Celebration for 30th anniversary of fall of Berlin Wall preparations Celebration for 30th anniversary of fall of Berlin Wall preparations 

മനുഷ്യരെ തരംതിരിക്കുന്ന മതിലുകള്‍ക്ക് എതിരെ കത്തുകള്‍

ബെര്‍ളിന്‍ മതിലിന്‍റെ പതനം - 30-Ɔο വാര്‍ഷികനാളില്‍ ഒരു സമാധാനസന്ദേശം.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ ‍

വിവേചനത്തിന്‍റെ മതിലുകള്‍ തകര്‍ക്കണം
എന്ന അഭ്യര്‍ത്ഥനയുമായി കത്തുകള്‍

നവംബര്‍ 9-ന് ആചരിക്കുന്ന ജര്‍മ്മന്‍ മതില്‍ പതനത്തിന്‍റെ 30-Ɔο വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് സമാധാനദൂതനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സമാധാന സംഘടന (Table of Peace) 10,000 കത്തുകള്‍ ശേഖരിച്ച് അയച്ചത്. മനുഷ്യരെ മനുഷ്യര്‍ക്കെതിരെ തിരിച്ചുനിര്‍ത്താന്‍ ഇന്നും ഉയര്‍ത്തപ്പെടുന്ന അനീതിയുടെയും അക്രമത്തിന്‍റെയും മതിലുകള്‍ക്കെതിരായാണ് കത്തുകള്‍ അയച്ചിരിക്കുന്നതെന്ന്, ആസ്സീസിയിലെ സമാധാന പ്രസ്ഥാനത്തിന്‍റെ വക്താവ് ഫ്ലേവിയോ ലോത്തി പ്രസ്താവനയിലൂടെ അറിയിച്ചു. മാനവിക സംഘര്‍ഷങ്ങളുടെ മേഖലകളിലെ നേതാക്കള്‍ക്കും, രാഷ്ട്രത്തലവന്മാര്‍ക്കും, അഭ്യന്തര കലാപങ്ങളുടെ നായകര്‍ക്കും, മതവിദ്വേഷം പരത്തുന്ന പ്രസ്ഥാനങ്ങളുടെ കേന്ദ്രങ്ങളിലേയ്ക്കുമാണ് അസ്സീസിയിലെ സമാധാന സംഘടന “മതിലുകള്‍ക്ക് എതിരെ” കത്തുകള്‍ അയച്ചത്.

ദരിദ്രരും സമ്പന്നരും തമ്മിലുള്ള ഭീതിദമായ വന്‍മതില്‍
ഒന്നായിരുന്ന ജര്‍മ്മനിയെ ലോകയുദ്ധത്തിന്‍റെ പരിണിതഫലമായി ഉയര്‍ന്നുവന്ന സംഖ്യകക്ഷികളുടെയും റഷ്യന്‍ മേല്‍ക്കോയ്മയുടെയും  നിലപാടുകളാണ് കിഴക്കും പടിഞ്ഞാറും ജര്‍മ്മനികളായി ജനഹിതത്തിന് എതിരെ, തോക്കുകള്‍ക്കു മുന്നില്‍ കീറിമുറിക്കപ്പെട്ടത്. കമ്യൂണിസ്റ്റ് റഷ്യയുടെ സ്വാധീനത്തിലായ കിഴക്കന്‍ ജര്‍മ്മന്‍കാരെ ചുവപ്പുനാടയില്‍ കുരുക്കാന്‍ കെട്ടിയുയര്‍ത്തിയ അസ്വാതന്ത്ര്യത്തിന്‍റെ ചരിത്രസ്മാരകമായിരുന്നു ബെര്‍ളിന്‍ മതില്‍. ഇന്നും സാമൂഹിക വിദ്വേഷത്തിന്‍റെയും, വംശീയതയുടെയും, സംസ്കാരത്തിന്‍റെയും ഭാഷയുടെയും ആശയങ്ങളുടെയും, സമ്പദ്ഘടനയുടെയും, ശത്രുതയുടെയും ചെറുതും വലുതുമായ ആയിരക്കണക്കിന് മതിലുകള്‍ ലോകത്ത് ഉയരുന്നതിനെതിരെ  പ്രതിഷേധിച്ചും, സമാധാന ചിന്തകള്‍ ഉയര്‍ത്തിയുമാണ് പതിനായിരം കത്തുകള്‍ പ്രതീകാത്മകമായി ഇറ്റലിയിലെ അസ്സീസി പട്ടണത്തില്‍നിന്നും അശാന്തിയുടെ നാടുകളിലേയ്ക്കു പോയിരിക്കുന്നത്. ഇന്നു ലോകത്ത് ഉയര്‍ത്തപ്പെട്ടിട്ടുള്ള ഭിത്തികളില്‍ ഭീകരം പാവങ്ങളും പണക്കാരും തമ്മിലുള്ള ഭിത്തിയാണെന്നും അസ്സീസിയിലെ സമാധാന സംഘടനയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി.

