തിരയുക

2020.01.18 Il giorno dopo, vedendo Gesù venire verso di lui, disse: "Ecco l'agnello di Dio" Gv. 1:29 2020.01.18 Il giorno dopo, vedendo Gesù venire verso di lui, disse: "Ecco l'agnello di Dio" Gv. 1:29 

ദിവ്യകുഞ്ഞാടിന്‍റെ സൗമ്യതയും പ്രശാന്തതയും മാതൃകയാക്കേണ്ടവര്‍!

ആണ്ടുവട്ടം രണ്ടാംവാരം ഞായറാഴ്ചത്തെ സുവിശേഷ വിചിന്തനം വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 1, 29-34.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സുവിശേഷചിന്തകള്‍ - ആണ്ടുവട്ടം രണ്ടാംവാരം

1. ദൈവത്തിന്‍റെ കുഞ്ഞാട്!
ക്രിസ്തുമസ്കാലം കഴിഞ്ഞ് നാം ആരാധനക്രമത്തിന്‍റെ സാധാരണ കാലത്തിലേയ്ക്ക് ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിരുനാളോടെ കടന്നു, പ്രവേശിച്ചു. ഇന്ന് ആണ്ടുവട്ടം രണ്ടാം വാരം ഞായറാഴ്ചയാണ്. യോര്‍ദ്ദാനില്‍ ക്രിസ്തു ജ്ഞാനസ്നാനം സ്വീകരിക്കവെ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. അവിടുന്ന് സ്വര്‍ഗ്ഗപിതാവിന്‍റെ പ്രിയപുത്രനാണെന്ന ദിവ്യസ്വരം മേഘങ്ങളില്‍നിന്നു കേള്‍ക്കാറായതും, തുടര്‍ന്ന് ദൈവാരൂപി പ്രാവിന്‍റെ രൂപത്തില്‍ അവിടുത്തെമേല്‍ ഇറങ്ങിവന്നതും അഭിഷേചിച്ചതുമെല്ലാം ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിലെ ദൈവാവിഷ്ക്കാര സംഭവമായിരുന്നു. അതിന്‍റെ തുടര്‍ഭാഗമാണ് ഇന്നത്തെ സുവിശേഷം. ‍

ജോര്‍ദ്ദാന്‍ നദിക്കരയിലേയ്ക്ക് മറ്റാരെയുംപോലെ താഴ്മയില്‍വന്ന് ജ്ഞാനസ്നാനം സ്വീകരിച്ചശേഷം വെള്ളത്തില്‍നിന്നും കയറി, ക്രിസ്തു നടന്ന് അകലുന്നു. അപ്പോള്‍ അവിടുത്തെ നോക്കി സ്നാപകന്‍ പറഞ്ഞ വാക്കുകളാണ്, “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്! ഇതാ, ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍!!” (29). തന്‍റെ കണ്ണും കൈയ്യും യേശുവിലേയ്ക്കു തിരിച്ച് സ്നാപകന്‍ ഹൃദയത്തില്‍നിന്നും മൊഴിഞ്ഞ വാക്കുകളാണിവ.

2. അനുതാപത്തിന്‍റെ വഴിയൊരുക്കല്‍ -
യോര്‍ദ്ദാനിലെ ജ്ഞാനസ്നാനം

അന്നാളില്‍ സ്നാപക യോഹന്നാന്‍ പ്രസംഗിച്ചത് ദൈവരാജ്യത്തിന്‍റെ ആഗമനത്തെക്കുറിച്ചായിരുന്നു. രക്ഷകന്‍ ആഗതനാകുന്നതിനു മുന്‍പും, അവിടുന്നു സ്വയം വെളിപ്പെടുത്തുന്നതിനു മുന്‍പും നീതിനിഷ്ഠമായൊരു ജീവിതത്തിലേയ്ക്കു ജനങ്ങളെ അനുതാപത്തിലൂടെ നയിക്കുവാനുള്ള പ്രത്യക്ഷമായ അടയാളമായിരുന്നു യോഹന്നാന്‍ യോര്‍ദ്ദാന്‍ നദിക്കരയില്‍ നല്കിയ ജ്ഞാനസ്നാനം (മത്തായി 3, 1-6). പാപങ്ങള്‍ ഓര്‍ത്തു പശ്ചാത്തപിക്കുവാനും, ജീവിതം നവമായി തുടങ്ങുവാനുമായിരുന്നു ജനങ്ങള്‍ യോഹന്നാന്‍റെ പക്കല്‍ എത്തിയത്. ദൈവരാജ്യം ആഗതമായെന്നൊരു ഉള്‍വിളി സ്നാപകനു ലഭിച്ചിരിക്കണം. രക്ഷകനായ യേശുവിനെ തിരിച്ചറിയാന്‍ ലോകത്തിനു ലഭിച്ച വലിയ അടയാളമായിരുന്നു പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് അവിടുത്തെമേല്‍ ആവസിച്ചത്. രക്ഷകനായ ക്രിസ്തു ലോകത്തിനായി തന്‍റെ അരൂപിയെ നല്കുകയും പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനം നല്കുകയും ചെയ്യുമെന്നും യോഹന്നാന്‍ പ്രഖ്യാപിക്കുന്നുണ്ട് (യോഹ. 1, 33).

