തിരയുക

Vatican News
JAPAN POPE FRANCIS VISIT JAPAN POPE FRANCIS VISIT  (ANSA)

സംവാദം സമാധാനവഴികളിലെ ആദ്യ ചുവടുവയ്പ്

പാപ്പാ ഫ്രാന്‍സിസിന്‍റെ വിശ്വശാന്തിദിന സന്ദേശത്തെ ആധാരമാക്കിയുള്ള പരിപാടി : ആദ്യഭാഗം ശബ്ദരേഖയോടെ.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ചിന്താമലരുകള്‍ - സമാധാനസന്ദേശം - ഭാഗം ഒന്ന്

0.0 ആമുഖം
“സംവാദം, അനുരഞ്ജനം, പാരിസ്ഥിതിക പരിവര്‍ത്തനം എന്നീ മൂന്നു കാര്യങ്ങളിലൂടെയുള്ള പ്രത്യാശയുടെ യാത്രയാണ് സമാധാനം,” എന്ന ശീര്‍ഷകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സന്ദേശത്തെ ആധാരമാക്കിയുള്ള ചിന്തകളാണിന്ന്. സംവാദത്തിന്‍റെ വഴികളിലൂടെ സമാധാനം വളര്‍ത്താം എന്നതാണ് ഈ ആദ്യഭാഗത്തെ പരാമര്‍ശം.

2020-Ɔമാണ്ട് ജനുവരിയില്‍ സഭ ആചരിക്കുന്ന “വിശ്വശാന്തി ദിന”ത്തിനായി (World Day of Peace) പ്രബോധിപ്പിച്ച സന്ദേശമാണിത്. എല്ലാവരും ദൈവമക്കളാണ് എന്ന ഒരു പൊതുവായ സംഞ്ജയില്‍ സംവാദത്തിന്‍റെയും പരസ്പര വിശ്വാസത്തിന്‍റെയും പാതയില്‍ സമൂഹത്തില്‍ സമാധാനം വളര്‍ത്താനാകും എന്ന ബോധ്യത്തോടെ അഞ്ചു പ്രധാനപ്പെട്ട ചിന്തകളിലൂടെ വളരെ പ്രായോഗികമായും, സകലര്‍ക്കും സ്വീകാര്യമായ വിധത്തിലും ഈവര്‍ഷത്തെ ലോക സമാധാനദിന സന്ദേശം പാപ്പാ ഫ്രാന്‍സിസ് പങ്കുവയ്ക്കുന്നു. ഇന്ത്യയില്‍ അജപാലന കാരണങ്ങളാല്‍ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സമാധിദിനമായ ജനുവരി 30-നോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയാണ് വിശ്വശാന്തിദിനം ആചരിക്കുന്നത്.

1.0 പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയിലെ
നമ്മുടെ ലോകം

മാനവകുലത്തിന്‍റെ മുഴുവനും പ്രതീക്ഷയുടെയും പ്രത്യാശയുടെയും കേന്ദ്രമായ സമാധാനം വിലപ്പെട്ടതും മഹത്തരവുമായ മൂല്യമാണ്. മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവക്രമംകൊണ്ടുതന്നെ ഇന്നിന്‍റേതായ ചെറിയ അസ്തിത്വപരമായ പ്രതിസന്ധികളിലും പ്രയാസങ്ങളിലും സമാധാനത്തിനായുള്ള പ്രത്യാശ കുടുങ്ങിക്കിടക്കുകയാണ്. എന്നാല്‍ അതില്‍നിന്നും സമാധാനമുള്ള ലോകം എന്ന അടിസ്ഥാനപരമായ ഏക ലക്ഷ്യത്തിലേയ്ക്കു നയിക്കപ്പെടണമെങ്കില്‍, “വ്യക്തികള്‍ ഈ കുറവുകള്‍ അംഗീകരിക്കുകയും അതിനായി ജീവിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്.  സമാധാനമെന്ന ലക്ഷ്യത്തെക്കുറിച്ച് നമുക്ക് ഉറപ്പുണ്ടെങ്കില്‍, അത് നമ്മുടെ ജീവിത ലക്ഷ്യത്തെ ന്യായീകരിക്കാന്‍ വേണ്ടുവോളം മഹത്തരവുമാണ്.” 1 (Spe Salvi, 1). അതിനാല്‍ അനുദിന ജീവിതത്തില്‍ പ്രതിസന്ധികള്‍ കടന്നുകൂടുമ്പോഴും നമ്മെ മുന്നോട്ടു നയിക്കുന്ന പുണ്യമാവണം സമാധാനം. ഇങ്ങനെ സമാധാനത്തില്‍ ജീവിക്കേണ്ടതിന്‍റെ ആവശ്യകതയെയും അതിന്‍റെ അടിസ്ഥാന ലക്ഷ്യത്തെയും കുറിച്ചു പ്രതിപാദിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ആരംഭിക്കുന്നത്.

