A sea gull flies in front of a barge on Lake Leman in Lausanne A sea gull flies in front of a barge on Lake Leman in Lausanne 

ഒരിക്കലും നമ്മെ കൈവെടിയാത്ത ദൈവം...!

വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര - സങ്കീര്‍ത്തനം 66, കൃതജ്ഞതാഗീതത്തിന്‍റെ പഠനം നാലാം ഭാഗം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍

66-‍Ɔο സങ്കീര്‍ത്തന പഠനം ഭാഗം 4 - ശബ്ദരേഖ

1. വരികളുടെ ആത്മീയ വിചിന്തനം
ആകെ 20 പദങ്ങളുള്ള ഈ സാമൂഹ്യകൃതജ്ഞതാഗീതത്തിന്‍റെ 1-മുതല്‍ 12-വരെയുള്ള വരികളുടെ ആത്മീയ വിചിന്തനം നാം കഴിഞ്ഞ ആഴ്ചകളില്‍ വിശകലനം ചെയ്യുകയായിരുന്നു. ദൈവിക മഹിമാതിരേകങ്ങള്‍ കാണുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യന്‍ അവയ്ക്കു മുന്നില്‍ ശിരസ്സു നമിച്ച് സ്രഷ്ടാവും ജീവദാതാവുമായ ദൈവത്തെ സ്തുതിക്കുന്നു. അതുകൊണ്ട് ഈ ഗീതത്തില്‍ ദേവാലയശുശ്രൂഷകര്‍ ജനത്തോട് ദൈവത്തെ സ്തുതിക്കുവാനും നന്ദിയര്‍പ്പിക്കുവാനുമാണ് ആദ്യപദങ്ങളില്‍ ആഹ്വാനംചെയ്യുന്നത് (66 :1-7). അതിനാല്‍ ഈ ഗീതത്തില്‍ നന്ദിയുടെ വികാരത്തോടൊപ്പം പ്രബോധനപരമായി ഒരു സുവിശേഷവത്ക്കരണ വിഷയം, Evangelical theme കൂടെ ഇടകലര്‍ന്നിട്ടുണ്ടെന്ന് നിരൂപകന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദൈവിക നന്മകള്‍ നിങ്ങള്‍ വന്നു കാണുവിന്‍, എന്ന് ആഹ്വാനംചെയ്തിട്ട് ദൈവം തന്‍റെ ജനത്തിനായി ചെയ്തുതന്ന നന്മകള്‍ സങ്കീര്‍ത്തകന്‍ എണ്ണിയെണ്ണി പറയുന്നു.

