The one who remembered to give thanks. The one who remembered to give thanks. 

നന്ദിപറഞ്ഞ ഒരാളും നന്ദിപറയാന്‍ മറന്നുപോയ കുറെപ്പേരും!

ആണ്ടുവട്ടം 28-Ɔο വാരം ഞായറഴ്ചത്തെ സുവിശേഷ ചിന്തകള്‍ - വിശുദ്ധ ലൂക്കായുടെ സുവിശേഷം 17, 11-19.

- ഫാദര്‍ വില്യം നെല്ലിക്കല്‍

28-Ɔο വാരം ഞായര്‍ സുവിശേഷചിന്തകള്‍

 

1. സൗഖ്യം തേടിയെത്തിയ  പത്തുരോഗികള്‍
ദൈവം തരുന്ന നന്മകളോട് ആശ്ചര്യത്തോടും നന്ദിയോടുംകൂടെ പ്രതികരിക്കണമെന്നാണ് ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നത്. ക്രിസ്തു ജരൂസലേമിലേയ്ക്കു പോവുകയായിരുന്നു. അവിടുന്ന് സമറിയയ്ക്കും ഗലീലിയയ്ക്കും ഇടയ്ക്കുള്ള ഗ്രാമത്തില്‍ എത്തിയിരുന്നു. അപ്പോള്‍ 10 കുഷ്ഠരോഗികള്‍ അവിടെ നില്ക്കുന്നുണ്ടായിരുന്നു. അവര്‍ അവിടുത്തെ സമീപിച്ചുകൊണ്ടും, എന്നാല്‍ അക്കാലഘട്ടത്തില്‍ സമൂഹം ആവശ്യപ്പെട്ടിരുന്ന സുരക്ഷിതമായ ദൂരം നിലനിര്‍ത്തിക്കൊണ്ടും അവര്‍ അവിടുത്തോടു സ്വരമുയര്‍ത്തി അപേക്ഷിച്ചു. “ഗുരോ, യേശുവേ, , ഞങ്ങളില്‍ കനിയണമേ!”. ക്രിസ്തു തങ്ങളുടെ രക്ഷകനാണെന്ന ചെറിയ ഉള്‍വെളിച്ചം അവരെ തട്ടിയതുകൊണ്ടായിരിക്കണം അവിടുത്തോട് അങ്ങനെ ചോദിക്കാന്‍ അവര്‍ക്കു ധൈര്യമുണ്ടായത്. സമൂഹം പുറംതള്ളിയ രോഗികളാണ് തങ്ങള്‍. എന്നാല്‍ തങ്ങളെ സൗഖ്യപ്പെടുത്താന്‍ ക്രിസ്തുവിനു സാധിക്കും എന്ന ബോധ്യത്തിലും, ഉറച്ച വിശ്വാസത്തിലുമാണവര്‍ അവിടുത്തെ സമീപിച്ച് പ്രാര്‍ത്ഥിച്ചത്, “യേശുവേ, ഞങ്ങളെ രക്ഷിക്കണേ!”

2. നന്ദിപറയാന്‍ മറന്നുപോയവര്‍
ഈശോ അവരോടു പറഞ്ഞത് പോയി നിങ്ങളെത്തന്നെ പുരോഹിതന്മാര്‍ക്കു കാണിച്ചുകൊടുക്കുവാനാണ്. കാരണം മോശയുടെ നിയമപ്രകാരം പുരോഹിതന്മാര്‍ക്കു ചില സൗഖ്യദാന വരങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ ക്രിസ്തു അവര്‍ക്ക് സൗഖ്യദാനത്തിന്‍റെ വാഗ്ദാനം നല്കുകയല്ല, മറിച്ച് അവിടുന്ന് അവരുടെ വിശ്വാസത്തെ പരീക്ഷിക്കുകയായിരുന്നു. ആ സമയത്തു ചിലപ്പോള്‍ അവരെല്ലാവരും സൗഖ്യപ്പെട്ടിട്ടുണ്ടായിരിക്കണമെന്നില്ല. എന്നാല്‍ ഈശോയുടെ ആജ്ഞ അനുസരിച്ച് അവര്‍ പുരോഹിതന്മാരുടെ പകല്‍ ചെന്നപ്പോഴായാരിക്കണം അവര്‍ക്കു സൗഖ്യം ലഭിച്ചത്. അപ്പോള്‍ അവരില്‍ 9 പേരും പുരോഹിതന്മാരുടെ പക്കല്‍പോയി സന്തോഷത്തോടെ ദര്‍ശനം നല്കിയിട്ട് അവരുടെ വഴിക്കു പോയിക്കാണണം. അവര്‍ സൗഖ്യദാതാവായ ദൈവത്തെ മറന്നുപോയി. ക്രിസ്തുവിലൂടെ അവരെ സുഖപ്പെടുത്തിയ ദൈവത്തെ അവര്‍ പാടേ മറന്നുപോയി.