4. ലോകത്തിന്‍റെ പാപങ്ങള്‍ ഏറ്റെടുക്കുന്ന ദിവ്യകുഞ്ഞാട്
യോര്‍ദ്ദാനിലെ സംഭവവികാസങ്ങള്‍ കണ്ട യോഹന്നാന്‍ പരിഭ്രാന്തനായിരുന്നിരിക്കണം! കാരണം ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലാണ് ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിയത് – പാപികള്‍ക്കൊപ്പം ആയിരിക്കുവാനും, അവര്‍ക്കുവേണ്ടിക്കൂടി ജ്ഞാനസ്നാനം സ്വീകരിക്കുവാനുമാണ് രക്ഷകനായ ക്രിസ്തു യോഹന്നാന്‍റെ പക്കലെത്തിയത്. എന്നാല്‍ ഇപ്രകാരമാണ് ദൈവിക നീതിയും രക്ഷയും ഭൂമിയില്‍ നടപ്പാകുന്നതെന്ന് യോഹന്നാന് ദൈവാത്മാവുതന്നെ വെളിപ്പെടുത്തിക്കൊടുത്തതായിരിക്കണം. ക്രിസ്തു രക്ഷകനാണ്, അവിടുന്ന് ഇസ്രായേലിന്‍റെ രാജാവാണ്, എന്നാല്‍ ഒരിക്കലും ലോകത്തിന്‍റെ ശൈലിയോ ശക്തിയോ അല്ല അവിടുത്തേത്! അവിടുന്ന് ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടാണ് (യോഹ. 1, 29).

5. യേശുവിനെ ചൂണ്ടിക്കാട്ടിയവന്‍
അന്നാളില്‍ സ്നാപകനു ജനമദ്ധ്യത്തില്‍ ഒരു സ്ഥാനമുണ്ടായിരുന്നു. വരുവാനിരിക്കുന്നവന്‍റെ വഴിയൊരുക്കുന്നവനാണു താനെന്നും, അവിടുത്തെ ചെരുപ്പിന്‍റെ വാറ് അഴിക്കാന്‍പോലും യോഗ്യനല്ല താനെന്നും സ്വയം ഏറ്റുപറഞ്ഞിട്ടുള്ളവനാണ് യോഹന്നാന്‍. അത്രയേറെ വിനായാന്വിതനായിരുന്നു സ്നാപകന്‍. എന്നാല്‍ ധാരാളം ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ആത്മീയഗുരുവായും പ്രവാചകനായും നായകനായും സമൂഹത്തില്‍ ധാരാളംപേര്‍ യോഹന്നാനെ അംഗീകരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഈശോയുടെ ആദ്യശിഷ്യന്മാരില്‍ പലരും സ്നാപകന്‍റെ ശിഷ്യന്മാരാണ്. സുവിശേഷങ്ങള്‍ അവരുടെ പേരുകള്‍ രേഖപ്പെടുത്തുന്നുണ്ട്. “പത്രോസ്” എന്നു വിളിക്കപ്പെട്ട ശിമയോന്‍, അയാളുടെ സഹോദരന്‍ അന്ത്രയോസ്, സെബദീപുത്രനായ യാക്കോബ് അയാളുടെ സഹോദരന്‍ യോഹന്നാന്‍  എന്നിവര്‍ സ്നാപകന്‍റെ ശിഷ്യന്മാരായിരുന്നു. എല്ലാവരും യേശുവിനെപ്പോലെ ഗലീലിയില്‍നിന്നുള്ളവരും മീന്‍പിടുത്തക്കാരുമായിരുന്നു.