1.1 പ്രത്യാശയറ്റ സാമൂഹിക ചുറ്റുപാടുകള്‍
കൊടും വിനാശങ്ങള്‍ വിതയ്ക്കുന്ന യുദ്ധത്തിന്‍റെയും സാമൂഹിക പ്രതിസന്ധികളുടെയും മുറിപ്പാടുകള്‍ മനസ്സിലും ഓര്‍മ്മയിലും ശരീരത്തിലും പേറിയാണ് മാനവകുലം ഇന്ന് ജീവിക്കുന്നത്. വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ചൂഷണത്തിന്‍റെയും അഴിമതിയുടെയും കനത്ത ചങ്ങലകള്‍ ഭേദിച്ച് സ്വതന്ത്രമാകുവാന്‍ രാഷ്ട്രങ്ങളും ജനതകളും തത്രപ്പെടുകയാണ്. ഇന്ന് ധാരാളം സ്ത്രീപുരുഷന്മാരും, പ്രായമായവരും, യുവജനങ്ങളും അവരുടെ അന്തസ്സും, ജീവിതസമഗ്രതയും, സ്വാതന്ത്ര്യവും, എന്തിന് മതസ്വാതന്ത്ര്യവും സാമൂഹിക ഐക്യദാര്‍ഢ്യവും നിഷേധിക്കപ്പെട്ട പ്രത്യാശയറ്റൊരു ജീവിതമാണ് പല രാജ്യങ്ങളിലും നയിക്കുന്നത്. നിര്‍ദ്ദോഷികളായ ധാരാളം ജനങ്ങളും അവരുടെ പ്രിയപ്പെട്ടവരും വേദനാജനകമായ ഉച്ചനീചത്വത്തിനും, വിവേചനത്തിനും, അനീതിക്കും, പീഡനങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും വിധേയരായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നുണ്ട്.

1. 2 യുദ്ധം സഹോദരഹത്യയുടെ മറുരൂപം
ക്രൂരമായ അതിക്രമങ്ങളാല്‍ വികലമാക്കപ്പെട്ടിട്ടുള്ള ദേശീയ അന്തര്‍ദേശീയ സംഘര്‍ഷങ്ങളുടെ ഭീതിദമായ വിചാരണകള്‍ മാനവികതയുടെ മനഃസാക്ഷിയിലും മനസ്സിലും, ശരീരത്തിലും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണര്‍ത്തുന്നു. ഒരോ യുദ്ധവും സഹോദരഹത്യയുടെ മറുരൂപമാണ്. അത് മനുഷ്യകുലത്തിന്‍റെ നൈസര്‍ഗ്ഗികമായ സമാധാനത്തിനും സാഹോദര്യത്തിനുമുള്ള വിളിയെ തച്ചുടയ്ക്കുന്നു. അപരന്‍റെ ജീവിതത്തിലെ വിഭിന്നതകള്‍ അംഗീകരിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അധികാരപ്രമത്തതയും ആധിപത്യമനോഭാവവും വളരുന്നു. അത് സ്വാര്‍ത്ഥതയിലും അഹങ്കാരത്തിലും, വെറുപ്പിലും, അന്യരെ പരിഹാസ്യപാത്രമാക്കുവാനും ഇടയാക്കുന്നു. അവസാനം നമുക്കറിയാവുന്നതുപോലെ അത് യുദ്ധത്തില്‍ കലാശിക്കുന്നു.

