Vangelo XXXII Domenica 'C' 2019 Vangelo XXXII Domenica 'C' 2019 

ക്രിസ്തു തുറന്നുതന്ന നിത്യതയുടെ കവാടം

ആണ്ടുവട്ടം 32-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം. വിശുദ്ധ ലൂക്കായുടെ സുവിശേഷം 20, 27-38.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആണ്ടുവട്ടം 32-Ɔο വാരം സുവിശേഷചിന്തകള്‍


1. ഉയിര്‍പ്പിനെക്കുറിച്ച് ഒരു വിവാദം

പുനരുത്ഥാനം നിഷേധിക്കുന്ന ഒരുകൂട്ടരുമായി (സദൂക്കായരുമായി) ക്രിസ്തു വാഗ്വാദത്തില്‍ ഏര്‍പ്പെടുന്ന സുവിശേഷരംഗമാണ് ഇന്നത്തെ ചിന്തകള്‍ക്ക് ആധാരം. പുനരുത്ഥാനത്തെക്കുറിച്ച് ഒരു ചോദ്യം ഉന്നയിച്ചുകൊണ്ട് ഒരു പ്രതിസന്ധിയുണ്ടാക്കാം, യേശുവിനെ ഉത്തരംമുട്ടിക്കാം എന്നവര്‍ വിചാരിച്ചിരിക്കണം. ഭര്‍ത്താവ് മരിച്ചിട്ട്, ഒന്നിനു പിറകെ ഒന്നായി ഏഴു പ്രാവശ്യം വിവാഹിതയായ സ്ത്രീയെ അവര്‍ ഭാവനയില്‍ മെനഞ്ഞെടുത്തു. അവള്‍ മരണാനന്തരം ഏഴു ഭര്‍ത്താക്കന്മാരില്‍ ആരുടെ ഭാര്യയായിരിക്കും? ഇതാണു ചോദ്യം! മരണാനന്തര ജീവിതത്തില്‍ ഭൂമിയിലെ ജീവിതത്തിന്‍റെ മാനദണ്ഡങ്ങള്‍ ഉപയോഗിക്കുന്നില്ല. ഇതായിരുന്നു ക്രിസ്തുവിന്‍റെ പ്രശാന്തവും ലളിതവുമായ മറുപടി. മരിച്ചവര്‍ ദൈവസന്നിധിയില്‍ മാലാഖമാരെപ്പോലെയാണ്, അവരുടെ ജീവിതാവസ്ഥ ഭൗമികമല്ല, സ്വര്‍ഗ്ഗീയമാണ്. അത് ഭൂമിയില്‍ അനുഭവിക്കുക സാദ്ധ്യമല്ലെന്നും ക്രിസ്തു വിശദീകരിച്ചു.

2. മനുഷ്യരോടു സംവദിക്കുന്ന ദൈവം
ക്രിസ്തു അവിടെയും നിര്‍ത്തിയില്ല. വിശുദ്ധ ഗ്രന്ഥത്തെ ആധാരമാക്കി ഏറെ ലളിതവും, ആര്‍ക്കും മനസ്സിലാക്കാവുന്നതും, മതിപ്പുതോന്നുന്നതുമായ വിധത്തില്‍ വീണ്ടും മറുപടി നല്കി. കര്‍ത്താവു പൂര്‍വ്വികരോടു വാഗ്ദാനംചെയ്ത തേനും പാലും ഒഴുകുന്ന ദേശത്തെയും, മോശയുടെ ജീവിതാനുഭവമായ സീനായ് മലയിലെ ദൈവിക സാന്നിദ്ധ്യത്തിന്‍റെ അടയാളമായ മുള്‍പ്പടര്‍പ്പിനെയും ആധാരമാക്കിയായിരുന്നു അവിടുന്നു പുനരുത്ഥാനത്തെ വ്യാഖ്യാനിച്ചത്. സീനായ് മലയിലെ മുള്‍പ്പടര്‍പ്പില്‍ അഗ്നിരൂപത്തില്‍ മോശയ്ക്കു വെളിപ്പെടുത്തിയ ദൈവം തന്നെത്തന്നെ വിശേഷിപ്പിച്ചത്, “അബ്രഹാമിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവ”മെന്നാണ്. മനുഷ്യരുടെ പേരുകളോടു ദൈവം തന്‍റെ പേരു കൂട്ടിച്ചേര്‍ക്കുകയാണ് ഇവിടെ. ഈ സന്ധിചേരല്‍ മരണത്തെയും കാലത്തെയും അതിജീവിക്കുന്നതാണ്. ഇത് ദൈവത്തിന് ഇന്നും മനുഷ്യരോടും ലോകത്തോടുമുള്ള ബന്ധത്തിന്‍റെ പ്രതീകമാണ്. കാരണം അവിടുന്ന് നമ്മുടെ ദൈവമാണ്. മനുഷ്യര്‍ ഓരോരുത്തരുടെയും ദൈവമാണ്.

