Autumn colours are seen on foliage in Minsk Autumn colours are seen on foliage in Minsk 

ഭൂമിയില്‍ തളിരണിയുന്ന ദൈവിക വിശ്വസ്തത

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര - സങ്കീര്‍ത്തനം 85-ന്‍റെ പഠനം – മൂന്നാം ഭാഗം – പദങ്ങളുടെ വ്യാഖ്യാനം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കാരുണ്യത്തിന്‍റെ ഗീതം - ഭാഗം മൂന്ന്

 

1. ജനത്തോടു കരുണകാട്ടുന്ന ദൈവം
വിലാപഗീതം -  സങ്കീര്‍ത്തനം 85-ന്‍റെ പദങ്ങളുടെ വ്യാഖ്യാനം നാം തുടരുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ നാം 1-മുതല്‍ 9-വരെയുള്ള വരികളുടെ വ്യാഖ്യാനമാണ് കണ്ടത്. ആകെ 13 വരികളുള്ള സങ്കീര്‍ത്തനത്തിന്‍റെ ബാക്കി പദങ്ങളുടെ വ്യാഖ്യാനത്തിലേയ്ക്കു നമുക്കിന്നു പ്രവേശിക്കാം. ദൈവത്തിന്‍റെ ക്രിയാത്മകമായ സ്നേഹം പ്രഘോഷിക്കുന്ന ഗീതമാണിത്.  ദൈവം തന്‍റെ ജനത്തോടു കരുണകാണിച്ചു. അവരെ അവിടുന്നു വിപ്രവാസത്തില്‍നിന്നും സ്വതന്ത്രരാക്കി ജരൂസലേമില്‍ അവിടുത്തെ ആലയത്തില്‍ എത്തിച്ചതാണ് സങ്കീര്‍ത്തനത്തിന്‍റെ പശ്ചാത്തലം. തന്‍റെ ജനത്തോടു ക്ഷമിക്കാനും അവരുടെ പാപങ്ങള്‍ പൊറുക്കാനും സന്നദ്ധനായ യാവെയുടെ കാരുണ്യത്തെ പ്രകീത്തിക്കുന്നതാണ് സങ്കീര്‍ത്തന വരികള്‍ ഓരോന്നും. സങ്കീര്‍ത്തനം 85-ന്‍റെ ആദ്യപദം, പ്രഭണിതമായി ഉപയോഗിച്ചിരിക്കുന്നത് ഗാനരൂപത്തില്‍ ശ്രവിച്ചുകൊണ്ട് ബാക്കിയുള്ള വരികളുടെ വ്യാഖ്യാനത്തിലേയ്ക്കു നമുക്കു പ്രവേശിക്കാം.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.

Musical Version of Psalm 85.
സങ്കീര്‍ത്തനം 85 – കരുണ തേടുന്ന വിലാപഗീതം
പ്രഭണിതം
കരുണകാട്ടേണമേ നാഥാ,
കരുണ കാട്ടേണമേ! (2)

2. ദൈവത്തിലേയ്ക്കു തിരിയുന്ന ജനം
ബാബിലോണിലെ വിപ്രവാസത്തിന്‍റെ ക്ലേശങ്ങളില്‍നിന്നും ജരൂസലേമിന്‍റെ ആത്മീയ അന്തരീക്ഷത്തില്‍ പ്രവേശിച്ച ജനതയുടെ മനസ്സ് തീര്‍ച്ചയായും കലങ്ങി മറിഞ്ഞതായിരുന്നു. കാരണം തങ്ങള്‍ ദൈവത്തോടു അവിശ്വസ്തരായി ജീവിച്ചിട്ടും ദൈവം കാട്ടിയ കാരുണ്യം അവരെ ഏറെ ആശ്ചര്യപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തു. മറ്റൊരു വശം അവര്‍ ശാരീരികമായി യാവേയുടെ സന്നിധിയില്‍ തിരിച്ചെത്തിയെങ്കിലും, ആത്മീയമായി ഇനിയും അനുരജ്ഞനപ്പെടുവാനും ദൈവത്തിലേയ്ക്ക് തിരിയുവാനുമുണ്ടെന്നും സൂചനയുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ ഗാനം, 85-Ɔο സങ്കീര്‍ത്തനത്തിന്‍റെ വരികളില്‍ വിലാപത്തിന്‍റെ ഭാവം തിങ്ങിനില്ക്കുന്നത്. അവസാനത്തെ 4 പദങ്ങള്‍ ശ്രവിച്ചുകൊണ്ട് വരികളുടെ വ്യാഖ്യാനത്തിലേയ്ക്കു നമുക്കു പ്രവേശിക്കാം.

