The Old City Jerusalem on the celebration of the Jewish day of attonement -  Yom kippur The Old City Jerusalem on the celebration of the Jewish day of attonement - Yom kippur 

ആത്മീയ വിമോചനത്തിന്‍റെ സദ്വാര്‍ത്താഗീതം

ഒരു വിലാപഗീതം സങ്കീര്‍ത്തനം 85-ന്‍റെ പഠനം – രണ്ടാം ഭാഗം – വരികളുടെ വ്യാഖ്യാനം ‍(ശബ്ദരേഖയോടെ...)

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 85-ന്‍റെ പഠനം – രണ്ടാം ഭാഗം

 

1. ഒരു സമൂഹത്തിന്‍റെ വിലാപഗീതം
ഒരു വിലാപഗീതത്തിന്‍റെ പഠനം രണ്ടാം ഭാഗത്തേയ്ക്കു നാം കടക്കുകയാണ്. സങ്കീര്‍ത്തനം 85-നെ ഒരു വിലാപഗീതമെന്നു വിശേഷിപ്പിക്കുമ്പോള്‍ അതൊരു സമൂഹത്തിന്‍റെ വിലാപഗീതമാണ് എന്ന പ്രത്യേകതയുമുണ്ടെന്ന കാര്യം ആമുഖ പഠനത്തില്‍ കണ്ടതാണ്. 13 വരികളുള്ള സങ്കീര്‍ത്തനത്തിന്‍റെ ഘടനയും പദങ്ങളും നാം കഴിഞ്ഞ ആഴ്ചയില്‍ പരിശോധിച്ചു. ഇന്നു നാം പദങ്ങളുടെ വ്യാഖ്യാനത്തിലേയ്ക്ക് കടക്കുകയാണ്. വരികളുടെ ഉള്ളടക്കത്തിന്‍റെ ഇണക്കമനുസരിച്ച് ആകെയുള്ള പദങ്ങളെ ചെറിയ മൂന്നു ഗണങ്ങളായി മനസ്സിലാക്കാന്‍ ശ്രമിക്കാം.
സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.
Musical Version of Psalm 85.
സങ്കീര്‍ത്തനം 85 – കരുണ തേടുന്ന വിലാപഗീതം
പ്രഭണിതം
കരുണകാട്ടേണമേ നാഥാ,
കരുണ കാട്ടേണമേ! (2)

2. ജനത്തോടു കരുണ കാട്ടിയ ദൈവം
ആദ്യത്തെ മൂന്നു വരികള്‍ നമുക്ക് ഒരു ഗണമായി പഠിച്ചുകൊണ്ട് ആരംഭിക്കാം. കര്‍ത്താവു തന്‍റെ ജനത്തോടു കരുണ കാണിക്കുന്നതും, അവരുടെ നാട് അവിടുന്നു അവര്‍ക്ക് തിരികെ നല്കുന്നതുമാണ് സാഹചര്യം. ജനത്തെ കര്‍ത്താവ് ഈജിപ്തില്‍നിന്നും മോചിപ്പിച്ചതുപോലെ, ബാബിലോണ്‍ വിപ്രവാസത്തില്‍നിന്നും അവിടുന്ന് അവരെ മോചിപ്പിച്ച് വീണ്ടും ജരൂസലേത്ത്, കര്‍ത്താവിന്‍റെ ആലയത്തോടു ചേര്‍ന്ന് അവരെ പുനര്‍സ്ഥാപിച്ചതായി ആദ്യത്തെ മൂന്നു പദങ്ങള്‍ വിവരിക്കുന്നു :
Recitation : Verses of the Psalm 85, 1-3.
a കര്‍ത്താവേ, ദേശത്തോട് അങ്ങു കരുണ കാണിച്ചു
യാക്കോബിന്‍റെ ഭാഗധേയം അങ്ങു പുനഃസ്ഥാപിച്ചു
b തന്‍റെ ജനത്തിന്‍റെ അകൃത്യം അങ്ങു മറന്നുകളഞ്ഞു
അവരുടെ പാപം അവിടുന്നു ക്ഷമിച്ചു.
c തന്‍റെ ക്രോധമെല്ലാം അവിടുന്നു പിന്‍വലിച്ചു
തീക്ഷ്ണമായ കോപത്തില്‍നിന്ന് അവിടുന്നു പിന്‍വാങ്ങി.
കര്‍ത്താവു തന്‍റെ ജനത്തോടു കരുണ കാട്ടി!