6. യേശുവിനെ പ്രഘോഷിക്കുക, ചൂണ്ടിക്കാണിക്കുക!
നാം ധ്യാനിച്ച യോര്‍ദ്ദാന്‍ നദിക്കരയിലെ രംഗം ഒരു കഥയല്ല, നിര്‍ണ്ണായകമായ ഒരു ചരിത്ര സംഭവമാണ്. എന്നാല്‍ ഈ രംഗം നമ്മുടെ വിശ്വാസത്തിനും, ഒപ്പം സഭയുടെ ദൗത്യത്തിനും അടിസ്ഥാനമാകുന്ന വെളിപ്പെടുത്തലാണ്. സ്നാപകന്‍ ചെയ്തതുപോലെ യേശുവിനെ സ്വീകരിക്കാന്‍ ലോകത്തെ ഒരുക്കുവാനാണ് ക്രിസ്തുവിന്‍റെ സഭ ഇന്നും വിളിക്കപ്പെട്ടിരുക്കുന്നത്. സഭ ചെയ്യേണ്ടത് സകലര്‍ക്കും യേശുവിനെ ചൂണ്ടിക്കാണിച്ചുകൊടുക്കുകയെന്നതാണ്. “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്;  ഇതാ, ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍! അവിടുന്നു വിനീതനും, പാപികളുടെ മദ്ധ്യേ ജീവിച്ചവനുമാണ്, പാപികള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ചവനുമാണ്. അവിടുന്നാണു ലോക രക്ഷകന്‍! അങ്ങനെ യേശുവിനെയും അവിടുത്തെ സുവിശേഷവും മറ്റുള്ളവരുമായി പങ്കുവയ്ക്കുക, അത് പ്രഘോഷിക്കുക എന്നത് ക്രൈസ്തവദൗത്യമാണ്, സഭാദൗത്യമാണ്.

7. യേശുവിനെ പ്രഘോഷിക്കുന്ന സഭാദൗത്യം
അനുദിനം ലോകമെമ്പാടുമുള്ള സഭാസമൂഹങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലി ലോകരക്ഷകനായ ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുക, അവിടുത്തെ പ്രഘോഷിക്കുക എന്ന സഭാദൗത്യം അനുസ്മരിപ്പിക്കുകയാണ്. ക്രിസ്തുവിന്‍റെ ശരീരരക്തങ്ങള്‍ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യത്തില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കാര്‍മ്മികന്‍ ഉച്ചരിക്കുന്ന “ഇതാ... ദൈവത്തിന്‍റെ കുഞ്ഞാട്, ഇതാ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍!” ഈ വചനം സ്നാപക യോഹന്നാന്‍റെ വാക്കുകളാണ്, സഭയുടെ മുഴുവന്‍ ദൗത്യവും വെളിപ്പെടുത്തുന്നതും പ്രഘോഷിക്കുന്നതുമായ വചനമാണിത്. എന്നാല്‍ ഇത് ജീവിതത്തില്‍ പ്രഘോഷിക്കാതിരിക്കുമ്പോഴെല്ലാം, സഭ, സഭാമക്കള്‍ ദിശാബോധം നഷ്ടപ്പെട്ട്, എവിടേയ്ക്കാണ് നീങ്ങുന്നതെന്ന് അറിയാതെ നട്ടംകറങ്ങുന്ന അവസ്ഥയിലെത്തും. സഭയുടെ സ്വത്വം ഇല്ലാതാകും. സഭ അനുദിനം പ്രഘോഷിക്കേണ്ടത് കുഞ്ഞാടായ ക്രിസ്തുവിനെയാണ്, അവിടുത്തെ സുവിശേഷമാണ്. സഭയെക്കുറിച്ചോ, അതിന്‍റെ വലുപ്പത്തെയോ, കഴിവുകളെയോ, നേട്ടങ്ങളെയോ, കുറിച്ച് കൊട്ടിഘോഷിക്കുകയല്ല സഭയുടെ ദൗത്യം, മറിച്ച്  ദിവ്യകുഞ്ഞാടായ ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുകയാണ്.   അവിടുത്തെ സുവിശേഷം പങ്കുവയ്ക്കുകയും,  അത് ജീവിക്കുകയും, സാക്ഷ്യപ്പെടുത്തുകയുമാണ് സഭദൗത്യം.

