തിരയുക

2019.11.19 cicogna indiana 2019.11.19 cicogna indiana 

സംരക്ഷകനായ ദൈവത്തിനു നന്ദിയര്‍പ്പിക്കുന്ന സങ്കീര്‍ത്തനം

സങ്കീര്‍ത്തനം 66, കൃതജ്ഞതാഗീതത്തിന്‍റെ പഠനം മൂന്നാംഭാഗം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

66-Ɔο സങ്കീര്‍ത്തന പഠനം ഭാഗം മൂന്ന് - ശബ്ദരേഖ

1. വരികളുടെ ആത്മീയ വിചിന്തനം
സങ്കീര്‍ത്തനം 66-ന്‍റെ ആത്മീയ വിചിന്തനം തുടരുകയാണ്. ആദ്യത്തെ ഏഴു വരികളാണ് നാം കഴിഞ്ഞ ആഴ്ചയില്‍ പഠനവിഷയമാക്കിയത്. ആകെ 20 വരികളുള്ള ഗീതത്തിന്‍റെ 8-മുതല്‍ 12-വരെയുള്ള വരികളുടെ ആത്മീയ വിചിന്തനം നമുക്ക് ഇത്തവണ പഠിക്കാം. ആദ്യത്തെ 7 പദങ്ങളെ ഒരു ഘടകമായി തിരിച്ചതിനു കാരണം അവ ദൈവത്തെ സ്തുതിക്കാനുള്ള ക്ഷണവും ആഹ്വാനവുമായതിനാലെന്നു നാം കഴിഞ്ഞ ഭാഗത്തു കണ്ടതാണ്.  അതുപോലെ രണ്ടാം ഭാഗം, 8-12 വരെയുള്ള വരികളില്‍ ദൈവം തരുന്ന രക്ഷയുടെ സന്ദേശവും, രക്ഷതന്നെയും സകല ജതകള്‍ക്കുമുള്ളതാണെന്ന് പ്രഘോഷിക്കുന്ന ഒരു ഘടകമാണ്. അതുകൊണ്ട് ഈ രണ്ടാം ഭാഗം വ്യത്യസ്തമായിത്തന്നെയാണ് നിരൂപകന്മാര്‍ പരിഗണിക്കുന്നത്. നമുക്ക് ആദ്യം പദങ്ങള്‍ ശ്രവിക്കാം.

2. ദൈവജനത്തിന്‍റെ രക്ഷാകര ദൗത്യം
അനുസ്മരിപ്പിക്കുന്ന സങ്കീര്‍ത്തന വരികള്‍

Recitation of verses 8-12 verses of Ps. 66

a ജനതകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍!
അവിടുത്തെ സ്തുതിക്കുന്നവരുടെ സ്വരമുയരട്ടെ!
b ജീവിക്കുന്നവരുമദ്ധ്യേ ദൈവജനം വാസംകൊള്ളുന്നു
കാലിടറാന്‍ അവിടുന്നു സമ്മതിക്കുകയില്ല.
c ദൈവമേ, അങ്ങു ഞങ്ങളെ പരീക്ഷിച്ചറിഞ്ഞു,
ഞങ്ങളെ വെള്ളിയെന്നപോലെ അങ്ങു പരിശോധിച്ചു.
d അവിടുന്നു ഞങ്ങളെ വലയില്‍ കുടുക്കി
ഞങ്ങളുടെമേല്‍ വലിയ ഭാരം ചുമത്തി.
e ശത്രുക്കള്‍ ഞങ്ങളെ വെട്ടിമെതിക്കാന്‍ അങ്ങ് ഇടയാക്കി
ഞങ്ങള്‍ തീയിലും വെള്ളത്തിലും കൂടി നടക്കേണ്ടിവന്നു
എങ്കിലും അങ്ങു ഞങ്ങളെ വിശാല ഭൂമിയില്‍ കൊണ്ടുവന്നു.
അങ്ങു ഞങ്ങളെ കാത്തുപാലിച്ചു.

