2019.12.31 Padre Sony, attivista 2019.12.31 Padre Sony, attivista 

അപരന്‍റെ വേദന തിരിച്ചറിയുമ്പോള്‍ ലഭിക്കുന്ന നവജീവന്‍

തിരുവനന്തപുരത്തെ ലൂര്‍ദ്ദുമാതാ കെയര്‍ സെന്‍ററിന്‍റെ ഡയറക്ടര്‍, ഫാദര്‍ സോണി മുണ്ടുനാടയ്ക്കല്‍ നല്കുന്ന പുതുവത്സര സന്ദേശം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സോണിയച്ചന്‍റെ നവവത്സരാശംസകളും പുതുവര്‍ഷഗാനങ്ങളും

കേരളത്തില്‍ തിരുവനന്തപുരത്ത് “ലൂര്‍ദ്ദു മാതാ കെയര്‍ സെന്‍ററി”ന്‍റെയും (Lourdhes Matha Care Center) ആ പേരില്‍ത്തന്നെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും (Lourdhes Matha Educational Institutions) ഡയറക്ടര്‍ ഫാദര്‍ സോണി മുണ്ടുനാടയ്ക്കല്‍ നല്കുന്ന പുതവത്സര സന്ദേശമാണിത്.

1.  “മുറിപ്പെട്ട സൗഖ്യദായകന്‍…”
പാവങ്ങള്‍ക്കും രോഗികള്‍‍ക്കും തുണയാകുന്ന വൈദികന്‍, ഫാദര്‍ സോണി മുണ്ടുനാടയ്ക്കല്‍ 2003-ല്‍ ചങ്ങനാശ്ശേരി അതിരൂപതയില്‍ പൗരോഹിത്യം സ്വീകരിച്ചു. 2005-മുതല്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ലൂര്‍ദ്ദു മാതാ കോളെജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ചു. നഗരത്തിലെ ജനജീവിതവും, അവിടെ റീജിയനല്‍ ക്യാന്‍സര്‍ സെന്‍റര്‍, ശ്രീചിത്തിര ആശുപത്രി എന്നിവിടങ്ങളില്‍ വരുന്ന രോഗികളെ, പ്രത്യേകിച്ച് നിര്‍ധനരും നിരാലംബരുമായ ധാരാളം പേരുടെ അവസ്ഥകണ്ട് മനസ്സലിഞ്ഞ്, ജീവതത്തില്‍ സ്വന്തമായി രോഗത്തിന്‍റെ വേദനപേറുമ്പോഴും മറ്റുള്ളവര്‍ക്ക് സാന്ത്വനമായി ഫാദര്‍ സോണി മുണ്ടുനാടയ്ക്കല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഇറങ്ങിച്ചെല്ലുന്ന A wounded Healer, ഒരു “മുറിപ്പെട്ട സൗഖ്യദായക”നാണ്.
സോണിയച്ചന്‍റെ ജീവിതാനുഭവങ്ങള്‍ നിറഞ്ഞതും, അനുഗ്രഹപ്രദവുമായ പുതുവത്സര സന്ദേശത്തിന് കാതോര്‍ക്കാം!