Recitation of Psalm 85, verses 10-13.
10 കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും
നീതിയും സമാധാനവും പരസ്പരം ചുംബിക്കും
11 ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും
12 കര്‍ത്താവു നന്മ പ്രദാനംചെയ്യും
നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്കും
13 നീതി അവിടുത്തെ മുന്‍പില്‍ നടന്ന് അവിടുത്തേയ്ക്കു
വഴിയൊരുക്കും.

3. മനുഷ്യരുടെമദ്ധ്യേ അവതരിക്കുന്ന ദൈവം
ഈ ഗീതത്തിന്‍റെ രചയിതാവ് ദേവാലയശുശ്രൂഷകനായിരുന്ന കോറഹിന്‍റെ പുത്രന്മാരാണെന്നാണ് മൂലരചന സൂചിപ്പിക്കുന്നത്. കോറഹും കുടുംബവും ലേവ്യവംശജരായ വചന പ്രഘോഷകരായിരുന്നെന്നു വേണം അനുമാനിക്കാന്‍. പദങ്ങള്‍ അതു വ്യക്തമാക്കുന്നുമുണ്ട്. കാരണം ദൈവത്തിന്‍റെ കാരുണ്യവും വിശ്വസ്തതയും സന്ധിക്കുന്നതായിട്ടാണ് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ പരാമര്‍ശിക്കുന്നത്. ദൈവത്തിന്‍റെ കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കും എന്നത് ഒരു ഭാവിയുടെ കാര്യമല്ലെന്നാണ് മൂലരചനയെ ആധാരമാക്കി നിരൂപകന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ദൈവത്തിന്‍റെ അചഞ്ചലമായ സ്നേഹവും, അവിടുത്തെ ഉടമ്പടിപ്രകാരമുള്ള സ്നേഹവും ചരിത്രത്തിന്‍റെ ആ സന്ധിയില്‍ തന്‍റെ ജനത്തിന്‍റെ ജീവിതത്തില്‍ ദൈവം അനുഭവവേദ്യമാക്കിയതായിട്ടാണ് ഹീബ്രു മൂലരചനയില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പണ്ഡിതന്മാര്‍ വിമര്‍ശന ബുദ്ധിയോടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

4. സ്വര്‍ഗ്ഗവും ഭൂമിയും സന്ധിക്കുന്ന ദൈവികസാമീപ്യം
ദൈവം തന്‍റെ ജനത്തോടു ചെയ്ത വാഗ്ദാനത്തിന്‍റെയും ഉടമ്പടിയുടെയും സാക്ഷാത്ക്കാരമാണ് ജനത്തിന്‍റെ ഇസ്രായേലില്‍നിന്നുമുള്ള തിരിച്ചുവരവ്. തുടര്‍ന്ന് രചയിതാവ് കൂട്ടിച്ചേര്‍ക്കുന്നത് ദൈവത്തിന്‍റെ നീതി, അവിടുത്തെ രക്ഷാകരമായ സ്നേഹം, അവിടുത്തെ സമാധാനം എന്നിവ ജനത്തിന്‍റെ ചരിത്രത്തില്‍ പരസ്പരം ചുംബിച്ചുവെന്നാണ്. രക്ഷണീയ കര്‍മ്മത്തില്‍ ദൈവം തന്‍റെ ജനത്തെ വിപ്രവാസത്തിന്‍റെ ബന്ധനത്തില്‍നിന്നും മോചിപ്പിച്ച് വിശുദ്ധനഗരമായ ജരൂസലത്ത് എത്തിച്ച ദൈവിക വാത്സല്യത്തിന്‍റെയും വിശ്വസ്തതയുടെയും വികാരത്തോടെയാണെന്ന് നമുക്ക് അംഗീകരിക്കാവുന്നതും മനസ്സിലാക്കാവുന്നതുമാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ദൈവരാജ്യത്തിന്‍റെ സാമീപ്യവും സാന്നിദ്ധ്യവുമാണ് സങ്കീര്‍ത്തകന്‍ വരികളില്‍ സ്ഥാപിക്കുന്നത്. ദൈവരാജ്യം സമാഗതമായി എന്നാണ് സങ്കീര്‍ത്തനപദങ്ങള്‍ പറയുന്നത്. ചില ആത്മീയ പണ്ഡിതന്മാര്‍ സൂചിപ്പിക്കുന്നതുപോലെ ദൈവജനത്തിന്‍റെ ഈ ഗീതത്തില്‍ അല്ലെങ്കില്‍ പ്രാര്‍ത്ഥനയില്‍ സ്വര്‍ഗ്ഗവും ഭൂമിയും ചുംബിക്കുകയാണ്, സന്ധിക്കുകയാണ്.