3. സകല ജനതകള്‍ക്കുമുള്ള രക്ഷയുടെ വാഗ്ദാനം
സകല ജനതകള്‍ക്കുമുള്ളതാണ് ദൈവത്തിന്‍റെ രക്ഷയുടെ സന്ദേശം. ഇസ്രായേല്യര്‍ അല്ലാത്ത ജനതകളെയും സങ്കീര്‍ത്തകന്‍ ക്ഷണിക്കുന്നത് ദൈവത്തെ സ്തുതിക്കുവാനാണ്. ദൈവം തന്‍റെ ജനത്തെ മറ്റു ജനതകളുടെ മദ്ധ്യേ ജീവിക്കാനാണ് ക്ഷണിച്ചിരിക്കുന്നത്. അതുപോലെ സങ്കീര്‍ത്തകനും മറ്റുള്ളവരെ ക്ഷണിക്കുന്നത് ദൈവസന്നിധിയില്‍ ആയിരിക്കുവാനും അവിടുത്തെ കല്പനകളോടു വിശ്വസ്തരായി ജീവിക്കുവാനുമാണ്. ഇതേ ആശയം സങ്കീര്‍ത്തനം 63-ലും നമുക്കു കാണാം. വിജാതീയരായ ജനത്തോടും ദൈവത്തിന്‍റെ രക്ഷാകര ചെയ്തികളെക്കുറിച്ചും പ്രഘോഷിക്കുവാനാണ് സങ്കീര്‍ത്തനം 63-ന്‍റെ 4-Ɔമത്തെ പദത്തില്‍ ആവശ്യപ്പെടുന്നത്.

“ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും
ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും”
- സങ്കീര്‍ത്തനം 63, 4.

Musical version of Ps. 66. Verses 1-3.
ഭൂവാസികളേ, ആനന്ദിപ്പിന്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍ നിങ്ങള്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍.
a ഭൂവാസികളേ, ആഹ്ലാദത്തോടെ ദൈവത്തെ
നിങ്ങള്‍ ആര്‍ത്തുവിളിക്കുവിന്‍
അവിടുത്തെ നാമത്തിന്‍റെ മഹത്വം
നിങ്ങള്‍ പ്രകീര്‍ത്തിക്കുവിന്‍
സ്തുതികളാല്‍ അവിടുത്തെ നിങ്ങള്‍ മഹത്വപ്പെടുത്തുവിന്‍
അവിടുത്തെ പ്രവൃത്തികള്‍ എത്രയോ ഭീതിദം.
- ഭൂവാസികളേ, ആനന്ദിപ്പിന്‍

4. ദൈവത്തിലുള്ള ആഴമായ വിശ്വാസം പ്രകടമാക്കുന്ന ഗീതം
  തന്‍റെ ജനത്തിന്‍റെ പാദങ്ങള്‍ ഇടറാന്‍ അവിടുന്ന് ഇടവരുത്തുകയില്ലെന്ന് സങ്കീര്‍ത്തകന്‍ പ്രസ്താവിക്കുമ്പോള്‍, ദൈവത്തിലുള്ള ആഴമായ വിശ്വാസമാണ് പദങ്ങളിലൂടെ ഗായകന്‍ ഏറ്റുപാടുന്നതെന്നു നമുക്കു മനസ്സിലാക്കാം (സങ്കീ. 66 : 6).  തുടര്‍ന്നുള്ള പദങ്ങളില്‍ ദൈവം തന്‍റെ ജനത്തെ പരീക്ഷിച്ചു എന്ന സത്യം ഗായകന്‍ അനുസ്മരിക്കുകയാണ്. നദിയിലൂടെ സഞ്ചരിച്ചപ്പോള്‍ തന്‍റെ കാല്‍വഴുതാന്‍ അവിടുന്ന് ഇടയാക്കിയില്ല. അവിടുന്നു ജനത്തെ അഗ്നിയില്‍ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തു. ഈ സങ്കീര്‍ത്തന വരികളിലെ പദപ്രയോഗങ്ങള്‍ പ്രവാചകന്മാരുടെ കഠിനമായ ചില പ്രയോഗങ്ങളോട് സമാനമാണെന്ന് നിരൂപകന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദൈവവും അവിടുത്തെ ചെയ്തികളും ഭീതിദമാണ്, terrible എന്ന് സങ്കീര്‍ത്തനം 66-ന്‍റെ രണ്ടു സ്ഥാനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Recitation Ps. 66 verses 3 and 5.
സ്തുതികളാല്‍ അവിടുത്തെ മഹത്വപ്പെടുത്തുവിന്‍.
അവിടുത്തെ പ്രവൃത്തികള്‍ എത്രയോ ഭീതിദം!
ദൈവത്തിന്‍റെ പ്രവൃത്തികള്‍ വന്നു കാണുവിന്‍
മനുഷ്യരുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ ഭീതിജനകമാണ്