2. എല്ലാം നവമായി തുടങ്ങാം!
വത്തിക്കാന്‍ റേഡിയോയുടെ പ്രിയപ്പെട്ട ശ്രോതാക്കള്‍ക്ക് ഈശോമിശിഹായുടെ ജനനത്തിരുനാളിന്‍റെയും പുതുവര്‍ഷത്തിന്‍റെയും ആശംസകള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നേരുന്നു. വാസ്തവത്തില്‍ വര്‍ഷാവസാനം ഒരു “End” അല്ല, അവസാനമല്ല. വര്‍ഷാരംഭം ഒരു തുടക്കവുമല്ല! കാലത്തിന്‍റെ ഒഴുക്കില്‍ രണ്ടു പ്രത്യേക അവസരങ്ങള്‍ നമ്മള്‍ നിശ്ചയിച്ചിരിക്കന്നു എന്നു മാത്രം. മാനുഷികമായി നോക്കുമ്പോള്‍ എല്ലാം വീണ്ടും ഒരു പുത്തനായിട്ട് ആരംഭിക്കുവാനുള്ള സമയമാണ് വര്‍ഷാരംഭം. പുത്തന്‍ കാര്യങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ ഒരിക്കലും നമ്മള്‍ തോല്‍ക്കുകയോ ജയിക്കുകയോ ഇല്ല. നമ്മുടെ ഉള്ളിലെ തിന്മയ്ക്കെതിരെ യുദ്ധംചെയ്യുവാനും ദൈവത്തോട് ആഴമായ രീതിയില്‍ കൂട്ടുകൂടുവാനും എല്ലാ മനുഷ്യര്‍ക്കും ഹൃദയത്തില്‍ ഇടംകൊടുക്കുവാനും ഉള്ള അവസരമാണ് പുതുവത്സരം. വിശ്വാസമേഖലയില്‍ ഒരു കുതിപ്പിന്‍റെ അവസരമായിരിക്കണം പുതുവത്സരം. പുതിയ ചോദ്യങ്ങള്‍ ചോദിക്കുവാനും പ്രതികരണങ്ങള്‍ അറിയിക്കുവാനും, അതിന്‍റെ വെളിച്ചത്തില്‍ പുതിയ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുവാനും നമുക്കെല്ലാവര്‍ക്കും കഴിയണം. പഴയ ചോദ്യങ്ങളും പഴയ സമീപനങ്ങളും മാത്രം പോരാ. ജനങ്ങളുടെ കരച്ചിലിന്‍റെ സ്വരം കേള്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയണം.

3. ജനത്തിന്‍റെ കരച്ചില്‍ കേട്ടവന്‍ - മോശ
മോശയ്ക്ക് ഈജിപ്തില്‍ സുഖമായിട്ടു വേണമെങ്കില്‍ കഴിയാമായിരുന്നു. പക്ഷെ അടിമത്വത്തില്‍ കഴിയുന്ന സ്വന്തം ജനത്തിന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ അദ്ദേഹത്തിന് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നതില്‍ നിന്നാണ് നമ്മള്‍ എന്താണു ചെയ്യേണ്ടതെന്ന തിരിച്ചറിവും ലഭിക്കുന്നത്. ഓരോ വ്യക്തിക്കും അവരുടെ ആന്തരിക നവീകരണത്തിനുള്ള സമയംകൂടിയാണ് പുതുവത്സരം. പ്രാര്‍ത്ഥനയും പഠനവും ദൈവവിചാരവും വിശ്രമവും ഏറ്റവും പ്രധാനപ്പെട്ടതാണ്. നമ്മുടെ അദ്ധ്വാനം ദൈവത്തിനു നല്കുന്ന ശുശ്രൂഷകളാണ്. നമ്മുടെ വിശ്രമം ദൈവം നമ്മുടെ ഉള്ളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന അവസരംകൂടിയാണ്.

4. മനുഷ്യരുടെ കരച്ചിലിനു കാതോര്‍ക്കാം!
ഭാവിയെ നമ്മള്‍ വെറുതെ “പ്രെഡിക്ട്” ചെയ്യുകയല്ല - മുന്‍വിധിയോടെ കാണുകയല്ല വേണ്ടത്, “ക്രിയേറ്റു”ചെയ്യുകയാണു വേണ്ടത് - നവമായി സൃഷ്ടിക്കുകയാണു വേണ്ടത്. പുതിയ വാക്കുകളും, പുതിയ പ്രവൃത്തികളുംവഴി നമുക്ക് ജീവിതത്തിന്‍റെ പുതിയ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ കഴിയും. പുതുവര്‍ഷം നമ്മുക്ക് എന്തുകൊണ്ടുവരുന്നു എന്നതിനെക്കാള്‍, പുതുവത്സരത്തിന് നമുക്ക് എന്തു നല്കാന്‍ കഴിയും എന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. ദൈവത്തിലുള്ള വിശ്വാസത്തിന്‍റെയും മനുഷ്യരോടുള്ള  വിശ്വസ്തതയുടെയും കാലമാകണം അത്. പുതുവര്‍ഷത്തില്‍ ദൈവത്തിന്‍റെ സ്വരം കേള്‍ക്കാന്‍ നമുക്കു പരിശ്രമിക്കാം. മനുഷ്യരുടെ കരച്ചിലുകള്‍ക്ക് ചെവികൊടുക്കാം.