2.  ദൈവിക നന്മകളുടെ അനുസ്മരണം
ദൈവിക നന്മകളുടെ സദ്വാര്‍ത്ത സകലര്‍ക്കുമുള്ളതാണ്. അത് ഒരു ജനത്തിനുള്ളതോ, ഒരു സമൂഹത്തിന്‍റെ കുത്തകയോ അല്ല. അത് അപാരവും ഭീതിദവുമാണ് (terrible) അവിടുത്തെ ചെയ്തികള്‍ മഹത്തരമാണ്. ചിലപ്പോള്‍ ആശ്ചര്യാവഹവും, ഭയാനകവുമാണ്. അതുകൊണ്ടുതന്നെ അഗ്നിയിലൂടെയും ജലപ്രളയത്തിലൂടെയും, കാറ്റിലും കോളിലുമെല്ലാം ദൈവം തന്‍റെ പ്രാഭവം പ്രകടമാക്കുന്നുണ്ടെന്ന് സങ്കീര്‍ത്തകന്‍ വിശ്വാസ സമൂഹത്തെ അനുസ്മരിപ്പിക്കുകയും, ദൈവത്തിന് നന്ദിയര്‍പ്പിക്കുവാന്‍ സകലരെയും ക്ഷണിക്കുകയും ചെയ്യുന്നു (66 8-12). ഇവിടെ ദൈവത്തിന്‍റെ വിശുദ്ധീകരണ ശക്തികൂടെ പ്രകടമാക്കപ്പെടുന്നു. സ്വര്‍ണ്ണം ഉലയിലെന്നപോലെ കര്‍ത്താവ് സകലത്തിനെയും ശുദ്ധിചെയ്യുന്നു (സഖ. 13, 9). കടലീലൂടെ മുങ്ങാതെയും, അഗ്നിയില്‍ പൊള്ളലേല്ക്കാതെയും ദൈവം തന്‍റെ ജനത്തെ കാത്തുപരിപാലിച്ച സംഭവങ്ങള്‍ പുറപ്പാടു ഗ്രന്ഥത്തിലും, ഡാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തിലും നാം വായിക്കുന്നുണ്ട് (പുറപ്പാട് 13, 17-22... ഡാനിയേല്‍ 3, 16-30). അങ്ങനെ ദൈവിക നന്മകള്‍കൊണ്ട് “എന്‍റെ പാനപാത്രം നിറഞ്ഞു കവിയുകയാണെ”ന്നത് സങ്കീര്‍ത്തകന്‍റെ പ്രയോഗം തന്നെയാണ് (സങ്കീ. 23, 5). ആകയാല്‍ സകല ജനതകളും  ദൈവത്തിന് നന്ദിയര്‍പ്പിക്കട്ടെയെന്ന് ഗായകന്‍ ആഹ്വാനംചെയ്യുന്നു. കാരണം ദൈവം തന്‍റെ അചഞ്ചലമായ സ്നേഹം എന്നില്‍നിന്നും, തന്‍റെ ജനത്തില്‍നിന്നും ഒരിക്കലും എടുത്തു മാറ്റുകയില്ല.

Musical version of Ps. 66, 2 :
ഭൂവാസികളേ, ആനന്ദിപ്പിന്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍ നിങ്ങള്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍.
ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെ ആരാധിക്കുന്നു
അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു
അങ്ങയുടെ നാമത്തിനവര്‍ സ്തോത്രമാലപിക്കുന്നു
ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ നിങ്ങള്‍വന്നു കാണുവിന്‍.

3. ദൈവം തന്ന നന്മകള്‍ പ്രഘോഷിക്കാം
ഗീതത്തിന്‍റെ അവസാനത്തെ 8 വരികളുടെ ആത്മീയ വിചിന്തനത്തിലേയ്ക്കു കടക്കാം. ആദ്യം സങ്കീര്‍ത്തകന്‍ പറയുന്ന നന്ദിപ്രകടനത്തിന്‍റെ ഘടകങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം. (സങ്കീര്‍ത്തനം 66 - Ps. 16, 13-20). ദഹനബലികളുമായി വ്രതനിഷ്ഠയോടെ  ജനം ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നു. ജീവിത പ്രതിസന്ധിയില്‍ ആയിരുന്നപ്പോള്‍ വ്യക്തി നേര്‍ന്നതാണ് ഈ കാഴ്ചകളും ദഹനബലികളും.   ബലിയര്‍പ്പണത്തില്‍ ദൈവസന്നിധിയില്‍ ധൂപമുയരുന്നതുപോലെ ദൈവം മനുഷ്യരില്‍ സംപ്രീതനാകും എന്ന പ്രത്യാശയിലാണ് ഈ നിഷ്ഠകളില്‍ താന്‍ വ്യാപൃതനുകുന്നതെന്നു സങ്കീര്‍ത്തകന്‍ വരികളില്‍ സമര്‍ത്ഥിക്കുന്നു. തനിക്കു ദൈവം തന്ന നന്മകള്‍ മറ്റു ജനങ്ങളും അറിയേണ്ടതിന് ഈ നന്ദിപ്രകടനം നല്ലതാണ്. നന്ദിപ്രകടനം ഗുണകരമാണെന്ന വികാരവും സങ്കീര്‍ത്തകന്‍ വരികളില്‍ ചേര്‍ത്തിട്ടുണ്ട്. തന്‍റെ ആഘോഷങ്ങളുടെ സ്തുതികളില്‍ ദൈവം സംപ്രീതനാവുകയും അവിടുന്ന് തന്‍റെ വാക്കുകള്‍ ശ്രവിക്കുകയും ചെയ്തുവെന്ന് ഗായകന്‍ സാക്ഷ്യപ്പെടുത്തുന്നു. തന്‍റെ ഹൃദയത്തില്‍ ഭഗ്നാശനായി കഴിഞ്ഞിരുന്നെങ്കില്‍ ദൈവം തന്നെ ശ്രവിക്കുകയില്ലായിരുന്നെന്നും ഗായകന് അറിയാം. എന്നാല്‍ ദൈവം തന്നെ ശ്രവിച്ചു. തന്‍റെ പ്രാര്‍ത്ഥന, തന്‍റെ കരച്ചില്‍ അവിടുന്നു ശ്രവിച്ചു, എന്നാണ് ഗായകന്‍ സമര്‍ത്ഥിക്കുന്നത്. ആകയാല്‍ ദൈവത്തെ സ്തുതിക്കാം. അവിടുത്തെ അവികലമായ സ്നേഹത്തെ പ്രകീര്‍ത്തിക്കാം. നമുക്ക് ദൈവത്തിന് നന്ദിയര്‍പ്പിക്കാം എന്ന ആഹ്വാനത്തോടെ സങ്കീര്‍ത്തകന്‍ ഗാനം ഉപസംഹരിക്കുകയാണ്.

