2019.11.29 I Domenica Avvento – Anno 2019.11.29 I Domenica Avvento – Anno 

നമ്മിലേയ്ക്കു വരുന്ന ദൈവം : ആഗമനകാലം ആദ്യവാരം

സുവിശേഷവിചിന്തനം. വിശുദ്ധ മത്തായി 24, 37-44. വചനപ്രഭാഷണം ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആഗമനകാലം വാരം ഒന്ന് - വചനധ്യാനം

1. ആരാധനക്രമവത്സരത്തിന്‍റെ ആരംഭം
ഇതാ, വീണ്ടും ആഗമനകാലം...!  മറ്റൊരു ക്രിസ്തുമസ്സ് ആസന്നമാകുന്നു....! ആഗമനകാലം ആദ്യവാരത്തിലെ ഞായറാഴ്ചയോടെ നാം പുതിയൊരു ആരാധനക്രമവത്സരം ആരംഭിക്കുകയാണ്. ദൈവരാജ്യത്തിന്‍റെ നിറവിലേയ്ക്ക് ചരിത്രത്തില്‍ നമ്മെ നയിക്കുന്ന നല്ലിടയനായ ക്രിസ്തുവിന്‍റെകൂടെയുള്ള അജഗണത്തിന്‍റെ ആത്മീയ തീര്‍ത്ഥാടനമാണ് ആഗോളസഭയില്‍ ആരംഭിക്കുന്നത്. അതിനാല്‍ ഈ ദിനങ്ങള്‍ക്ക് പ്രത്യേക ചാതുരിയും ചരിത്രത്തിന്‍റെ ആഴമായ സ്പന്ദനവുമുണ്ട്. മനുഷ്യകുലം മുഴുവനും - ജനതകളും, സംസ്കാരങ്ങളും, രാജ്യങ്ങളും സഭയോടുചേര്‍ന്ന് നവമായൊരു പാന്ഥാവിലൂടെ തങ്ങളുടെ വിളിയും ജീവിതദൗത്യവും പുനരാവിഷ്ക്കരിക്കുന്ന ആത്മീയ യാത്രയുടെ സവിശേഷ ഘട്ടവും പ്രാര്‍ത്ഥനയുടെ ദിനങ്ങളുമാണിത് - ആഗമനകാലം!

2. ദൈവിക സാമീപ്യത്തിന്‍റെ 3 തലങ്ങള്‍
ദൈവം മനുഷ്യകുലത്തെ സന്ദര്‍ശിക്കുന്നുവെന്ന സദ്വാര്‍ത്തയാണ് ഇന്നത്തെ വചനത്തിന്‍റെ കേന്ദ്രം. വചനാനുസൃതം മൂന്നു തരത്തിലാണ് അവിടുത്തെ സന്ദര്‍ശനം, ആഗമനം. (1) ആദ്യസന്ദര്‍ശം അവിടുത്തെ മനുഷ്യാവതാരം തന്നെയാണ്. ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ദൈവം മനുഷ്യനായ് പിറന്ന സംഭവമാണിത്. (2) രണ്ടാമത്തെ സന്ദര്‍ശനം - നമ്മുടെ ജീവിതത്തിന്‍റെ വളരെ സാധാരണ സംഭവങ്ങളിലേയ്ക്ക് ദൈവം കടന്നുവരുന്നതാണ്, പലപ്പോഴും നാം അറിയാതെ! അവിടുന്നു നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. ജീവിതങ്ങള്‍ മാറ്റി മറിക്കുന്നു. മനുഷ്യജീവിതത്തിലെ ദൈവത്തിന്‍റെ സാന്ത്വന സാമീപ്യമാണിത്. (3) ഇനി മൂന്നാമത്തേത്, ജീവിക്കുന്നവരുടെയും മരണമടഞ്ഞവരുടെയും വിധിയാളനായി അവിടുന്നു മഹത്വത്തോടെ വീണ്ടും വരും, എന്ന് വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുപറയുന്ന സത്യമാണ്. ആ നാളേതെന്ന് നമുക്കു നിശ്ചയമില്ല. അതു നമ്മുടെ ഓരോരുത്തരുടേയും ജീവിതാന്ത്യമാകാം, ഒരു യുഗാന്ത്യമാകാം. അതിനാല്‍ കരുതലോടെ ജീവിക്കാം! ജാഗ്രതയുള്ളവരായിരിക്കണമെന്ന് സുവിശേഷം താക്കീതു നല്കുന്നു.