സമാധാന ദൂതരാകാം!
മതിലുകളില്ലാത്തൊരു ലോകത്തെ ആകമാനം കണ്ണിചേര്‍ക്കുന്ന ഒരു സാമൂഹ്യശ്രൃംഖല മനുഷ്യന്‍ വളര്‍ത്തിയെന്നു വീമ്പടിക്കുമ്പോഴും മറികടക്കാനാവാത്ത വന്‍മതിലുകളിലാണ് നാം ചെന്നു മുട്ടുന്നതെന്നും അസ്സീസിയിലെ സമാധാനക്കൂട്ടായ്മ ചൂണ്ടിക്കാട്ടി. അതിനാല്‍ ഓരോ വ്യക്തിയും മതിലുകളില്ലാത്തൊരു ലോകം തീര്‍ക്കാന്‍ അവരവരുടെ ജീവിതമേഖലകളില്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു. “ദൈവമേ, ഞങ്ങളെ അങ്ങേ സമാധാനദൂതരാക്കണമേ...!” അസ്സീസിയിലെ സിദ്ധന്‍, വിശുദ്ധ ഫ്രാന്‍സിസിനോടൊപ്പം നമുക്കും പ്രാര്‍ത്ഥിക്കാം. ഇങ്ങനെ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് അസ്സീസിയിലെ സമാധാനക്കൂട്ടായ്മ, (Tavola della Pace, the Table of Peace) പ്രസ്താവന ഉപസംഹരിച്ചത്.

ഒരു ചരിത്രസ്മരണയ്ക്കു മുന്‍പില്‍
ജര്‍മ്മന്‍ ജനതയുടെ മൂന്നു പതിറ്റാണ്ടോളം നീണ്ട അശാന്തിയും അസ്വസ്ഥതയും 1989-ല്‍ ശക്തിപ്പെട്ട് ആഴ്ചകള്‍ നീണ്ട സമരമുന്നണിയായി. ജനം അങ്ങുമിങ്ങും മതിലുകളില്‍ തുരങ്കം വച്ചും, തകര്‍ത്തും തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും നാട്ടുകാരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ തുടങ്ങി. സമരത്തിനു താല്‍ക്കാലിക മറുപടിയെന്നോണമാണ് 1989 നവംമ്പര്‍ 9-Ɔ൦ തിയതി ബെര്‍ളിന്‍ അതിര്‍ത്തികടന്ന് ജനങ്ങള്‍ക്ക് പശ്ചിമ ജര്‍മ്മനി സന്ദര്‍ശിക്കാനും യാത്രചെയ്യാനുമുള്ള സ്വാതന്ത്ര്യം കിഴക്കേ ജര്‍മ്മനിയുടെ സര്‍ക്കാര്‍ നല്കിയത്. തുടര്‍ന്ന് ഇരുപക്ഷവും – പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലെ ജനം ഒന്നു ചേര്‍ന്ന് ബെര്‍ളിന്‍ മതില്‍ തകര്‍ത്തത് സ്വാതന്ത്ര്യത്തിന്‍റെ അലയടിയായിരുന്നു!

Ufficio stampa Tavola della pace M. 3351401733 - stampa@perlapace.it
www.perlapace.it
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 November 2019, 13:08