Palastinians pray outside the Jerusalem temple wall Palastinians pray outside the Jerusalem temple wall 

ഒരു വിലാപ സങ്കീര്‍ത്തനത്തിന്‍റെ പഠനം

വചനവീഥി – ദേശത്തിന്‍റെ ദുഃഖത്തിലും ദുരിതത്തിലും മനുഷ്യര്‍ ദൈവത്തോടു സമൂഹമായി സഹായം യാചിക്കുന്ന സങ്കീര്‍ത്തനം.
സങ്കീര്‍ത്തനം 85-ന്‍റെ പഠനം ആദ്യഭാഗം - ശബ്ദരേഖ

1. വിലാപഗീതങ്ങള്‍ രണ്ടുതരം
സങ്കീര്‍ത്തന ശേഖരത്തിലെ പ്രധാനപ്പെട്ട ഗീതങ്ങളാണ് വിലാപഗീതങ്ങള്‍. അവ രണ്ടു തരമുണ്ട്. വ്യക്തിയുടെ വിലാപഗീതവും സമൂഹത്തിന്‍റെ വിലാപഗീതവും. വ്യക്തിയുടെ വിലാപഗീതങ്ങള്‍ ഒരു വ്യക്തി ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതും, സഹായത്തിനായി കേഴുന്നതുമായ ഗീതങ്ങളാണ്. ദൈവികനന്മകള്‍ വ്യക്തിപരമായ വിലാപഗീതത്തില്‍ അനുസ്മരിക്കുമെങ്കിലും, പരമമായ ലക്ഷ്യം തന്‍റെ യാതനകളും വേദനകളും ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയാണ്. നാം പഠനവിഷയമാക്കിയിരിക്കുന്ന 85-Ɔο സങ്കീര്‍ത്തനം ഒരു സമൂഹത്തിന്‍റെ വിലാപ സങ്കീര്‍ത്തനമാണ്. ദേശത്തിന്‍റെ ദുഃഖത്തിലും ദുരിതത്തിലും മനുഷ്യര്‍ ദൈവത്തോടു സമൂഹമായി സഹായം യാചിക്കുന്നതാണ് സാമൂഹ്യവിലാപ സങ്കീര്‍ത്തനങ്ങള്‍. പലപ്പോഴും പ്രാശ്ചിത്താനുഷ്ഠാനങ്ങള്‍ ദൈവസന്നിധിയില്‍ നടത്തുമ്പോഴാണ് സാമൂഹ്യവിലാപഗീതങ്ങള്‍ ആലപിക്കപ്പെടുന്നതെന്ന് പഴയ നിയമഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

2. ജോഷ്യായുടെയും ജനത്തിന്‍റെയും വിലാപം
ഉദാഹരണത്തിന് ജോഷ്യായുടെ ഗ്രന്ഥം 7, 9-8 വരെ വാക്യങ്ങളില്‍നിന്നും നമുക്കു മനസ്സിലാക്കാം ജോര്‍ദ്ദാന്‍ നദിയുടെ ഇക്കരെവച്ച് അമേല്യരുടെ കരങ്ങളില്‍ ഇസ്രായേല്യര്‍ കീഴ്പ്പെടേണ്ടിവരുമെന്നു ഭയന്ന്, ജോഷ്വായും ജനവും കര്‍ത്താവിന്‍റെ മുന്നില്‍ വിലക്കുന്നത് ഒരു സാമൂഹ്യ വിലാപഗീതം ആലപിച്ചുകൊണ്ടാണ്. ദൈവം ഇടപെടുന്നതിനു പ്രേരിപ്പിക്കുന്നതിനുവേണ്ടി ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികളെ സാമൂഹ്യവിലാപ സങ്കീര്‍ത്തനങ്ങളില്‍ പ്രത്യേകം അനുസ്മരിക്കാറുമുണ്ട്. നാം പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനം ഒരു സാമൂഹ്യ വിലാപഗീതത്തിന്‍റെ ഭാവം മനസ്സിലാക്കിക്കൊണ്ട് നമുക്ക് ആരംഭിക്കാം.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.

Musical Version of Psalm 85.
സങ്കീര്‍ത്തനം 85 – കരുണ തേടുന്ന വിലാപഗീതം
പ്രഭണിതം
കരുണകാട്ടേണമേ നാഥാ,
കരുണ കാട്ടേണമേ! (2)

നമുക്ക് ഇനി ഗീതത്തിന്‍റെ വരികള്‍ പരിചയപ്പെടാം. സങ്കീര്‍ത്തനം 85-ന്‍റെ സാഹചര്യം വിപ്രവാസത്തില്‍നിന്നുമുള്ള തിരിച്ചുവരവാണെന്ന് ബൈബിള്‍ നിരൂപകന്മാര്‍ സ്ഥാപിക്കുന്നുണ്ട്. ഗീതത്തിന്‍റെ ആദ്യത്തെ മൂന്നു പദങ്ങള്‍ പരിശോധിച്ചാല്‍ ഈ വിപ്രവാസ പശ്ചാത്തലം നമുക്കു വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