3. ക്രിസ്തുവില്‍ ഊട്ടിയുറപ്പിക്കപ്പെട്ട ദൈവിക ജീവന്‍
പേരിലൂടെ, മനുഷ്യരായ നമ്മള്‍ ഓരോരുത്തരും ദൈവത്തോടു ചേര്‍ന്നുനില്ക്കുന്നു. ദൈവം അതില്‍ സന്തോഷിക്കുന്നു. അതിനാല്‍ നമുക്കു പറയാം ഈ പേരുചേര്‍ക്കല്‍ ദൈവമനുഷ്യ ബന്ധത്തിന്‍റെ ഉടമ്പടിയാണ്. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്, “അവിടുന്നു മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേയ്ക്ക് സകലരും ജീവിക്കുന്നവരാണ്” (ലൂക്കാ 20, 38). ഏറെ നിര്‍ണ്ണായകമായൊരു ബന്ധമാണിത്. ക്രിസ്തുവുമായി മനുഷ്യര്‍ക്കുള്ള ഉടമ്പടിയും ആത്മബന്ധവും ഏറെ അടിസ്ഥാനപരമാണ്. അവിടുന്നാണ് ദൈവ-മനുഷ്യബന്ധത്തിന്‍റെ ഉടമ്പടിയും, ജീവനും പുനരുത്ഥാനവും. കാരണം കുരിശില്‍ ഏറ്റപ്പെട്ട അവിടുത്തെ സ്നേഹമാണ് മരണത്തെ വെന്ന് ഉത്ഥാനംചെയ്തത്. അതുവഴി ദൈവം മനുഷ്യകുലത്തിന് നിത്യജീവന്‍ പ്രദാനംചെയ്തു. 

ദൈവം അത് ക്രിസ്തുവിലൂടെ ലോകത്തില്‍ സകലര്‍ക്കുമായി പകര്‍ന്നുനല്കി.  അങ്ങനെ എല്ലാവര്‍ക്കും നിത്യജീവന്‍റെ പ്രത്യാശയുണ്ടെന്നതില്‍ നാം ദൈവത്തിനു  നന്ദിപറയേണ്ടതാണ്.  രക്ഷ എല്ലാവര്‍ക്കുമുള്ളതാണ്. ദൈവം നമുക്കു തരുന്ന നിത്യജീവന്‍ ഭൗമിക ജീവന്‍റെ ഒരു മെച്ചപ്പെടുത്തലോ, പുകഴ്ച്ചയോ അല്ല. മറിച്ച് അതിനേക്കാള്‍ മനോഹരവും സത്യവുമാണത്. അതു നമ്മുടെ ഭാവനകള്‍ക്ക് അതീതമാണ്. കാരണം നിത്യതയില്‍ അവിടുത്തെ സ്നേഹവും കാരുണ്യവുംകൊണ്ട് ദൈവം നമ്മെ നിരന്തരമായി ആശ്ചര്യപ്പെടുത്തുകയാണ്.

