പുഷ്പങ്ങളാലും മെഴുതിരികളാലും അലങ്കരിക്കപ്പെട്ട കല്ലറ... പുഷ്പങ്ങളാലും മെഴുതിരികളാലും അലങ്കരിക്കപ്പെട്ട കല്ലറ... 

മരണം ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നു.

മനുഷ്യന്‍റെ എല്ലാ അഹംഭാവത്തെയും ചിതറിപ്പിക്കുന്ന മരുന്നാണ് മരണം. നമ്മുടെ കൂടെ നടന്നവരും നമ്മുടെ കൂടു വിട്ടു നടന്നവരും നമ്മുടെ മരണത്തിൽ നമ്മെ കാണാൻ ഒന്നിച്ചു വരുന്ന വേദിയാണ് മരണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

 “ ഒരുപിടി മണ്ണിൽ നിന്നും തുടക്കം - എങ്ങോ

   ആറടി മണ്ണിലേക്ക് മടക്കം.”

എല്ലാവരും അറിയുന്ന, ആർക്കും ഒരിക്കലും ഒഴിച്ച്കൂടാനാവാത്ത യാഥാർഥ്യമാണ് മരണം. കാര്‍മേഘത്തിന്‍റെ കാളിമ പോലുമില്ലാതെ മഴ പെയ്തിറങ്ങുന്നത് പോലെ  മരണം നമ്മെ സ്വന്തമാക്കുന്നു. ‘ജനനം’ എന്ന മൂന്നക്ഷരത്തിന്‍റെയും ‘മരണം’ എന്ന മൂന്നക്ഷരത്തിന്‍റെയും ഇടയിലുള്ള ‘ജീവിതം’ എന്ന മൂന്നക്ഷരം തന്നെയാണ് നമ്മുടെ മരണത്തെ മറ്റുള്ളവർക്ക് മധുരിപ്പിക്കുന്നതും കയ്പ്പുരസമാക്കുന്നതും. മരണത്തിലേക്കുള്ള യാത്രയാണ് ജീവിതമെന്നു ചിലർ പറയുന്നു. ജീവിതത്തിന്‍റെ കാത്തിരിപ്പുകളുടെയൊക്കെ അന്ത്യമാണ് മരണമെന്ന് മറ്റു ചിലർ പറയുന്നു. യഥാർത്ഥത്തിൽ മരണം എന്താണ്? എന്തിനാണ് മരണം നമ്മെ സ്വന്തമാക്കുന്നത്? എങ്ങനെയാണ് നാം മരണത്തെ ജീവിച്ചിരിക്കുബോൾ കാണേണ്ടത്? മരണത്തിനു ശേഷം നാം എന്തായി തീരുന്നു?  നമുക്ക് എന്ത് ചെയ്യുവാൻ കഴിയും? ഒരായിരം ചോദ്യങ്ങൾ സമ്മാനിക്കുന്ന മരണത്തെ ശങ്കകൂടാതെ സ്വന്തമാക്കാൻ ജീവിതത്തെ നാം എങ്ങനെയാണ് നയിക്കേണ്ടത്?

മരണം: മറുപടിയില്ലാത്ത ചോദ്യം

ജീവിതത്തിൽ എത്രയെത്ര മരണവീടുകൾ നാം കയറി ഇറങ്ങിയിരിക്കുന്നു. ചില മരണങ്ങള്‍ നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു. ചിലരുടെ മരണങ്ങൾ നമ്മെ സന്തോഷിപ്പിക്കുന്നു.  ചില മരണ വീടുകൾ നമ്മുടെ മരണത്തെയും ഓർമ്മിപ്പിക്കുന്നു. മരണം ജീവിതം നൽകുന്ന അവസാനത്തെ സമ്മാനമാണ്. നാം മരണത്തെ സ്വന്തമാക്കിയെന്നു കരുതി നമ്മുടെ ശത്രുക്കളെ പോലും അസൂയപ്പെടുത്താത്ത നിധിയാണ് മരണം. മറുപടിയില്ലാത്ത ചോദ്യമാണ് മരണം. പരാജയപെടുത്താനാവാത്ത ശത്രുവാണു മരണം. മനുഷ്യന്‍റെ എല്ലാ അഹംഭാവത്തെയും ചിതറിപ്പിക്കുന്ന മരുന്നാണ് മരണം. നമ്മുടെ കൂടെ നടന്നവരും നമ്മുടെ കൂടു വിട്ടു നടന്നവരും നമ്മുടെ മരണത്തിൽ നമ്മെ കാണാൻ ഒന്നിച്ചു വരുന്ന വേദിയാണ് മരണം.