3.  നന്ദിപറയാന്‍ വന്ന വിജാതീയന്‍
വിജാതീയനും അന്യദേശക്കാരനുമായ ഒരാള്‍ മാത്രം, ഒരു സമറിയക്കാരന്‍ മാത്രം നന്ദിപറയാനായി ക്രിസ്തുവിന്‍റെ പക്കല്‍ തിരിച്ചെത്തി. തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ സമൂഹം ഒരു വിജാതിയനായി കരുതിയിരുന്നവന്‍ മാത്രമാണ് നന്ദിപറയാന്‍ തിരിച്ചെത്തിയത്. വിശ്വാസംവഴി സൗഖ്യം പ്രാപിച്ചതില്‍ സന്തോഷിച്ചിരിക്കാതെ, തനിക്കു ലഭിച്ച വലിയ ദാനത്തിന്, ദൈവത്തിനു നന്ദിയര്‍പ്പിക്കാന്‍ അയാള്‍ ഓടിയെത്തിയത്. തന്‍റെ സൗഖ്യദാനത്തെ പുര്‍ണ്ണിമയില്‍ എത്തിക്കാന്‍ ആഗ്രഹിക്കുകയാണ് ആ മനുഷ്യന്‍. തനിക്ക് സൗഖ്യം നല്കി, കൈപിടിച്ചുയര്‍ത്തി രക്ഷിച്ച, യഥാര്‍ത്ഥ പുരോഹിതനെയാണ് അയാള്‍ ക്രിസ്തുവില്‍ കണ്ടത്. ആ വിജാതിയന്‍ മാത്രം ഓടിവന്ന് അവിടുത്തെ കാല്‍ക്കല്‍ വീണു നന്ദിയര്‍പ്പിച്ചു. അവിടുത്തേയ്ക്കു വേണമെങ്കില്‍ ഇനി അയാളെ പറഞ്ഞയയ്ക്കുകയോ, അവിടുത്തെ ശിഷ്യഗണത്തില്‍ ചേര്‍ക്കുകയോ ചെയ്യാം!

4. ജീവിതചുറ്റുപാടുകളില്‍ നാം പരസ്പരം
നന്ദി പറയാറുണ്ടോ?

ദൈവം നമ്മില്‍ വര്‍ഷിച്ച നന്മകള്‍ക്ക് നന്ദിപറയുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്! അതിനാല്‍ ആത്മപരിശോധചെയ്യേണ്ടതാണ് – നാം ദൈവത്തിനു നന്ദിപറയുന്നുണ്ടോ? ജീവിത പരിസരങ്ങളില്‍ - നമ്മുടെ കുടുംബത്തിലും സമൂഹത്തിലും സഹോദരങ്ങള്‍ക്കു നന്ദിപറയുന്ന ശീലം നമുക്കുണ്ടോ? ഒരു ദിവസത്തില്‍ എത്ര പ്രാവശ്യം നന്ദിപറയാറുണ്ട്? നമ്മെ സഹായിക്കുകയും, കൂടെ പ്രവര്‍ത്തിക്കുകയും, കൂടെ ആയിരിക്കുകയും ചെയ്യുന്നവര്‍ക്ക് നന്ദിപറയാറുണ്ടോ? ജീവിതത്തില്‍ നന്ദിപറയാന്‍ പലപ്പോഴും നാം അത്ര കാര്യമാക്കാറില്ല.