4. വിശ്വാസം ദൈവിക ജീവനിലേയ്ക്കുള്ള ക്ഷണം
ഈ ലോക ജീവിതം പകിട്ടാര്‍ന്നതല്ല. ഭൗമികജീവിതം നിത്യതയ്ക്ക് ആധാരമല്ലെങ്കിലും, നന്മയില്‍ ജീവിച്ചാല്‍ അത് മനോഹരമാകും. എന്നാല്‍ നിത്യതയെക്കുറിച്ചുള്ള പ്രത്യാശയാണ് ഈ ഭൂമിയിലെ ജീവിതത്തെ ക്രമപ്പെടുത്താന്‍ നമ്മെ സഹായിക്കുന്നത്. മാനുഷികവും ഭൗമികവുമായ കാഴ്ചപ്പാടിലാണു നാം ജീവിതത്തെ വീക്ഷിക്കുന്നതെങ്കില്‍ ജീവിതം മരണംവരെയുള്ളതും, മരണത്തോടെ എല്ലാം പര്യവസാനിക്കുന്നതുമായ ഒരു പ്രതിഭാസമായി ചുരുങ്ങിപ്പോയേനെ! നിങ്ങള്‍ക്കും എനിക്കും ജീവിതത്തെക്കുറിച്ചുള്ള ഭൗമികവും ഹ്രസ്വവും ക്ഷണികവുമായ ഒരു കാഴ്ചപ്പാടിന് എതിരെയാണ് ക്രിസ്തു ഇന്നത്തെ വചനത്തിലൂടെ പ്രതികരിക്കുന്നത്. ജീവിതം ജീവനില്‍നിന്നു മരണത്തിലേയ്ക്കുള്ള യാത്രയല്ല, മറിച്ച് മരണത്തില്‍നിന്ന് നിത്യതയിലേയ്ക്കുള്ള യാത്രയാണ്. വിശ്വാസം ഈ ആത്മീയ യാത്രയിലേയ്ക്കും, ‘പുറപ്പാടി’ലേയ്ക്കുമുള്ള ക്ഷണമാണ്.
ജീവിത യാത്രയില്‍, ഉയരങ്ങള്‍ ലക്ഷ്യംവച്ചുള്ള യാത്രാമദ്ധ്യേയാണ് ശുദ്ധീകരണം നടക്കുന്നത്. എന്തെന്നാല്‍ അതു നമ്മെ ഉന്നതങ്ങളിലേയ്ക്കു നയിക്കും (@pontifex twitter 081119).

5. മനുഷ്യരോടു ഒത്തുവസിക്കുന്ന ദൈവം
ജീവിതയാത്രയെ പ്രകാശിപ്പിക്കുന്നത് നന്മയുള്ള ജീവിത പൂര്‍ണ്ണിമയാണ്. മരണം അതിനാല്‍ നമുക്കു പിന്നിലാണ്, മുന്നിലല്ല. ജീവിക്കുന്നവരുടെ ദൈവം, ഉടമ്പടിയുടെ ദൈവം നമുക്കുമുന്നേ ചരിക്കുന്നു. എന്നെയും എന്‍റെ പേരും തന്നോടു ചേര്‍ക്കുന്ന ദൈവമാണിത്. നമ്മുടെ പേര് അവിടുത്തെ ഉള്ളംകൈയ്യില്‍ കോറിയിട്ടിരിക്കുന്നു (ഏശയ 49, 16). അതുകൊണ്ടാണ് അവിടുന്നു പറഞ്ഞത്, “ഞാന്‍ അബ്രാമിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമാണ്.” നിങ്ങളുടെയും എന്‍റെയും പേരു ചേര്‍ത്തു സ്വയം വിശേഷിപ്പിക്കുകയും വിളിക്കുകയും ചെയ്യുന്ന ദൈവം ജീവിക്കുന്നവരുടെ ദൈവമാണ്! പാപത്തിന്‍റെയും മരണത്തിന്‍റെ പരാജയം നമുക്കു തൊട്ടു മുന്‍പെയാണ്. ഇത് ആത്മീയ ആനന്ദത്തിന്‍റെ നവമായൊരു കാലഘട്ടത്തിന്‍റെ തുടക്കമാണ്. വിശുദ്ധനായ കര്‍ദ്ദിനാള്‍ ജോണ്‍ ന്യൂമാന്‍റെ കവിതയിലെ നമ്മെ നയിക്കുന്ന “നിത്യമാം പ്രകാശം” അതിന്‍റെ ആരംഭമാണ് (Lead kindly Light!).