4. സങ്കീര്‍ത്തന വരികളിലൂടെ
Recitation : Psalms 66, 13-20 verses
(a) ദഹനബലിയുമായി ഞാന്‍ അങ്ങയുടെ ആലയത്തില്‍ വരും
അങ്ങയോടുള്ള എന്‍റെ നേര്‍ച്ചകള്‍ ഞാന്‍ നിറവേറ്റും.
(b) കഷ്ടതയിലായിരുന്നപ്പോള്‍ എന്‍റെ നാവുകൊണ്ടു നേര്‍ന്നതാണ് കാഴ്ചയെല്ലാം.
(c) കൊഴുത്ത മൃഗങ്ങളെ ദഹന ബലിയായി ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കും
മുട്ടാടുകളുടെ ബലിയില്‍നിന്നും ധൂമം ഉയരും,
കാളകളെയും ആടുകളെയും ഞാന്‍ കാഴ്ചയര്‍പ്പിക്കും.
(d) ദൈവഭക്തരേ, വന്നു കേള്‍ക്കുവിന്‍, അവിടുന്ന് തനിക്കുവേണ്ടി
ചെയ്തതെല്ലാം വിവരിക്കാം
(e) താന്‍ അവിടുത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിച്ചു
നാവുകൊണ്ടു താന്‍ അവിടുത്തെ പുകഴ്ത്തി.
(f) ഹൃദയത്തില്‍ ദുഷ്ടത കൂടിയിരിക്കുന്നെങ്കില്‍ കര്‍ത്താവു തന്നെ കേള്‍ക്കുമായിരുന്നില്ല.
(g) എന്നാല്‍, ദൈവം, ഇതാ, കേട്ടിരിക്കുന്നു, തന്‍റെ പ്രാര്‍ത്ഥനയുടെ സ്വരം അവിടുന്ന് ശ്രവിച്ചിരിക്കുന്നു.
(h) ദൈവം വാഴ്ത്തപ്പെടട്ടെ! അവിടുന്ന് തന്‍റെ പ്രാര്‍ത്ഥന തള്ളിക്കളഞ്ഞില്ല.
അവിടുത്തെ കാരുണ്യം തന്നില്‍നിന്ന് എടുത്തുകളഞ്ഞില്ല.