മരണത്തെ കുറിച്ച് കൂടുതൽ നാം ഓർക്കുന്നത് നവംബര്‍ മാസത്തിലാണ്. പുഷ്പങ്ങളാലും മെഴുതിരികളാലും അലങ്കരിക്കപ്പെട്ട ശ്മാശാന ഭൂമി. നവംബർ രണ്ടാം തിയതി കല്ലറപെരുന്നാളാണ്. സെമിത്തേരികൾ തങ്ങളുടെ തിരുന്നാൾ ആഘോഷിക്കുന്നു. ശാന്തമായി ഉറങ്ങുന്നവരെ ഓർമ്മയിൽ സ്മരിച്ച്, പ്രാർത്ഥനകൾ അർപ്പിച്ച്, കണ്ണുനീരിന്‍റെ നനവ് നൽകി നാം അവരെ ആദരിക്കുന്നു. ശുദ്ധീകരണ സ്ഥലത്തായിരിക്കുന്നവരോടു നമ്മളുണ്ടെന്നും പ്രാർത്ഥന കൊണ്ടും, ത്യാഗം കൊണ്ടും ദൈവ സന്നിധിയിലെത്തിച്ചേക്കാമെന്നും നാം വാഗ്‌ദാനം ചെയ്യുന്നു. വൈദികരെ സമീപിച്ചു പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്കായി ബലിയർപ്പിച്ച് പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു. പ്രത്യേക പ്രാർത്ഥനകൾ അർപ്പിക്കുകയും കല്ലറകൾ സന്ദർശിക്കുകയും ചെയ്തു കൊണ്ട് ശുദ്ധീകരണസ്ഥലത്തിൽ വേദനിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ പരിശ്രമിക്കുന്നു. ഇങ്ങനെയൊക്കെ ജീവിക്കുമ്പോഴും ഒരിക്കലെങ്കിലും നമ്മുടെ മരണത്തെ കുറിച്ച് അതിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് ഒന്ന് ആത്മാർത്ഥമായി ധ്യാനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നമ്മുടെ ജീവിതത്തെ കുറെകൂടി വിശുദ്ധീകരിക്കാൻ നമുക്ക് കഴിയുമായിരുന്നു.