3. ജീവിതത്തിന്‍റെ സാധാരണതകളിലേയ്ക്ക്
കടന്നുവരുന്ന ദൈവം

ജീവിതത്തിലെ വളരെ സാധാരണ സംഭവങ്ങളെയും അതിലേയ്ക്ക് ആകസ്മികമായി കടന്നുവരുന്ന ദൈവിക സാന്നിദ്ധ്യവും തമ്മിലുള്ള വൈരുദ്ധ്യമെന്നു തോന്നിയേക്കാവുന്ന സംഭവങ്ങളാണ് ഇന്നത്തെ സുവിശേഷം ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്തു പറയുന്നത് ഇപ്രകാരമാണ്, “നോഹ പേടകത്തില്‍ പ്രവേശിച്ച ദിവസംവരെ, അവര്‍ തിന്നും കുടിച്ചും, വിവാഹം കഴിച്ചും കഴിപ്പിച്ചും ജീവിച്ചു. ജലപ്രളയം വന്ന് സംഹരിക്കുംവരെ അവര്‍ അറിഞ്ഞില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍റെ ആഗമനവും” (മത്തായി 24, 28-29). ഒരു ദുരന്തത്തിനു മുന്‍പുള്ള വിനാഴികയെക്കുറിച്ചു നാം ചിന്തിക്കുകയാണെങ്കില്‍, തലകീഴായി മറിയുന്നതിനു മുന്‍പ് പൊതുവെ അന്തരീക്ഷം പ്രശാന്തമാണ്. എല്ലാം വളരെ സാധാരണഗതിയില്‍ മുന്നോട്ടു പോകുന്നു.

4. നമ്മിലേയ്ക്കു വരുന്ന ദൈവം
സുവിശേഷം നമ്മെ ഭീതിപ്പെടുത്തുകയല്ല, സാധാരണ ജീവിത ചുറ്റുപാടുകളില്‍നിന്നും, അനുദിനജീവിത വ്യഗ്രതകളുടെ മേഖലകളില്‍നിന്നും ഏറെ വ്യത്യസ്തമായൊരു ചക്രവാളത്തിലേയ്ക്ക് മനസ്സു തുറക്കാനുള്ള ആഹ്വാനംനല്കുകയാണ്. അത് അനുദിന കാഴ്ചപ്പാടുകളെ നവീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യാനുള്ള ആഹ്വാനമാണ്. നമ്മിലേയ്ക്കു വരുന്ന രക്ഷകനായ ക്രിസ്തുവുമായുള്ള ബന്ധവും അവിടുത്തെ സാന്നിദ്ധ്യസ്പര്‍ശവും തീര്‍ച്ചയായും ജീവിതകാഴ്ചപ്പാടുകളെയും നമ്മുടെ ജീവിത മേഖലകളെയും മെച്ചപ്പെടുത്തും, മാത്രമല്ല അവയെ ഏറെ വിലപ്പെട്ടതും നിര്‍ണ്ണായകവുമാക്കി മാറ്റുകയുംചെയ്യും. ദൈവമനുഷ്യനായ ക്രിസ്തു നമ്മുടെ ജീവിതത്തിന്‍റെ ഓരോ നീക്കങ്ങള്‍ക്കും വ്യത്യസ്തമായ പ്രകാശവും, അന്തസ്സത്തയും, പ്രതീകാത്മകമായ മൂല്യവും പകര്‍ന്നുതരുന്നുണ്ട്.

