്ദം" വൈദികരുടെ ദേശീയ സംഗമം

വേളാങ്കണ്ണി തീര്‍ത്ഥാടനത്തിന്‍റെ തിരുനടയില്‍ ചേര്‍ന്ന വൈദികരുടെ ദേശീയ സംഗമത്തെക്കുറിച്ചൊരു റിപ്പോര്‍ട്ട്.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക
വൈദികരുടെ കൂട്ടായ്മ

“പൗരോഹിത്യത്തിന്‍റ ആനന്ദം” – വൈദികരുടെ ദേശീയ സമ്മേളനം തമിഴ്നാട്ടിലെ വേളാങ്കണ്ണി ദേശീയ മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സമാപിച്ചു. ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക വൈദികരുടെ കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനം ജനുവരി 28-മുതല്‍ 31-വരെ തിയതികളിലായിരുന്നു. ലത്തീന്‍ സഭയുടെ ദേശീയ അദ്ധ്യക്ഷനും, മുമ്പൈ അതിരൂപയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയര്‍പ്പണത്തോടെ സമ്മേളനം സമാപിച്ചു.

വൈദികരുടെ ദേശീയ കൂട്ടായ്മ  ഇടവക വൈദികരുടെ രണ്ടാമത് ദേശിയ സംഗമത്തില്‍ ഭാരതത്തിന്‍റെ വിവിധ ലത്തീന്‍ രൂപതകളില്‍നിന്നായി 700 വൈദികര്‍ പങ്കെടുത്തു. ഇന്ത്യിലെ 132 ലത്തീന്‍ രൂപതകളില്‍ 91 രൂപതകളുടെ പ്രതിനിധികളായിരുന്നു. “പൗരോഹിത്യത്തിന്‍റ ആനന്ദം,” എന്നു ശീര്‍ഷകംചെയ്ത സമ്മേളനത്തില്‍ ദൈവരാജ്യത്തിന്‍റെ വളര്‍ച്ച ഭാരതത്തില്‍, വൈദികന്‍ സന്തോഷമുള്ള സുവിശേഷപ്രചാരകന്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു.

2. വൈദികര്‍ക്കുള്ള അഷ്ടഭാഗ്യങ്ങള്‍
പാപ്പാ ഫ്രാന്‍സിസ് വൈദികര്‍ക്കായ് നിര്‍ദ്ദേശിച്ചിട്ടുള്ള അഷ്ടഭാഗ്യങ്ങള്‍ സമ്മേളനം പ്രത്യേകമായി പഠനവിഷയമാക്കി :
a) ക്രിസ്തുവുമായി ആഴമായ വ്യക്തിബന്ധമുള്ള വൈദികന്‍ ഭാഗ്യവാന്‍.
b) തന്‍റെ അജഗണങ്ങളെ അറിയുന്ന വൈദികന്‍ ഭാഗ്യമുള്ളോന്‍.
c) ലളിതമായി ജീവിക്കുന്ന വൈദികന്‍ ഭാഗ്യവാന്‍.
d) പ്രേഷിതമേഖലയുടെ അതിരുകള്‍ അറിയുന്ന വൈദികന്‍ ഭാഗ്യമിയന്നോന്‍.
e) കരുണയുള്ള വൈദികന്‍ ഭാഗ്യവാന്‍.
f) വചനത്തിന്‍റെ സമൃദ്ധിയാല്‍ അജഗണങ്ങളെ സമ്പന്നമാക്കുന്ന വൈദികന്‍ ഭാഗ്യപ്പെട്ടവന്‍.
g) പൗരോഹിത്യമേല്‍ക്കോയ്മ ഇല്ലാത്തവനും ഭാഗ്യമുള്ളോന്‍.
h) ദൈവത്തിനായി പൂര്‍ണ്ണസമര്‍പ്പണം ചെയ്ത വൈദികന്‍ ഭാഗ്യവാന്‍.