Musical Version of Ps. 85
1 കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നത് ഞാന്‍ കേള്‍ക്കും
അവിടുന്നു തന്‍റെ ജനത്തിന് സമാധാനമരുളും
അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് രക്ഷ സമീപസ്ഥമാണ്
കര്‍ത്താവിന്‍റെ മഹത്വം നമ്മുടെ ദേശത്ത് കുടികൊള്ളും.
- കരുണകാട്ടേണമേ

5. ഭൂമിയില്‍ നാമ്പെടുക്കുന്ന രക്ഷ – ദൈവത്തിന്‍റെ വിശ്വസ്തത
ഈ സങ്കീര്‍ത്തന പദങ്ങളില്‍ സവിശേഷവും അസാധാരണവുമായ ഈ ആത്മീയ സന്ധിചേരലിന്‍റെ ഫലമെന്തായിരിക്കും? അത് തീര്‍ച്ചയായും ജനത്തിന്‍റെ ദൈവത്തോടുള്ള വിശ്വസ്തതയും, ദൈവത്തിന്‍റെ വാഗ്ദാനങ്ങളോടും ഉടമ്പടിയോടുമുള്ള വിശ്വസ്തതയുമാണ്. അതുകൊണ്ടാണ് സങ്കീര്‍ത്തകന്‍ പാടുന്നത് മനുഷ്യഹൃദയങ്ങളില്‍നിന്ന്, മനുഷ്യന്‍റെ അധരങ്ങളില്‍നിന്നാണ് വിശ്വസ്തത  മുളയെടുക്കുന്നത്. ഭൂമിയില്‍ വസിക്കുന്ന ജനങ്ങളില്‍നിന്നാണ് ഈ നന്മകള്‍ നാമ്പെടുക്കുന്നത്. ദൈവം മനുഷ്യഹൃദയങ്ങളില്‍ വിശ്വസ്തതയുടെയും സ്നേഹത്തിന്‍റെയും മുളകള്‍ തളിരണിയിക്കുന്നു. അവിടുത്തെ ക്രിയാത്മകമായ സ്നേഹം ഉന്നതങ്ങളില്‍നിന്നും സദാ മനുഷ്യരെ കടാക്ഷിക്കുന്നുണ്ട്. അത് മനുഷ്യന്‍റെ യോഗ്യതയാലല്ല, മറിച്ച് ദൈവത്തിന്‍റെ കൃപയാലാണെന്ന് നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. ഈ ആശയം ഏശയ പ്രവാചകന്‍ സമാന്തരമായ വാക്കുകളില്‍ വിവരിക്കുന്നുണ്ട്.

“ആകാശം നീതി ചൊരിയട്ടെ!
ഭൂമി തുറന്ന് രക്ഷ മുളയെടുക്കട്ടെ!
അങ്ങനെ നീതി സംജാതമാകട്ടെ!
കര്‍ത്താവായ ഞാനാണ് ഇവയെല്ലാം സൃഷ്ടിച്ചത്”
എന്നു ജനങ്ങള്‍ മനസ്സിലാക്കട്ടെ!
(ഏശയ 45, 8)..

6. മനുഷ്യരെ തേടിയെത്തുന്ന ദൈവകൃപ
ക്രിസ്തുവില്‍ പ്രകാശമായി ലോകത്തിനു ലഭിച്ച രക്ഷയെക്കുറിച്ചു പൗലോസ് അപ്പസ്തോലന്‍ വിവരിക്കുന്ന ആശയം തന്നെയാണ് സങ്കീര്‍ത്തകനും ഏശയ പ്രവാചകനും രേഖപ്പെടുത്തിയിരിക്കുന്നത്. തന്‍റെ കൃപ മനുഷ്യരില്‍ ആദ്യം ചൊരിയുന്നത് ദൈവമാണ്. തന്‍റെ പക്ഷം അവിടുന്ന് ആദ്യം ശരിയാക്കുന്നു. ദൈവം തന്‍റെ നീതി ഭൂമിയില്‍ ആദ്യം വര്‍ഷിക്കുന്നു. അത് അവിടുത്തെ ന്യായീകരണമാണ് Justification, അല്ലെങ്കില്‍ അവിടുത്തെ മാപ്പുനല്കലാണെന്ന് പൗലോസ് അപ്പസ്തോലന്‍ വിവരിക്കുന്നുണ്ട്. ദൈവം വര്‍ഷിക്കുന്ന നീതിയുടെ കൃപ ഭൂമിയില്‍ മനുഷ്യരോടുള്ള സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രതീകമായിട്ട് സാമാന്യബുദ്ധിയില്‍ നാം മനസ്സിലാക്കേണ്ടതാണ്. ഇനി മറുഭാഗത്ത് ദൈവിക നീതിയോടുള്ള പ്രതികരണമായി മനുഷ്യഹൃദയത്തില്‍ ഉതിര്‍ക്കൊള്ളുന്ന വികാരമാണ് സ്നേഹവും വിശ്വസ്തതയും ! സ്നേഹമുള്ള വിശ്വസ്തതയും.