3. സാന്ത്വനം പകരുന്ന അതുല്യനായ ദൈവം
കര്‍ത്താവിന്‍റെ ഓമനയാണ് യാക്കോബ് – ഇസ്രായേല്‍. അതിനാല്‍ കുറവുകള്‍ ക്ഷമിച്ച് അവരെ കര്‍ത്താവ് വിശുദ്ധ ഗിരിയിലേയ്ക്കും, വിശുദ്ധ നഗരത്തിലേയ്ക്കും യാക്കോബിനെ തിരികെ കൊണ്ടുവന്നെന്നാണ് സങ്കീര്‍ത്തകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ പുനരധിവസിപ്പിക്കലില്‍ കര്‍ത്താവിന്‍റെ ക്രിയാത്മകവും കരുണാര്‍ദ്രവുമായ സ്നേഹമാണ് നാം ദര്‍ശിക്കേണ്ടത്. വിപ്രാവസത്തില്‍നിന്നും ജനത്തെ തിരികെക്കൊണ്ടുവന്ന കര്‍ത്താവ് അവരെ സാന്ത്വനപ്പെടുത്തി സംരക്ഷിച്ചുവെന്നും സങ്കീര്‍ത്തകന്‍ രേഖപ്പെടുത്തുന്നുണ്ട്. ദൈവം തന്‍റെ ജനത്തോട് അന്നും ഇന്നും കാണിക്കുന്ന അ‍ചഞ്ചലമായ സ്നേഹമാണ്, അതിനാല്‍ ഈ പദങ്ങള്‍ വെളിപ്പെടുത്തുന്നത്.

4. രക്ഷയുടെ ചരിത്രത്തിലേയ്ക്കു വിരല്‍ചൂണ്ടുന്ന ഗീതം
ഏശയാ പ്രവാചകന്‍ 40-മുതല്‍ 45-വരെ അദ്ധ്യായങ്ങളില്‍ ഇസ്രായേലിന്‍റെ വിമോചനത്തിന്‍റെ കഥ വിവരിക്കുന്നുണ്ട്. ജനത്തിന് ആശ്വാസം നല്കുന്ന അതുല്യനായ ദൈവത്തെയും, ആസന്നമാകുന്ന വിമോചനത്തെയും, ഇസ്രായേലിനെ അല്ലെങ്കില്‍ യാക്കോബിനെ തന്‍റെ പ്രീതിപാത്രമായിട്ടും പ്രവാചകന്‍ ചിത്രീകരിക്കുന്നു. ഏശയ്യാ പറയുന്നത്, സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്ത ദൈവംതന്നെ വഴിതെറ്റിപ്പോയ ജനത്തെ രക്ഷിച്ചിരിക്കുന്നു. എന്നാല്‍ ദൈവം മാത്രമായിരിക്കണം ഇസ്രായേലിന്‍റെ നാഥനെന്ന് നിഷ്ക്കര്‍ഷിക്കുന്നതായി ഏശയാ പ്രവാചകന്‍ 44-Ɔο അദ്ധ്യായത്തില്‍ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് പിന്നെയും തന്‍റെ ജനത്തെ ശത്രുകരങ്ങളില്‍നിന്നു സംരക്ഷിക്കുന്നതിനു കര്‍ത്താവു അവര്‍ക്കും സംരക്ഷകനായി അവതരിക്കുന്ന രക്ഷാകര ചരിത്രത്തിലേയ്ക്കാണ് സങ്കീര്‍ത്തനം 85 ചുരുളഴിയിക്കുന്നത് :
Musical Version of Ps. 85
1 കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നത് ഞാന്‍ കേള്‍ക്കും
അവിടുന്നു തന്‍റെ ജനത്തിന് സമാധാനമരുളും
അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് രക്ഷ സമീപസ്ഥമാണ്
കര്‍ത്താവിന്‍റെ മഹത്വം നമ്മുടെ ദേശത്ത് കുടികൊള്ളും.
- കരുണകാട്ടേണമേ

5. ഒരു വിപ്രവാസ കഥയുടെ അന്ത്യം
ഇനി 4-മുതല്‍ 7-വരെയുള്ള പദങ്ങള്‍ പരിചയപ്പെടാം. തങ്ങളുടെ ബന്ധനത്തിന്‍റെ കാലം അവസാനിച്ചെന്ന് സൈറസ് രാജാവ് ക്രിസ്തുവിനു 538-ലാണ് ഒരു പ്രത്യേക വിളംബരത്തിലൂടെ ജൂദയായിലെ ജനങ്ങളെ അറിയിക്കുന്നതാണ് ഈ ഗാനത്തിന്‍റെ വരികളുടെ പൊരുള്‍. ജൂദയാ ജനത്തിന്‍റെ വിപ്രവാസം അവസാനിച്ചതായിട്ടാണ് പേര്‍ഷ്യന്‍ രാജാവായ സൈറസ് അറിയിച്ചത്.
Recitation :
4 ഞങ്ങളുടെ രക്ഷകനായ ദൈവമേ,
ഞങ്ങളെ പുനരുദ്ധരിക്കണമേ!
ഞങ്ങളോടുള്ള അങ്ങയുടെ രോഷം പരിത്യജിക്കണമേ!
5 അങ്ങ് എന്നേയ്ക്കും ഞങ്ങളോടു കോപിഷ്ഠനായിരിക്കുമോ?
6 ജനം അങ്ങയില്‍
ആനന്ദിക്കേണ്ടതി് ഞങ്ങള്‍ക്കു
നവജീവന്‍ നല്കുകയില്ലയോ?
7 കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍ ചൊരിയേണമേ
ഞങ്ങള്‍ക്കു രക്ഷ പ്രദാനം ചെയ്യേണമേ!