സെമിത്തേരി: മനോഹരമായ മൗനം നിഴലിക്കുന്ന തോട്ടം

ആർക്കു വേണ്ടിയാണ് നാം ആത്മാക്കളുടെ ദിനം ഓർക്കുന്നത്. നമ്മുടെ ഉടലിന്‍റെ, മനസ്സിന്‍റെ, ജീവന്‍റെ ഭാഗമായിരുന്ന് കാലം നമ്മിൽ നിന്നും മായിച്ചെടുത്തവർക്കു വേണ്ടി മാത്രമാണോ?  അല്ല;  മറിച് നമ്മുടെ വിരസമായ ജീവിതത്തെയും കൂടി ചിന്തിക്കാനായി സഭ ജീവിച്ചിരിക്കുന്നവരെ ഓർമ്മപ്പെടുത്തുന്ന ദിനം കൂടിയാണ് നവംബർ രണ്ട്‌. നമ്മുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളെ ഒന്ന് കൂടി ഓർക്കാൻ നവംബർ മാസം നമ്മെ ഓർമ്മപ്പെടുത്തുമ്പോള്‍ മനോഹരമായ മൗനം നിഴലിക്കുന്ന ഒരു തോട്ടമായി മാറുന്നു സിമിത്തേരി. അവിടെ മനുഷ്യർ മറ്റുള്ളവരെ കുറിച്ച് നന്മ പറയുന്നു, അവരുടെ വേര്‍പാടിനെ കുറിച്ച് വേദനിക്കുന്നു. യഥാർത്ഥത്തിൽ സിമിത്തേരികൾ സ്നേഹം വിളുമ്പുന്ന, സ്നേഹത്തെ ഓർമ്മിപ്പിക്കുന്ന വേദികളാണ്. തിന്മ പ്രവർത്തിച്ച വ്യക്തിയുടെ കല്ലറയുടെ മുന്നിൽ നിൽക്കുമ്പോള്‍ പോലും ആ വ്യക്തിയെ കുറിച്ച് നല്ലത് മാത്രം ചിന്തിക്കുവാൻ കല്ലറകള്‍ നമ്മെ സഹായിക്കുന്നു. കൈക്കുമ്പിളിൽ ജലത്തെ ഒതുക്കുവാൻ പരിശ്രമിക്കുന്നത് പോലെയാണ് മരണത്തെ മാറ്റി നിർത്തുവാൻ പരിശ്രമിക്കുന്ന, കൊതിക്കുന്ന ഹൃദയത്തിന്‍റെ ഫലം. നശ്വരതയിൽ വിതയ്ക്കപ്പെടേണ്ടവ അനശ്വരതയിൽ കൊയ്യപ്പെടണം. ഈ മണ്ണിൽ നിന്നും മാഞ്ഞു പോയവർ എന്നല്ല മായിക്കപ്പെട്ടവർ എന്നാണ് മരിച്ചു പോയവരെ കുറിച്ച് നാം പറയേണ്ടത്. കാരണം ദൈവം വിളിക്കുന്നു. മനുഷ്യർ വിളി കേൾക്കുന്നു.

മരണം: അപ്രതീക്ഷിതമായ അന്ത്യയാത്ര

മക്കളുടെ ജീവിതത്തെ പ്രകാശമാക്കാൻ പ്രയത്നിച്ച ശേഷം വിട പറയുന്ന അപ്പനും അമ്മയും, ഒപ്പം കളിച്ചും ഒരുമിച്ചു അപ്പം കഴിച്ചും ജീവിതത്തിന്‍റെ ഭാഗമായി മാറിയ പ്രിയപ്പെട്ട സഹോദരങ്ങളുടെ വേർപാട്, സൗഹൃദത്തിന്‍റെ  ഹരിതം നൽകി ഇടവഴികളിൽ നമ്മെ വരൾച്ചയുടെ ഓർമ്മ നൽകി കടന്നു പോകുന്ന കൂട്ടുകാർ, അകാലത്തിൽ പൊലിഞ്ഞു പോകൂന്ന നമ്മുടെ പ്രിയപ്പെട്ട എല്ലാവരും നമുക്ക് മുറിവുണങ്ങാത്ത വേദന തന്നെയാണ്. അവധിക്കു ആന്‍റോ വീട്ടിലെത്തിയതായിരുന്നു. അമ്മയുടെ ഏകമകൻ. കൂട്ടുകാരുടെ ആനന്ദമായി ജീവിച്ച ആന്‍റോ. അവധികാലം കഴിഞ്ഞു കോളേജിലേക്ക് മടങ്ങുന്നതിന്‍റെ തലേന്നാൾ വീട്ടു മുറ്റത്തെ മതിലിനോടു ചേർന്ന് നിന്ന് അമ്മയോടു സംസാരിച്ചിരിക്കുമ്പോൾ പാഞ്ഞെത്തിയ ലോറി അവനെ ഒന്ന് തട്ടി. ആന്‍റോയുടെ ജീവിതം ആ നിമിഷം തന്നെ കൂട്ടി ചേർക്കാനാവാത്ത വിധം പൊട്ടി വീണു. ഈ ഭൂമിയിൽ ഓർമ്മയുള്ളടിത്തോളം കാലം ആന്‍റോ എന്ന ഓർമ്മ മനസിന്‍റെ കണ്ണിൽ കണ്ണീരായി ഒഴുകി കൊണ്ടേയിരിക്കും അവന്‍റെ പ്രിയപ്പെട്ട എല്ലാവരിലും. മകളെ യാത്രയാക്കി വീടിന്‍റെ ഉമ്മറത്തിരുന്ന് പുഞ്ചിരിച്ച അച്ഛൻ. തന്‍റെ മടക്ക യാത്ര അച്ചന്‍റെ ഒരിക്കലും മടങ്ങി വരാത്ത യാത്രയ്ക്ക് സാക്ഷ്യമായിത്തീര്‍നെന്നറിയുന്ന മകൾ, ശവസംസ്കാര കർമ്മത്തിൽ സ്വന്തം മരണത്തിന്‍റെ വിളി വന്നപ്പോൾ ലോകത്തോടു വിട പറയേണ്ടി വന്ന നമ്മുടെ പ്രിയപ്പെട്ട ചങ്ങാതി.

