സ്വപ്നസാക്ഷാത്ക്കാരമായ ജപ്പാന്‍ തീര്‍ത്ഥാടനം

പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലികസന്ദര്‍ശനം - മൂന്നു മിനിറ്റു വീഡിയോ വിഹഗവീക്ഷണം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

1. അതിരുകള്‍ തേടിയൊരു യാത്ര
തായിലണ്ടിലെ 3 ദിവസങ്ങള്‍ക്കുശേഷം 2019 നവംബര്‍ 23-ന് ശനിയാഴ്ച രാവിലെ ബാങ്കോക്കില്‍നിന്നും ജപ്പാന്‍റെ തലസ്ഥാന നഗരം ടോക്കിയോയില്‍ എത്തിയതോടെ പാപ്പാ ഫ്രാന്‍സിസിന്‍റെ യാത്രയുടെ രണ്ടാംഘട്ടം പരിപാടികള്‍ ആരംഭിച്ചു. 13 കോടിക്ക് അടുത്താണ് ജപ്പാന്‍റെ ജനസംഖ്യ. ബഹുഭൂരിപക്ഷം ജപ്പാന്‍കാരും ബുദ്ധമതക്കാരാണ്. കത്തോലിക്കര്‍ 5 ലക്ഷത്തില്‍ താഴെയാണ്. 16 രൂപതകളും രണ്ടു അതിരൂപതകളുമായി സഭ പ്രവര്‍ത്തിക്കുന്നു.

2. ആണവ നിരായുധീകരണത്തിനുള്ള ആഹ്വാനം
“എല്ലാ ജീവനും സംരക്ഷിക്കപ്പെടണം” (Protect all life) എന്ന സന്ദേശവുമായിട്ടാണ് പാപ്പാ “ഉദയസൂര്യന്‍റെ നാട്ടില്‍” (Land of Sunrise) കാലുകുത്തിയത്. നവംബര്‍ 24, ഞായറാഴ്ച ഹിരോഷിമ നാഗസാക്കി നഗരങ്ങള്‍ പാപ്പാ സന്ദര്‍ശിച്ചപ്പോള്‍ തന്‍റെ പ്രഭാഷണങ്ങളില്‍ ആണവായുധ നിരായുധീകരണത്തിന്‍റെ നിലപാടുകള്‍ ശക്തമായി പ്രതിധ്വനിച്ചു. 1945 ആഗസ്റ്റ് 6-ന് ഹിരോഷിമയിലും, മൂന്നു ദിവസങ്ങള്‍ക്കുശേഷം നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ച ആണവ ബോംബുകളോടെ രണ്ടാം ലോകയുദ്ധത്തിന് അറുതിയായ സംഭവം പാപ്പാ വേദനയോടെ അനുസ്മരിച്ചു. 4 ലക്ഷം പേരാണ് തത്സമയവും, ബോംബുകളുടെ തുടര്‍ന്നുണ്ടായ ആണവ പ്രസരണത്തിലും കൊല്ലപ്പെട്ടത്. സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിനായും, പ്രതിരോധനത്തിനായിപ്പോലും ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയോ സംഭരിക്കുകയോ അരുതെന്ന് ജപ്പാന്‍റെ മണ്ണില്‍നിന്നുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് ലോകത്തോട് അഭ്യര്‍ത്ഥിച്ചു.

3. ആണവദുരന്തത്തെ അതിജീവിച്ച “ഹിബാക്യൂഷ”കള്‍ (Hibakusha)
2011-ല്‍ ജപ്പാന്‍ അനുഭവിച്ച മൂന്നു തരത്തില്‍ ആഞ്ഞടിച്ച കൂട്ടദുരന്തത്തിന് (triple disasters of Earthquake, Tsunami & Fukushi Atomic Center collapse) ഇരകളായ ഫുക്കൂഷിമ പ്രവിശ്യയിലെ‍ ജനങ്ങളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി. ക്രൈസ്തവ സമൂഹങ്ങളും, ജപ്പാനിലെ ഇതരമതസ്ഥരുമായുള്ള കൂടിക്കാഴ്ചകള്‍ കൂടാതെ ജപ്പാന്‍റെ ഭരണകര്‍ത്താക്കളുമായും ചക്രവര്‍ത്തിയുമായും പാപ്പാ നേര്‍ക്കാഴ്ച നടത്തി. ഹിരോഷിമ, നാഗസാക്കി നഗരങ്ങളിലെ വന്‍ആണവ ദുരന്തത്തെ അതിജീവിച്ചവരില്‍ ഇനിയും ബാക്കിയുള്ള “ഹിബാക്യൂഷ”കള്‍ എന്ന് അറിയപ്പെടുന്നവരുമായി നേരി‍ല്‍ക്കണ്ടു സംസാരിക്കുവാനും പാപ്പാ ഫ്രാന്‍സിസ് സമയം കണ്ടെത്തി.

4. ജപ്പാന്‍റെ പ്രേഷിതന്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍
യുവവൈദികനായിരിക്കെ ജപ്പാനിലേയ്ക്ക് മിഷണറിയായി പോകാന്‍ ആഗ്രഹിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ സ്വപ്നസാക്ഷാത്ക്കാരമായ യാത്രയായിരുന്നു ജപ്പാന്‍. 1549-ല്‍ ഈശോസഭാംഗമായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് ജപ്പാനില്‍ ക്രൈസ്തവികതയുടെ വെളിച്ചമേകിയത്. തുടര്‍ന്ന് ഈശോസഭാംഗങ്ങള്‍ ജപ്പാനില്‍ പ്രവര്‍ത്തിച്ചെങ്കിലും 1614-ല്‍ ക്രിസ്തുമതം അവിടെ പൂര്‍ണ്ണമായും നിരോധിക്കപ്പെട്ടു. മിഷണറിമാര്‍ നാടുകടത്തപ്പെട്ടപ്പോള്‍, തദ്ദേശീയരായ വിശ്വാസികള്‍ രക്ഷസാക്ഷിത്വത്തിനോ ഒളിവില്‍ പാര്‍ക്കുവാനോ നിര്‍ബന്ധിതരായി. 1873-ല്‍ മാത്രമാണ് ജപ്പാനില്‍ ക്രിസ്തുമതത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. ഒളിവില്‍ ജീവിച്ചുകൊണ്ട് വിശ്വാസം സംരക്ഷിച്ച ക്രൈസ്തവരുടെ തലമുറക്കാരില്‍ ബാക്കിയുള്ള പഴമക്കാരുടെ ചെറുസമൂഹവുമായും പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 February 2020, 12:42