5. സഹോദരങ്ങളുടെ കരച്ചിലിനു
പിന്നിലെ ദൈവികസ്വരം

പുറപ്പാടിന്‍റെ പുസ്തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു, “നീ നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ സ്വരം ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുക. ഞാന്‍ ആകുന്നു സൗഖ്യദായകനായ ദൈവം!” (15, 26). വളരെ അര്‍ത്ഥവത്തായ ഒരു തിരുവചനം. ഈ പുതുവര്‍ഷത്തില്‍ നമുക്കു ലഭിക്കുന്ന ദൈവത്തിന്‍റെ ഒരു സന്ദേശമാണ് - ദൈവത്തിന്‍റെ സ്വരം ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുക. ഇതുതന്നെയാണ് 2020-ല്‍ വത്തിക്കാന്‍ റോഡിയോയുടെ ശ്രോതാക്കളേ, നിങ്ങള്‍ക്കു നല്ക്കുന്ന ഏറ്റവും വലിയ സന്ദേശവും. ദൈവത്തിന്‍റെ സ്വരം ശ്രവിക്കുവാന്‍ നമുക്കു സാധിക്കണം. അപരന്‍റെ കരച്ചില്‍ തിരിച്ചറിയണമെന്നുണ്ടെങ്കില്‍ ദൈവത്തിന്‍റെ സ്വരം കേട്ടേ മതിയാകൂ! അപരന്‍റെ വേദന എന്‍റെ വേദനയായിട്ട് മാറേണ്ടിയിരിക്കുന്നു. 2020 ദൈവത്തിന്‍റെ സ്വരം എപ്പോള്‍ കേള്‍ക്കുന്നുവോ, ആ നേരം അപരന്‍റെ വേദന, കരച്ചില്‍ തിരിച്ചരിയാന്‍ കഴിയും.

6. ജനത്തോടു അലിവു കാട്ടിയ ക്രിസ്തുനാഥന്‍
ഈശോ തിരുവചനത്തില്‍ ഇപ്രകാരം പറയുന്നു. എനിക്ക് ഈ ജനത്തിന്‍റെ മേല്‍ അലിവു തോന്നുന്നുവെന്ന്. ഈ ജനത്തിന്‍റെ മേല്‍ അലിവു തോന്നുന്നുവെന്നു ഈശോ പറയുന്നതിന് ഒരു പ്രത്യേക കാരണവും കൂടിയുണ്ട്. വലിയ ജനാവലി, അവിടുത്തെ തിരുവചനം മുഴുവന്‍ ശ്രവിച്ചശേഷം തിരിച്ചുപോകുമ്പോള്‍ അവരുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്ന തമ്പുരാന്‍ ശിഷ്യന്മാരോട് പറയുകയാണ്. “എനിക്ക് ഈ ജനത്തിന്‍റെമേല്‍ അലിവു തോന്നുന്നു.” അപരന്‍റെ വേദന ഏറ്റവും ആദ്യം തിരിച്ചറിയുന്ന ഈശോനാഥന്‍ ഇതുതന്നെയാണ് 2020 പുതിയ വര്‍ഷത്തില്‍ മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് തിരിച്ചറിവുണ്ടാകുവാനും അലിവുള്ള ഒരുഹൃദയം സൃഷ്ടിച്ചെടുക്കുവാനും ദയയുടെയും കരുണയുടെയും, വാത്സല്യത്തിന്‍റെയും ഒരു രൂപം സൃഷ്ടിച്ചവനുമായി നമ്മോടു പറയുന്നത്.

7. “അങ്ങ് ഉണ്ടായിരുന്നെങ്കില്‍…
എന്‍റെ സഹോദരന്‍ മരിക്കില്ലായിരുന്നു!"

