Heritage churches of Moscow and the passers by Heritage churches of Moscow and the passers by 

ഒരു വിലാപഗീതത്തിലെ ആത്മീയചിന്തകള്‍

“വചനവീഥി” ബൈബിള്‍ പഠനപരമ്പര - സങ്കീര്‍ത്തനം 85-ന്‍റെ പഠനം – നാലാം ഭാഗം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വിലാപഗീതത്തിന്‍റെ പഠനം - നാലാം ഭാഗം

കാരുണ്യഗീതത്തിന്‍റെ ആത്മീയവിചിന്തനം 
ഇന്നു നാം സങ്കീര്‍ത്തനം 85-ന്‍റെ ആത്മീയ വിചിന്തനത്തിലേയ്ക്കാണ് കടക്കുന്നത്. ദൈവത്തിന്‍റെ കരുണ തേടുന്ന ഈ വിലാപഗീതത്തിന് ശക്തമായൊരു ആത്മീയഭാവമുണ്ടെന്നു പറയേണ്ടതില്ല. മുന്തിനില്ക്കുന്ന ആത്മീയ സ്വഭാവംകൊണ്ടുതന്നെ പ്രശസ്തവും ജനകീയവുമായ ഗീതമാണിത്. ഗീതത്തിന് അടിസ്ഥാനപരമായ മൂന്നു ഭാഗങ്ങളുടെ ഘടന നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ ഗീതത്തിന്‍റെ ആത്മീയ സ്വഭാവം നമുക്കു പരിശോധിക്കാം. കഴിഞ്ഞകാലത്ത് ദൈവം തന്ന നന്മകളെ നന്ദിയോടെ അനുസ്മരിച്ചുകൊണ്ടും, വീണ്ടും കരുണകാട്ടണമേ, നീതിപുലര്‍ത്തണമേ, ക്ഷമിക്കണേ, എന്ന് ദൈവത്തോടുതന്നെ താഴ്മയോടെ യാചിച്ചുകൊണ്ടും,  ഇനിയും വരുവാനിരിക്കുന്ന ദൈവത്തിന്‍റെ രക്ഷയുടെ ദാനങ്ങളില്‍‍ പ്രത്യാശ അര്‍പ്പിച്ചുകൊണ്ടും, ദൈവത്തില്‍ ശരണപ്പെട്ടുകൊണ്ടും മുന്നേറാനുള്ള ഉറപ്പാണ് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ ചുരുളഴിയിക്കുന്നത്. ആനുകാലികമായി ചിന്തിച്ചാല്‍, ഇന്നും ജീവിതയാത്രയിലും വിശ്വാസയാത്രയിലും ക്ലേശിക്കുകയും ദൈവത്തില്‍ ശരണപ്പെടുകയും ചെയ്യുന്ന നവജനമായ സഭാസമൂഹത്തിന്‍റെ രൂപവും, സഭയുടെ ദൈവികകാരുണ്യത്തിനായുള്ള പ്രാര്‍ത്ഥനയുടെ മാതൃകയും ഈ സങ്കീര്‍ത്തനവരികളില്‍ കാണാവുന്നതാണ്.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.

Musical Version of Psalm 85.
കരുണകാട്ടേണമേ നാഥാ,
കരുണ കാട്ടേണമേ! (2).
1 കര്‍ത്താവായ ദൈവം അരുള്‍ ചെയ്യുന്നത് ഞാന്‍ കേള്‍ക്കും
അവിടുന്നു തന്‍റെ ജനത്തിന് സമാധാനമരുളും
അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് രക്ഷ സമീപസ്ഥമാണ്
കര്‍ത്താവിന്‍റെ മഹത്വം നമ്മുടെ ദേശത്ത് കുടികൊള്ളും.
- കരുണകാട്ടേണമേ

A)  ദൈവികനന്മകള്‍ക്ക് നന്ദിയുള്ളവരായിരിക്കാം!
ദൈവികനന്മകള്‍ അനുസ്മരിക്കുന്ന ഗീതത്തിന്‍റ ആദ്യത്തെ 4 വരികള്‍...

Recitation of Psalm 85, verses 1-4.
1 കര്‍ത്താവേ, അങ്ങു ദേശത്തോട് കരുണ കാണിച്ചു
യാക്കോബിന്‍റെ ഭാഗധേയം അവിടുന്നു പുനഃസ്ഥാപിച്ചു
2 ജനത്തിന്‍റെ അകൃത്യം അങ്ങു മറന്നു കളഞ്ഞു,
പാപമെല്ലാം അവിടുന്നു മായിച്ചുകളഞ്ഞു
3 അങ്ങേ എല്ലാ ക്രോധവും പിന്‍വലിച്ചു
തീക്ഷ്ണമായ കോപത്തില്‍നിന്ന് അങ്ങു പിന്മാറി.
4 രക്ഷകനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ!
ഞങ്ങളോടുള്ള അങ്ങേ രോഷം പരിത്യജിക്കണമേ!

