Papa Francesco visita il campo di concentramento di Auschwitz - Birkenau Papa Francesco visita il campo di concentramento di Auschwitz - Birkenau 

മാനവകുലത്തിന് അനിവാര്യമാണ് ചരിത്രസ്മരണകള്‍!

പോളണ്ടിലെ ഓഷ്വിറ്റ്സ് നാസികൂട്ടക്കുരുതി കേന്ദ്രത്തിന്‍റെ മ്യൂസിയം ഡയറക്ടര്‍, പൊത്തീര്‍ ചിവിന്‍സ്കിയുടെ പ്രസ്താവന.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1.  കുരുതിക്കളം വിമോചിതമായതിന്‍റെ 75-Ɔο വാര്‍ഷികം
പോളണ്ടിലെ ഓഷ്വിറ്റ്സ് നാസികേന്ദ്രം വിമോചിതമായതിന്‍റെ 75-Ɔο വാര്‍ഷിക നാളില്‍ ജനുവരി 27-ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് നല്കിയ അഭിമുഖത്തിലാണ് മ്യൂസിയം ഡയറക്ടര്‍, പൊത്തീര്‍ ചിവിന്‍സ്കി ചരിത്രസ്മരണകള്‍ ദുഃഖപൂര്‍ണ്ണമായാലും അവ നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കിയത്.

1945 ജനുവരി 27-നാണ് പോളണ്ടിലെത്തിയ സോവിയറ്റ് സൈന്ന്യം ഓഷ്വിറ്റ്സ്-ബെര്‍ക്കീനോ കൂട്ടക്കുരുതി ക്യാമ്പ് നാസിസൈന്ന്യത്തിന്‍റെ പിടിയില്‍നിന്നും മോചിപ്പിച്ചത്. നാസി കൈകളില്‍ കൊല്ലപ്പെട്ട ആയിരങ്ങള്‍ക്കുശേഷം ബാക്കി 7000 തടവുകാര്‍ രോഗികളും മരണാസന്നരുമായിട്ടാണ് രക്ഷപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഏകദേശം 10 ലക്ഷത്തില്‍ അധികംപേര്‍ അവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. അവരില്‍ അധികവും നാടുകടത്തപ്പെട്ട യഹൂദരാണ് ഈ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ക്രൂരമായി കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അക്കൂട്ടത്തില്‍ രണ്ടുപേരാണ് സഭയിലെ പുണ്യാത്മാക്കളായ മാക്സിമീലിയന്‍ കോള്‍ബെയും എഡിറ്റ് സ്റ്റെയിനും.

2. ദുരന്തസ്മരണകളുമായി ബാക്കി 200 പേര്‍
പോളണ്ടിലെ ഓഷ്വിറ്റ്സ് കേന്ദ്രത്തിന്‍റെ 75- Ɔο വാര്‍ഷികനാളില്‍ നാസി കൂട്ടക്കുരുതിക്ക് സാക്ഷികളായ 200-പേര്‍ ഓഷ്വിറ്റ്സിലെ ക്യാമ്പില്‍ എത്തിയിരുന്നു. ഇപ്പോള്‍ വയോധികരും രോഗികളുമായവരുടെ ഓര്‍മ്മയിലെ അവസാനത്തെ ജൂബിലി ആഘോഷമായിരിക്കുമെന്ന് ഡിയറക്ടര്‍ ചിവിന്‍സ്കി പങ്കുവച്ചു. പോളണ്ടിലെ എല്ലാ ആഘോഷങ്ങളുടെയും കേന്ദ്രസ്ഥാനത്ത് നാസി പീഡനങ്ങളെ അതിജീവിച്ച വയോധികരായ 200 പേര്‍തന്നെയായിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി. ചരിത്രസ്മൃതികള്‍ അനിവാര്യാമാണെന്നും, അവയെ കേന്ദ്രീകരിച്ചാണ് ഭാവി വളര്‍ച്ചയെന്നും 15 വര്‍ഷക്കാലമായി മ്യൂസിയം ഡയറക്ടറായി സേവനംചെയ്യുന്ന ചിവിന്‍സ്കി പങ്കുവച്ചു.