യോഹന്നാന്‍റെ സുവിശേഷത്തില്‍ അദ്ധ്യായം-11, 21-Ɔο തിരുവചനം. മാര്‍ത്തയും മേരിയും, അവരുടെ പ്രിയപ്പെട്ട സഹോദരന്‍ ലാസറും. മാര്‍ത്തയും മറിയവും ഏറെ സ്നേഹിച്ചിരുന്ന തങ്ങളുടെ പ്രിയപ്പെട്ട സഹോദരന്‍ ലാസറിന്‍റെ പെട്ടെന്നുള്ള മരണത്തില്‍ ദുഃഖാര്‍ത്ഥരായിരുന്നു.  ലാസറിന്‍റെ മരണവാര്‍ത്ത കേട്ടറിഞ്ഞ്, എത്രയും വേഗം ആ ഭവനത്തിലേയ്ക്ക് ഈശോ എത്തിച്ചേരുമ്പോള്‍ മാര്‍ത്ത ഓടിവന്ന് അവിടുത്തെ സ്വീകരിച്ചിട്ട് പറയുകയാണ്, “നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു!” കബറിടത്തിലേയ്ക്കുള്ള യാത്രയില്‍ മറിയവും ഇതേ ചോദ്യം ആവര്‍ത്തിക്കുകയാണ് ഈശോയുടെ പക്കല്‍, “ഗുരോ, നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു.” പ്രിയപ്പെട്ടവരേ, 2020-ല്‍ പുതിയ വര്‍ഷത്തില്‍ മാര്‍ത്തയും മറിയവും പറഞ്ഞുപോലെ, “നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു,” എന്ന അതേ തിരുവചനം ആവര്‍ത്തിക്കുകയാണ്.

8. സഹോദരങ്ങള്‍ക്കു നല്കേണ്ട സ്നേഹസാന്നിദ്ധ്യം
ഒരു പക്ഷേ എന്‍റെ സാന്നിദ്ധ്യം അവിടെ ഉണ്ടാകുമ്പോള്‍, അല്ലെങ്കില്‍ അത് ആഗ്രഹിക്കുന്ന വ്യക്തികള്‍ എന്‍റെ സഹോദരന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്‍റെ കുടുംബത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകുമായിരുന്നു. ജീവിത പങ്കാളി ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബത്തില്‍ കൂടുതല്‍ അഭിവൃദ്ധി ഉണ്ടായേനേ! ഒരു പക്ഷേ മാതാപിതാക്കളുടെ സാന്നിദ്ധ്യം, സഹോദരങ്ങളുടെ സാന്നിദ്ധ്യം, മക്കളുടെ സാന്നിദ്ധ്യം നഷ്ടപ്പെട്ടുപോകുമ്പോഴാണ് നമുക്കത് തിരിച്ചറിയാന്‍ സാധിക്കുന്നത്. നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന തിരുവചനം.

9. അപരന്‍റെ വേദന തിരിച്ചറിയാം!
പ്രിയപ്പെട്ട ശ്രോതാക്കളേ, ഈ അപരന്‍റെ വേദന തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടു യാത്രചെയ്യാനായി നമുക്ക് കഴിയട്ടെ! പലപ്പോഴും അപരന്‍റെ കരച്ചില്‍ കേള്‍ക്കാതെ പോകുന്നതുകൊണ്ടാണ് നമ്മുടെ സമൂഹത്തില്‍ പലതരത്തിലുള്ള അസ്വസ്തതകള്‍, ജീവിതത്തിലേയ്ക്കും കുടുംബത്തിലേയ്ക്കും കടന്നുവരുന്നത്. ദൈവത്തിന്‍റെ സ്വരം ശ്രവിക്കുന്നവന് അപരന്‍റെ വേദനയുടെ സ്വരം ശ്രവിക്കാന്‍ പറ്റും. അപരന്‍റെ വേര്‍പാടിന്‍റെ വേദന, അപരന്‍റെ ഒറ്റപ്പെടലിന്‍റെ വേദന, അപരന്‍റെ നിരാശയുടെ വേദന, അപരന്‍റെ ദാരിദ്ര്യത്തിന്‍റെ വേദന, അപരന്‍റെ വിശപ്പിന്‍റെ വേദന, അപരനായ പരദേശിയുടെ വേദന, അപരന്‍റെ രോഗ വേദന, നിരപരാധിയുടെ വേദന എന്നിവ നാം തിരിച്ചറിയണം.
മറ്റുള്ളവരുടെ വേദനകളാണ് ഈ വര്‍ഷം നമ്മള്‍ തിരിച്ചറിയേണ്ടത്. മറ്റുള്ളവരുടെ കരച്ചില്‍ തിരിച്ചറിയുവാനായിട്ട് ഈ വര്‍ഷം സാധിക്കട്ടെ! അലിവുള്ളൊരു ഹൃദയം, പ്രിയമുള്ളവരേ കരുണയുടെയും ദയയുടെയും മനോഭാവം എപ്പോള്‍ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നുമ്പോള്‍, അപ്പോള്‍ എന്‍റെ ഉള്ളിലുള്ള വലിയ വേദനകള്‍ക്ക് ശമനമുണ്ടാകും. മറ്റുള്ളവരുടെ വേദന, പ്രയാസം, കരച്ചില്‍ ഇവയെല്ലാം നീ കേള്‍ക്കാതെ പോകുമ്പോള്‍ ഓര്‍ത്തുകൊള്ളുക, നിന്‍റെ വേദനകള്‍ നിനക്ക് വലിയ ഭാരമായി മാറുകയും ഒപ്പം നി‍ന്‍റെ ജീവിതത്തില്‍ നിരാശവരികയും പ്രത്യാശ നഷ്ടപ്പെട്ടു പോവുകയും ചെയ്യും.