6. രക്ഷയുടെ ശാന്തിയും ഭാവി മഹത്വവും
6. ഏശയായുടെ 56-മുതല്‍ 66-വരെയുള്ള അദ്ധ്യായങ്ങളില്‍ തിരിച്ചു വരവിന്‍റെ യാതനകള്‍ യൂദയാ മനസ്സിലാക്കുന്നുണ്ട്. കര്‍ത്താവിന്‍റെ ആലയത്തിനു ചുറ്റും വസിക്കുന്ന ഇസ്രായേലിന് തിരിച്ചുവരവു നല്കുന്നത് അവാച്യമായ ആനന്ദവും, ആത്മവിശ്വാസവുമാണെന്ന് സങ്കീര്‍ത്തകന്‍ വരികളില്‍ സ്ഥാപിക്കുന്നു. തന്‍റെ ജനത്തിനു കര്‍ത്താവു നല്കുന്ന രക്ഷ, പിന്നെ ആ രക്ഷയുടെ ശാന്തിയും സൗഖ്യവും, അത് ഇസ്രായേലിനു നല്കാന്‍ പോകുന്ന ഭാവി മഹത്വം എന്നിവയെക്കുറിച്ച് പ്രവാചകന്‍ തന്‍റെ ഗ്രന്ഥത്തിന്‍റെ അവസാനഭാഗങ്ങളിലൂടെ ഉദ്ബോധിപ്പിക്കുന്നു. ദൈവം തരുന്ന തന്‍റെ ജനത്തിന്‍റെ വിമോചനത്തെക്കുറിച്ചുള്ള സദ്വാര്‍ത്തയാണ് നാം ഇതില്‍നിന്നും ഉള്‍ക്കൊള്ളേണ്ടത്.

7. ദൈവം തുറക്കുന്ന പുതിയ ആകാശവും ഭുമിയും
എന്നാല്‍ പ്രവാചകന്‍ സൂചിപ്പിക്കുന്നുണ്ട് ദൈവിക ദാനമായ വിമോചനത്തെ തള്ളിക്കളയുകയും, കര്‍ത്താവിന്‍റെ ആജ്ഞകളോടു ധിക്കാരമായി പെരുമാറുകയും ചെയ്യുന്നവരോടു ദൈവം കണക്കുചോദിക്കുമെന്ന് പ്രവാചകന്‍വഴി അവിടുന്നു അരുള്‍ചെയ്യുന്നുണ്ട്. ജനം പഴയതുപോലെ തന്നെ ജീവിക്കുകയും, സ്വാര്‍ത്ഥതയില്‍ മുഴുകുകയും ചെയ്തതാണ് ദൈവകോപത്തിനും പ്രതികാരത്തിനും കാരണമെന്ന് സങ്കീര്‍ത്തന വരികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കര്‍ത്താവു തന്‍റെ ജനത്തിനായി ഒരുക്കുന്ന പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചും ഏശയാ പ്രവാചകന്‍ തന്‍റെ ഗ്രന്ഥത്തിന്‍റെ അന്ത്യത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു (ഏശയ 65, 17). അവസാനമായി കര്‍ത്താവ് തനിക്കായി ഒരു പുതിയ ജനത്തെ സൃഷ്ടിക്കും, രൂപപ്പെടുത്തും (66, 7), ഒരു പുതിയ ആകാശവും പുതിയ ഭൂമിയും വിരിയിക്കും, എന്നു പറയുമ്പോള്‍ ക്രിസ്തുവിലേയ്ക്കു നമ്മെ നയിക്കുന്നതാണ് ഈ സങ്കീര്‍ത്തന വരികള്‍. അങ്ങനെ ക്രിസ്തുവില്‍ പിറവിയെടുത്ത നവഇസ്രായേലാകുന്ന സഭാസമൂഹത്തെയും സങ്കീര്‍ത്തന വരികളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത് സങ്കീര്‍ത്തനം 85-ന്‍റെ പഠനത്തില്‍നിന്നും മനസ്സിലാക്കാം.
Musical Version : Psalm 85
2. കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കും
നീതിയും സമാധാനവും പരസ്പരം ചുംബിക്കും
ഭൂമിയില്‍ വിശ്വസ്ത മുളയെടുക്കും
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.
- കരുണകാട്ടേണമേ