5. ശുദ്ധീകരണത്തിന്‍റെ കഠിനമായ പ്രവാചകശൈലി
ഇതുപോലുള്ള പ്രയോഗങ്ങള്‍ പ്രവാചക ശൈലിയാണെന്നാണ് ബൈബിള്‍ പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നത്. ആമോസ് പ്രവാചകന്‍ പറഞ്ഞത്, “ജനതകളുടെമേല്‍ വിധിപറയുന്ന കര്‍ത്താവ് ഗര്‍ജ്ജിക്കുന്നെ”ന്നാണ് (ആമോസ് 1, 2). നിയമാവര്‍ത്തന ഗ്രന്ഥത്തിലും അതുപോലുള്ള പ്രയോഗങ്ങള്‍ കാണുന്നുണ്ട്. “നിങ്ങളുടെ ദൈവമായ കര്‍ത്താവ് ദഹിപ്പിക്കുന്ന അഗ്നിയാണ്. അവിടുന്ന് അസഹിഷ്ണുവായ ദൈവമാണ്!” (നിയമാവര്‍ത്തനം 4, 24). അതുകൊണ്ടായിരിക്കണം സീനായ് മലയില്‍ മോശയ്ക്കു ദൈവം പ്രത്യക്ഷപ്പെട്ടത് അഗ്നിരൂപത്തിലാണ് അല്ലെങ്കില്‍ അഗ്നിയില്‍നിന്നുമാണ് (പുറപ്പാട് 3, 1-17). അവിടെ ഒരു മുള്‍പ്പടര്‍പ്പിന്‍റെ മദ്ധ്യത്തില്‍നിന്നും ജ്വലിച്ചുയര്‍ന്ന അഗ്നിയില്‍ കര്‍ത്താവിന്‍റെ ദുതന്‍ മോശയ്ക്കു പ്രത്യക്ഷപ്പെട്ടതായി നാം വായിക്കുന്നു. ദൈവം അഗ്നിരൂപനാണെന്ന ചിന്ത... തലമുറകളായി കൈമാറിയതു കൊണ്ടായിരിക്കണം പിന്നീടു വന്ന തലമുറകള്‍ നരകവും ശുദ്ധീകരണ സ്ഥലവുമെല്ലാം അവരുടെ ഭാവനയില്‍ തിന്മയെ നശിപ്പിക്കുന്നതോ, മനുഷ്യരെ ശുദ്ധികലശം ചെയ്യുകയോചെയ്യുന്നതോ ആയ അഗ്നിയായി രൂപപ്പെടുത്തിയത്. അതുകൊണ്ടാവാം, ഹെബ്രായരുടെ ലേഖനം രേഖപ്പെടുത്തുന്നത്, “ജീവിക്കുന്ന ദൈവത്തിന്‍റെ കൈകളില്‍ ചെന്നു നിപതിക്കുന്നത് ഏറെ ഭയാനകമാണ്” (ഹെബ്ര. 10, 32).
6. ശുദ്ധികലശം ചെയ്യുന്ന ദൈവാഗ്നി
അഗ്നിയുടെ ശുചീകരണ സ്വഭാവം ശ്രദ്ധിക്കേണ്ടതാണ്, അത് ശുദ്ധികലശം ചെയ്യുന്നതാണ്. ഒരു ചൂളയിലൂടെ നാം കടത്തിവിടുന്നതെന്തും ചൂടുപിടിച്ച് ഉരുകുകയും, അവ ശുദ്ധിചെയ്യപ്പെടുകയും ചെയ്യുന്നു. അവ നവമായി സൃഷ്ടിക്കപ്പെടുകയാണ്. തീയില്‍ എറിയപ്പെടുന്നതിനു മുന്‍പും അതൊരു വിലപിടിപ്പുള്ള ലോഹമായിരുന്നിരിക്കാം. എന്നാല്‍ അഗ്നിയില്‍ അതിന്‍റെ കിട്ടം, അല്ലെങ്കില്‍ മാലിന്യങ്ങള്‍ impurities ശുദ്ധിചെയ്യപ്പെടുകയും ലോഹം ശുദ്ധരൂപത്തില്‍ ക്രമപ്പെടുത്തുകയും ചെയ്യുന്നതോടെ അതിന്‍റെ മാറ്റു വര്‍ദ്ധിക്കുന്നു. അഗ്നിയില്‍ ലോഹത്തിന്‍റെ അശുദ്ധമായ ഘടകങ്ങള്‍ കത്തിദഹിച്ചുപോവുകയാണ്, ചാമ്പലാക്കപ്പെടുകയാണ്. ശുദ്ധികലശം ചെയ്യപ്പെടുകയാണ്. അതുപോലെ ദൈവം മനുഷ്യജീവിതങ്ങളെ തന്‍റെ ദൈവികമായ സാന്നിദ്ധ്യ സ്പര്‍ശത്താല്‍ ശുദ്ധികലശംചെയ്യുന്നു എന്നാണ് ഗീതം ഉദ്ബോധിപ്പിക്കുന്നത്.