ദൈവിക നന്മകള്‍ക്ക് നന്ദിപറയുന്നവര്‍
ദൈവം തന്‍റെ ജനത്തോടു കാട്ടിയിട്ടുള്ള കാരുണ്യപ്രവൃത്തികള്‍ സങ്കീര്‍ത്തകന്‍ വരികളില്‍ അനുസ്മരിക്കുന്നു. വിപ്രവാസത്തില്‍നിന്നും തിരിച്ചുവന്നതിന്‍റെ ക്ലേശത്തിലാണ് തങ്ങള്‍ ജീവിക്കുന്നതെങ്കിലും, ദൈവം തങ്ങളോടു കാണിച്ച കാരുണ്യത്തിനും, പൂര്‍വ്വീകരെ ഒരു നാള്‍ അടിമത്വത്തില്‍നിന്നു മോചിപ്പിച്ചപോലെ, അവിടുന്നു വിപ്രവാസത്തില്‍നിന്നും ജനത്തെ വിമോചിപ്പിച്ചതിന് നന്ദിയുള്ളവരാണ് തങ്ങളെന്ന് ഗീതത്തിന് ആമുഖമായി, ആദ്യപദങ്ങളില്‍ ഗായകന്‍ ഏറ്റുപറയുന്നു. ഇസ്രായേല്യരെ അടിമത്വത്തില്‍നിന്നും മോചിപ്പിച്ച്, വാഗ്ദാനംചെയ്ത കാനാന്‍ ദേശത്ത് അവിടുന്ന് എത്തിച്ചു. എന്നിട്ടും അവര്‍ പാപത്തില്‍ വീഴുകയും അധഃപതിക്കുകയും ചെയ്തു. എങ്കിലും ദൈവം അവരോടു കരുണ കാട്ടിയെന്ന് സങ്കീര്‍ത്തകന്‍ വരികളില്‍ വിവരിക്കുകയും, നന്ദിയോടെ അത് ഏറ്റുപാടുകയും ചെയ്യുന്നു.

ദൈവം നീതിനിഷ്ഠനും കാരുണ്യവാനും
യാക്കോബു തന്‍റെ ഒളിച്ചോട്ടത്തില്‍ മാര്‍ഗ്ഗമദ്ധ്യേ ദൈവത്തോടു മല്ലുപിടിക്കുന്നതു രക്ഷയുടെ ചരിത്രത്തില്‍ നാം വായിക്കുന്നു (ഉല്പത്തി 32, 22-31). നീതിപുലര്‍ത്തുമ്പോഴും തന്നോടു കരുണ കാട്ടണമെന്നാണ് യാക്കോബ് മല്‍പ്പിടുത്തത്തിലൂടെ ആവശ്യപ്പെടുന്നത്. തന്‍റെ ജനത്തോട് അങ്ങനെ ദൈവം എന്നും ക്ഷമ കാട്ടിയിട്ടുണ്ടെന്ന് രക്ഷാകര ചരിത്രത്തില്‍നിന്നും അനുസ്മരിച്ചുകൊണ്ടാണ് സങ്കീര്‍ത്തകന്‍ തന്‍റെ ഗാനത്തിന്‍റെ വരികളിലൂടെ പുരോഗമിക്കുന്നത്. ദൈവം ക്ഷമിക്കുന്നതില്‍ അത്യുദാരനും, കോപിക്കുന്നതില്‍ സാവകാശമുള്ളവനുമാണ് (എഫേ. 2, 4). ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ പാഠം ശക്തമായി പ്രകാശിപ്പിക്കുന്ന ആദ്യപദങ്ങളില്‍ രക്ഷയുടെ വാഗ്ദാനമായ ക്രിസ്തുവിന്‍റെ പ്രതിഛായ നിഴലിക്കുന്നതു കാണാം. തന്‍റെ രക്ഷണീയ സാന്നിദ്ധ്യംകൊണ്ട് ലോകത്തിന് ദൈവപിതാവിന്‍റെ സ്നേഹവും കാരുണ്യവും അവിടുന്നു ലഭ്യമാക്കി. അങ്ങനെ രക്ഷ ക്രിസ്തുവില്‍ ഈ മന്നില്‍ പൂവണിഞ്ഞു.