1.3 പരസ്പര വ്യത്യാസങ്ങളെക്കുറിച്ചുള്ള ഭീതി
നിഷിദ്ധവും വികലവുമായ പിളര്‍പ്പുകൊണ്ട് സ്വയം സംരക്ഷിക്കാമെന്നും സുസ്ഥിതി ഉറപ്പുവരുത്താമെന്നും ലോകം ഇന്ന് ചിന്തിക്കുകയാണെന്ന് കഴിഞ്ഞ ജപ്പാന്‍ അപ്പസ്തോലിക യാത്രയ്ക്കിടെ നാഗസാക്കിയില്‍ നടത്തിയ പ്രഭാഷണത്തില്‍ താന്‍ ചൂണ്ടിക്കാട്ടിയത് പാപ്പാ സന്ദേശത്തില്‍ അനുസ്മരിക്കുന്നു. “ഭിന്നിപ്പിന്‍റെയും പരസ്പര വിശ്വാസമില്ലായ്മയുടെയും ഈ മനഃസ്ഥിതിയാല്‍ പ്രേരിതമായി വ്യാജമായ ഒരു സുരക്ഷാബോധം ഇന്ന് സമൂഹത്തില്‍ വളര്‍ന്നിട്ടുണ്ട്. അത് തീര്‍ച്ചയായും എത്തിപ്പെടുന്നത് ജനതകള്‍ തമ്മിലും രാഷ്ട്രങ്ങള്‍ തമ്മിലുമുള്ള ബന്ധത്തില്‍ വിഷംകലര്‍ത്തിക്കൊണ്ടും എല്ലാ തരത്തിലുമുള്ള സംവാദത്തിന്‍റെയും സമാധാനത്തിന്‍റെയും സാദ്ധ്യതകള്‍ തകര്‍ത്തുകൊണ്ടുമാണ്. വികലമായ ബന്ധങ്ങളാലും വ്യാമോഹങ്ങളാലും, അധികാര ദുര്‍വിനിയോഗത്താലും, അപരനെക്കുറിച്ചുള്ള ഭീതിയാലും, തമ്മിലുള്ള വ്യത്യാസങ്ങള്‍ എല്ലാറ്റിനും തടസ്സമായി കണ്ടുകൊണ്ട് ഇന്ന് സമൂഹത്തില്‍ എവിടെയും യുദ്ധരംഗങ്ങളും പോര്‍വിളിയുമാണ് കാണുന്നത്. എന്നാല്‍ ഐക്യദാര്‍ഢ്യത്തിന്‍റെയും സഹകരണത്തിന്‍റെയും ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ കൂട്ടുത്തരവാദിത്വത്തിലൂടെയും പങ്കാളിത്തത്തിലൂടെയും മാത്രമേ സമാധാനവും സുസ്ഥിതിയുമുള്ള ഇന്നിന്‍റെയും നാളെയുടെയും മാനവരാശിയെ വളര്‍ത്തിയെടുക്കാനാവൂ!”2

ഭീതിപ്പെടുത്തുന്നതെന്തും പരസ്പര വിശ്വാസമില്ലായ്മ വളര്‍ത്തുകയും ജനങ്ങളെ സുരക്ഷയുടെ തെറ്റായ നിശ്ശബ്ദമേഖലയിലേയ്ക്ക് പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. പരസ്പര വിശ്വാസമില്ലായ്മയും ഭീതിയും ബന്ധങ്ങളെ ദുര്‍ബലമാക്കുന്നു. മാത്രമല്ല അതിക്രമങ്ങള്‍ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും സമാധാന പൂര്‍ണ്ണമായൊരു ചുറ്റുപാടില്‍ എത്തിപ്പെടാന്‍ സാധിക്കാത്ത ഒരു സര്‍പ്പിളവലയത്തില്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ആണവായുധ ശേഖരമോ അതിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കലോ ഒരിക്കലും സുരക്ഷയല്ല, മറിച്ച് മിഥ്യയായൊരു സുരക്ഷാബോധം മാത്രമാണത് വളര്‍ത്തുന്നത്.