Musical Version : Psalm 66 verses 4-5.
b ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെ ആരാധിക്കുന്നു
അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു
അങ്ങയുടെ നാമത്തിനവര്‍ സ്തോത്രമാലപിക്കുന്നു
ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ നിങ്ങള്‍വന്നു കാണുവിന്‍.
- ഭൂവാസികളേ, ആനന്ദിപ്പിന്‍

7. കൂടെനടക്കുന്ന രക്ഷകനായ ദൈവം
നാം പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനത്തിന്‍റെ സുവിശേഷവത്ക്കരണ മൂല്യവും ആത്മീയ മൂല്യവും ഇതാണ്. ദൈവം തന്‍റെ ജനത്തെ അഗ്നിയിലൂടെയും ജലപ്രളയത്തിലൂടെയും നയിക്കുന്നു. ചിലപ്പോള്‍ ദൈവം ജനത്തോടൊപ്പം രക്ഷയിലേയ്ക്കു ചരിക്കുന്നു. അവിടുന്ന് അവരെ മോചിപ്പിക്കുന്നു, സംരക്ഷിക്കുന്നു. ഈ യാഥാര്‍ത്ഥ്യം അനുസ്മരിപ്പിക്കുന്ന മക്കബായരുടെ മനോഹരമായ കഥയാണ് നാം ഡാനിയേല്‍ പ്രവാചകന്‍റെ ഗ്രന്ഥത്തിലെ മൂന്നാം അദ്ധ്യായത്തില്‍ വായിക്കുന്നത് (ഡാനിയേല്‍ 3). ഷദ്രാക്, മെഷാക്, അബെദനെഗോ എന്നീ മൂന്നു യുവാക്കള്‍ നെബുക്കദനേസര്‍ രാജാവിന്‍റെ മുന്നില്‍ വിഗ്രഹങ്ങളെ ആരാധിക്കാഞ്ഞതിനാലാണ് കത്തുന്ന തീയില്‍ എറിയപ്പെട്ടത്. എന്നാല്‍ ദൈവം അവരെ അഗ്നിക്ക് ഇരയാക്കാതെ കാത്തുസൂക്ഷിച്ചതായും, എരിയുന്ന തീയില്‍നിന്നും അവര്‍ സുരക്ഷിതരായി പുറത്തുവരുന്നതായും, ബാബിലോണ്‍ വിപ്രവാസ സംഭവത്തിന്‍റെ നൂറ്റാണ്ടുകള്‍ക്കുശേഷം എഴുതപ്പെട്ട ദാനിയേല്‍ പ്രവാചകന്‍റെ ഗ്രന്ഥത്തില്‍ നാം വായിക്കുന്നു.