6. നിത്യതയുടെ മുന്നാസ്വാദനം
അനുദിന ജീവിതത്തില്‍ പ്രാര്‍ത്ഥനയിലും കൂദാശകളിലും, മനുഷ്യബന്ധങ്ങളിലും നാം യേശുവിനെ കണ്ടുമുട്ടുന്നു, അവിടുത്തെ സ്നേഹത്തില്‍ അങ്ങനെ നാം വസിക്കുന്നു. യേശുവിലുള്ള പുനരുത്ഥാനവും നവജീവനും നിത്യതയുടെ മുന്നാസ്വാദനമായി ഈ ജീവിതത്തില്‍ നാം അനുഭവിക്കുന്നു. അവിടുത്തെ സ്നേഹത്തിലും വിശ്വസ്തതയിലുമുള്ള പങ്കാളിത്തം നമ്മുടെ ഹൃദയങ്ങളെ പ്രോജ്ജ്വലിപ്പിക്കുകയും, തീക്ഷ്ണതയെ ആളിക്കത്തിക്കുകയും ചെയ്യുന്നു. അത് പുനരുത്ഥാനത്തിലുള്ള നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നു. ദൈവം മനുഷ്യരോടു പ്രകടമാക്കുന്നത് പതറാത്ത വിശ്വസ്തയും, അചഞ്ചലവും അനുസ്യൂതവുമായ സ്നേഹവുമാണ് അവിടുത്തെ സനേഹം കുറച്ചു സമയത്തേയ്ക്കു മാത്രമല്ല. അത് ശാശ്വതമാണ്. അത് അനന്തമാണ്. അതെന്നും മുന്നോട്ട്, മുന്നോട്ടുതന്നെ ചരിക്കുന്നു, നമ്മെ മുന്നോട്ടു നയിക്കുന്നു. എല്ലാറ്റിനെയും ചലിപ്പിക്കുന്നു. തന്‍റെ നിത്യമായ സ്നേഹത്താലും വിശ്വസ്തതയാലും ദൈവം നമ്മെ ഓരോരുത്തരെയും ഈ ജീവിതയാത്രിയില്‍ അനുധാവനംചെയ്യുന്നു.

7. രക്തസാക്ഷിത്വവും പുനരുത്ഥാനത്തിലുള്ള വിശ്വാസവും
പുനരുത്ഥാനത്തിലുള്ള വിശ്വാസവും പ്രത്യാശയും വ്യക്തമായി ചൂണ്ടിക്കാണിക്കുന്നതാണ് ഇന്നത്തെ ആദ്യവായന, മക്കബായരുടെ രണ്ടാം പുസ്തകം (2 മക്കബാ. 7, 14). അന്തിയോക്കസ് എപ്പിഫാനസ് രാജാവിനാല്‍ പീഡിപ്പിക്കപ്പെട്ട അമ്മയുടെയും ഏഴു മക്കളുടെയും കഥയാണിത്. മൂന്നു പേര്‍ പീഡനത്തില്‍ മരണമടഞ്ഞു. നാലാമന്‍ ചാട്ടയും ചമ്മട്ടിയടിയും ഏറ്റു മരണത്തോട് മല്ലടിക്കുമ്പോള്‍ പറഞ്ഞത്, “പുനരുത്ഥാനത്തെക്കുറിച്ചു ദൈവം നല്കുന്ന പ്രത്യാശയാല്‍ നിറഞ്ഞ്, മനുഷ്യകരങ്ങളില്‍ മരണംവരിക്കുന്നതാണ് ഉത്തമം..., ശ്രേഷ്ഠം...! ” എന്നാണ്. രക്തസാക്ഷികളുടെ വിശ്വാസമാണ് ഈ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്. പീഡനങ്ങള്‍ക്കും യാതനകള്‍ക്കും അപ്പുറം ദൈവത്തില്‍ പ്രത്യാശിക്കുകയും ശരണപ്പെടുകയും ചെയ്യുന്നവര്‍, പ്രത്യാശയുടെ സ്രോതസ്സ് ദൈവമാണെന്ന് ഇവര്‍ ഏറ്റുപറയുന്നു. നവമായ ദൈവിക ജീവന്‍ കാംക്ഷിക്കുന്നവരാണവര്‍... നിത്യത തേടുന്നവവര്‍!