Musical version of Ps. 66. Verses 1-3.
1 ഭൂവാസികളേ, ആഹ്ലാദത്തോടെ ദൈവത്തെ
നിങ്ങള്‍ ആര്‍ത്തുവിളിക്കുവിന്‍
അവിടുത്തെ നാമത്തിന്‍റെ മഹത്വം
നിങ്ങള്‍ പ്രകീര്‍ത്തിക്കുവിന്‍
സ്തുതികളാല്‍ അവിടുത്തെ നിങ്ങള്‍ മഹത്വപ്പെടുത്തുവിന്‍
അവിടുത്തെ പ്രവൃത്തികള്‍ എത്രയോ ഭീതിദം.
- ഭൂവാസികളേ, ആനന്ദിപ്പിന്‍

5. ക്രിസ്തുവില്‍ തെളിഞ്ഞ രക്ഷയുടെ പൊന്‍കതിര്‍
വിശുദ്ധ ഗ്രന്ഥത്തിന്‍റെ സത്തയിലേയ്ക്ക് ആഴമായി ഇറങ്ങിച്ചെല്ലുന്ന സങ്കീര്‍ത്തനമാണ് സങ്കീര്‍ത്തനം 66. Yesha (m) യേഷാ, Yeshua (f) യേഷ്വാ ഈ സങ്കീര്‍ത്തന പഠനത്തിന്‍റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന രണ്ടു വാക്കുകളാണ്. പൊതുവെ രക്ഷയെന്നും, രക്ഷകന്‍ എന്നും തര്‍ജ്ജിമചെയ്യാമെങ്കിലും ഹെബ്രായ ഭാഷയില്‍ ആദ്യത്തേത് പുല്ലിംഗവും, യേഷ്വാ എന്നത് സ്ത്രീലിംഗവുമാണ്. Yesha യേഷാ - രക്ഷ എന്ന പുല്ലിംഗാര്‍ത്ഥത്തില്‍ ഹെബ്രായ ഗായകന്‍ ദൈവം തന്ന രക്ഷണീയ പദ്ധതിയുടെ നന്മകള്‍ അനുസ്മരിക്കുകയാണ്. തന്‍റെ ജനത്തിന്‍റെ രക്ഷയ്ക്കായ് ദൈവം തന്ന കാര്യങ്ങള്‍ നന്ദിയോടെ എണ്ണിയെണ്ണി പറയുന്നുവെന്ന് നാം നേരത്തെ സൂചിപ്പിച്ചുവല്ലോ.

6. ഒരിക്കലും നമ്മെ കൈവെടിയാത്ത ദൈവം...!
ഇസ്രായേലിനെ അടിമത്വത്തില്‍നിന്നും മോചിച്ച് നയിച്ച, അത്ഭുതകരമായി നയിച്ച ദൈവത്തിന്‍റെ രക്ഷണീയ പദ്ധതിയാണ് യേഷാ. ദൈവം തന്‍റെ ജനത്തെ വിസ്തൃതമായ സമൃദ്ധിയുടെ നാട്ടില്‍ എത്തിച്ച കഥ ഇവിടെ സങ്കീര്‍ത്തകന്‍ അനുസ്മരിക്കുന്നുണ്ട് (12). ഇനി ദൈവത്തിന്‍റെ രക്ഷയുടെ സ്വീകര്‍ത്താവ് വ്യക്തിയാണെങ്കില്‍ അവിടുന്നു വ്യക്തിയെ നയിച്ച്, രക്ഷയുടെ സങ്കേതമായ ദൈവരാജ്യത്തില്‍ എത്തിക്കുന്ന അനുഭവം സങ്കീര്‍ത്തകനില്‍ നന്ദിയുടെ വികാരമായി ഉയരുന്നത് വരികളില്‍ നമുക്കു കാണാം. ഇവയിലെന്നും, ദൈവത്തിന്‍റെ രക്ഷണീയ പ്രവൃത്തി (യേഷാ) തീരുന്നില്ല, അത് അപൂര്‍ണ്ണമെന്നപോലെ തുടരുകയാണ്. പ്രവാചകന്‍ അതുകൊണ്ട് പറയുന്നു. ഈ ജനം എന്‍റേതാണ്, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു (ഏശ. 43, 1-4). ഞാന്‍ എന്‍റെ ജനത്തെ വിസ്മരിക്കുകയില്ല, എന്‍റെ കൈവെള്ളയില്‍ അവരുടെ പേരും ഊരും ഞാന്‍ കുറിച്ചുവച്ചിരിക്കുന്നു. ഞാന്‍ അവരെ അനാഥരായ് വിടുകയില്ല. 

