30 years of the fall of the Berlin Wall 30 years of the fall of the Berlin Wall 

അതിരുകള്‍ ഇല്ലാതാക്കിയ ബെര്‍ളിന്‍ മതിലിന്‍റെ തകര്‍ച്ച

നവംബര്‍ 9 ബെര്‍ളിന്‍ മതില്‍ പതനത്തിന്‍റെ 30-Ɔο വാര്‍ഷികം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ഒരു രാഷ്ട്രത്തിന്‍റെ വിഭജനം
രണ്ടാം ലോക മഹായുദ്ധത്തിനു മുന്‍പ് (1939-1945), നാസി ഭരണത്തിന്‍ കീഴിലായിരുന്ന അവിഭക്ത ജര്‍മ്മനി യുദ്ധാനന്തരം സംഖ്യ കക്ഷികളുടെ സ്വാധീനത്തിലായി. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ എന്നീ വന്‍ശക്തികള്‍ ജര്‍മ്മന്‍ പ്രവിശ്യകളെ നാലായി തിരിച്ച് അവര്‍ക്കധീനമാക്കി. തലസ്ഥാന നഗരമായ ബര്‍ളിനായിരുന്നു സംഖ്യകക്ഷികളുടെ ആസ്ഥാനം. ബെര്‍ളിനും വിഭജിക്കപ്പെട്ടു.  ജര്‍മ്മനിയുടെ സമീപരാജ്യമായ റഷ്യ മറ്റു സഖ്യരാജ്യങ്ങള്‍ക്ക് എതിരായി. ഇതോടെ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങള്‍ അവരുടെ സ്വാധീനത്തിലുള്ള പ്രവിശ്യകള്‍ ചേര്‍ത്ത് പശ്ചിമ ജര്‍മ്മനിക്ക് രൂപംനല്കി.

2. കിഴക്കെ ജര്‍മ്മനിയുടെ പിറവി
മറുഭാഗത്ത് കിഴക്കെ ജര്‍മ്മനി സോവിയറ്റ് റഷ്യയുടെ അധീനത്തിലുമായി.
കിഴക്കേ ജര്‍മ്മനിയിലെ ജനങ്ങളെ റഷ്യന്‍ കമ്മ്യൂണിസ്റ്റ് മേല്‍ക്കോയ്മയില്‍ നിലനിര്‍ത്താന്‍ 1961-ല്‍ ഉയര്‍ത്തപ്പെട്ടതാണ് ബര്‍ളില്‍ മതില്‍.  ചരിത്രത്തില്‍ ഒരു രാഷ്ട്രത്തിന്‍റെ മാത്രമല്ല, ജനതയുടെ വിഭജനത്തിന്‍റെയും ഒറ്റപ്പെടലിന്‍റേയും അവികസനത്തിന്‍റെയും കമ്മ്യൂണിസ്റ്റ് ക്രൂരതയുടെയും പ്രതീകമായി ഉയര്‍ന്നു ഈ മതില്‍ (Berling Wall).  എന്നാല്‍  ഇന്ന് ഓര്‍മ്മകള്‍ ഉണര്‍ത്തി മതിലിന്‍റെ ശകലങ്ങള്‍ അങ്ങുമിങ്ങും ചിത്രപ്പണികളുമായി ഉയര്‍ന്നുനില്ക്കുന്നു.

3. അസ്വാതന്ത്ര്യത്തിന്‍റെ മതില്‍
150 കിലോ മീറ്റര്‍ നീളവും 12 അടിയിലേറെ ഉയരവുമുള്ള കനത്ത കോണ്‍ക്രീറ്റ് ഭിത്തിയായിരുന്നു അത്. 1961 നവംമ്പര്‍ 20-Ɔ൦ തിയതി ബര്‍ളില്‍ മതില്‍ നിര്‍മ്മാണം തുടങ്ങി. തുടങ്ങിവച്ച രണ്ടു നടപടികളില്‍ ഒന്ന്, പടിഞ്ഞാറെ ബര്‍ളില്‍ അതിര്‍ത്തി അടച്ചതായിരുന്നു. തുടര്‍ന്ന് രണ്ടാമത് 156 കി.മീ. നീളത്തില്‍ കമ്പിവേലികെട്ടിയും കാവല്‍സൈന്യത്തെ നിയോഗിച്ചും കിഴക്ക്-പടിഞ്ഞാറ് ജര്‍മ്മനികളുടെ അതിര്‍ത്തികള്‍ തടയപ്പെട്ടു. ഭിത്തിക്കൊപ്പം ജര്‍മ്മന്‍കാരുടെ രക്ഷപെടല്‍ തടയാന്‍ മുള്ളു-കമ്പിവേലികളും, ചങ്ങലയും, പരിശോധന കേന്ദ്രങ്ങളും ഉയര്‍ത്തപ്പെട്ടു. നുഴഞ്ഞുകയറുന്നവരെ വെടിവച്ചുവീഴ്ത്താനും കല്പനയായി. അസ്വാതന്ത്ര്യത്തിന്‍റെ കനത്ത നുകമായിരുന്നു ബര്‍ളിന്‍ മതില്‍.

