തിരയുക

2019.10.18 Santa MARIAM THRESIA 2019.10.18 Santa MARIAM THRESIA 

“കുടുംബങ്ങള്‍ക്കൊരു പുണ്യവതി മറിയം ത്രേസ്യ”

കേരളത്തില്‍ പിറവിയെടുത്ത തിരുക്കുടുംബ സന്ന്യാസിനീ സഭയുടെ (Congregation of Holy Family –CHF) സ്ഥാപകയായ വിശുദ്ധ മറിയം ത്രേസ്യയുടെ ജീവതരേഖയുടെ ഹ്രസ്വ നാടകാവിഷ്ക്കാരം :

രചനയും സംവിധാനവും : ജോര്‍ജ്ജ് സുന്ദരം
സഹസംവിധാനം ജോസൂട്ടന്‍  പുന്നേലിപ്പറമ്പില്‍

"കുടുംബങ്ങള്‍ക്കൊരു പുണ്യവതി" - റേഡിയോ നാടകം (ശബ്ദരേഖ)


കാക്കോ ഇന്‍റെര്‍നാഷണല്‍ ഫിലിംസിന്‍റെ ഡയറക്ടര്‍, ജോര്‍ജ്ജു സുന്ദരം വിഭാവനം ചെയ്തതാണ് ഈ ഹ്രസ്വമായ റേഡിയോ നാടകം. വത്തിക്കാന്‍ റേഡിയോ മലയാളം അനുവദിക്കുന്ന 19’ 15” മിനുറ്റു ദൈര്‍ഘ്യം കണക്കിലെടുത്താണ് ഇതിന്‍റെ രംഗ സംവിധാനങ്ങള്‍. കേരളത്തിന്‍റെ നവവിശുദ്ധ മറിയം ത്രേസ്യയുടെ ജന്മനാടും പ്രേഷിത തട്ടകവുമായ പുത്തന്‍ചിറ, കുഴിക്കാട്ടുശ്ശേരി, ഇരിങ്ങാലക്കുട പ്രദേശത്തിന്‍റെ തദ്ദേശത്തനിമയും ഭാഷാശൈലിയും ഉള്‍ക്കൊണ്ടാണ് ജോര്‍ജ്ജു സന്ദരം 12 ലഘുരംഗങ്ങളിലായി ഈ നാടകം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

അവതരണം വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനുവേണ്ടി ഫാദര്‍ വില്യം നെല്ലിക്കല്‍

ശബ്ദം നല്കിയവര്‍
ജോസൂട്ടന്‍, ജോര്‍ജ്ജ്, എയ്ഞ്ചലീന്‍ ജോസഫ്, ജെസ്ലിന്‍ ഡോള്‍സന്‍, ഡോള്‍സന്‍, സോണിയ ജോജു, ജൊവാന്ന ജോജു, ബ്ലെസ്ന ബിജു, അന്നാമരീയ പോള്‍, അന്ന ജോസ്മോന്‍, അഞ്ചു ജിസ്മോന്‍, റിയ രാജന്‍, അമൃത ശ്രേയ സുനില്‍, ജൂഡി സുനില്‍, ബിന്ദു ജോസഫ്. വിശുദ്ധ മറിയം ത്രേസ്യായുടെ സന്ന്യാസിനീ സമൂഹത്തിലെ സഹോദരിമാര്‍ക്കും പ്രത്യേകം നന്ദി. അഭിനേതാക്കര്‍ എല്ലാവരും റോമില്‍ ജോലിചെയ്യുകയും പഠിക്കുകയും ചെയ്യുന്നവരാണ്. അഭിനയിച്ചു പരിചയമില്ലാത്തവര്‍ ഈ സാഹസത്തിനു മുതിര്‍ന്നത് തങ്ങളുടെ ആത്മീയ അമ്മയായ മറിയം ത്രേസ്യയോടുള്ള സ്നേഹമായിരുന്നു. 

കുടുംബങ്ങള്‍ക്കു തുണയായ അമ്മ (1896-1926)
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ കബറിടം സ്ഥിതിചെയ്യുന്നത് ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള കുഴിക്കാട്ടുശ്ശേരി മഠത്തിനോടു ചേര്‍ന്നുള്ള കപ്പേളയിലാണ്. കുടുംബങ്ങള്‍ക്ക് തുണയായ ഈ പുണ്യവതിയുടെ മദ്ധ്യസ്ഥം തേടുന്നവര്‍ ആയിരങ്ങളാണ്. ഒക്ടോബര്‍ 13 ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയര്‍പ്പണമദ്ധ്യേ ആഗോളസഭയിലെ മറ്റു നാലു വാഴ്ത്തപ്പെട്ടവര്‍ക്കൊപ്പം കേരളക്കരയ്ക്ക് അനുഗ്രഹമായും, അഭിമാനമായും, നമ്മുടെ കുടുംബങ്ങള്‍ക്ക് മദ്ധ്യസ്ഥയായും വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യ വിശുദ്ധയുടെ പടവുകളിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

രംഗങ്ങളെ കണ്ണിചേര്‍ക്കുന്ന ചരിത്ര ശകലങ്ങള്‍ :
1. 1876-ല്‍ തൃശൂര്‍ ജില്ലയില്‍ പുത്തന്‍ചിറ ഗ്രാമത്തില്‍, ചിറമ്മല്‍ മങ്കടിയന്‍ തറവാട്ടില്‍ ത്രേസ്യ ജനിച്ചു. ദൈവസ്നേഹത്തിന്‍റെ ആഴങ്ങളിലേയ്ക്ക് ഒരു മനുഷ്യന്‍ എത്രമാത്രം ഇറങ്ങിചെല്ലാമെന്ന് അവള്‍ ചെറുപ്രായത്തിലേ പ്രാര്‍ത്ഥനയിലൂടെ മനസ്സിലാക്കി.