1.4 ഭീഷണിയുടെയും ഭീതിയുടെയും മനഃസ്ഥിതി
നിസംഗതയുടെ ഭിത്തിക്കു മറയില്‍ ഒളിച്ചിരുന്നുകൊണ്ടോ ആണവ ഗര്‍ത്തത്തിന്‍റെ വക്കില്‍ തൂങ്ങിക്കിടന്നുകൊണ്ടോ, കലങ്ങിമറിഞ്ഞ സാമൂഹിക അന്തരീക്ഷത്തിലോ, ഉന്മൂല വിനാശത്തിന്‍റെ ഭീതിയിലോ നമുക്ക് ലോകത്തിന്‍റെ സുസ്ഥിതി ആര്‍ജ്ജിക്കാനാവില്ല. മാത്രമല്ല ഇന്ന് മനുഷ്യരും സൃഷ്ടിയും സംരക്ഷിക്കപ്പെടുകയും പരിലാളിക്കപ്പെടുകയും ചെയ്യുന്നതിനു പകരം തച്ചുടയ്ക്കപ്പെടുകയാണ്.3 തല്‍ഫലമായി രാഷ്ട്രങ്ങളും സമൂഹങ്ങളും എടുക്കുന്ന സാമൂഹിക സാമ്പത്തിക തീരുമാനങ്ങള്‍ പലതും പരിതാപകരമായ അവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത്. പിന്നെങ്ങനെ പരസ്പരാദരവിന്‍റെയും സമാധാനത്തിന്‍റെയും പ്രത്യാശയുടെ യാത്ര യാഥാര്‍ത്ഥ്യമാകും? എങ്ങനെ ഭീഷണിയുടെയും ഭീതിയുടെയും അനാരോഗ്യകരമായ മനഃസ്ഥിതി നമുക്ക് ഇല്ലാതാക്കാനാകും? ഇന്നിന്‍റെ ഈ പരസ്പര വിശ്വാസമില്ലായ്മയുടെ ബലതന്ത്രം എങ്ങനെ മറികടക്കുവാന്‍ സാധിക്കും?

1.5 സമാധാനത്തിനുള്ള അഭിവാഞ്ച കൈവെടിയിരുത്
നാം എല്ലാവരും ദൈവത്തില്‍നിന്ന് പൊതുവായ ഉല്പത്തി സ്വീകരിച്ചിട്ടുള്ളവരാണെന്ന ചിന്തയില്‍ സംവാദത്തിലും പരസ്പര വിശ്വാസത്തിലും ജീവിച്ചുകൊണ്ട് യഥാര്‍ത്ഥത്തില്‍ സാഹോദര്യത്തിന്‍റെ വഴികളാണ് സ്വീകരിക്കേണ്ടത്. സമാധാനത്തിനായുള്ള അഭിവാഞ്ച എല്ലാ മനുഷ്യഹൃദയങ്ങളിലും ഊറിക്കിടക്കുന്നതിനാല്‍ നാം അതില്‍നിന്നും ഒരിക്കലും പിന്‍വാങ്ങരുത്.

2.0 കരുതലുള്ള യാത്രയാണ് സമാധാനം
1945 ഓഗസ്റ്റില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ച പറഞ്ഞറിയിക്കാനാവാത്ത യാതനകളുടെ ഭീകരതയ്ക്ക് സാക്ഷികളായ തലമുറയുടെ തുടര്‍ച്ചക്കാര്‍ ഇന്നു ജീവിച്ചിരിപ്പുണ്ട്. അവിടെ പതിച്ച അണുബോംബുകളെ അതിജീവിച്ച ബാക്കിയായ ആ ജനസഞ്ചയത്തെ “ഹിബാക്യൂഷ” എന്നാണ് അറിയപ്പെടുന്നത്. ആണവാക്രമണം കാരണമാക്കിയ ഒടുങ്ങാത്ത യാതനകളുടെ ഓര്‍മ്മകള്‍ തങ്ങളുടെ സംഘമനഃസാക്ഷിയില്‍ ഇന്നും കെടാതെ സൂക്ഷിക്കുന്നവരാണവര്‍. “ഹിബാക്യൂഷ”കളുടെ (Hibakusha) സാക്ഷ്യം ആ ദുരന്തത്തിന്‍റെയും, അതിന് ഇരകളായവരുടെയും സ്മരണകളെ ഉണര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതുഴി ആധിപത്യത്തിനും വിനാശത്തിനുംവേണ്ടിയുള്ള മനുഷ്യന്‍റെ ഓരോ ആഗ്രഹത്തിനും എതിരെ മാനവമനഃസാക്ഷി ഉണരണമെന്ന് ഹിബാക്യൂഷകള്‍ ആഗ്രഹിക്കുന്നുണ്ട്. “ഇവിടെ സംഭവിച്ച ദുരന്തത്തിന്‍റെ തിക്തസ്മരണകള്‍ വര്‍ത്തമാന-ഭാവി തലമുറകളില്‍നിന്നും മാഞ്ഞുപോകാന്‍ നാം അനുവദിച്ചുകൂടാ! കാരണം നീതിയുക്തവും സാഹോദര്യം നിറഞ്ഞതുമായ ഒരു ഭാവി പടുത്തുയര്‍ത്താന്‍ പ്രോത്സഹിപ്പിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്ന സ്മരണകളാണവ!”.4