3. നിസംഗതയും സ്വാര്‍ത്ഥതയും വര്‍ദ്ധിച്ച ലോകം
ഇന്ന് നിസംഗതയും സ്വാര്‍ത്ഥതയും ലോകത്തു വളര്‍ന്ന് ജനതകള്‍ ജീവിക്കുന്നത് ഭാവിയെക്കുറിച്ചുള്ള ആശങ്കയോടെയാണ്. ആശങ്കയും ഭീതിയും പിന്നെയും ജനങ്ങളെ വളര്‍ത്തുന്നത് സ്വാര്‍ത്ഥമായ ജീവിതശൈലിയിലേയ്ക്കാണ്. ഇന്ന് രാജ്യങ്ങളുടെ നവമായ രാഷ്ട്രീയനയം അല്ലെങ്കില്‍ ജനാധിപത്യതരംഗം (new wave of populism) വളര്‍ന്നുവരുന്നത് ഏറെ അടഞ്ഞതും സ്വാര്‍ത്ഥവുമായ ജീവിതശൈലിയിലേയ്ക്കാണ്. അയല്‍പക്കത്തുള്ള അതിക്രമത്തോടും ക്രൂരതയോടും അനീതിയോടും നിസംഗതപുലര്‍ത്തുന്ന സ്വാര്‍ത്ഥതയുടെ ക്രൂരമുഖമാണ് ചുറ്റും ഉയരുന്നത്. ഒപ്പം വിദ്വേഷത്തിന്‍റെയും വംശീയതയുടെയും നവമായ ചിന്താഗതികള്‍ സമൂഹത്തില്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും ചിവിന്‍സ്കി ചൂണ്ടിക്കാട്ടി. ചരിത്രത്തിന്‍റെ കരിനിഴലായ യഹൂദവിദ്വേഷവും (anti-semetism), പരദേശീസ്പര്‍ദ്ദ (xenophobia) ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും അതീശ്രദ്ധ പുലര്‍ത്തുകയും വേണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

4. നല്ലവിദ്യാഭ്യാസം തിന്മയുടെ ലോകത്തെ മോചിക്കും
കുടുംബങ്ങളും, സംസ്ക്കാരങ്ങളും, ആശയവിനിമയ രീതികളും ഏറെ പ്രതിസന്ധിയിലായിരിക്കുന്ന ലോകത്ത്, മനുഷ്യന്‍റെ മനോഭാവത്തില്‍ മാറ്റം വരുത്തുവാന്‍ നല്ല വിദ്യാഭ്യാസത്തിനു സാധിക്കുമെന്ന് ചിവിന്‍സികി അഭിപ്രായപ്പെട്ടു. മാനവികതയുമായി ഐക്യദാര്‍ഢ്യമുള്ള ഒരു നവമായ വിദ്യാഭ്യാസരീതിയാണ് ഇന്നിന്‍റെ ആവശ്യം. മാറുന്ന സാമൂഹ്യ മനഃസാക്ഷിയുടെയും സമ്പ്രദായങ്ങളുടെയും ചുവടുപിടിച്ച് സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സത്യത്തിന്‍റെയും മൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്ന ഒരു വിദ്യാഭ്യസരീതി ഇന്നിന്‍റെ ആവശ്യമാണെന്ന് ചിവിന്‍സ്കി  ചൂണ്ടിക്കാട്ടി.

5.  മങ്ങാത്ത സ്മരണകളായി
പാപ്പാ ഫ്രാന്‍സിസിന്‍റെ  സന്ദര്‍ശനം

2016 ആഗസ്റ്റില്‍ പാപ്പാ ഫ്രാന്‍സിസ് ഓഷ്വിറ്റ്സിലേയ്ക്കു നടത്തിയ സന്ദര്‍ശനം ഹൃദയസ്പര്‍ശിയായിരുന്നെന്ന് ചിവിന്‍സ്കി അനുസ്മരിച്ചു. പ്രസംഗമില്ലാതെ നിശബ്ദതയിലും പ്രാര്‍ത്ഥനയിലും പാപ്പാ ഫ്രാന്‍സിസ് നടത്തിയ സന്ദര്‍ശനം മനുഷ്യസ്നേഹത്തിന്‍റെയും സൗഹാര്‍ദ്ദതയുടെയും സമാധാനത്തിന്‍റെയും സന്ദേശങ്ങള്‍ കൈമാറുന്നതായിരുന്നെന്ന് ചിവിന്‍സ്കി സാക്ഷ്യപ്പെടുത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 January 2020, 18:20