5. ജാഗരൂകരായിരിക്കുവിന്‍!
ജീവിതത്തില്‍ ഭൗമികത കീഴ്പ്പെടുത്താത്തതും, എന്നാല്‍ അവയെ നാം ഉപയോഗിക്കുകയും കൈകാര്യംചെയ്യുന്നതുമായ ഒരു “മിതശൈലി”ക്കായുള്ള (sobriety) ക്ഷണമാണ്, ക്രിസ്തു സുവിശേഷത്തിലൂടെ ഈ ആഗമനകാലത്തിന്‍റെ ആരംഭത്തില്‍ നമ്മോടു പ്രബോധിപ്പിക്കുന്നത്. ഇതൊരു നവമായ കാഴ്ചപ്പാടാണ്. കാരണം അന്ത്യനാളില്‍ ദൈവവുമായുള്ള നമ്മുടെ കൂടിക്കാഴ്ച വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനാല്‍ നമ്മുടെ അനുദിന ജീവിതക്രമങ്ങള്‍ അഭൗമമായ ദൈവിക ചക്രവാളത്തിന്‍റെ വീക്ഷണത്തിലായിരിക്കണമെന്ന് ഈ പുണ്യകാലത്തിന്‍റെ ആരംഭത്തില്‍ വചനം നമ്മെ അനുസ്മരിപ്പിക്കുന്നു.

അന്ത്യനാളിലെ ആ കൂടിക്കാഴ്ചയിലേയ്ക്ക് സുവിശേഷം പ്രായോഗികമായി നമ്മെ നയിക്കുന്നത് രണ്ടു ചെറിയ ഉപമകളിലൂടെയാണ്. “രണ്ടു പേര്‍ വയലിലായിരിക്കും. ഒരാള്‍ എടുക്കപ്പെടും മറ്റെയാള്‍ അവശേഷിക്കും. രണ്ടു സ്ത്രീകള്‍ തിരികല്ലില്‍ ‍പൊടിച്ചുകൊണ്ടിരിക്കും. ഒരാള്‍ എടുക്കപ്പെടും, മറ്റവള്‍ അവശേഷിക്കും” (40-41). രണ്ടു സംഭവങ്ങളും സദാ ജാഗരൂകരായിരിക്കുവാനുള്ള ക്രിസ്തുവിന്‍റെ വലിയ ക്ഷണമാണ്. കാരണം അവിടുന്ന് എപ്പോഴാണു വരികയെന്നും, എപ്പോഴാണു നമ്മെ വിളിക്കുകയെന്നും അറിയില്ല. വിളിക്കുന്ന ദൈവത്തിന്‍റെകൂടെ പോകുവാനും, അവിടുത്തെ സന്നിധി പൂകുവാനും നാം എപ്പോഴും തയ്യാറായിരിക്കണമെന്ന് വചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു.

6. ബെതലഹേമിലെ ദൈവത്തിങ്കലേയ്ക്ക് ഒരു യാത്ര
എന്നും എന്തും സംഭവിക്കുന്ന നമ്മുടെ ജീവിതത്തിന്‍റെ നവീനതകളെ വിശ്വാസത്തിന്‍റെ ഹൃദയചക്രവാളത്തില്‍ വ്യത്യസ്തമായി കാണാന്‍ ഈ ആഗമനകാലം നമ്മെ സഹായിക്കേണ്ടതാണ്. ദൈവം എപ്പോഴാണു വരിക, എപ്പോഴാണു നമ്മെ വിളിക്കുക
എന്നു കൃത്യമായി ആര്‍ക്കും അറിവില്ലാത്തതിനാല്‍, നമ്മുടെ സുനിശ്ചിതത്ത്വങ്ങളില്‍ ആശ്രിയിക്കാതെയും, സ്ഥിരം തന്ത്രങ്ങളില്‍ കടിച്ചുതൂങ്ങിക്കിടക്കാതെയും ആഗതനാകുന്ന ദൈവത്തിങ്കലേയ്ക്കു തിരിയാന്‍ നാം തുറവുള്ളവരാകണം. കാരണം അവിടുന്നു വരുന്നത്
ഏറെ മനോഹരവും, വിസ്തൃതവുമായ തലങ്ങളിലേയ്ക്ക് നമ്മെ ഉയര്‍ത്തുവാനും വളര്‍ത്തുവാനുമാണെന്ന് മനസ്സിലാക്കണം.