3. പ്രസ്ഥാനത്തെക്കുറിച്ച്
2001-ലാണ് ഇന്ത്യയിലെ കത്തോലിക്കാ ഇടവക വൈദികരുടെ കൂട്ടായ്മ Conference of the Diocesan Priests of India – CDPI സ്ഥാപിതമായത്. തമിഴ്നാട്ടിലെ തൂത്തുക്കുടി രൂപതയുടെ മെത്രാനായിരുന്ന ബിഷപ്പ് പീറ്റര്‍ ഫെര്‍ണാണ്ടോയാണ് സ്ഥാപകന്‍. ദേശീയ തലത്തില്‍ വൈദികരുടെ കൂട്ടായ്മയും, പങ്കുവയ്ക്കലും, സാഹോദര്യ പിന്‍തുണയും വളര്‍ത്തുന്നതിന് പ്രസ്ഥാനം സഹായകമാണെന്ന് സ്ഥാപനത്തിന്‍റെ 20-Ɔο വാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ട് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു.

4. ആരോഗ്യമാതാവിന്‍റെ തീര്‍ത്ഥാടനത്തിന്‍റെ തിരുനട
ഇന്ത്യയിലെ ഏറ്റവും വലിയ കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രമാണ് ആരോഗ്യമാതാവിന്‍റെ നാമത്തിലുള്ള Our Lady of Health) ബസിലിക്കയും തീര്‍ത്ഥസ്ഥാനവും. അനുവര്‍ഷം ജാതിമതഭേദമെന്യേ രണ്ടുകോടിയിലധികം തീര്‍ത്ഥാടകര്‍ ദൈവമാതാവിന്‍റെ തിരുനടയില്‍വന്ന് ആത്മീയാനുഭവങ്ങളുമായി പോകുന്നുവെന്ന് ദേവാലയത്തിന്‍റെ സ്ഥിതിവിവര കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലാണ് വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്.

5. ചിത്രത്തെക്കുറിച്ച്
വേളാങ്കണ്ണി ഗ്രാമത്തിലെ മുടന്തനായ പാല്‍ക്കാരന്‍ പയ്യന് ദൈവമാതാവ് ദര്‍ശനം നല്കിയതും അത്ഭുതകരമായി അവന്‍റെ മുടന്തുമാറ്റി സൗഖ്യംപകര്‍ന്നതുമായ സംഭവം വിവരിക്കുന്നതാണ് തീര്‍ത്ഥാടന കേന്ദ്രത്തിലുള്ള ഛായചിത്രീകരണം. ഇന്ത്യമഹാസമുദ്രത്തിലൂടെ യാത്രചെയ്ത പോര്‍ച്ചുഗീസ് നാവീകര്‍ കടല്‍ക്ഷോഭത്തില്‍ പെട്ടപ്പോള്‍ ദൈവമാതാവിന്‍റെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുകയും, അത്ഭുതകരമായി രക്ഷപെട്ട് വേളാങ്കണ്ണി തീരത്ത് അടിഞ്ഞെത്തിയ ചരിത്രസംഭവവും അനുസ്മരിപ്പിക്കുന്നതാണ് ചിത്രത്തിലെ തകര്‍ന്ന പായ്ക്കപ്പല്‍. ഈ രണ്ടു സംഭവങ്ങളാണ് ഈ തീര്‍ത്ഥസ്ഥാനത്തിന്‍റെ ഉത്ഭവമായി രേഖാംങ്കിതമായിട്ടുള്ളത്. ജീവിതസാഗരത്തില്‍ ഉഴലുന്ന മനുഷ്യമക്കള്‍ക്ക് യേശുവിന്‍റെ അമ്മ ഇന്നും അഭയമായി തന്‍റെ തിരുക്കുമാരനെയും കയ്യിലേന്തി നില്ക്കുന്നു!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 February 2020, 17:02