5. ദൈവത്തിനു നന്ദിപറയണം!
നിരവധി ആവശ്യങ്ങളുമായി നാം ദൈവത്തെ സമീപിക്കുന്നു. എന്നാല്‍ ദൈവത്തിനു നാം പൊതുവെ നന്ദിപറയാറില്ലെന്നതാണ് വാസ്തവം! അതുകൊണ്ടായിരിക്കണം നന്ദിപറയാതെ പൊയ്ക്കളഞ്ഞ 9 പേരെക്കുറിച്ച് ഈശോ സുവിശേഷത്തില്‍ പ്രത്യേകമായി പരാമര്‍ശിച്ചത്. പത്തു പേരല്ലേ സൗഖ്യം പ്രാപിച്ചത്, ബാക്കി ഒന്‍പതു പേര്‍ എവിടെയെന്ന് തിരികെ വന്നു നന്ദിപറഞ്ഞവനോടു ഈശോ ചോദിച്ചു. ഈ വിജാതിയനല്ലാതെ മറ്റാര്‍ക്കും തിരികെവന്നു ദൈവത്തിനു നന്ദിയര്‍പ്പിക്കാന്‍ സാധിച്ചില്ലല്ലോ, എന്നായിരുന്നു ഈശോയുടെ പ്രതികരണം (17-18).

6.  നന്ദിപറയുന്നത് എളിമയുടെ പ്രതീകം
ഹൃദയപൂര്‍വ്വം നന്ദിപറയുവാന്‍ സാധിക്കുന്നത് എളിമയുടെ പ്രതീകമാണ്. ആദ്യവായനയില്‍ രാജാക്കാന്മാരുടെ പുസ്തകത്തില്‍നിന്നും നാം നാമാന്‍റെ കഥ കേട്ടതാണ് (2 രാജാ. 5, 14-17). നാമാന്‍ സിറിയയിലെ ആരാം രാജാവിന്‍റെ സൈന്ന്യാധിപനായിരുന്നു. നാമാന്‍റെ വീട്ടില്‍ അടിമയായിരുന്ന ഇസ്രായേല്‍ക്കാരി പെണ്‍കുട്ടിയുടെ വാക്കില്‍ വിശ്വാസം അര്‍പ്പിച്ചാണ് അയാള്‍ സമേറിയായിലുള്ള പ്രവാചകന്‍ എലീഷായുടെ പക്കലേയ്ക്കു സൗഖ്യദാനത്തിനായി പോയത്. ഇസ്രായേലും അവരുടെ സകലതും സിറിയക്കാരെ സംബന്ധിച്ച് ശത്രുപക്ഷമായി കണ്ടിരുന്ന കാലമായിരുന്നു അത്. നാമാന്‍റെ സൗഖ്യത്തിനായി പ്രവാചകന്‍ എലീഷായെ കാണാനുള്ള അനുവാദത്തിനായി ഇസ്രായേലിലെ രാജാവിന് സിറിയയുടെ രാജാവിന് എളിമയോടെ ഒരു കത്തു കൊടുത്തയച്ചത് ഇവിടെ ശ്രദ്ധേയമാണ്.

7.  സൗഖ്യതേടിയ സീറിയന്‍  സൈന്ന്യാധിപന്‍ 
സൈന്ന്യാധിപനായ നാമാനും ഇസ്രായേലിലെ രാജാവിന്‍റെയും പ്രവാചകന്‍റെയും മുന്നിലെത്തി എളിമയോടെ സഹായം അഭ്യര്‍ത്ഥിക്കുന്നതിനു സന്നദ്ധനായിരുന്നു. മാത്രമല്ല, അയാള്‍ പൊന്നും പണവും പട്ടുവസ്ത്രങ്ങളുമായിട്ടാണ് പുറപ്പെട്ടത്. എന്നാല്‍ നാമാനില്‍നിന്നും ഒന്നും പ്രവാചകന്‍ എലീഷാ ആവശ്യപ്പെടുകയോ, സ്വീകരിക്കുകയോ ചെയ്തില്ല. അയാളോടു ജോര്‍ദ്ദാനില്‍പ്പോയി കുളിക്കാന്‍ മാത്രമാണ് പ്രാവചകന്‍ ആവശ്യപ്പെടുന്നത്. തന്നോട് എലീഷ ആവശ്യപ്പെട്ടത് ഏറെ നിസ്സാരമായ കാര്യമാണെന്നത് നാമാനെ ആശ്ചര്യപ്പെടുത്തുകയുണ്ടായി. അതിനാല്‍ ആദ്യം നാമാന്‍ വിസമ്മതിച്ചെങ്കിലും, പിന്നീട് യോര്‍ദ്ദാനില്‍പ്പോയി അയാള്‍ എളിമയോടെ കുളിച്ചു. നാമാന്‍റെ കുഷ്ഠം മാറി, പൂര്‍ണ്ണസൗഖ്യം പ്രാപിച്ചു.