7. ആഗതനാകുന്ന സമാധാന രാജാവ്
ഈ യാത്ര എങ്ങോട്ടാണെന്നും, ലക്ഷൃം എന്താണെന്നും ഏശയാ പ്രവാചകന്‍വഴി ദൈവം പറഞ്ഞുതരുന്നുണ്ട്. “ജനതകളുടെ മദ്ധ്യത്തില്‍ അവിടുന്ന് വിധികര്‍ത്താവായിരിക്കും. ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവിടുന്ന് അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും, അവരുടെ കുന്തം വാക്കത്തിയും ആയി കര്‍ത്താവ് അടിച്ചു പരത്തി, രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരെ പിന്നെ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയുമില്ല” (ഏശയ്യ 2, 4). പാപ്പാ ഫ്രാന്‍സിസ് നവംബര്‍ 25-ന് ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും ആവര്‍ത്തിച്ചത് സമാധാനത്തിനുള്ള ഈ പ്രവാചകശബ്ദം തന്നെയാണ്. വാളും, പരിചയും, കുന്തവും, ആണവായുധങ്ങളുമെല്ലാം ഇല്ലാതാക്കപ്പെടണം. ഇനി യുദ്ധമുണ്ടാവരുത്! എന്നാല്‍ എന്നാണ് ഇത് സംഭവിക്കുക? നമ്മുടെ ആയുധങ്ങള്‍ അടിയറവച്ച്, നിരായുധീകരണം യാഥാര്‍ത്ഥ്യമാക്കുന്ന ദിനങ്ങള്‍ എത്ര സന്ദരമായിരിക്കും! ഇതു സാധ്യമാണ്. നാം പ്രത്യാശ കൈവെടിയരുത്. സമാധാനത്തിനായി പ്രത്യാശയോടെ നാം മുന്നേറണം.

8. പ്രത്യാശയുടെ ചക്രവാളങ്ങള്‍
ആത്മീയതയുടെ ചക്രവാളങ്ങളിലേയ്ക്കുള്ള യാത്ര ഒരിക്കലും അവസാനിക്കാത്തതാണ്. അതിനാല്‍ നാം ഓരോരുത്തരും ജീവിതത്തില്‍ നമ്മുടെ അസ്തിത്വത്തിന്‍റെ ലക്ഷൃങ്ങള്‍ രൂപപ്പെടുത്തുകയും, പങ്കുവയ്ക്കുകയും നേടേണ്ടിയുമിരിക്കുന്നു. മാത്രമല്ല ഈ ചക്രവാളത്തിനായുള്ള മനുഷ്യകുലത്തിന്‍റെ തിരച്ചില്‍ കാലക്രമത്തില്‍ നവീകരിക്കേണ്ടിയുമിരിക്കുന്നു. നാം നടക്കുന്നത് പ്രത്യാശയുടെ വഴികളിലാണ്. ഇന്നാരംഭിക്കുന്ന ആഗമനകാലം നമ്മെ നയിക്കുന്നത് പ്രത്യാശയുടെ ആത്മീയ തലത്തിലേയ്ക്കാണ്. നമ്മെ ഒരിക്കലും ഭഗ്നാശരാക്കാത്ത ദൈവികതയുടെയും ദൈവവചനത്തിന്‍റെയും അനശ്വര ചക്രവാളത്തിലേയ്ക്കാണ് ആഗമനകാലം നമ്മെ വിളിക്കുന്നത്. വിളിക്കുന്നവന്‍ വിശ്വസ്തനാണ്. നമ്മെ അവിടുന്ന് നിരാശരാക്കുന്നില്ല, എന്ന സത്യം മനോഹരവുമാണ്. സജീവമായ കാത്തിരിപ്പിന്‍റെയും ജാഗ്രതയുടെയും നാളുകളാവട്ടെ ഇനിയുള്ളത്. എന്‍റെ ജീവിതമാകുന്ന ചെറുകുടിലിന്‍റെ വാതില്‍ തുറന്നു ക്രിസ്തു വരും,
എന്നെ ദൃഢപ്പെടുത്തും, എന്നില്‍ ആനന്ദം പകരും, എന്നെ നവീകരിക്കും എന്ന പ്രത്യാശയില്‍...!!

ഗാനമാലപിച്ചത് കെ. എസ്. ചിത്ര,   രചന ചിറ്റൂര്‍ ഗോപി,   സംഗീതം റെക്സ് ഐസക്സ്

ആഗമനകാലം ഒന്നാംവാരം ഞായറാഴ്ച സുവിശേഷവിചിന്തനം. പങ്കുവച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 November 2019, 14:13