2.1 പഴമയില്‍നിന്നും പ്രത്യാശയുടെ ചക്രവാളം വിരിയിക്കാം
ഹിബാക്യൂഷകളെപ്പോലെ പല ജനതകളും ഇന്നത്തെ ലോകത്തില്‍ ഗതകാല സംഭവങ്ങളുടെ ഓര്‍മ്മകളെ ഭാവി തലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുവാന്‍ പരിശ്രമിക്കുകയാണ്. വന്നുപോയ തെറ്റുകളും വ്യാമോഹങ്ങളും വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി മാത്രമല്ല, സമാധാനം പുലര്‍ത്താനുള്ള ഇന്നത്തെയും ഭാവിയിലെയും തീരുമാനങ്ങള്‍ക്ക് അടിസ്ഥാനവും പ്രചോദനവുമാകുവാന്‍ ഈ അനുഭവങ്ങളുടെ ഓര്‍മ്മ സഹായകമാകുവാന്‍ വേണ്ടിയാണ്. അതിലും ഉപരിയായി, പഴയ ഓര്‍മ്മകളില്‍നിന്നാണ് പ്രത്യാശയുടെ ചക്രവാളങ്ങള്‍ വിരിയുന്നത്. പലപ്പോഴും യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അന്ധകാരത്തില്‍ വിരിയുന്ന കൂട്ടായ്മയുടെ ഒരു ചെറിയ അടയാളംപോലും ധീരവും വീരോചിതവുമായ തീരുമാനങ്ങളിലേയ്ക്കു സമൂഹത്തെ നയിക്കാം. സമൂഹങ്ങളിലും വ്യക്തികളിലും പ്രത്യാശയുടെ പുതുനാളം തെളിയിക്കുവാനും പുതിയ ഊര്‍ജ്ജം കെട്ടഴിച്ചുവിടുവാനും അവയ്ക്കു കരുത്തുണ്ട്.

2.2 സമാധാനവഴികള്‍ തേടാം
J ഇന്ന് സമൂഹങ്ങളും ജനതകളും രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങളും താല്പര്യങ്ങളും അധികവും സംഘര്‍ഷഭരിതമാകയാല്‍ സമാധാനവഴികള്‍ തേടിയുള്ള യാത്ര ഏറെ സങ്കീര്‍ണ്ണവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. ജനങ്ങളുടെ ധാര്‍മ്മിക മനഃസാക്ഷിയെയും വ്യക്തിപരവും രാഷ്ട്രീയവുമായ ഇച്ഛാശക്തിയെയുമാണ് നാം ആദ്യം തട്ടിയുണര്‍ത്തേണ്ടത്. മനുഷ്യഹൃദയത്തിന്‍റെ അടിത്തട്ടിലെ രാഷ്ട്രീയ പ്രേരണയില്‍നിന്നും ഉത്ഭവിക്കുന്ന സമാധാനം നാം എന്നും നവീകരിക്കേണ്ടതാണ്. അങ്ങനെ മാത്രമേ, വ്യക്തികളെയും സമുഹങ്ങളെയും അനുരഞ്ജിപ്പിക്കുവാനും ഐക്യപ്പെടുത്തുവാനും പുതിയ വഴികള്‍ കണ്ടെത്തുവാനും സാധിക്കൂ.