Recitation : Verses of  Psalm 85, 1-3.
a കര്‍ത്താവേ, ദേശത്തോട് അങ്ങു കാരുണ്യം കാണിച്ചു
യാക്കോബിന്‍റെ ഭാഗധേയം അവിടുന്നു പുനഃസ്ഥാപിച്ചു
b തന്‍റെ ജനത്തിന്‍റെ അകൃത്യം അങ്ങു മറന്നുകളഞ്ഞു
അവരുടെ പാപം അവിടുന്നു ക്ഷമിച്ചു.
c തന്‍റെ ക്രോധമെല്ലാം അവിടുന്നു പിന്‍വലിച്ചു
തീക്ഷ്ണമായ കോപത്തില്‍നിന്ന് അവിടുന്നു പിന്‍വാങ്ങി.
കര്‍ത്താവു തന്‍റെ ജനത്തോടു കരുണ കാട്ടി!

3. ബാബിലോണില്‍ ഉയര്‍ന്ന വിലാപഗീതം
ബാബിലോണിയന്‍ രാജാവായ നെബുക്കദനേസ്സറാണ് B.C. 605-ല്‍, അതായത് ക്രിസ്തുവിനു 605-വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇസ്രായേലിലെ യൂദയ ഗോത്രത്തില്‍പ്പെട്ടവരെ എല്ലാം ബന്ധികളാക്കി ബാബിലോണിയയിലേയ്ക്കു കൊണ്ടുപോയി. കാര്‍ക്കെമിഷ് യുദ്ധത്തിലാണ് യൂദയ ഗോത്രക്കാരായ യഹൂദര്‍ വിപ്രവാസികളാക്കപ്പെട്ടത്. എന്നാല്‍ ബി.സി 562-ല്‍ അവര്‍ മോചിതരായപ്പോള്‍ ഇസ്രായേല്‍ കണ്ണീരോടും വിലാപത്തോടുംകൂടെ രക്ഷയുടെ ദിനങ്ങളെ അനുസ്മരിക്കുന്നതാണ് മേല്‍ ശ്രവിച്ച വരികളിലെ ഉള്ളടക്കം.

Musical Version : Psalm 85
സങ്കീര്‍ത്തനം 85 – പ്രഭണിതം
A കരുണകാട്ടേണമേ നാഥാ,
കരുണ കാട്ടേണമേ! (2)

നമുക്ക് ഇനി 4-മുതല്‍ 7-വരെയുള്ള പദങ്ങള്‍ പരിചയപ്പെടാം. ജനങ്ങളുടെ വിപ്രവാസ കാലത്തെ പ്രയാസങ്ങളുടെ വിവരണവും യാചനയുമാണ് നാം ശ്രവിക്കുന്നത്. തങ്ങളുടെ ബന്ധനത്തിന്‍റെ കാലം അവസാനിച്ചെങ്കിലും പിന്നെയും നാട്ടില്‍ ഞെരുക്കങ്ങളുണ്ട്. അതുകൊണ്ട് തങ്ങളെ പുനരുദ്ധരിക്കണമേ, ദൈവമേ... എന്ന് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുകയാണിവിടെ.

Recitation : Psalm 85, 4-7.
d രക്ഷയുടെ ദൈവമേ,
ഞങ്ങളെ പുനരുദ്ധരിക്കണമേ!
ഞങ്ങളോടുള്ള അങ്ങയുടെ രോഷം പരിത്യജിക്കണമേ!
e അങ്ങ് എന്നേയ്ക്കും ഞങ്ങളോടു കോപിഷ്ഠനായിരിക്കുമോ?
f അങ്ങയുടെ ജനം അങ്ങയില്‍
ആനന്ദിക്കേണ്ടതിന് ഞങ്ങള്‍ക്കു
നവജീവന്‍ നല്കുകയില്ലയോ?
g കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍ ചൊരിയേണമേ
ഞങ്ങള്‍ക്കു രക്ഷ പ്രദാനം ചെയ്യേണമേ!

4.  ജീവിതവഴികളില്‍ ഇരുള്‍ മൂടുമ്പോള്‍
വെളിച്ചത്തിനായുള്ള പ്രാര്‍ത്ഥന
വിലാപം ചില ചോദ്യങ്ങളിലേയ്ക്കും തിരിയുകയാണ്. കര്‍ത്താവിലുള്ള സന്തോഷത്തിനുവേണ്ടി സമൂഹം കാത്തിരിക്കുന്നു. ദൈവത്തിന്‍റെ നന്മയ്ക്കും രക്ഷയ്ക്കുംവേണ്ടി അവര്‍ ദാഹിക്കുന്നു. ഏശയ പ്രവാചകന്‍റെ വാക്കുകള്‍ അതു വ്യക്തമാക്കുന്നുമുണ്ട്. “നീതി ഞങ്ങളില്‍നിന്നും വിദൂരത്താണ്, ദൈവമേ! ന്യായം ഞങ്ങള്‍ക്കു ലഭിക്കുന്നില്ല. ഞങ്ങള്‍ പ്രകാശം തേടുന്നു. എന്നാല്‍ എങ്ങും അന്ധകാരമാണ്! ഞങ്ങള്‍ വെളിച്ചം അന്വേഷിക്കുന്നു, എന്നാല്‍ ഞങ്ങളുടെ ജീവിതവഴികളില്‍ നിഴല്‍ മൂടിയിരിക്കുന്നു” (ഏശയ്യ 59, 9).