ഇങ്ങനെയൊക്കെ മരണം നമ്മുടെ പ്രിയപ്പെട്ടവരെ നമ്മിൽ നിന്നും പറിച്ചെടുക്കുമ്പോൾ ഇപ്പോഴത്തെ നമ്മുടെ കാലഘട്ടത്തിൽ നാം കേൾക്കുന്ന ചില മരണ വാർത്തകൾ നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നവയാണ്. പ്രണയം, കാമം, അധികാരം, സമ്പത്തു എന്നിവയ്ക്ക് വേണ്ടി തങ്ങളുടെ ശരീരത്തിന്‍റെയും ജീവിതത്തിന്‍റെയും ഭാഗമായി തീരുന്നവരുടെ ജീവനെടുക്കുന്ന മനുഷ്യമനസ്സിന്‍റെ മുന്നിൽ നമ്മുടെ അനുദിന ജീവിതത്തെ പോലും മരണ ഭയവുമായി സമീപിക്കേണ്ടി വരുന്ന ദുരന്ത ഭൂമിയിലാണ് നാം കഴിയുന്നതെന്ന് നമുക്ക് മറക്കാതിരിക്കാം. സ്നേഹിച്ചും, പങ്കുവച്ചും, ആഘോഷിച്ചും, ജീവിച്ചും കൊതിതീരാത്ത ആയുസ്സിൽ എത്രയോ പേർ പൊലിഞ്ഞു പോകുന്നു. ചാറ്റൽ മഴ പോലെ, പേമാരി പോലെ, കന്മഴ പോലെ ജീവിതത്തെ മൃദുവായൊ, കഠിനമായോ തലോടി നമ്മെ അറിയിക്കാതെ മരണം നമ്മെ സ്വന്തമാക്കുന്നു.

മരണം ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നു. ശബ്ദരേഖ

വിശ്വാസം: സമസ്യയായിരിക്കുന്ന മരണത്തിന്‍റെ ഉത്തരം

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ഓരോരുത്തരെയും വ്യത്യസ്ഥമായി സൃഷ്ട്ടിച്ചു. ആ വ്യത്യസ്ഥതയെയാണ് നാം അനന്യത എന്ന് വിളിക്കുന്നത്. ഈ അനന്യത ഭൂമിയിൽ ജീവിക്കുന്ന ഓരോ വ്യക്തിയിലും വ്യത്യസ്ഥതകൾ സൃഷ്ടിക്കുന്നു. ഭൂമിയിൽ ചിലർ സമ്പന്നരും മറ്റു ചിലർ ദരിദ്രരായി ജീവിക്കുന്നു. ചിലർ ആരോഗ്യവാന്മാരായി ജീവിക്കുമ്പോൾ മറ്റു ചിലർ അംഗ വൈകല്യമുള്ളവരായോ ജീവിക്കുന്നു. എന്നാൽ മരണം എന്ന സത്യത്തിൽ എല്ലാവരും ഒരേ പോലെയായിത്തീരുന്നു. അനന്യതകളില്ലാതെ ഒന്ന് ചേരുന്നു. എല്ലാവരും മരണത്തെ അഭിമുഖികരിക്കുന്നു.