2.3 സാഹോദര്യത്തിന്‍റെ കാഴ്ചപ്പാട്
പൊള്ളയായ വാക്കുകള്‍ വിളമ്പുന്നവരെയോ, കുടില തന്ത്രക്കാരെയോ, വംശീയവാദികളെയോ അല്ല ഇന്ന് ആവശ്യം, മറിച്ച് ബോധ്യമുള്ള ജീവിതസാക്ഷികളെയും, സംവാദത്തിനു തുറവുള്ള സമാധാനത്തിന്‍റെ നിര്‍മ്മാതാക്കളെയുമാണ് ലോകത്തിനാവശ്യം. വിഭിന്ന അഭിപ്രായങ്ങള്‍ക്കും പ്രത്യയ ശാസ്ത്രങ്ങള്‍ക്കും അപ്പുറം, സത്യം അന്വേഷിക്കുന്നവരുമായുള്ള ബോധപൂര്‍വ്വകമായ സംവാദമില്ലാതെ യഥാര്‍ത്ഥ സമാധാനം കൈവരിക്കുവാന്‍ നമുക്ക് സാധ്യമല്ല.
“സമാധാനം നിരന്തരമായി പടുത്തുയര്‍ത്തേണ്ടിയിരിക്കുന്നു.”5 പൊതുനന്മയും സത്യസന്ധതയും നിയമത്തോടുള്ള ആദരവും സര്‍വ്വദാ അന്വേഷിക്കേണ്ട കൂട്ടായ യാത്രയാണിത്. ഓരോരുത്തരും പരസ്പരം ശ്രവിക്കുന്നതും, എന്തിന് ശത്രുവില്‍പ്പോലും ഒരു സഹോദരന്‍റെയോ സഹോദരിയുടെയോ മുഖം കാണുന്നതുമായ കാഴ്ചപ്പാടായിരിക്കും സമൂഹത്തില്‍ പരസ്പര ധാരണയും ആദരവും വളര്‍ത്തുന്നത്.

2.4 ഓരോ വ്യക്തിയും പങ്കുചേരുന്ന തുടര്‍പരിശ്രമം
സമാധാന യത്നങ്ങള്‍ക്ക് ദീര്‍ഘക്ഷമയുള്ള പ്രതിബദ്ധത ആവശ്യമാണ്. സത്യവും നീതിയും അന്വേഷിക്കുന്ന ക്ഷമാപൂര്‍വ്വമായ പരിശ്രമമാണിത്. ഇരകളായവരുടെ സ്മരണകളെ ആദരിക്കുകയും, പ്രതികാര വാഞ്ചയേക്കാള്‍ ശക്തമായി പ്രത്യാശ പങ്കുവയ്ക്കുന്നതിന് പടിപടിയായി വഴിതുറക്കുവാനുള്ള ശ്രമവുമാണിത്. നിയമത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രത്തില്‍ ജനാധിപത്യം ഏറെ നല്ല മാതൃകയാണ്. എന്നാല്‍ നീതിയില്‍ അടിയുറച്ച സത്യാന്വേഷണത്തിന്‍റെ പാതയില്‍ ഓരോ വ്യക്തിയുടെയും പ്രത്യേകിച്ച്, ദുര്‍ബലരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങളെ സംരക്ഷിക്കുവാന്‍ പ്രതിബദ്ധവുമാണിത്.6 ഇതൊരു സാമൂഹ്യ സംരംഭമാണ്. ആഗോള സമൂഹത്തിലും, ഓരോ ദേശീയ-പ്രാദേശിക സമൂഹങ്ങളിലും ഉത്തരവാദിത്വത്തോടെ ഓരോ വ്യക്തിയും തന്‍റെ സംഭാവന നല്കുന്ന ഒരു തുടര്‍പ്രവര്‍ത്തന ശൈലിയാണിത്. An on-going effort!