8. ആസന്നമാകുന്ന രക്ഷയുടെ വാഗ്ദാനങ്ങള്‍
8-മുതല്‍ 9-വരെയുള്ള വരികള്‍ നമുക്കു പരിശോധിക്കാം. ജനത്തോടു സങ്കീര്‍ത്തകന്‍ പറയുന്നത് അവര്‍ തെറ്റായ ദിശയിലേയ്ക്കു സഞ്ചരിക്കുന്നുവെന്നാണ്. കാരണം അവര്‍ ശ്രവിച്ചത് തെറ്റായ വാര്‍ത്തയാണ്. മനുഷ്യന്‍ അവന്‍റെ വിടുവാ തുറക്കുന്നതിനുമുന്‍പ് ദൈവികസ്വരം ശ്രവിക്കണമെന്നാണ് സങ്കീര്‍ത്തകന്‍ ഉദ്ബോധിപ്പിക്കുന്നത്.
Recitation :
8 കര്‍ത്താവായ ദൈവം അരുള്‍ച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും
അവിടുന്നു തന്‍റെ ജനത്തിനും സമാധാനം അരുളും,
ഹൃദയപൂര്‍വ്വം തന്നിലേയ്ക്കു തിരിയുന്ന
തന്‍റെ വിശുദ്ധര്‍ക്കും
9 അവിടുത്തെ ഭയപ്പെടുന്നവര്‍ക്കും രക്ഷ സമീപസ്ഥമാണ്
മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.

9. എന്നും നവീകരിക്കപ്പെടേണ്ട ജീവിതങ്ങള്‍
വിപ്രവാസത്തില്‍നിന്നും തിരിച്ചെത്തിയ ഉടമ്പടിയുടെ ജനത്തോടു കര്‍ത്താവു വീണ്ടും അവിടുത്തെ ക്ഷമയും കാരുണ്യവുമാണ് വാഗ്ദാനംചെയ്യുന്നത്. ദൈവത്തിന്‍റെ രാജ്യം സാമൂഹ്യ സാമ്പത്തിക ഭദ്രതയുടേതല്ല, ഐഹികവുമല്ലെന്ന് സങ്കീര്‍ത്തകന്‍ വ്യക്തമാക്കുന്നു. അവിടുത്തെ രാജ്യം ശാന്തിയുടെയും സമാധാനത്തിന്‍റേതും ജീവിത സമഗ്രതയുടേതുമാണ്. അത് ദേശത്തിന്‍റെയും ജനത്തിന്‍റെയും സാമ്പത്തിക പുരോഗതിയെ അതിലംഘിക്കുന്നതാണ്. തന്നെ ഭയപ്പെടുകയും തന്നെ ആരാധിക്കുകയും ചെയ്യുന്നവര്‍ക്കുള്ള രക്ഷാകരമായ സ്നേഹത്തിന്‍റെ പ്രതീകമാണ് അവിടുത്തെ രാജ്യം. അതിനാല്‍ വിപ്രവാസത്തില്‍നിന്നും തിരിച്ചെത്തിയ ജനങ്ങളെപ്പോലെ തകര്‍ന്നതും, മോശമായതും അധഃപതിച്ചതും - നവീകരിക്കുവാനും നവോത്ഥരിക്കുവാനും തയ്യാറാവണമെന്നാണ് സങ്കീര്‍ത്തന വരികള്‍ അനുസ്മരിപ്പിക്കുന്നത്. ഇസ്രായേല്‍ മാത്രമല്ല, സമകാലീന ലോകവും ഈ നവീകരണത്തിന്‍റെ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ ദൈവം ആഗ്രഹിക്കുന്നുണ്ട്. ജനത്തിന്‍റെ ശാരീരികമായ തിരിച്ചുവരവിനോടൊപ്പം അവരുടെ ആത്മീയമായ നവോത്ഥാനവും ദൈവം ആഗ്രഹിക്കുന്നു. മനുഷ്യജീവിതങ്ങള്‍ നവീകരിക്കപ്പെടുന്നത് അവ ആത്മീയമായി സമുദ്ധരിക്കപ്പെടുമ്പോഴാണ്.

Musical Version of Psalm 85.

C അവിടുത്തെ മുന്‍പേ നടന്ന് വഴിയൊരുക്കും
നമ്മുടെ ദേശം സമൃദ്ധമായ് വിളനല്കും
നീതി അവിടുത്തെ മുന്‍പെ നടന്ന് വഴിയൊരുക്കും
കര്‍ത്താവിന്‍റെ നന്മ നമ്മുടെ ദേശത്ത് കുടികൊള്ളും.
- കരുണകാട്ടേണമേ

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണിത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 October 2019, 14:45