Musical Version of Psalm 85.
2. കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കും
നീതിയും സമാധാനവും പരസ്പരം ചുംബിക്കും
ഭൂമിയില്‍ വിശ്വസ്തത  മുളയെടുക്കും
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.
- കരുണകാട്ടേണമേ

B)  പ്രത്യാശയുള്ള ആത്മവിശ്വാസം
ഉള്‍ക്കൊള്ളുന്ന ഗീതത്തിന്‍റെ രണ്ടാം ഗണം 5-മുതല്‍ 7-വരെയുള്ള പദങ്ങള്‍.

Recitation of Psalm 85, verses 10-13.
5 അങ്ങ് എന്നേയ്ക്കും ഞങ്ങളോടു കോപിഷ്ഠനായിരിക്കുമോ?
6 ജനം അങ്ങയില്‍ ആനന്ദിക്കേണ്ടതിന് ഞങ്ങള്‍ക്കു
നവജീവന്‍ നല്കില്ലയോ?
7 കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ
ഞങ്ങള്‍ക്കു രക്ഷ പ്രദാനം ചെയ്യണമേ!

മോചനത്തിന്‍റെ സദ്വാര്‍ത്തയും
ദൈവത്തിന്‍റെ കരുണയും

വിപ്രവാസത്തില്‍നിന്നും മോചിതരായ ജനം കര്‍ത്താവിന്‍റെ ഗിരിയില്‍ പ്രവേശിച്ചെങ്കിലും ദൈവത്തിന്‍റെ കൃപയില്‍നിന്നും അകന്നരിക്കയാണെന്ന ചിന്ത അവരുടെ മനസ്സില്‍ ഊറിനില്ക്കുന്നുണ്ടായിരുന്നു. കര്‍ത്താവു തങ്ങളോടു ഇനിയും കോപിഷ്ഠനായിരിക്കുമോ? അവിടുന്നു തങ്ങള്‍ക്ക് നവജീവന്‍ നല്കില്ലയോ? അവിടുത്തെ കാരുണ്യം ചൊരിഞ്ഞ് തങ്ങള്‍ക്കു രക്ഷപ്രദാനംചെയ്യുകയില്ലയോ? ആവര്‍ത്തിച്ചുള്ള ഈ ചോദ്യങ്ങളില്‍ സങ്കീര്‍ത്തകന്‍ ദൈവത്തിന്‍റെ കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കുകയാണ്.  ഇങ്ങനെയുള്ള പ്രാര്‍ത്ഥനയുടെ വരികളിലൂടെയാണ് ജനത്തിന്‍റെ പ്രത്യാശ മെല്ലെ ആത്മവിശ്വാസമായി സങ്കീര്‍ത്തനം 85-ല്‍ വരികളില്‍ വിരിയുന്നത്.

കരുണയുള്ള ദൈവം തന്‍റെ ഹൃദയത്തില്‍നിന്നും അവിടുത്തെ ക്രോധം പിഴുതുകളയുന്നു. അങ്ങനെ ദൈവത്തില്‍ അനുരജ്ഞിതരായി നവീകൃതരായവര്‍ക്കു മാത്രമേ, യഥാര്‍ത്ഥത്തില്‍ അവിടുന്നില്‍ സന്തോഷിക്കാനാകൂ! കര്‍ത്താവിലുള്ള സന്തോഷവും ആനന്ദവുമാണ് ജനം പ്രതീക്ഷിക്കുന്നത്. ഇന്നും നവജനമായ സഭ പ്രതീക്ഷിക്കുന്നത്, ദൈവവുമായുള്ള അനുരജ്ഞനത്തിലൂടെ ആവിഷ്കൃതമാകുന്ന കൃപയുടെ ആനന്ദമാണ്. പാപ്പാ ഫ്രാന്‍സിസ് വിഭാവനംചെയ്തിരിക്കുന്ന ഇനിയും നവീകൃതയാകേണ്ട സഭയില്‍ അനുരജ്ഞനത്തിലൂടെ ആര്‍ജ്ജിച്ചെടുക്കേണ്ട കൃപയുടെ സന്തോഷമാണ് സഭാമക്കള്‍ ലക്ഷ്യംവയ്ക്കേണ്ടത്. ദൈവിക കാരുണ്യത്തിലൂടെ നാം ആര്‍ജ്ജിച്ചെടുക്കേണ്ട രക്ഷയുടെ ആനന്ദമാണിത്.

Musical Version of Psalm 85.
3 അവിടുത്തെ മുന്‍പേ നടന്ന് വഴിയൊരുക്കും
നമ്മുടെ ദേശം സമൃദ്ധമായ് വിളനല്കും
നീതി അവിടുത്തെ മുന്‍പെ നടന്ന് വഴിയൊരുക്കും
കര്‍ത്താവിന്‍റെ നന്മ നമ്മുടെ ദേശത്ത് കുടികൊള്ളും.
- കരുണകാട്ടേണമേ

C)  ദൈവത്തെ ഭയപ്പെടുന്നവര്‍ക്ക് സമീപസ്ഥമാകുന്ന രക്ഷ
വിവരിക്കുന്ന 8-മുതല്‍ 13-വരെയുള്ള അവസാനത്തെ പദങ്ങള്‍.