2.5 അപരനെക്കുറിച്ചുള്ള അവബോധം 
അനിവാര്യമായ  ഒരു സാമൂഹികവിദ്യാഭ്യാസം 
വിശുദ്ധനായ പോള്‍ ആറാമന്‍ പാപ്പാ ചൂണ്ടിക്കാട്ടിയി‌ട്ടുള്ളതുപോലെ “ഒരു ജനാധിപത്യ സമൂഹം വളര്‍ത്താന്‍ പങ്കാളിത്തവും സമത്വവും ആവശ്യമാണ്. ഈ രണ്ട് അഭിലാഷങ്ങള്‍. ഓരോ വ്യക്തിയുടെയും അവകാശങ്ങളെക്കുറിച്ചുള്ള അറിവിന്‍റെ മാത്രമല്ല, അപരനോടുള്ള കടമകളെക്കുറിച്ചു ബോധം വളര്‍ത്തുന്ന ഒരു സാമൂഹിക വിദ്യാഭ്യാസ രീതിയും ഇന്ന് ആവശ്യപ്പെടുന്നുണ്ട്. സ്വയം നിയന്ത്രിക്കുവാനും ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കുവാനുമുള്ള ഓരോ വ്യക്തിയുടെയും കഴിവ്, സംഘങ്ങളുടെയോ വ്യക്തികളുടേയോ സ്വാതന്ത്ര്യത്തിന് കല്പിച്ചിരിക്കുന്ന പരിധിയെക്കുച്ചുള്ള അറിവ് എന്നിവ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള അവബോധത്തെയും അത് പ്രായോഗികമാക്കുവാനുള്ള ഓരോ വ്യക്തിയുടെ വിവേകത്തെയും ആശ്രയിച്ചിരിക്കുന്നു.”7

2.6 സമാധാനപാതയില്‍ സഭ പതറാതെ മുന്നേറും
ഒരു സമൂഹത്തില്‍ത്തന്നെയുള്ള വിഭാഗീയതകള്‍, സാമൂഹിക അസമത്വങ്ങളുടെ വര്‍ദ്ധിച്ച അവസ്ഥ, മാനവികതയുടെ സമഗ്ര വികസനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനുള്ള വൈമുഖ്യം എന്നിവ പൊതുനന്മയ്ക്കായുള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കുന്നു. എങ്കിലും വചനത്തിന്‍റെയും സത്യത്തിന്‍റെയും ശക്തിയില്‍ അധിഷ്ഠിതവും ക്ഷമാപൂര്‍വ്വവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തില്‍ ഐക്യദാര്‍ഢ്യവും കൂട്ടായ്മയും കൈവരിക്കുവാനുള്ള ക്രിയാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കാന്‍ കഴിയും. നമ്മെ പരസ്പരം അനുരഞ്ജിപ്പിക്കാന്‍ തന്‍റെ ജീവന്‍ നല്കിയ ക്രിസ്തുവിനെ നിരന്തരമായി സ്മരിക്കുന്നതാണ് ക്രൈസ്തവ ജീവിതാനുഭവം (റോമ. 5, 6-11). നീതിയുക്തമായ സാമൂഹിക ക്രമത്തിനായുള്ള അന്വേഷണത്തില്‍ സഭ പൂര്‍ണ്ണമായും പങ്കാളിയാണ്. അതിനായി ക്രൈസ്തവ മൂല്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടും, സന്മാര്‍ഗ്ഗമൂല്യങ്ങള്‍ പ്രബോധിപ്പിച്ചുകൊണ്ടും, വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളിലൂടെ പൊതുനന്മ പരിപോഷിപ്പിക്കുവാനും, പ്രത്യാശ കൈവെടിയാതെ ലോകത്ത് സമാധാനം വളര്‍ത്തുവാനുമായി സഭ നിരന്തരമായി പരിശ്രമിക്കുന്നു.

ദൈവമേ, എന്നെ അങ്ങേ സമാധാനദൂതനാക്കണമേ...! അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ വിശ്വോത്തരമായ ഈ പ്രാര്‍ത്ഥനയോടെ ഈ ചിന്താമലരുകള്‍  ഉപസംഹരിക്കാം.

ഗാനരചന ഫാദര്‍ ജോസഫ് മനക്കില്‍, സംഗീതം ജെറി അമല്‍ദേവ്,
ആലാപനം വില്‍സണ്‍ പിറവവും സംഘവും
.

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച വിശ്വാശാന്തി ദിന സന്ദേശത്തിന്‍റെ ആദ്യഭാഗം.
അവതരിപ്പിച്ചത് ജോളി അഗസ്റ്റിനും ഫാദര്‍ വില്യം നെല്ലിക്കലും.
 

12 January 2020, 17:26