8. സംരക്ഷകനായ ദൈവത്തിന്‍റെ ചിത്രം
അതുപോലെതന്നെ ദൈവം തന്‍റെ ജനത്തിനു നല്കുന്ന സംരക്ഷണത്തെ ദൃഢപ്പെടുത്തുന്നതായിട്ട് ഏശയ്യ പ്രവാചകന്‍റെ ഗ്രന്ഥവും സൂചിപ്പിക്കുന്നത്. “യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും, ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുള്‍ചെയ്യുന്നു. ഭയപ്പെടേണ്ട, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു. നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍റേതാണ്. സമൂദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്‍റെകൂടെയുണ്ട്. നദികളിലൂടെ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും പൊള്ളലേല്‍ക്കുകയില്ല. തീജ്വാല നിന്നെ ദഹിപ്പിക്കുയുമില്ല” (ഏശയ 43, 1-2). ഇങ്ങനെയുള്ള വചനഭാഗങ്ങള്‍ നമുക്കും, ആര്‍ക്കും സുവിശേഷമാകേണ്ടതാണ്. സങ്കീര്‍ത്തനം 66-ന്‍റെ 8-Ɔമത്തെ വചനം ഈ പ്രത്യാശയാണ് നമുക്ക് തരുന്നത്.

Recitation Ps. 66, 8.
“ശത്രുക്കള്‍ ഞങ്ങളെ വെട്ടിമെതിക്കാന്‍ അങ്ങ് ഇടയാക്കി
ഞങ്ങള്‍ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു
എങ്കിലും അങ്ങു ഞങ്ങളെ വിശാല ഭൂമിയില്‍ കൊണ്ടുവന്നു.”
- സങ്കീര്‍ത്തനം 66, 8.

Musical Version : Psalm 66
66-Ɔο സങ്കീര്‍ത്തനം – സമൂഹത്തിന്‍റെ കൃതജ്ഞതാഗീതം
ഭൂവാസികളേ, ആനന്ദിപ്പിന്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍ നിങ്ങള്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍.
- ഭൂവാസികളേ, ആനന്ദിപ്പിന്‍
ദൈവഭക്തരേ, നിങ്ങള്‍ വന്നു കാണുവിന്‍
കര്‍ത്താവെനിക്കു ചെയ്തുതന്ന നന്മകള്‍ ദര്‍ശിക്കുവിന്‍
അവിടുത്തെ കാരുണ്യത്തിനു ഞാന്‍ നന്ദിയര്‍പ്പിക്കുന്നൂ
ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ നിങ്ങള്‍ വന്നു കാണുവിന്‍.
- ഭൂവാസികളേ, ആനന്ദിപ്പിന്‍

സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരം :  ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും
ആലാപനം : മരിയ ഡാവിനയും സംഘവും

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണിത്. ഒരുക്കിയത് ഫാദര്‍ വില്യം നെല്ലിക്കല്‍.

അടുത്ത ആഴ്ചയില്‍ സങ്കീര്‍ത്തനം 66, കൃതജ്ഞതാഗീതത്തിന്‍റെ പഠനം 4-Ɔο ഭാഗത്ത് ആത്മീയവിചിന്തനം തുടരും.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 November 2019, 13:37