4. ഒരു “സോവിയറ്റ് വ്യാമോഹം”
ഈ വന്‍മതില്‍ കിഴക്കും പടിഞ്ഞാറും ജര്‍മ്മനിയെ മാത്രമല്ല, ബര്‍ളിന്‍ പട്ടണത്തെയും രണ്ടായി കീറിമുറിച്ചു. അങ്ങനെ ബര്‍ളില്‍ പട്ടണവും  കിഴക്കെ ജര്‍മ്മനിയും ചുറ്റി സോവിയറ്റ് അധിനിവേശത്തില്‍ പണിതുയര്‍ത്തപ്പെട്ട വന്‍കോട്ടയായിരുന്നു ബര്‍ളിന്‍ മതില്‍. ‘ഇരുമ്പു യവനിക’യെന്നും ‘ആക്ഷേപ മതിലെ’ന്നും ലോകം വിശേഷിപ്പിച്ച ബര്‍ളിന്‍ മതില്‍, ജര്‍മ്മന്‍ ജനതയ്ക്കിഷ്ടമില്ലാത്തതും, എന്നാല്‍ ഒരു സോവിയറ്റ്‍ കിഴക്കന്‍ ജര്‍മ്മനി വളര്‍ത്തിയെടുക്കാനുള്ള റഷ്യയുടെ വ്യാമോഹവുമായിരുന്നു.

5. സ്വാതന്ത്ര്യത്തിലേയ്ക്കു പലായനം ചെയ്തവര്‍
യുദ്ധാനന്തരം സോവിയറ്റ് അധീനത്തില്‍നിന്നുമുള്ള കിഴക്കന്‍ ജര്‍മ്മനിക്കാരുടെ കൂട്ടമായ പലായനം തടയാനും ബര്‍ളില്‍ മതില്‍ ഹേതുവായി. ഭിത്തി ഉയരുന്നതിനുമുന്‍പ് 30 ലക്ഷത്തിലേറെ കിഴക്കേ ജര്‍മ്മനിക്കാര്‍ റഷ്യന്‍ ആധിപത്യത്തെ ചെറുത്ത് കിഴക്കെ ബര്‍ളിന്‍ അതിര്‍ത്തിവഴി പശ്ചിമ ജര്‍മ്മനിയിലേയ്ക്കും അവിടെനിന്ന് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും കുടിയേറിയത് ചരിത്രമാണ്. കിഴക്കന്‍ ജര്‍മ്മനിയിലെ ജനങ്ങളുടെ ഹൃദയത്തില്‍ സ്വാതന്ത്ര്യത്തിന്‍റെ മോഹം എന്നും വേദനയായി വിതുമ്പിനിന്നു. ഭിത്തി ഉയര്‍ന്നതിനുശേഷം അടിച്ചമര്‍ത്തപ്പെട്ട സ്വാതന്ത്ര്യാഭിവാഞ്ഛ അമര്‍ഷമായപ്പോള്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ നൂറുകണക്കിനു പേര്‍ രക്തസാക്ഷികളാവുകയും അനേകംപേര്‍ തടവറയില്‍ അടയ്ക്കപ്പെടുകയും ചെയ്തു.

6. സോവിയറ്റ് ശക്തിക്ഷയവും ജനരോഷവും
മൂന്നു പതിറ്റാണ്ടുകള്‍ ഇഴഞ്ഞു നീങ്ങി. രണ്ടു ലോക യുദ്ധങ്ങളുടെ പരാധീനതകളും, മറ്റൊരു ജനതയുടെ ഭരണഭാരവും പേറിയപ്പോള്‍ റഷ്യയുടെ സോവിയറ്റ് ശക്തി ക്ഷയിക്കാന്‍ തുടങ്ങി. കിഴക്കെ ജര്‍മ്മനിയില്‍ റഷ്യയുടെ പിടി മെല്ലെ അഴിയുകയായി. ഇതു മനസ്സിലാക്കിയ സാധാരണ ജനങ്ങളുടെ സ്വാതന്ത്ര്യാഭിവാഞ്ഛ വിപ്ലവമായി മാറി. ജര്‍മ്മന്‍ ജനതയുടെ മൂന്നു പതിറ്റാണ്ടോളം നീണ്ട അശാന്തിയും അസ്വസ്ഥതയും 1989-ല്‍ ശക്തിപ്പെട്ടപ്പോള്‍ അത് നാളുകള്‍ നീണ്ട സമര മുന്നണിയായി.

7. മതിലിന്‍റെ പതനം
സമരത്തിനു താല്കാലിക മറുപടി എന്നോണമാണ് 1989 നവംമ്പര്‍ 9-Ɔ൦ തിയതി ബര്‍ളിന്‍ അതിര്‍ത്തികടന്ന് ജനങ്ങള്‍ക്ക് പശ്ചിമ ജര്‍മ്മനി സന്ദര്‍ശിക്കുവാനും യാത്രചെയ്യുവാനുമുള്ള സ്വാതന്ത്ര്യം കിഴക്കേ ജര്‍മ്മനിയിലെ ‘സോവിയറ്റ് നിയന്ത്രിത സര്‍ക്കാര്‍’ നല്കിയത്. എന്നാല്‍ താല്‍ക്കാലിക  അനുമതി അണപൊട്ടിയ വിപ്ലവധ്വനിയായി ഉയര്‍ന്നു. അന്ന് ജനങ്ങള്‍ ഭിത്തിയില്‍ കയറിനിന്ന്, ഇരുഭാഗത്തുമുള്ള ദേശപ്രേമികള്‍ സ്വാതന്ത്ര്യത്തിന്‍റെ ജയഭേരി മുഴക്കി. മറ്റു ചിലര്‍ ഭിത്തി തകര്‍ത്തും മറുദേശത്തുള്ള തങ്ങളുടെ സഹോദരങ്ങളെ അഭിവാദ്യംചെയ്തു.
ജര്‍മ്മനിയുടെ പുനരേകീകരണത്തിന് വഴിതെളിച്ച ചരിത്രസംഭവമാണ് ബര്‍ളിന്‍ മതലിന്‍റെ പതനം. അത് 1989 നവംബര്‍ 9-Ɔο തിയതിയായിരുന്നു!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2019, 17:01