8.  നന്മകള്‍ക്ക് നന്ദിപറയുന്നവര്‍
വീണ്ടും ഇന്നത്തെ മറ്റു വചനഭാഗങ്ങള്‍ പരിശോധിക്കുമ്പോള്‍ കുഷ്ഠം പിടിപെട്ട സിറിയയിലെ നാമാനും സമേറിയായിലെ കുഷ്ഠരോഗിയും ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം പരദേശികളായിരുന്നു. എന്നിട്ടും രണ്ടുപേരും ദൈവിക വെളിച്ചം തിരിച്ചറിഞ്ഞു. അവര്‍ക്കു ലഭിച്ച ദൈവികദാനത്തിന്, അത്ഭുതകരവുമായ സൗഖ്യത്തിനു നന്ദിപറയാന്‍ അവര്‍ക്കു നന്മനസ്സുണ്ടായി. അവര്‍ ദൈവത്തെ സ്തുതിച്ചു. നന്ദിയെന്നത് പലപ്പോഴും നാം മറന്നുപോകുന്ന ജീവിതമൂല്യമാണ്. ചുറ്റുമുള്ള സഹോദരങ്ങളോടും, ഒപ്പം ദൈവത്തോടും നാം നന്ദിയുള്ളവരായിരിക്കണം.  സഹോദരങ്ങളോടു നന്ദിയോടെ പെറുമാറുന്നവര്‍ ദൈവത്തോടും നന്ദിയുള്ളവരായിരിക്കും. മറിച്ചും, ദൈവത്തോടു നന്ദിയുള്ളവര്‍ സഹോദരങ്ങളോടും നന്ദിയുള്ളവരായിരിക്കണമെന്ന് ഇന്നത്തെ വചനം ഉദ്ബോധിപ്പിക്കുന്നു.

9.  നന്ദിപറയുന്നത് വിശ്വാസത്തിന്‍റെ അടയാളം
ആഴമുള്ള വിശ്വാസത്തിന്‍റെ പ്രതിഫലനമാണ് നന്ദി. അതാണ് സിറിയയിലെ സൈന്നാധിപനായിരുന്ന നാമാനും സമേറിയക്കാരനായ കുഷ്ഠരോഗിയും നമ്മെ പഠിപ്പിക്കുന്നത്. അവര്‍ക്കു ലഭിച്ച നന്മ, ദൈവികദാനമായി തിരിച്ചറിഞ്ഞപ്പോള്‍ അതിന് പ്രതിനന്ദിപറയാന്‍ എളിമയുണ്ടായ അവരുടെ വിശ്വാസപ്രകടനമാണ് നാം ഉള്‍ക്കൊള്ളേണ്ടത്.