Recitation of Psalm 85, verses 10-13.
8 കര്‍ത്താവായ ദൈവം അരുളിചെയ്യുന്നതു ഞാന്‍ കേള്‍ക്കും
അവിടുന്നു തന്‍റെ ജനത്തിനും സമാധാനമരുളും,
ഹൃദയപൂര്‍വ്വം തന്നിലേയ്ക്കു തിരിയുന്ന
വിശുദ്ധര്‍ക്കവിടുന്നു സമാധാനമരുളും.
9 അവിടുത്തെ ഭയപ്പെടുന്നവര്‍ക്കു രക്ഷ സമീപസ്ഥമാണ്
മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.
10 കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും
നീതിയും സമാധാനവുംം പരസ്പരം ചുംബിക്കും
11 ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും
നീതി ആകാശത്തനുനിന്നു ഭൂമിയെ കടാക്ഷിക്കും
12 കര്‍ത്താവു നന്മ പ്രദാനംചെയ്യും
നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്കും
13 നീതി അവിടുത്തെ മുന്‍പെ നടന്ന് അവിടുത്തേയ്ക്കു
വഴിയൊരുക്കും.
കര്‍ത്താവു തന്‍റെ കാരുണ്യം നമ്മില്‍ വര്‍ഷിക്കും,
സമൃദ്ധമായ് വര്‍ഷിക്കും.

കാരുണ്യത്തിന്‍റെ വഴി തേടുന്നവര്‍
കര്‍ത്താവിന്‍റെ സന്നിധാനത്തില്‍ ക്ഷമയോടെ കാത്തിരുന്നു പ്രാര്‍ത്ഥിക്കുകയും, അവിടുത്തെ കൃപാതിരേകത്തിന്‍റെ ആനന്ദം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ദൈവപുത്രരുടെയും വിശ്വാസികളുടെയും ഭക്തരുടെയും ആനന്ദവികാരത്തോടെയും അനുഭൂതിയോടെയുമാണ് ഈ ഗീതം അവസാനിക്കുന്നത്. കരുണ തേടുന്നവരെ ദൈവം ശ്രവിക്കും എന്ന ഉറപ്പും അവസാനത്തെ വരികളില്‍ വിരിഞ്ഞുവരുന്നു. കാരുണ്യവും നീതിയും സത്യവും ചേര്‍ന്നുപോവുകയും കൈകോര്‍ക്കുകയും ചെയ്യുന്ന ആത്മീയ മൂല്യങ്ങളും പുണ്യങ്ങളും ഈ ഗീതം ചൂണ്ടിക്കാട്ടുന്നു. ദൈവികനന്മകള്‍ അവിടുത്തെ കരുണയില്‍ അഭയംതേടുന്ന ഭക്തരുടെ മേല്‍ കൃപയായി വര്‍ഷിക്കപ്പെടും. ദൈവം സമ്പൂര്‍ണ്ണ നന്മയാകയാല്‍ അവിടുന്നു തന്‍റെ മക്കളില്‍ ആ നന്മ സമൃദ്ധമായി വര്‍ഷിക്കും! ദൈവത്തിന്‍റെ വഴികള്‍ നന്മയുടേതാകയാല്‍, ആ വഴിയേ ചരിക്കുന്നവര്‍ക്കാണ് അവിടുന്നു രക്ഷപ്രദാനംചെയ്യുന്നത്. ചരിത്രത്തില്‍ ദൈവം തെളിയിച്ചതും, ക്രിസ്തു നടന്നു കാണിച്ചുതന്നതുമായ സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും ദൈവിക ജീവിന്‍റെയും വഴിയാണിത്.  ഇതാണ്, ഇന്നും സങ്കീര്‍ത്തനം 85 നമുക്കു ചൂണ്ടിക്കാണിക്കുന്ന പ്രത്യാശയുടെയും ദൈവികകാരുണ്യത്തിന്‍യും  വഴി!

Musical Version of Ps. 85
1 കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നത് ഞാന്‍ കേള്‍ക്കും
അവിടുന്നു തന്‍റെ ജനത്തിന് സമാധാനമരുളും
അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് രക്ഷ സമീപസ്ഥമാണ്
കര്‍ത്താവിന്‍റെ മഹത്വം നമ്മുടെ ദേശത്ത് കുടികൊള്ളും.
- കരുണകാട്ടേണമേ
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 October 2019, 14:46