2. ഒന്‍പത് വയസ്സുള്ളപ്പോള്‍ സ്വയം നിത്യകന്യാത്വം നേര്‍ന്ന ത്രേസ്യ, സഹിക്കുന്ന ക്രിസ്തുവുമായി താദാത്മ്യപ്പെട്ടു. തന്‍റെ മനസ്സുമുഴവന്‍ ദൈവത്തില്‍ അര്‍പ്പിച്ചുകൊണ്ട് കൂടുതല്‍ ആത്മജ്ഞാനിയായി അവള്‍ ജീവിച്ചു.

3. 1805 ജൂലൈ 25. വരാപ്പുഴയിലെ പുത്തന്‍പള്ളി വിതയത്തില്‍ കുടുംബത്തില്‍ ജനിച്ച ഫാദര്‍ ജോസഫ് വിതയത്തില്‍ ത്രേസ്യായുടെ ജീവിതത്തിലെ അനുഭവങ്ങളും ദര്‍ശനങ്ങളും ദൈവപ്രേരിതമാണെന്നു മനസ്സിലാക്കി.
ത്രേസ്യാ മെല്ലെ വിതയത്തലച്ചനെ തന്‍റെ ആത്മീയഗുരുവായി സ്വീകരിച്ചു.

4. ഏകാഗ്രതയിലെ ധ്യാനജീവിതവും വനവാസവും സ്പനംകണ്ട ത്രേസ്യയ്ക്ക് ഏകാന്തഭവനം ഉണ്ടാക്കിക്കൊടുക്കണമെന്നായിരുന്നു വിതയത്തിലച്ചന്‍റെ ആഗ്രഹം. അത് 1913 സെപ്തംബര്‍ 23-ന് യാഥാര്‍ത്ഥ്യമായി. ത്രേസ്യയും മൂന്നു കൂട്ടുകാരും ഏകാന്തഭവനത്തില്‍ പ്രവേശിക്കുകയും, പ്രാര്‍ത്ഥനാ ജീവിതത്തോടൊപ്പം കുടുംബങ്ങള്‍ക്കുള്ള പരസ്നേഹപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുംചെയ്തു.

5. വസൂരി, കോളറ രോഗങ്ങള്‍ പൈശാചികവും മാരകവുമെന്നു കരുതിയിരുന്ന കാലം. ത്രേസ്യായും കൂട്ടുകാരും ദൈവപ്രേരിതമെന്നോണം രോഗികളെ സന്ദര്‍ശിക്കുകയും പരിചരിക്കുകയും ചെയ്തു. കുടുംബങ്ങള്‍ക്കായുള്ള ഒരു സന്ന്യാസ സമൂഹത്തിന്‍റെ സ്ഥാപകയായി ത്രേസ്യ മെല്ലെ മാറുകയായിരുന്നു. ജീവിതദൗത്യം വിജയകരമായി പുരോഗമിക്കവെ തുമ്പൂര്‍ എന്ന സ്ഥലത്ത് മൂന്നാമത്തെ മഠത്തിന്‍റെ വെഞ്ചിരിപ്പു കര്‍മ്മം നടക്കുകയായിരുന്നു. അള്‍ത്താരവേദിയെയും ജനങ്ങളെയും വേര്‍തിരിച്ചിരുന്ന “ക്രാസിക്കാല്‍” തിക്കിലും തിരക്കിലും മറിഞ്ഞുവീണ് കാലിലുണ്ടാക്കിയ മുറിവ് അമ്മ മറിയം ത്രേസ്യായെ രോഗിയാക്കി.

6. അമ്മ മറിയം ത്രേസ്യാ രോഗിയായ വിവരം എവിടെയും വ്യാപിച്ചു. വിവിരമറിഞ്ഞ് ആത്മീയഗുരു വിതയത്തിലച്ചനും ഓടിയെത്തി.

7. കിടപ്പിലായ അമ്മയുടെ ഹൃദയത്തുടിപ്പുകള്‍ മങ്ങിത്തുടങ്ങി. ചലനശക്തിയും സംസാരശേഷിയും കുറഞ്ഞ്, ജീവവായുവിനായി പണിപ്പെട്ടു. എന്നിട്ടും അമ്മയുടെ ജീവിതത്തിലെ പ്രശാന്തമായ ആത്മീയ നിമിഷങ്ങങ്ങളായിരുന്നു അത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2019, 16:06