7. സ്നേഹമായ് പരിണമിക്കുന്ന വിശ്വസ്തത
ദൈവം നമ്മോടു കാണിച്ച നീതിയുള്ള കൃപ, സഹോദരങ്ങളോടു സ്നേഹമായും വിശ്വസ്തതയായും പ്രകടമാക്കണമെന്ന്  പൗലോസ് അപ്പസ്തോലന്‍ തന്‍റെ ലേഖനത്തില്‍ ഉദ്ബോധിപ്പിക്കുന്നത് ഈ സങ്കീര്‍ത്തന വ്യാഖ്യാനത്തോടു ചേര്‍ന്നു പോകുന്നതാണ്. വിശ്വസ്തത ദൈവത്തോടുള്ള പ്രതികരണത്തിന്‍റെ ആദ്യ പടിയാണെങ്കില്‍, രണ്ടാമത്തെ പടി സ്നേഹമാണ്. അതിനെ വിശുദ്ധീകരണമെന്നാണ് (sanctification) ശ്ലീഹാ വിവരിക്കുന്നത്. സ്നേഹവും വിശ്വസ്തതയും കാരണമാക്കുന്ന വിശുദ്ധി നമ്മുടെ യോഗ്യതയല്ല, ദൈവത്തിന്‍റെ കൃപയാണെന്നും പൗലോസ് അപ്പസ്തോലന്‍ സ്ഥാപിക്കുന്നു. അരൂപിയുടെ മറ്റേതു കൃപയെക്കാളും സമുന്നതമാണ് വിശുദ്ധീകരണത്തിനു കാരണമാകുന്ന സ്നേഹമെന്ന് പൗലോശ്ലീഹാ സമര്‍ത്ഥിക്കുന്നു – “സ്നേഹം സര്‍വ്വോത്കൃഷ്ടം” (1കൊറി. 13, 13). കവിയും പണ്ഡിതനുമായിരുന്ന ഫാദര്‍ ആബേല്‍ സി.എം.ഐ.യുടെ വരികള്‍ ഉദ്ധരിച്ചാല്‍ പൗലോസ് അപ്പസ്തോലന്‍റെ ചിന്തകളുടെ കവിതാവിഷ്ക്കാരം പിന്നെയും മനോഹരമാണെന്നു തോന്നിപ്പോകും.

8. ആബേലച്ചന്‍റെ കവിത
മാലാഖമാരുടെ ഭാഷയറിഞ്ഞാലും
മാലാഖമാരൊത്തു ജീവിച്ചാലും
വാനവരാജ്യത്തെ വാരൊളി കണ്ടാലും
സ്നേഹമില്ലെങ്കില്‍ അതൊക്കെ ശൂന്യം.
പാരിലെനിക്കുള്ള സമ്പത്തു സര്‍വ്വവും
പങ്കിട്ടു പാവങ്ങള്‍ക്കേകിയാലും
തീക്കുണ്ടില്‍ ദേഹം ദഹിക്കാനെറിഞ്ഞാലും
സ്നേഹമില്ലെങ്കില്‍ അതൊക്കെ ശൂന്യം.
സ്നേഹത്താലിന്നു നാം ചെയ്യുന്നതൊക്കെയും
നിത്യസമ്മാനം പകര്‍ന്നുനല്കും
മര്‍ത്ത്യര്‍ക്കു ചെയ്യുന്ന സേവനമോരോന്നും
കൃത്യമായ് ദൈവം കുറിച്ചുവയ്ക്കും
(1കൊറി 13, 1-13).

Musical Version : Psalm 85
പ്രഭണിതം
കരുണകാട്ടേണമേ നാഥാ,
കരുണ കാട്ടേണമേ! (2)
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 October 2019, 13:37