8. ജീവിതത്തിന്‍റെ ഇരുളകറ്റുന്ന പ്രത്യാശ
ദൈവം തരുന്ന ദാനമാണ് പ്രത്യാശ. ജീവിതയാത്രയില്‍ വെളിച്ചംപകരാന്‍ അത് എല്ലാ മനുഷ്യഹൃദയങ്ങളിലും ദൈവം ഉള്‍ചേര്‍ത്തിട്ടുണ്ട്. നമ്മെ ദുഃഖത്തിലും നിരാശയിലും ആഴ്ത്തുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളും പ്രതിസന്ധികളുംകൊണ്ട് ജീവിതത്തില്‍ ഇരുട്ടു കയറുമ്പോള്‍ പ്രകാശമേകേണ്ടത് പ്രത്യാശയാണ്. നാം പാപികളാണെങ്കിലും, പ്രത്യാശയുടെ വേരുകള്‍ക്ക് ശക്തിപകരേണ്ടത് ദൈവത്തിന്‍റെ കരുണയിലുള്ള വിശ്വാസമാണ്. തെറ്റുകളില്‍ നാം പ്രാശ്ചിത്തംചെയ്യുകയും തിരുത്തുകയും വേണം. എന്നാല്‍ ദൈവത്തിന്‍റെ കരുണയിലുള്ള വിശ്വാസമാണ് പ്രത്യാശ അനുദിനം വളര്‍ത്തുന്നത്. അതു നാം നഷ്ടപ്പെടുത്തരുത്.

9. ദൈവത്തിന്‍റെ കരുണ പ്രത്യാശ പകരട്ടെ!
മനുഷ്യഹൃദയങ്ങള്‍ ദൈവിക നന്മയ്ക്കായ് കേഴുകയാണ്. ദൈവിക കാരുണ്യത്തോട് നാം കടപ്പെട്ടിരിക്കുന്നു. കാരണം ദൈവം തന്‍റെ കരുണ നിരന്തരമായി നമ്മില്‍ വര്‍ഷിക്കപ്പെടുന്നു. ദൈവം കരുണ കാട്ടുന്നതുകൊണ്ടാണ് നാം ജീവിക്കുന്നത്. ഒരിക്കലും നമ്മെ പരിത്യജിക്കാത്ത പ്രത്യാശയുടെ സ്രോതസ്സാണ് ദൈവം. ദൈവിക കാരുണ്യത്തില്‍നിന്നും ഹൃദയാന്തരാളത്തില്‍ ഉതിരുന്ന കരുത്താണ് പ്രത്യാശ. അത് ജീവിതത്തില്‍ നവമായ പാതകള്‍ തുറന്നുതരും. ആയുസ്സേകിയ ദൈവം നമ്മോടു കരുണയും വാത്സല്യവും കാട്ടുന്നു. നമ്മോടു അനന്തമായി ക്ഷമിക്കുന്നു, സ്നേഹിക്കുന്നു എന്ന ചിന്ത ജീവിതത്തില്‍ പ്രത്യാശപകരട്ടെ! ഇനിയും മുന്നോട്ടു നീങ്ങാനുള്ള കരുത്തേകട്ടെ. നാളെയ്ക്കായ് പാര്‍ത്തിരിക്കാനുള്ള പ്രചോദനം പകരട്ടെ!

ഗാനം - ആലാപനം  മധുബാലകൃഷ്ണന്‍, രചന ഫാദര്‍ തദേവൂസ് അരവിന്ദത്ത്, സംഗീതം വയലിന്‍ ജേക്കബ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2019, 14:21