മനുഷ്യൻ ജിജ്ഞാസയുള്ളവനാണ്. എല്ലാറ്റിനെയും അനുഭവിച്ചറിയാനുള്ള വാസന അവനിലുണ്ട്. എല്ലാം തൊട്ടറിഞ്ഞു പരിശോധിച്ച്, അതിൽ നിന്നും ലഭിക്കുന്ന അറിവിൽ നിന്നും അവൻ അനുഭവങ്ങൾ സ്വന്തമാക്കുന്നു. എന്നാൽ മരണത്തെ മാത്രം മനുഷ്യന് തൊട്ടറിഞ്ഞ് അറിവ് നേടിയതിനു ശേഷം അനുഭവിക്കാൻ കഴിയുന്നില്ല. മനുഷ്യന്‍റെ എല്ലാ കണ്ടുപിടുത്തങ്ങളുടെയും ശാസ്ത്രങ്ങളുടെയും മുന്നിൽ മരണം സമസ്യയായി നില്‍ക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുന്ന മനുഷ്യന്‍റെ മുന്നിൽ മനുഷ്യന്‍റെ അറിവ് കൊണ്ടോ അനുഭവം കൊണ്ടോ ശാസ്ത്രം കൊണ്ടോ സാങ്കേതികത കൊണ്ടോ ഉത്തരം കണ്ടെത്താൻ കഴിയുന്നില്ല. എന്നാൽ മരണത്തിനു ഉത്തരം നൽകുവാൻ വിശ്വാസത്തിനു കഴിയും. വിശ്വാസത്തിലൂടെ നമുക്ക് ദൈവത്തെ കാണാമെന്ന പ്രത്യാശ ലഭിക്കുന്നു. അതിനുള്ള ക്ഷണമാണ് നവംബര്‍ മാസത്തില്‍ സഭ നമുക്ക് നൽകുന്നത്.

വിശുദ്ധര്‍: മരണത്തെ സ്വപ്നം കാണുന്നു

മരണത്തെ സ്നേഹിച്ച് സ്വപ്നം കാണുന്നവരുണ്ട്. ആർക്കാണ് സത്യത്തിൽ മരണത്തെ സ്വപ്നം കാണാനാവുക. ദൈവത്തെ സ്നേഹിക്കുന്നവർക്ക് അത് സാധിക്കുന്നു. ദൈവത്തിന്‍റെ നന്മയുള്ള ഹൃദയത്തെ തൊട്ടറിയുവാൻ ഈ ഭൂമിയിൽ ഭാഗ്യം ലഭിച്ചവർക്ക് മരണം സുന്ദരമായ സ്വപ്നമായിരിക്കും. ദൈവത്തോടുള്ള ഇവരുടെ പ്രേമം മരണത്തെ പോലെ ശക്തമായിരുക്കും. സ്നേഹിച്ച് സ്നേഹിച്ച് ജീവിച്ചു മരിച്ച വിശുദ്ധ കൊച്ചു ത്രേസ്യാ, മരണത്തെ സഹോദരിയെന്ന്‌ വിളിച്ച അസ്സീസിയിലെ ഫ്രാൻസിസ്, എന്‍റെ മണവാളനായ ക്രിസ്തുവിന്‍റെ അടുത്തേക്ക് പോകുന്നു എന്ന് പറഞ്ഞു ബൈ മമ്മാ... ബൈ ബികോസ് അയാം വെരി ഹാപ്പി എന്ന് കണ്ണടച്ച് മിയാരാലൂസ്. ഇങ്ങനെ അനേകം പേർ സ്വർഗ്ഗത്തെ മുന്നിൽ കണ്ട് മരണത്തെ സ്വപ്നം കാണുന്നു.