8. കുഞ്ഞാടിന്‍റെ സൗമ്യഭാവവും ലാളിത്യവും
ക്രിസ്തുവുമായി ബന്ധപ്പെട്ട് ആട് എന്ന ജീവിയെ സംബന്ധിക്കുന്ന പ്രയോഗം പുതിയ നിയമത്തില്‍ മാത്രമല്ല, വിശുദ്ധഗ്രന്ഥത്തില്‍ ഉടനീളം നിരവധിയാണ്. ആട് ശക്തിയുടെയോ ശൗര്യത്തിന്‍റെയോ പ്രതീകമല്ല. വളരെ ലോലവും ദുര്‍ബലവുമായ ജീവിയാണ്. അനുസരണയുടെയും ലാളിത്യത്തിന്‍റെയും അടയാളമാണത്. അത് ശാന്തതയും സൗമ്യഭാവവുമുള്ള ജീവിയാണ്. അക്രമത്തിനുനേരെ പല്ലിറുമ്മുകയോ, പ്രതികരിക്കുകയോ ചെയ്യാതെ വിധേയത്വം കാണിക്കുന്ന ഒരു വളര്‍ത്തു ജീവി. ക്രിസ്തുവിന്‍റെ പ്രതിരൂപമാണ് ബൈബിളില്‍  ഉടനീളം ഈ കുഞ്ഞാട്. അവിടുന്നു ദിവ്യകുഞ്ഞാടാണ്, ലോകത്തിന്‍റെ പാപങ്ങള്‍ തന്നില്‍ ഏറ്റെടുത്ത് സ്വയാര്‍പ്പണം ചെയ്ത ദിവ്യകുഞ്ഞാടാണ് ക്രിസ്തു!

9. സകലരേയും ആശ്ലേഷിക്കുന്ന സഭ
സഭ ഇന്ന് ഉള്‍ക്കൊള്ളേണ്ടത് ദിവ്യകുഞ്ഞാടിന്‍റെ മാതൃകയാണ്. അതായത് വിദ്വേഷം മാറ്റി നിഷ്ക്കളങ്കതയും, അധികാരപ്രമത്തത വെടിഞ്ഞ് സ്നേഹശീലവും സ്വായത്തമാക്കുക. അഹങ്കാരത്തെ എളിമകൊണ്ടും, സ്ഥാനമാനങ്ങള്‍ സേവനത്തിന്‍റെയും സ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും സൗമ്യഭാവംകൊണ്ടും പ്രസന്നമാക്കുക. ദിവ്യകുഞ്ഞാടിന്‍റെ ശിഷ്യഗണവും സഭയും എന്തിനെയും ചെറുക്കുന്ന അടഞ്ഞ കാഠിന്യമുള്ള കോട്ടയല്ല. മറിച്ച് എല്ലാവരെയും സ്വീകരിക്കുകയും തുണയ്ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന കുന്നിന്‍മുകളിലെ തുറന്നിട്ട പട്ടണമാണ്, പ്രകാശഗോപുരമാണ്. അടഞ്ഞ മനഃസ്ഥിതി സഭാജീവിതത്തില്‍ അഭികാമ്യമല്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, വിശിഷ്യാ പരിത്യക്തരെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും, പാവങ്ങളെയും എളിയവരെയും ആശ്ലേഷിക്കുന്നൊരു മനോഭാവമാണ്, കൂട്ടായ്മയുടെ സംസ്കൃതിയാണ് സഭാജീവിതത്തിന് അഭികാമ്യം.

10. പ്രാര്‍ത്ഥന
സന്തോഷത്തോടും തുറവോടുംകൂടെ എന്നും ദിവ്യകുഞ്ഞാടായ ക്രിസ്തുവിനെ അനുഗമിക്കാനും അവിടുത്തെ സ്നേഹവും വിനയവും വിശ്വസ്തതയുമുള്ള സാക്ഷികളാകുവാനും ഞങ്ങളെ സഹായിക്കണമേ! സഭകള്‍ ക്രൈസ്തവൈക്യവാരം ആചരിക്കുന്ന ഈ ദിനത്തില്‍ മനുഷ്യര്‍ ഈ ഭൂമിയില്‍ ഒന്നായി സ്നേഹത്തിലും സമാധാനത്തിലും വസിക്കാന്‍ ഇടയാക്കണമേ! വിദ്വേഷവും പകയുംകൊണ്ട് അനുദിനം കലുഷിതമാകുന്ന ലോകത്ത് ദിവ്യകുഞ്ഞാടായ യേശുവേ..., അങ്ങേ പ്രശാന്തതയും സ്നേഹവും ഉള്‍ക്കൊണ്ട് ജീവിക്കുവാനും, അതു സഹോദരങ്ങളുമായി പങ്കുവയ്ക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ!

ഗാനമാലപിച്ചത് ഡോ. കെ. ജെ. യേശുദാസാണ്. രചന ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍, സംഗീതം ജോബ്&ജോര്‍ജ്ജ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2020, 14:33