Musical Version of Psalm 85.
B കര്‍ത്താവായ ദൈവം അരുള്‍ ചെയ്യുന്നത് ഞാന്‍ കേള്‍ക്കും
അവിടുന്നു തന്‍റെ ജനത്തിന് സമാധാനമരുളും
അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് രക്ഷ സമീപസ്ഥമാണ്
കര്‍ത്താവിന്‍റെ മഹത്വം നമ്മുടെ ദേശത്ത് കുടികൊള്ളും.
- കരുണകാട്ടേണമേ

5. ഭൂമിയുടെ വിലാപത്തിനു മറുപടി
– ദൈവത്തിന്‍റെ രക്ഷണീയ സാന്നിദ്ധ്യം

ഇനി ഗീതത്തി‍ന്‍റെ അവസാനത്തെ വരികള്‍, 8-മുതല്‍ 13-വരെയുള്ളവ ശ്രവിക്കുകയാണെങ്കില്‍ - പ്രാര്‍ത്ഥിക്കുന്ന ജനം ദൈവത്തില്‍നിന്നും മറുപടിക്കായും കാത്തിരിക്കുന്നു. എന്നാല്‍ ശ്രദ്ധേയമാകുന്നത്, കര്‍ത്താവിന്‍റെ അരുളപ്പാടാണ് അവര്‍ക്കു ലഭിക്കുന്ന ഉത്തരം. പ്രഥമപുരുഷന്‍, കര്‍ത്താവ് സംസാരിക്കുന്നു. “വിപ്രവാസ കാലത്ത് മറഞ്ഞുപോയ തേജസ്സും മഹത്വവും ഇനിയും ദേശത്തു വസിക്കും. ജരൂസലത്ത് പ്രത്യക്ഷപ്പെടാന്‍ പോകുന്ന ദൈവത്തിന്‍റെ മഹത്വം അവിടുത്തെ നന്മയും വിശ്വസ്തതയും നീതിയും സമാധാനവുമാണെ”ന്ന് ദൈവം ജനത്തെ പ്രവാചകന്മാരിലൂടെ അറിയിച്ചിരുന്നു. (ജെറമിയ 6, 14).

Recitation : Ps. 85, 8-13.
h. കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും
അവിടുന്നു തന്‍റെ ജനത്തിനു സമാധാനമരുളും,
ഹൃദയപൂര്‍വ്വം തന്നിലേയ്ക്കു തിരിയുന്ന വിശുദ്ധര്‍ക്കും
i അവിടുത്തെ ഭയപ്പെടുന്നവര്‍ക്കും രക്ഷ സമീപസ്ഥമാണ്
മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളം
j കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും
നീതിയും സമാധാനവും പരസ്പരം ചുംബിക്കും
k ഭൂമിയില്‍ വിശ്വസ്തത  മുളയെടുക്കും
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും
l കര്‍ത്താവു നന്മ പ്രദാനംചെയ്യും
നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്കും
m നീതി അവിടുത്തെ മുന്‍പില്‍ നടന്ന് അവിടുത്തേയ്ക്കു
വഴിയൊരുക്കും.

ദൈവസാന്നിദ്ധ്യത്തിന്‍റെ പ്രകാശമാണ് ലോകത്ത് പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. തീര്‍ച്ചയായും ഈ വരികള്‍ ദൈവത്തിന്‍റെ പ്രകാശവും, നീതിയും സമാധാനവുമായി വന്ന ക്രിസ്തുവിലേയ്ക്കാണ് വിരല്‍ചൂണ്ടിയത്. അങ്ങനെ പഴയ നിയമത്തില്‍നിന്നു പുതിയതിലേയ്ക്കും, ഇന്നും ലോകം ശ്രവിക്കുന്ന മനുഷ്യന്‍റെ വിലാപവും ദൈവത്തിന്‍റെ രക്ഷണീയ സാന്നിദ്ധ്യവും വ്യക്തമാക്കുന്ന ഗീതമാണ് നാം പഠിക്കുന്നത്.

Musical Version of Psalm 85.
C  അവിടുത്തെ മുന്‍പേ നടന്നു വഴിയൊരുക്കും
നമ്മുടെ ദേശം സമൃദ്ധമായ് വിളനല്കും
നീതി അവിടുത്തെ മുന്‍പേ നടന്ന് വഴിയൊരുക്കും
കര്‍ത്താവിന്‍റെ നന്മ നമ്മുടെ ദേശത്ത് കുടികൊള്ളും.
- കരുണകാട്ടേണമേ

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണിത്. ഒരുക്കിയത് ഫാദര്‍ വില്യം നെല്ലിക്കല്‍.

അടുത്തയാഴ്ചയില്‍ വിലാപഗീതം - സങ്കീര്‍ത്തനം 85-ന്‍റെ പദങ്ങളുടെ വ്യാഖ്യാനം ശ്രവിക്കാം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2019, 14:12