10. മദര്‍ തെരേസായുടെ മാതൃക
ഇന്ന് ഈ സമൂഹത്തില്‍ അനേകം മദര്‍ തെരേസാമാരുണ്ട്. മദര്‍ തെരേസ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ “വിശുദ്ധ”യെന്നാണ് അറിയപ്പെട്ടിരുന്നത്. മദര്‍ തെരേസ കാരുണ്യത്തിന്‍റെ വക്താവാണ്, കാരുണ്യത്തിന്‍റെ മാലാഖയായിരുന്നു. മദര്‍ തെരേസയെപ്പോലെ നമുക്കും ഈ വര്‍ഷം മറ്റുള്ളവരുടെ വേദനയും പ്രയാസവും കരച്ചിലും തിരിച്ചറിഞ്ഞ് മനസ്സിലാക്കി ജീവിക്കുവാന്‍ ഇടയാകട്ടെയെന്നു ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു!
ശ്രോതാക്കളേ, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പുതുവത്സരത്തിന്‍റെ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നുകൊള്ളുന്നു!

സോണിയച്ചന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ പേരിലും, ശ്രോതാക്കളുടെ പേരിലും നന്ദിയര്‍പ്പിക്കുന്നു!

11. ഗാനം ... പുതുപുത്തന്‍ ആകാശവും
പുതുപുത്തന്‍ ഭൂലോകവും

ഗാനമാലപിച്ചത് .... ജീസസ് യൂത്തിന്‍റെ റെക്സ് ബാന്‍റ് ഗായക സംഘമാണ്. രചന ഫാദര്‍ തദേവൂസ് അരവിന്ദത്ത്, സംഗീതം ഫാദര്‍ ആന്‍റെണി ഉരുളിയാനിക്കല്‍ സി.എം.ഐ..
പൊതുഭവനമായ ഭൂമിയില്‍ സമാധാനമുണ്ടാക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാം
പുതുവര്‍ഷം പ്രത്യാശയുടെ കാലമാണ്. ദൈവം തന്ന ആയുസ്സിനും ജീവിതത്തിനും ചുറ്റുപാടുകള്‍ക്കും, പ്രത്യേകിച്ച പൊതുഭവനമായ ഭൂമിക്കും നന്ദിപറയാം. നമ്മുടെ ലോകത്തെ കൂടുതല്‍ സമാധാനപൂര്‍ണ്ണമാക്കണമേയെന്ന് ഈ ഗാനത്തിന്‍റെ ധ്യാനത്തിലൂടെ പ്രാര്‍ത്ഥിക്കാം!

12. ഗാനം... അങ്ങേയ്ക്കു സ്തുതി! ദൈവമേ...!!
ഗാനമാലപിച്ചത്... ഡോ. കെ. ജെ. യേശുദാസാണ്. രചന ഫാദര്‍ ജോയ് ആലപ്പാട്ട്, സംഗീതം
ജെ. ഏം. രാജു.

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിനുവേണ്ടി ഫാദര്‍ സോണി മുണ്ടുനാടയ്ക്കല്‍ പങ്കുവച്ച പുതുവത്സരസന്ദേശവും ആശംസകളുമാണ്.

പരിപാടി ഒരുക്കിയത് ഫാദര്‍ വില്യം നെല്ലിക്കല്‍
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 December 2019, 15:58