7.  “യേഷാ”യുടെ പൂര്‍ത്തീകരണം “യേഷ്വാ…!”
ഇത് ദൈവത്തിന്‍റെ രക്ഷണീയ പദ്ധതിയുടെ രണ്ടാം ഭാഗമാണ്. യേഷാ (yeshaa) എന്ന രക്ഷണീയപദ്ധതിയുടെ തുടര്‍ച്ചയായി യേഷ്വാ...! (yeshwaa) രക്ഷ ഭൂമിയില്‍ മുന്നേറുന്ന തുടര്‍പദ്ധതിയാണിത്… an ongoing process. ഹെബ്രായര്‍ക്കെഴുതിയ ലേഖനം അതു വ്യക്തമാക്കുന്നുണ്ട്. “ഇക്കാലമൊക്കെയും ദൈവം പ്രാവചകന്മാരിലൂടെ നിര്‍വ്വഹിച്ചത്, ഇതാ, കാലത്തികവില്‍ ദൈവം ഭൂമിയില്‍ സ്വപുത്രനായ ക്രിസ്തുവിലൂടെ നിര്‍വ്വഹിക്കുന്നു (ഹെബ്രാ. 1, 1f.). അതിനാല്‍ ഭൂമിയില്‍ രക്ഷണീയ പദ്ധതി തുടരുന്നത് രക്ഷകനായ ക്രിസ്തുവിലാണ്. ക്രിസ്തുവില്‍ സംഭവിച്ച രക്ഷയുടെ രഹസ്യവും രക്ഷയുടെ അടയാളവുമാണ് യോഷ്വാ. സംവിധായകന്‍ ആല്‍ബര്‍ട്ട് ആന്‍റെണിയുടെ സ്വപ്നമാണ് യേശുവിനെക്കുറിച്ചൊരു നല്ല ചലച്ചിത്രം! പേരോ.. യേഷ്വാ!! വളരെ അര്‍ത്ഥവത്താണ് ഈ പേര്. രക്ഷാകരപദ്ധതിയുടെ ഉച്ചസ്ഥായി ക്രിസ്തുവാണ്. ക്രിസ്തുവിലാണ് മനുഷ്യകുലത്തിന് രക്ഷയുടെ മാര്‍ഗ്ഗം സ്പഷ്ടമാകുന്നത്.എന്നാല്‍ അതില്‍ പങ്കുചേരേണ്ടവര്‍, ക്രിസ്തു തുടങ്ങിവച്ച രക്ഷണീയ പദ്ധതി ഭൂമിയില്‍ തുടരേണ്ടവരാണ്. അത് നിങ്ങളും ഞാനുമാണ്. ക്രിസ്തുവിനെ അനുഗമിക്കുന്ന അവിടുത്തെ ശിഷ്യന്മാര്‍ വിശ്വസ്തതയോടെ തുടരേണ്ട കര്‍മ്മ പദ്ധതിയുമാണിത്. രക്ഷ ദൈവത്തില്‍നിന്നു സ്വീകരിച്ചിട്ടുള്ളവര്‍ അത്, ഭൂമിയില്‍ ക്രിസ്തുവിനെപ്പോലെ തുടരുന്നു, അത് സഹോദരങ്ങളുമായി പങ്കുവയ്ക്കുന്നു.

Musical Version : Psalm 66 verses 4-5.

2 ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെ ആരാധിക്കുന്നു
അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു
അങ്ങയുടെ നാമത്തിനവര്‍ സ്തോത്രമാലപിക്കുന്നു
ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ നിങ്ങള്‍വന്നു കാണുവിന്‍.
- ഭൂവാസികളേ, ആനന്ദിപ്പിന്‍

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും. ആലാപനം മരിയ ഡാവിനയും സംഘവും.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2019, 15:33