ദൈവ സ്വപ്നത്തിന്‍റെ പൂവണിയലായിരുന്നു കാൽവരിയിലെ മരണം. അത് കൊണ്ടാണല്ലോ ക്രിസ്തു പറഞ്ഞത് എല്ലാം പൂർത്തിയായിരിക്കുന്നു. ദൈവീക സ്വപ്നങ്ങൾക്ക് ജീവിതകാലം മുഴുവനും കാവലിരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാവ് എത്ര സ്വാതന്ത്രമായാണ് ഈ ഭൂമിയെ വിട്ടു പോകുന്നതെന്ന് വിശുദ്ധാത്മാക്കളുടെ മരണം നമ്മെ ഓർമ്മിപ്പിക്കുന്നു. ക്രിസ്തു മരണത്തെ വിളിക്കുന്നത് നിദ്രയെന്നാണ്. വിശുദ്ധ പൗലോസ് മരണത്തെ നേട്ടമെന്ന് വിളിക്കുന്നു. മരണം നേട്ടമാകണമെങ്കിൽ ക്രിസ്തു നമ്മുടെ ജീവിതത്തിന്‍റെ എല്ലാ  യാഥാർത്ഥ്യങ്ങളിലും അർത്ഥമാകണം.

നമ്മെ കാത്ത് ഒരു കല്ലറ കല്ലേറ് ദൂരത്തിൽ...

ദൈവം തന്‍റെ വിരൽത്തുമ്പിന്‍റെ സ്പര്‍ശനം നൽകുമ്പോൾ അവന്‍റ കരം മുറുകെ പിടിക്കുവാൻ ധൈര്യം കാണിക്കണം. എന്നാൽ ഇന്ന് ഈ ഭൂമിക്കു അവന്‍റെ സ്പർശം  അന്യമായിക്കൊണ്ടിരിക്കുന്നു. ലക്ഷ്യം മറന്നു കൊണ്ടുള്ള ഓട്ടത്തിൽ ട്രാക്ക് തെറ്റി നാം ഓടുന്നു എന്ന് തിരിച്ചറിയുമ്പോൾ ഒരുപക്ഷെ മരണമെന്ന ചങ്ങാതി നമ്മെ സ്വന്തമാക്കിയിരിക്കും. ആരുടേയും മരണത്തെ നല്ലതെന്നോ മോശമായതെന്നോ അപഗ്രഥിക്കാൻ നമുക്ക് കഴിയുകയില്ല. നമുക്ക് നമ്മുടെ മരണത്തെ കുറിച്ച് ചിന്തിക്കാം. അനേകം വാക്കുകളുരുവിട്ട നാവിൽ ‘ദൈവമേ’ എന്ന് വിളിച്ചു മരിക്കാൻ നമ്മുടെ അന്ത്യനിമിഷത്തെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കാം. നമ്മുടെ പ്രീയപ്പെട്ടവരുടെ കല്ലറയുടെ മുന്നിൽ തിരിതെളിച്ച് പൂക്കളർപ്പിച്ച് പ്രാർത്ഥിക്കുമ്പോൾ ഓർക്കണം നമ്മെയും കാത്ത് ഒരു കല്ലറ കല്ലേറ് ദൂരത്തിൽ ഒരുങ്ങിയിരിക്കുന്നു. ഇന്ന് നാം ജീവനോടെ ചവിട്ടി നിൽകൂന്ന ഭൂമിയിൽ നാളെ നാം നിശ്ചലരായി കിടന്നുറങ്ങും.

ജീവിതത്തെ കുറച്ചു കൂടി നന്മയാക്കി കൊണ്ടും ഈ ഭൂമിയിൽ അനാഥരായി ജീവിക്കാൻ നാം വിട്ടു കൊടുത്ത സഹോദരങ്ങളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിച്ച് കൊണ്ടും സ്വർഗ്ഗീയ ജെറുസലേമിനെ ലക്ഷ്യം വെച്ച്  യാത്ര തുടരാൻ നമ്മെ ദൈവം അനുഗ്രഹിക്കട്ടെ. ശുഭയാത്ര!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2019, 15:38