10.  നന്ദിയോടെ ദൈവത്തെ പ്രകീര്‍ത്തിച്ച മറിയം
നസ്രത്തിലെ മറിയം അതിനു മാതൃകയാണ്. തന്‍റെ താഴ്മയിലും ദൈവം അവളെ കടാക്ഷിച്ചു. എന്നാല്‍ ദൈവിക കടാക്ഷം തിരിച്ചറിയാനുള്ള വിശ്വാസം മറിയത്തിനുണ്ടായി. വിളിച്ച ദൈവത്തില്‍ പൂര്‍ണ്ണമായും വിശ്വാസം അര്‍പ്പിച്ച് മറിയം തന്‍റെ ചാര്‍ച്ചക്കാരിയെ പരിചരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുവാന്‍ ആത്മധൈര്യവും സന്നദ്ധതയും ഹൃദയവിശാലതയും പ്രകടമാക്കി. മറിയം  ദൈവത്തെ സ്തുതിച്ചു വാഴ്ത്തി. തന്നെ വിളിച്ച ദൈവത്തോടുയുള്ള നന്ദിയുള്ള വിശ്വാസപ്രകടനമായിരുന്നു മറിയത്തിന്‍റെ സ്തോത്രഗീതം, മാഞ്ഞിഫിക്കാത്ത്! (Magnificat).

11.  ദൈവികവിളിയോടു നന്ദിയോടെ
പ്രതികരിച്ച പുണ്യാത്മാക്കള്‍

കേരളത്തിലെ അമ്മ മറിയം ത്രേസ്യ ഉള്‍പ്പെടെ ആഗോളസഭയിലെ 5 വാഴ്ത്തപ്പെട്ടവരെ പാപ്പാ ഫ്രാന്‍സിസ് ഒക്ടോബര്‍ 13-ന് ഞായറാഴ്ച വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുകയാണ്. വാഴ്ത്തപ്പെട്ടവരായ മറിയം ത്രേസ്യ, ഇംഗ്ലണ്ടിലെ കര്‍ദ്ദിനാള്‍ ന്യൂമാന്‍, ഇറ്റലിക്കാരിയായ ജുസെപ്പീന വന്നീനി, ബ്രസീലിലെ സിസ്റ്റര്‍ ദൂള്‍ചെ ലോപെസ് പോന്തെസ്, സ്വിറ്റ്സര്‍ലണ്ടുകാരി മാര്‍ഗ്രറ്റ് ബെയിസ് എന്നിവരുടെ ജീവിതങ്ങള്‍ തങ്ങള്‍ക്കു ലഭിച്ച ദൈവവിളിയാകുന്ന വലിയ ദാനത്തോടുള്ള നന്ദിയുടെ സമര്‍പ്പര്‍ണമായിരുന്നെന്ന് സ്ഥിരീകരിക്കുന്നതാണ് സഭ അംഗീകരിക്കുന്ന അവരുടെ വിശുദ്ധപദവി. തങ്ങളെ വിളിച്ച ദൈവത്തോടു പ്രത്യുത്തരിച്ചുകൊണ്ട് ജീവിതങ്ങള്‍ സഹോദരങ്ങള്‍ക്കായി സമര്‍പ്പിച്ചവരാണ് വിശുദ്ധിയുടെ പടവുകള്‍ കയറുന്ന ഈ പുണ്യാത്മാക്കള്‍. ഇന്നാളില്‍ നവവിശുദ്ധരുടെ ദൈവികദാനത്തിന് നമുക്കും ദൈവത്തെ സ്തുതിക്കാം, നന്ദിയര്‍പ്പിക്കാം!!

12.  പ്രാര്‍ത്ഥന
നമ്മുടെ എളിയ ജീവിതങ്ങള്‍ വിശ്വാസത്തോടും നന്ദിയോടുകൂടെ അനുദിനം ജീവിതപരിസരങ്ങളി‍ല്‍ - കുടുംബത്തിലും സമൂഹത്തിലും ദൈവസ്നേഹത്തെപ്രതി സഹോദരങ്ങള്‍ക്കായി സമര്‍പ്പിക്കാന്‍ കുടുംബങ്ങളുടെ പ്രേഷിതയായ നവവിശുദ്ധ മറിയം ത്രേസ്യായും മറ്റു നവവിശുദ്ധരും നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ!   സൗഖ്യംപ്രാപിച്ച് നന്ദിയര്‍പ്പിക്കാന്‍ വന്ന മനുഷ്യന്‍റെ ആത്മഗതമാണ് നാം ശ്രവിക്കുന്ന കുട്ടിയച്ചന്‍ ആലപിച്ച ഗീതം. രചനയും സംഗീതവും സണ്ണിസ്റ്റീഫനാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 October 2019, 18:31